Image

മഴമേഘങ്ങൾ പറയാൻ മറന്നത് (ജെസി ജിജി)

Published on 24 August, 2024
മഴമേഘങ്ങൾ പറയാൻ മറന്നത് (ജെസി ജിജി)

‘ഇഷാ മറിയം തോമസ്’  ഞാൻ തന്നെ പലപ്പോഴും ഓർക്കാൻ മറന്നുപോകുന്ന എന്റെ പേര്.
മഴമേഘങ്ങൾ കണ്ണടയ്ക്കാൻ  മറന്ന ഒരു വർഷകാല സന്ധ്യയിൽ,മഴയുടെ താണ്ഡവ നൃത്തം താങ്ങുവാനാകാതെ, ഭൂമിയുടെ ഉള്ളറകൾ തുറന്നപ്പോൾ, സ്വന്തമായുണ്ടായിരുന്നതെല്ലാം,  സ്വപ്നങ്ങളോടൊപ്പം ഒലിച്ചുപോയപ്പോൾ , അവശേഷിച്ചത് തന്റെ പേര് മാത്രം. അനാഥാലയത്തിലെ പരുപരുത്ത കിടക്കയിൽ   നനവിന്റെ വൃത്തങ്ങൾക്കു വ്യാസം വർധിച്ചപ്പോൾ, കണ്ണീരുണങ്ങിയ പാടുകൾ കവിൾത്തടങ്ങളിൽ കാണാൻ പറ്റാത്ത സമപ്രായക്കാർ, 'കിടന്നുമുള്ളി' എന്ന് അടക്കം പറയുന്നത് കേട്ട്, ‘വിഷമിക്കണ്ട’ എന്ന് തലയിൽ തലോടി ആശ്വസിപ്പിച്ച റോസിറ്റ സിസ്റ്റർ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

ഓരോന്നാലോചിച്ചു സമയം പോയതറിഞ്ഞില്ല. ഹോസ്പിറ്റലിലെ എക്സിക്യൂട്ടീവ്  ബോർഡ് മീറ്റിംഗ് തുടങ്ങാൻ സമയം ആയി. സമയത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർക്കശ കാരിയാണ് താനെന്നാണ് പൊതുവെയുള്ള അഭിപ്രായം. മിസ് തോമസിന് എല്ലാം പെർഫെക്റ്റ് ആകണമെന്നും , ഇവർക്ക് ഇത്തിരി മനുഷ്യപ്പറ്റു ആയിക്കൂടെയെന്നുമുള്ള കുശുകുശുപ്പുകൾ താൻ പലപ്പോഴും കേൾക്കാറുണ്ട്.'മലയാളി ആണെന്ന് പറഞ്ഞിട്ടെന്താ, നഴ്സിംഗ് ഡിറക്ടറുടെ ഹുങ്ക് തലയ്ക്കു പിടിച്ച സ്ത്രീ. ചുമ്മാതല്ല കെട്ടിയവൻ ഇവരെ ഇട്ടിട്ടു പോയത്. അങ്ങനെ എത്രയെത്ര കുശുകുശുക്കലുകൾ തന്റെ അടുത്ത് എത്തിയിരിക്കുന്നു. ഇതൊന്നും തന്റെ ജോലിയെ ഒരിക്കലും ബാധിക്കില്ല. ഈ ഹോസ്പിറ്റലിൽ എത്തുന്ന ഓരോ രോഗിക്കും ഏറ്റവും നല്ല നഴ്സിംഗ് കെയർ തന്നെ കിട്ടണം. ഒരാൾക്കും അത് കിട്ടാതെ പോകരുത്. അലസതയും അലംഭാവവും വെച്ചുപൊറുപ്പിക്കാൻ പാടില്ല. ഇങ്ങനെ ഒക്കെ നോക്കിയിട്ടും, മൂന്നാം ബ്ലോക്കിലെ ഇരുപത്തിമൂന്നാം ബെഡിലെ  രോഗി, നഴ്സുമാരുടെ അശ്രദ്ധ കാരണം ഇപ്പോൾ ഐസിയുവിൽ മരണത്തോട് മല്ലടിക്കുന്നു. രാത്രി മുഴുവൻ അയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിട്ടും, ഒരു ‘പരാതിപ്പെട്ടി’ എന്ന് മുദ്ര കുത്തി അവർ അവഗണിക്കുകയാണുണ്ടായത്. 

