രാവിലെ നടക്കുന്നതു നല്ലതാ
ജീവിതത്തിൽ സഹജമായി സംഭവിക്കുന്നതൊക്കെ നല്ലതിനാ.
സുബുദ്ധി നഷ്ടപ്പെടാത്തവരുടെ കയ്യിൽ നിർമിതബുദ്ധിയും നല്ലതാ
കവനരചനയ്ക്കല്ല
കാലാവസ്ഥാപ്രവചനത്തിന് ബെസ്റ്റാ.
രാത്രിയുടെ മായാരസാഭിഷേകത്തിലൂടെ
വല്ലപ്പോഴും പിശാചാകുന്നതു നല്ലതാ
ദമം ശീലിക്കുന്ന
ദേവനായി ഉണർന്ന്
ലോഹത്തിളക്കമാർന്ന
സൂര്യനെ വണങ്ങുന്നതും നല്ലതിനാ.
കുടുംബവൃക്ഷത്തിലെ
ഒരിലയാകുന്നത് നല്ലതാ
കൊഴിഞ്ഞ ഇലകൾ തുന്നിക്കൂട്ടി
പുതിയൊരു കുഞ്ഞുടുപ്പുണ്ടാക്കുന്നതും നല്ലതിനാ.
നല്ലതും തീയതും അറിയാത്ത
കുഞ്ഞുങ്ങൾ നല്ലതാ
സ്വപ്നത്തിൽ ദൈവത്തെ കണ്ടുള്ള
അവരുടെ നറുംപാൽപ്പുഞ്ചിരിയും
നല്ലതിനാ
അടുക്കാനാണെങ്കിൽ
അകൽച്ചകൾ നല്ലതാ
അതിക്രമിച്ചുയരാനാണെങ്കിൽ
അതിരുകളും നല്ലതിനാ.
വല്ലപ്പോഴുമൊരിക്കൽ
ഏകാകിതയുടെ ഉറയൂരിക്കളഞ്ഞ്
ഏകാന്തതയുടെ മാളത്തിലേക്ക്
നൂഴുന്നതു ആത്മവ്യായാമത്തിനു നല്ലതാ.
പിറകിൽ ഒരു അടയാളവും
അവശേഷിപ്പിക്കാതെ മറഞ്ഞു
നിൽക്കുന്നതും നല്ലതിനാ.
അപാരതയുടെ ആന്ദോളന
ഗീതികയിൽ മുഗ്ദ്ധനായി
അജ്ഞേയമഹാസാഗരത്തിൽ മുങ്ങിപ്പൊങ്ങുന്നതു നല്ലതാ.
മുങ്ങിമരിക്കാറായ ഒരുവന്റെ
അറ്റ കൈ കണക്കെ,
സാദ്ധ്യല്ലെന്നറിഞ്ഞിട്ടും
പുതിയ ചക്രവാളത്തെ ഒന്ന് തൊടുവാൻ
കയ്യുയർത്തുന്നതും നല്ലതിനാ.
ശുഭമായി അവസാനിക്കുന്നതെന്തും
നല്ലതാ.
ശുഭാശംസകളുടെ വൈബ്
നാനാജാതി മതസ്ഥർക്കും നല്ലതിനാ.
വല്ലപ്പോഴുമൊരിക്കൽ
ഗുരുവായൂരമ്പലനടയിൽ ചെന്ന്
ഒരു രണ്ടാം ദീപസ്തംഭമായി
നിൽക്കുന്നത് നല്ലതാ
ശ്രീകോവിലിൽ
നല്ല ഒന്നാം മഹാശ്ചര്യമുണ്ടല്ലോ!