" നാൻസി, എങ്ങനെ നിന്റെ യൂണിറ്റിലെ നഴ്സുമാർക്കു  ഇത്ര ഉത്തരവാദിത്തമില്ലാതെ പെരുമാറാൻ പറ്റുന്നു ? നീ എന്ത് ചെയ്താലും ശരി, ഇതുപോലൊരു സംഭവം ഇനി ആവർത്തിക്കാൻ പാടില്ല’. ആ ചെറുപ്പക്കാരിയായ നേഴ്സ് മാനേജരോട് അത് പറയുമ്പോൾ എന്റെ ക്ഷോഭത്തെ അടക്കാൻ ഞാൻ പാട് പെടുകയായിരുന്നു.
‘മിസ് തോമസ്, ഇനി ഇങ്ങനെ ഉണ്ടാകാതെ നോക്കാം’. അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുച്ഛരസം വിളയുന്നുണ്ടോ. അതോ തനിക്കു തോന്നുന്നതാണോ?
"ഇന്നലെ എന്താ സംഭവിച്ചതു എന്നതിന്റെ വ്യക്തമായ റിപ്പോർട്ട് എക്സിക്യൂട്ടീവ് ബോർഡിന് കിട്ടണം. നാളെ ഓഫീസ് ടൈം തീരുന്നതിനു മുൻപ്. ". 
തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു നഴ്സും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് തനിക്കു അനുവദിക്കാൻ പാടില്ല. ഈ പ്രൊഫഷന്റെ ഉത്തരവാദിത്വവും മഹത്വവും എന്തെ ഇവർക്കൊന്നും മനസിലാകുന്നില്ല.! 
ഞാൻ ഒരുനിമിഷം കണ്ണടച്ച് ഓർത്തു.
‘എക്സിക്യൂട്ടീവ് ബോർഡിന് സമർപ്പിക്കാൻ റിപ്പോർട്ട് വേണം പോലും. നല്ല തമാശ’.
‘ ഹേ നാൻസി എന്തുപറ്റി, താനെന്താ ചിരിക്കുന്നത്’ ? നാൻസി തിരിഞ്ഞുനോക്കി. 
കൂടെ ജോലി ചെയ്യുന്ന അനുവാണ്. " അനു, താൻ  ഇന്നത്തെ തമാശ കേട്ടുവോ? ഞാനിപ്പോൾ തന്നെ റിപ്പോർട്ട് തയ്യാറാക്കണം പോലും. ഇരുപത്തിമൂന്നാം റൂമിലെ രോഗിക്ക് കെയർ കൊടുക്കുന്നതിൽ അലംഭാവം കാണിച്ചതിന്.’
" ആര് , മിസ് തോമസിന്റെ കാര്യമാണോ നീ പറയുന്നത്? "
“ പിന്നല്ലാതെ, ചിരിക്കാതെ എന്ത് ചെയ്യും?’ 
"പാവം". അനുവിന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി.

ഓ തനിക്കു സഹതാപം. അത് പിന്നെ നിന്റെ രാജ്യക്കാരി ആണല്ലോ? അപ്പോൾ ഇത്തിരി സിമ്പതി ഒക്കെ തോന്നും. ഒരു കാര്യം ചെയ്യൂ, താൻ ഒന്ന് വന്നു സഹായിക്ക്, അവരെ ഒന്ന് തിരിച്ചുകിടത്താം. അവരുടെ പുറം ഒക്കെ പൊട്ടിയെന്നു തോന്നുന്നുവെന്ന് രാവിലെ റിപ്പോർട്ട് തന്നപ്പോൾ ബ്രയാൻ പറഞ്ഞായിരുന്നു."
‘അപ്പോൾ താൻ ഇതുവരെയും അവരെ തിരിച്ചുകിടത്തി കെയർ ഒന്നും കൊടുത്തില്ലേ?’ 
അനുവിന്റെ ചോദ്യത്തിന് ചുമൽ  ഒന്ന് കൂച്ചി  നാൻസി മറുപടി പറഞ്ഞു.‘അതിനു ഇന്ന് നമ്മുടെ നഴ്സിംഗ് അസിസ്റ്റന്റ് വന്നില്ലല്ലോ. പിന്നെ രണ്ടു ദിവസം കഴിഞ്ഞാൽ എന്റെ ബോർഡ് എക്സാം ആണ്. എനിക്ക് ഇത്തിരി റെഫർ ചെയ്യാൻ ഉണ്ടായിരുന്നു. ഈ ബെഡ്‌സൈഡിൽ നിന്നും ഒന്ന് പെട്ടെന്ന് രക്ഷപ്പെട്ടു പോകണം.
അനു, താനിനിയും തുടർന്നു പഠിക്കുന്നില്ലേ ? നമ്മുടെ ബാച്ചിൽ താൻ മാത്രമേ ഇനിയും തുടർന്ന്  പഠിക്കാൻ തുടങ്ങാത്തതു ഉള്ളൂ. ഇതല്ലേ ജോലി കിട്ടാൻ എളുപ്പമുള്ള കോഴ്സ്‌. അതുകൊണ്ടാ മമ്മ പറഞ്ഞപ്പോൾ ഹൈസ്കൂൾ കഴിഞ്ഞതേ ഞാൻ നഴ്സിങ്ങിന് ചേർന്നത്.’ നാൻസി വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു.

‘നാൻസി, എന്റെ മമ്മ പറഞ്ഞിട്ടുണ്ട്, ഇവർ നമ്മുടെ ഹോസ്പിറ്റലിലെ നഴ്സിംഗ് ഡയറക്ടർ ആയിരുന്നു എന്ന്."
"യാ, ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മരിയയും പറഞ്ഞു." പറഞ്ഞിട്ടെന്താ, ഇപ്പോൾ കണ്ടില്ലേ? ഒന്ന് തിരിച്ചുകിടത്തണമെങ്കിൽ രണ്ടാളുടെ പണിയാ. അവരുടെ വിചാരം അവരിപ്പോഴും ആ പദവിയിലാണെന്നാ. " 
‘പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ്  അല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഞാൻ  ഈ  പണിക്കു വരില്ലായിരുന്നു, എനിക്ക് ഡാഡിനെ കണ്ട ഓർമ്മ ഇല്ല.. ന്യൂയോർക്കിലെവിടെയോ അയാളുടെ മൂന്നാമത്തെ ഗേൾ ഫ്രണ്ടിന്റെ കൂടെയാണെന്ന് കേട്ടിട്ടുണ്ട്. മമ്മയും ഇപ്പോൾ പുതിയ ഭർത്താവിന്റെ കൂടെയാണ്. ആ നിന്നോട് പറയാൻ വിട്ടു. അലക്സും ഞാനും ബ്രേക്ക് അപ്പ് ആയി.കുഴപ്പമില്ല, നീ ഓർക്കുന്നുണ്ടോ എന്നറിയില്ല, നമ്മുടെ കൂടെ സീനിയർ ക്ലാസ്സിൽ ഉണ്ടായിരുന്ന മൈക്കിളിനെ? ഞങ്ങൾ ഇപ്പോൾ റിലേഷൻഷിപ്പിലാ.’നിർത്താൻ  ഭാവം  ഇല്ലാതെ നാൻസി സംസാരിച്ചുകൊണ്ടേയിരുന്നു.

‘അല്ലാ, ആരോടാ ഞാനിതൊക്കെ പറയുന്നത്.ഡാഡിന്റെയും മമ്മയുടെയും പുന്നാരക്കുട്ടി. ഏതോ കൾച്ചറിന്റെ പേരും പറഞ്ഞു പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരാളോട്.”

നാൻസിയുടെ സഹായത്തോടെ, അവരെ തിരിച്ചുകിടത്തി,അവരുടെ പുറത്തു പൊട്ടിയൊഴുകുന്ന വൃണങ്ങൾ കഴുകിത്തുടക്കുമ്പോൾ, അനുവിന്റെ മനസ്സിൽ നിറഞ്ഞുനിന്നത്, മമ്മ പറഞ്ഞുകേട്ടിട്ടുള്ള, മമ്മയോടൊപ്പം കേരളത്തിൽ നിന്നും സ്വപ്നഭൂമിയിലേക്കു കുടിയേറിയ, എല്ലാ വിഷമങ്ങളും സഹിച്ചു , തന്റെ ദുഃഖങ്ങൾ മറച്ചുവെച്ചു ഓടിനടന്നു രോഗികളെ ശുശ്രൂഷിച്ച, രോഗികൾക്കുവേണ്ടി കർക്കശക്കാരിയായ ,റിട്ടയർ ആയിട്ടും, കോവിഡ് എന്ന മഹാമാരി ഭീകരതാണ്ഡവം ആടിയപ്പോൾ, തിരിച്ചുവന്നു ജോലിക്കുകേറി, അവസാനം കോവിഡ് ബാധിതയായി, ഓർമ്മകൾ പാതിവഴിയിൽ മുറിഞ്ഞ ഇഷാ മറിയം തോമസ് എന്ന നേഴ്സ് ആയിരുന്നു.

ഇഷാ മറിയം തോമസ് എന്ന ഞാൻ, ഇപ്പോൾ എന്റെ പുറത്തുകൂടി അരിച്ചിറങ്ങുന്ന  വേദന സാരമാക്കാതെ, മൂന്നാം ബ്ലോക്കിലെ ഇരുപത്തിമൂന്നാം ബെഡിലെ രോഗിക്ക് പറ്റിയത്, ഇനിയൊരാൾക്കും പറ്റാതിരിക്കാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിന്റെ  കരടുരേഖ രൂപപ്പെടുത്തുന്നതിന്റെ തിരക്കിലാണ്. പുറത്തു നീലാകാശത്തു, മഴമേഘങ്ങൾ പതുക്കെ പതുക്കെ അസ്തമനസൂര്യനെ മറയ്ക്കുവാൻ  തുടങ്ങിയിരുന്നുവോ?

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക