Image

ഒരു ബലാല്‍ക്കാരത്തിന്റെ കഥ തുടരുന്നു (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 33- സാംസി കൊടുമണ്‍)

Published on 24 August, 2024
ഒരു ബലാല്‍ക്കാരത്തിന്റെ കഥ തുടരുന്നു (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 33- സാംസി കൊടുമണ്‍)

റീന ക്ഷീണിതയായിരുന്നു. അവര്‍ ബസിറങ്ങി സാമിനൊപ്പം കാറില്‍ കയറാന്‍ തുടങ്ങവേ പെട്ടന്നോര്‍ത്തിട്ടെന്നപോലെ റീനസാമിനോടായി പറഞ്ഞു; ''ഇന്ന് എനിക്ക് എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കിടക്കണെമെന്നു തോന്നുന്നു.നീ എന്റെ കൂടെ വരുന്നുവോ... അല്ലെങ്കില്‍ വേണ്ട എനിക്ക് ഇന്ന് ഒറ്റക്കായിരിക്കാന്‍ തോന്നുന്നു. ഞാന്‍ ലെമാര്‍ ജൂനിയറിനൊപ്പം പൊയ്ക്കൊള്ളാം... അവന്‍ അതുവഴിയാണല്ലോ... ഗുഡ് നൈയിറ്റ് സാം... ഗുഡ് നൈറ്റ് ആന്‍ഡ്രു... നിങ്ങള്‍ പറഞ്ഞ ചരിത്രത്തിനു മാത്രമല്ല ഞങ്ങളൊടൊപ്പം അണിചേരാന്‍ കാണിച്ച വിശാലതയ്ക്കും നന്ദി.'' റീന രണ്ടുപേരേയും ചുംബിച്ച് ലമാര്‍ ജൂനിയറിന്റെ കാറില്‍ കയറി. അതില്‍ തെരേസയുംഉണ്ടായിരുന്നു. എല്ലാവരും ഒരേ തെരുവിലെ അടുത്തടുത്ത അപ്പാര്‍ട്ടുമെന്റിലെ താമസക്കാരായിരുന്നു. കാറില്‍ അവര്‍ മൂന്നാളും ഒരേ പ്രായക്കാരും, ഒരേ അടിമപാര്യമ്പര്യത്തിന്റെ പിന്മുറക്കാരും ആയിരുന്നു. ചിലപ്പോള്‍ അയിരത്തി അറുനൂറ്റി പത്തൊമ്പതിലെ (1619) ആദ്യകപ്പലിലെ ഇരുപതുപേരുടെ ശാഖയില്‍ പെട്ടവര്‍ പരസ്പരം അറിയാത്തവരായി, പലതൊഴുത്തില്‍ ആയവര്‍ ഈ വലിയ നഗരത്തില്‍ കൂട്ടിമുട്ടിയതാകാം അപ്പോഴും അവര്‍ക്ക് അവരുടെ നാള്‍വഴികളില്‍ വ്യക്തതയില്ലായിരുന്നു. ലെമാര്‍ പറഞ്ഞിട്ടുള്ള കഥകളിലെ ചിലകഥകള്‍ അമ്മയില്‍ നിന്നും കേട്ടറിഞ്ഞകഥയിലും ഒത്തു വരുന്നുണ്ടല്ലൊ എന്ന അറിവില്‍, ലെമാര്‍ ഒരു പക്ഷേ തന്റെബന്ധു എന്ന് റീനവായിച്ചെടുക്കുകയും, ലെമാര്‍ അതു സമ്മതിക്കുകയും ആയിരുന്നു.

കാര്‍ ജാക്കിറോബിന്‍സനിലെ വളവുകളില്‍ നിയന്ത്രണം വിട്ടപോലെ വശങ്ങളിലേക്ക് തെന്നിമാറുന്നു. അധികം വീതിയില്ലാത്ത നാലുവരിപാത രണ്ടു ദിശകളിലേക്കുള്ള പാതയായി നടുവില്‍ ഡിവൈഡര്‍ വെച്ചിരിക്കുന്നു. നല്ല ഒരഭ്യാസിക്കെ, വളഞ്ഞുപുളഞ്ഞ ആ റോഡില്‍ വണ്ടി സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയു. മൂന്നും നാലും അപകടങ്ങള്‍ അവിടെ നിത്യവും ഉണ്ടാകുറുണ്ട്. ക്യൂന്‍സും ബ്രൂക്കിളിനും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത എന്ന നിലയില്‍ അവിടെ എപ്പൊഴും നല്ല തിരക്കാണ്. അടുത്ത കാലം വരെ ഈ റോഡിനു മറ്റൊരു പേരായിരുന്നു. ജാക്കി റോബിന്‍സണ്‍ എന്ന പേരു മാറ്റത്തില്‍ ഏറെ സന്തോഷിച്ചത് ഇവിടെയുള്ള കറുത്തവരായിരിക്കും. ഒരു കറുത്തവനു കിട്ടുന്ന വലിയ അംഗീകാരം. ബെയിസ് ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ജാക്കി. കറുത്തവന്‍ എന്നും വെളുത്തവന്റെ മനോരഞ്ജനത്തിനുള്ള കളികള്‍ കളിക്കേണ്ടവന്‍ എന്നാണു വെയ്പ്. എന്നാല്‍ ജാക്കിയെന്നല്ല ഒരു കറുത്തവന്റേയും സ്‌പോര്‍ട്ട്‌സിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. കാരണം ലക്ഷക്കണക്കിനു രുപയുടെ വിറ്റുവരവുള്ള ഒരു വ്യവസായമാണ് ഇവിടെ കായിക കലാ രംഗം. അവിടെ എന്നും വെള്ളക്കാരുടെ ആദിപത്യം തന്നെയായിരുന്നു. ജാക്കി റോബിന്‍സന് ആ മതില്‍ക്കെട്ടുകളെ പൊളിച്ച് അകത്തു കടക്കുക അത്ര എളുപ്പമായിരുന്നില്ല. ജോര്‍ജ്ജയില്‍ അച്ഛനില്ലാതെ അമ്മവളര്‍ത്തിയവന്‍ കാലിഫോര്‍ണിയയില്‍ കോളെജ് കാലത്ത് എല്ലാത്തരം കളികളിലും ഒന്നാമനായിരുന്നു. എല്ലാം നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയ വിജങ്ങള്‍. കരുത്തുള്ള മനസും ശരീരവും മാത്രമായിരുന്നില്ല, അനീതിക്കെതിരായ ഉള്ളിലെ തീയ്യും മുന്നോട്ടു നയിച്ചു. സെഗ്രിഗേഷനിസ്റ്റുകളുടെ നിരന്തര പീഡനങ്ങളെ അധിജീവിച്ച് ബ്രൂക്കിലില്‍ ഡോഡ്ജിലെ കളിക്കാരനാകുക 1947 ല്‍ അത്ര എളുപ്പമായിരുന്നില്ല. സ്‌പോര്‍ട്ട്‌സിലെ നിറത്തിന്റെ കോട്ടമതിലുകളെ പൊട്ടിച്ച ആദ്യത്തെ കറുത്തവന്‍ ഒന്നാം ബാറ്റുമാനാകണമെങ്കില്‍ ആര്‍ക്കും തോല്പിക്കാന്‍ കഴിയാത്ത മനസ്സുവേണ്ടിയിരുന്നു. ജാക്കി റോബിന്‍സനതുണ്ടായിരുന്നു. പിന്നിട് ബാസ്‌കറ്റുബോളിലും, ബെയിസ് ബോളിലും, ഫുഡ്‌ബോളിലും കറുത്തവന്റെ സാനിദ്ധ്യം ഒഴിവാക്കാന്‍ വയ്യാത്ത ഘടകമായി. അതില്‍ ഒരു രാഷ്ട്രിയം കൂടിയുണ്ടാകും : ഏറ്റവും അദ്ധ്വാനം വേണ്ട, തളരാതെ കളിക്കളത്തില്‍ നില്‍ക്കാന്‍ ഒരു കറുത്തവനു പാരമ്പര്യമായി കിട്ടിയ കഴിവിനെ വെളുത്ത ക്ലബ് മുതളാളിമാര്‍ മുതലാക്കുകയായിരുന്നു എന്ന രാഷ്ട്രിയം. ഇന്നും കറുത്തവന്റെ കടന്നുവരവ് ഇല്ലാത്ത ഒരു ഇനം ഫോക്കിയാണ്. അതും മാറുമായിരിക്കും.

റോഡിന്റെ ഇരുവശത്തുമായി കിടക്കുന്ന സെമിത്തേരിയിലെ അനേകം മൃതര്‍ ഉണര്‍ന്ന് കല്ലറയ്ക്കു പുറത്തിരുന്ന് ചിരിക്കുന്നതായി റീനക്കു തോന്നി. അതങ്ങനെയാണ് അവര്‍ എന്നും ഈ കല്ലറകള്‍ക്ക് മുകളില്‍ ഇരുന്ന് അവരുടെ കഥകള്‍ പറയും. അതില്‍ ഒരു കറുത്തവന്‍ പോലും ഉണ്ടാകില്ല. കാരണം പാവങ്ങളുടെ സെമിത്തേരി ഇങ്ങനെയുള്ള ആര്‍ഭാടങ്ങളുടേതായിരുന്നില്ല. പാവങ്ങളുടെ കുഴിമാടങ്ങള്‍ റീനകണ്ടിട്ടുണ്ട്; അറ്റ്‌ലാന്റയില്‍, സൗത്ത് കരോലീനയില്‍, വെസ്റ്റ് വെര്‍ജീനയില്‍, ടെന്നസ്സിയില്‍, മിസ്സസിപ്പിയില്‍, നാഷ്‌വില്ലില്‍ മാത്രമല്ല കറുത്തവന്‍ പണിയെടുത്ത തോട്ടങ്ങളൊട് ചേര്‍ന്ന് ഇപ്പോള്‍ ചിലയിടങ്ങളിലൊക്കെ ചില അടയാളക്കല്ലുകള്‍. പഴയകാലത്ത് അത് മണ്‍കൂനകളും അതിനുമേല്‍ നാട്ടിയ മരച്ചില്ലകള്‍ കൂട്ടിക്കെട്ടിയ കുരിശാകൃതിയുമായിരുന്നു. കറുത്തവനായ അടിമയ്ക്ക് അതില്‍ കൂടുതല്‍ വേണ്ടന്നവര്‍ തീരുമാനിച്ചു. പിന്നെ കൂട്ടക്കൊല ചെയ്തവരുടെ അടയളങ്ങള്‍പ്പോലും ബാക്കിവെച്ചില്ല.ഇതൊക്കെ ഒരു കാലത്തിന്റെ സംസ്‌കൃതി എന്നു പറഞ്ഞ് നെടുവീര്‍പ്പിടാം. എന്നാല്‍ ഇന്നും അങ്ങനെ തന്നെ...ദാ.. ഇന്നലെയെന്നോണം അവര്‍ അവനെ കൊന്നില്ലെഎന്തിന്. ഒരു വെളുത്ത നിറക്കാരിക്കൊപ്പം ഊരുചുറ്റിനടന്നു എന്നല്ലാതെ മറ്റുകുറ്റങ്ങളൊക്കെ അവന്റെ മേല്‍ ആരോപിച്ചതായിരിക്കും.

റീന ആത്മരോക്ഷത്തോട് കാറിന്റെ പുറകിലെ സീറ്റില്‍ കൈകൊണ്ട് ഇടിച്ചു. മുന്നിലിരുന്ന തെരസയും, ലെമാറും പുറകിലേക്ക് തിരിഞ്ഞുനോക്കവെ ലെമാറിന്റെ കയ്യിലെ സ്റ്റീയറിങ്ങ് ഒന്നുവെട്ടിയെങ്കിലും അപകടത്തില്‍ പെടാതെ വണ്ടി നിയന്ത്രണത്തില്‍ ആയി. തെരേസ റീനയെ സ്വാന്തനിപ്പിക്കാനെന്നവണ്ണം കരുണയോടെ നോക്കി. തെരേസയുടെ കണ്ണുകളില്‍ എപ്പോഴും അമ്മവാത്സല്യമാണ്. അവള്‍ക്ക് ആരോടും ഒന്നും മറുത്തുപറയാനോ കോപിക്കാനോ കഴിയില്ല.

''എന്നോടു ക്ഷമിക്കു... എന്റെ ഉള്ളില്‍ എന്തൊക്കയോ വേലിയേറ്റങ്ങള്‍ നടക്കുന്നു എനിക്കു നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ക്ഷമിക്കണം!! റീന ഒരിക്കല്‍ക്കൂടി ക്ഷമാപണം ചെയ്ത് സീറ്റില്‍ ചാരി കണ്ണുകള്‍ അടച്ചു. അപ്പോള്‍ അവള്‍ക്കൊപ്പം അവളുടെ മകന്‍ റോബിന്‍ ഉണ്ടായിരുന്നു.അവനു പതിനേഴു വയസെ ഉള്ളായിരുന്നു. ലോകം എന്തെന്നു തിരിച്ചറിയാന്‍ അവനു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവന്‍ വെളുത്ത നിറമുള്ള ആ കൂട്ടുകാരിയോടൊപ്പം ചുറ്റിക്കറങ്ങാന്‍ പോകുമായിരുന്നുവോ...? ചിലപ്പോള്‍ അവള്‍ നിരപരാധി ആയിരിക്കാം... കൗമാരത്തിന്റെ ഇക്കിളിയില്‍ ഒരു ആണ്‍കൂട്ടുകാരന്റെ ഒപ്പം നടക്കുന്ന കൗതുകം ആസ്വദിക്കുകമാത്രം ആയിരുന്നുവോ… അതോ അവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നുവോ....? അറിയില്ല...പോലീസിന്റെ മഹസര്‍ അങ്ങനെയാണു വായിക്കുന്നത്. മയക്കുമരുന്നിന്റെ ലഹരിയില്‍ അവര്‍ ഹവ്വാഡ് ബീച്ചിലെ ട്രൈയിന്‍ സ്റ്റേഷനില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്രെ... ശരിയായിരിക്കും. വെള്ളക്കാരനായ ട്രെയിന്‍ ഡിസ്പാച്ചര്‍ പോലീസിനെ വിളിച്ച് മൊഴികൊടുത്തു. 'അവളെ ഞാനിന്ന് അവനൊടൊപ്പം വിട്ടാല്‍ നാളെ അവളുടെ ബോഡി തിരിച്ചറിയാന്‍ വയ്യാതെവണ്ണം ചിതറിപ്പൊകുമെന്നെനിക്കുറപ്പാ..' ഡിസ്പാച്ചറുടെ വാക്കുകള്‍ അതായിരുന്നു. ഒരു കറുത്തവന്റെ മേലെ എന്നും ക്രൂരതയുടെ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കും. അമേരിയ്ക്കന്‍ നീതിപീഡം അതൊന്നും കാണില്ല. ഇതു വെളുത്തവന്റെ കോടതിയാണ്...

ഇനി അങ്ങനെയല്ലെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ...അങ്ങനെയുള്ളവര്‍ പറയണം നമ്മുടെ നീതിദേവത എന്നെങ്കിലും കണ്ണുതുറക്കുമോ എന്ന്. തന്റെ പതിഞ്ചാം വയസില്‍ തന്നെ തനിക്കതു ബോദ്ധ്യമായതല്ലെ. താന്‍ ബാലാല്‍ക്കാരം ചെയ്യുന്നതിനൊരുവര്‍ഷം മുന്നെ,തന്റെ പതിനാറുവയസുള്ള അയല്‍ക്കാരനും കൂട്ടുകാരനുമായിരുന്നവനെന്തുപറ്റി...? കാണാതായി മൂന്നാം ദിവസം അടുത്തുള്ള ഒഴുക്കില്ലാത്ത ആറ്റില്‍ നിന്നും അവന്റെ ജഡം ബോട്ടിന്റെ എഞ്ചിനില്‍ കെട്ടിയിട്ടനിലയില്‍ കണ്ടപ്പോള്‍ ആ ആറ്റുതിട്ടയില്‍ മയങ്ങിവീണവളുടെ മനസ്സില്‍ എന്തൊക്കെയായിരുന്നു. തലേ സന്ധ്യക്ക് അവന്‍ ജോലിചെയ്യുന്ന കടയില്‍ ചെന്ന് അവനോട് പിറ്റെദിവസം ആറ്റുതീരത്തു കാണാമെന്നു പറഞ്ഞു പിരിഞ്ഞതാണ്. പിന്നീടുകേട്ടു അവന്‍ ജോലികഴിഞ്ഞു പോരുമ്പോള്‍, തെരുവിലെ വീട്ടുവരാന്തയില്‍ അവന്റെ വരുവും കാത്തുനിള്‍ക്കുന്ന കൗമാരക്കാരിയോട് കൈവീശി ഗുഡ്‌നൈറ്റ് പറഞ്ഞു പിരിഞ്ഞുവത്രെ... ആ വെളുത്ത കൂട്ടുകാരിയെക്കുറിച്ചവന്‍ പറഞ്ഞിട്ടുള്ളത്, നിഷ്‌ക്കളങ്കയായവളുടെ ചിരിയില്‍ ഒരു പ്രപഞ്ചം മുഴുവന്‍ ഒളിഞ്ഞിരിക്കുന്നുവെന്നാണ്. ആ ചിരികാണാനും, ആ കണ്ണുകളിലെ തിളക്കം തന്നിലേക്ക് ആവാഹിക്കാനും യാത്രയില്‍ അവള്‍ക്കായി ആ വീട്ടുപടിക്കല്‍ ഒരു വിനാഴിക നില്‍ക്കും. സഹോദരതുല്ല്യമായ ഒരു സ്‌നേഹത്തില്‍ കവിഞ്ഞൊന്നും ഇല്ലായിരുന്നു. കണ്ടുനിന്നവരും, അവളുടെ സഹോദരങ്ങളും അതൊരു നീഗ്രോയുടെ അതിരുവിട്ട പ്രേമമായി കണ്ട് ആ രാത്രിയില്‍ അവനെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയി. അതു കണ്ട അയല്‍ക്കാരന്റെ സാക്ഷിമൊഴി കോടതിക്കുവേണ്ടായിരുന്നു. ഒരു അടിമയുടെ മൊഴി ഒരു കോടതിയും സ്വീകരിക്കില്ല... ഒരടിമയുടെ വാക്കുകള്‍...! വിലയില്ലാത്ത പാഴ്‌വാക്കുകള്‍.പ്രതികള്‍ കുറ്റക്കാരായില്ല... തെരുവില്‍ ഒന്നു രണ്ടുദിവസം കറുത്തവന്റെ പ്രതിക്ഷേധം ഇരമ്പിയെങ്കിലും അതടങ്ങി.

ഉള്ളിലെ തേങ്ങലുമായി അവന്‍ ഇപ്പോഴും തന്റെ ഉള്ളില്‍ ഇരുന്നു വിതുമ്പുന്നു. ഓര്‍മ്മകള്‍ പാടില്ലാത്ത അടിമ അവളുടെ ജീവിതം ജീവിക്കണം. തന്റെ സഹോദരന്‍ കൊല്ലപ്പെട്ടിട്ട് അമ്മ ആ വേദനയുമായി കഴുന്ന കാലത്ത് എല്ലാ മറക്കാനായി അമ്മ പാസ്റ്റര്‍ക്കൊപ്പം പാടി. അവര്‍ സംഘടിപ്പിക്കുന്ന സമരങ്ങളില്‍ പങ്കെടുത്തും അധികം ആരോടും ഒന്നും മിണ്ടാതെയും കഴിഞ്ഞെങ്കിലും, കലങ്ങിയ ഹൃദയം എല്ലാവര്‍ക്കും കാണാമായിരുന്നു. അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അഹിംസാ സമരങ്ങളില്‍ അമ്മ പങ്കെടുത്തിരുന്നു. ജോണ്‍ ലൂയിസിനെക്കുറിച്ചോ മാല്‍ക്കമെക്‌സിനെക്കുറിച്ചോ അമ്മ കേട്ടിരുന്നുവോ എന്തോ...?

അമ്മയുടെ കേള്‍വിയും കാഴ്ചയും ചിലപ്പോള്‍ ഒന്നിച്ചായിരിക്കും നഷ്ടമായത്. അല്ലെങ്കില്‍ അമ്മയുടെ ഓര്‍മ്മതന്നെ ഒന്നിച്ച് അടര്‍ന്നു പോയതായിരിക്കും. ഈ ലോകത്തെ ഏറ്റവും വലയ ശാപം കാഴ്ച്ചയും, കേഴ്‌വിയും ആയിരിക്കാം. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തഅമ്മക്കേറ്റ പ്രഹരം അത്ര ശക്തമായിരുന്നേക്കാം. ബലാല്‍സംഘത്തിനിരയായ ഒരു മകളുടെ അമ്മമാത്രമോ...? ആദ്യജാതന്റെ കൊലപാതകത്തിനുശേഷം, രണ്ടാമന്റെ ഒളിച്ചോട്ടവും അമ്മയുടെ നിലതെറ്റിച്ചിട്ടുണ്ടാകും. ഇതാ മകളും... പക്ഷേ ബേഗിളുകടക്കാരനില്‍ അമ്മയിതൊട്ടും പ്രതീക്ഷിരുന്നില്ല എന്ന് സംഭവം അറിഞ്ഞ മാത്രയില്‍ തന്നെ അമ്മയുടെ കണ്ണുകളുടെ ചനത്തില്‍ നിന്നും മനസ്സിലായി. അമ്മയുടെ ആ ഭാവം ബേഗിളുകടക്കാരന്‍ തന്റെ അച്ഛന്‍ എന്ന ധാരണ ഒന്നു കൂടി ഉറപ്പിച്ചതെയുള്ളു. എന്നിട്ടും അമ്മ എന്തുകൊണ്ട് അതുറപ്പിച്ചു പറയുന്നില്ല. ഒരടിമസ്ത്രിയും ഇന്നുവരെ അങ്ങനെ ഒന്നുറപ്പിച്ചു പറഞ്ഞിട്ടുണ്ടാവില്ല. അവള്‍ക്ക് ആരേയും ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നില്ല. ആരില്‍ നിന്നും ഒരാനുകൂല്യങ്ങളും വേണ്ടിയ്രുന്നില്ല.അതായിരിക്കാം അമ്മ മൗനിയായത്. പക്ഷേ ആ മൗനത്തിനു കൊടുക്കേണ്ടിവന്ന വില...!

ആ കടയില്‍ എന്നും നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അമ്മക്കൊപ്പം അവിടെ പോകുന്ന കാലം മുതല്‍ അയാള്‍ സ്‌നേഹത്തോടും വാത്സല്ല്യത്തോടും തൊടുകയും തലോടുകയും ചെയ്യുന്നത് പ്രായം ഏറുംന്തോറും ഭാവവും രീതിയും മാറുന്നത് തിരിച്ചറിഞ്ഞിരുന്നുവോ...? അല്ലെങ്കില്‍ ഇങ്ങനെയൊരവസ്ഥയില്‍ എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സ്റ്റോര്‍ റൂമിലേക്ക് അയാള്‍ കൂട്ടിയപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. താന്‍ നുറ്റാണ്ടുകള്‍ക്കുശേഷവും ഒരടിമപ്പെണ്ണാണന്ന് ബോദ്ധ്യപ്പെടുത്തല്‍ ആയിരുന്നുവോ.അച്ഛനും അമ്മയും ഇല്ലാത്ത, ബന്ധങ്ങളില്ലാത്ത സ്വയം ഭൂവായവള്‍.... അവര്‍ക്കെന്നും ഞങ്ങളുടെ വംശത്തെ അങ്ങനെ അടയാളപ്പെടുത്താനാണാഗ്രഹം. ഒരടിമയും പ്രതികരിക്കാന്‍ പാടില്ല... പക്ഷേ അമ്മ പ്രതികരിച്ചു. ഏറെ നാളുകളായി അഹിംസാവാദികള്‍ക്കൊപ്പമായിരുന്ന അമ്മ അലമാരയില്‍ ആരും കാണാതൊളിപ്പിച്ചിരുന്ന തോക്കും എടുത്ത് ഇറങ്ങി. ബേഗിളുകടക്കാരന്‍ അമ്മയെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ടുണ്ടാകും. രണ്ടുപേരും പരസ്പരം തിരിച്ചറിഞ്ഞപ്പോള്‍ താന്‍ അവര്‍ക്കിടയിലെ പൊതുപ്രശ്‌നമായി വാക്കുകള്‍ മുറിഞ്ഞുപോയി എങ്കിലും അമ്മയുടെ കണ്ണിലെ അഗ്നിയെ തിച്ചറിഞ്ഞവന്‍ രക്ഷപെടാനെന്നവണ്ണം തിരിഞ്ഞു നടക്കാന്‍ തുടങ്ങവേ, ആ വിനാശത്തിന്റെ ആയുധം ചൂണ്ടി അമ്മ ചോദിച്ചു നീ...നീ എന്തിനതു ചെയ്തു...? അമ്മെക്കെന്തെങ്കിലും ഉത്തരം കൊടുക്കുന്നതിനുമുമ്പ് അയാള്‍ അമ്മയെ അടിച്ചു. ഒരടിമയുടെ അഭിമാനമത്രയും ചോരയില്‍ കുതിര്‍ന്നു. കടയില്‍കൂടിവന്നവരെല്ലാം കടക്കാരനൊപ്പം കൂടിയതല്ലാതെ കറുത്തവള്‍ക്ക് വേണ്ടി സഹതപിച്ചില്ല. പള്ളിയില്‍ നിന്നും പാസ്റ്ററെയും കൂട്ടി അമ്മക്കു പിന്നാലെ ചെന്നപ്പൊഴേക്കും അമ്മ കേള്‍വിയും സംസാരവും നഷ്ടപ്പെട്ടവളായി, മനസ്സിന്റെ സമനിലവീണ്ടെടുക്കാന്‍ കഴിയാതെ ഭ്രാന്താശുപത്രിയുടെ ചുറ്റുമതിനുള്ളില്‍ ആയി.

''റീന... ഇറങ്ങുകയല്ലെ'' ലെമാര്‍ ജൂനിയര്‍ കാറിന്റെ പുറകിലെ ഡോറും തുറന്ന് ചോദിക്കുന്നു. തെരേസ തെല്ലു സംഭ്രമത്തോട് റീനയെ തിരിഞ്ഞു നോക്കി ഇരിക്കുന്നു. സ്ഥലകാലബോധം വീണ്ടെടുക്കുന്നവരെ റീന ലെമാറിന്റെ മുഖത്തെക്ക് സൂക്ഷിച്ചു നോക്കി ഇരുന്നതേയുള്ളു. പിന്നെ മെല്ലെ നിരങ്ങി സീറ്റില്‍ നിന്നും സൈഡുവാക്കിലേക്ക് കാലിറക്കി. ഒട്ടും തിരക്കില്ലാത്തവളെപ്പോലെ മുന്നിലെ അപ്പാര്‍ട്ടുമെന്റിന്റെ ഉയര്‍ന്ന നിലകളിലെ കത്തുന്നു വിളക്കിനു കീഴെ മനുഷ്യര്‍ എന്തു ചെയ്യുന്നു എന്ന് വെറുതെ ഓര്‍ത്ത് ഒന്നു ചിരിച്ചു. ''അപ്പോള്‍ നാളെ ജോലിയില്‍ കാണാം'' ലെമാര്‍ ഉപചാരം പറഞ്ഞ് കാറടച്ച് പോകാന്‍ ഒരുങ്ങുകയാണ്.റീന എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു:'' ചിലപ്പോള്‍ ഞാന്‍ നാളെ വരില്ല.... അല്ല ഞാന്‍ സിക്കുവിളിക്കാന്‍ പോകുന്നു. നാളെ തീര്‍ച്ചയായും വരുന്നില്ല....'' അപ്പോഴെ റീനയുടെ മനസ്സില്‍ അതുറച്ചുള്ളു എന്നു തോന്നും കേട്ടാല്‍. ''ഗുഡ് നൈറ്റ്'' സ്വയം വീണ്ടെടുത്തവളെപ്പോലെ അവള്‍ പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെ സെക്കൂരിറ്റി ഡോറിലേക്ക് കടന്നു. മൂന്നാം നിലയിലെ മൂന്നാമത്തെ മുറി. എലിവേറ്റര്‍ മെല്ലെ മുകളിലേക്കു കോണികേറി. മുറിയില്‍ അടഞ്ഞുകിടന്ന വായുവിന്റെ അവിഞ്ഞ നാറ്റം ഒരു നീഗ്രോയുടെ ജീവിതം പോലെ പുതുമയില്ലാത്തതായിരുന്നു. എല്ലാം പഴയതുപോലെ തന്നെ.സോഫയില്‍ റോബിന്റെ ഒരു ജോഡി ജീന്‍സും ടി ഷര്‍ട്ടും. അതു മിനിഞ്ഞാന്ന് ഇട്ടതാണ്.ഒരടുക്കും ചിട്ടയും ഇല്ലാത്തവനെ തരം കിട്ടുമ്പോഴൊക്കെ വഴക്കു പറയും. അവന്റെ 'മാം' എന്ന വിളിയും ചിരിയും കാണുമ്പോള്‍ അവന്‍ ചെയ്ത എല്ലാ തെറ്റും ക്ഷമിച്ച് അവനൊപ്പം ചിരിക്കും. ഒപ്പം ഈ ലോകം തന്നോടു കാണിച്ച അനീതികളുടെ കണക്കും മറക്കും. പക്ഷേ ആധി തിരിച്ചുവരും... താന്‍ ചെയ്യുനതൊക്കെ വെറും ഭാവനയിലെ മായയാണെന്നു സാം പറയുമ്പോള്‍ ആദ്യമൊക്കെ വലിയ ദേഷ്യം ഉണ്ടാകാറുണ്ടായിരുന്നു. അതു വെറും മായാകാഴ്ചയാണന്ന് ബോധമനസിനറിയാമയിരുന്നെങ്കിലും... ഉപബോധമനസ്സില്‍ നിന്നും അവനെ ഇറക്കിവിടാന്‍ കഴിയുന്നില്ല. പതിനേഴുവര്‍ഷം ജീവിച്ചവന്റെ ജഡം ബുള്ളറ്റുകള്‍ തുളച്ചുകയറി തിരിച്ചറിയാന്‍ കഴിയാതെ വലിച്ചുവാരി പെട്ടിയില്‍ ആക്കിയവരോടുള്ള പകയെങ്ങനെ അടങ്ങും.അപ്പോള്‍ അവന്‍ ജീവിച്ചിരിപ്പുണ്ടെന്നു ചിന്തിക്കും. അവന്റെ ജീന്‍സും, ഷര്‍ട്ടും സോഫയില്‍ നിരത്തും. തിരിച്ചുവരുമ്പോള്‍ അതു കാണണം.

രണ്ടു ദിവസമായി സാമിന്റെ അപ്പാര്‍ട്ടുമെന്റില്‍ ആയിരുന്നു.എന്തിന്.ഒറ്റപ്പെട്ടവരുടെ വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ അവരനുഭവിക്കുന്ന ആനന്ദത്തില്‍ നമുക്കും പങ്കുണ്ടല്ലോ എന്ന സന്തോഷം. സാമും, തന്നേപ്പോലെ ഒറ്റപ്പെട്ടവന്‍ എന്ന ചിന്തയില്‍ സഹാതാപം ആയിത്തുടങ്ങിയ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. അതില്‍ രണ്ടുപേര്‍ക്കും സന്തോഷമേ ഉള്ളായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെ മനസ്സിനിഷ്ടമുള്ള ഒരുവനെ കണ്ടുമുട്ടിയിരുന്നു... പക്ഷേ അവനെബോട്ടിന്റെ എഞ്ചിനില്‍ കെട്ടി ആറ്റില്‍ താഴ്ത്തി. കാരണം ഏതോ ഒരു വെളുത്തവളൊട് അവന്‍ കൈവീശിക്കാണിച്ചു എന്നുതുതന്നെ. ഇവിടെ എന്റെ മകന്‍ അവന്റെ ഗേള്‍ഫ്രെണ്ടായിരുന്ന വെളുത്തവളൊടൊപ്പം പതിനേഴാം ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോയി തിരിച്ചു വന്നതോ...?വെളുത്ത വംശീയതയുടെ കൊടിക്കൂറ കഴുത്തില്‍ കെട്ടി നടക്കുന്ന വംശീയതയുടെ വക്താവ്, കമിതാക്കളായ കൗമാരക്കാര്‍ക്കിടയിലുണ്ടായ ഒരു ചെറിയ വാക്കുതര്‍ക്കത്തിനിടയില്‍ എന്തിനു പോലീസിനെ വിളിച്ചു. ആ ചോദ്യം ആവശ്യമില്ല.... എല്ലാം മുന്‍വിധികളാണ്... അയാള്‍ പറയുന്നു 'ഈ പെണ്‍കുട്ടി ഇന്നിവന്റെ കൂടെ പോയാല്‍ തിരിച്ചുവരുമെന്നെന്താ ഉറപ്പ്.' കേള്‍ക്കുന്നവര്‍ തലയാട്ടി ശരിവെയ്ക്കുന്നു. ഒരു നീഗ്രോ കുറ്റവാളിയാണവരുടെ കണ്ണുകളില്‍. കൊലപാതകിയും, പിടിച്ചുപറിയനും, എന്തു ചെയ്യാനും മടിയില്ലാത്തവനുമാ...ശരിയായിരിക്കാം... അവനു ജീവിതം നള്‍കിയ പാഠങ്ങള്‍ അതായിരുന്നിരിക്കാം...

അതായിരിക്കാം തെറ്റുചെയ്യാത്തവന്‍ പോലീസിനു മെരുങ്ങാതെ അവള്‍ക്കൊപ്പം പോകാന്‍ ശഠിച്ചത്. അപ്പോഴേക്കും പോലീസ് അവളെ ഒരു കാറിന്റെ പിന്‍സിറ്റില്‍ ആക്കി അവനുനേരെ അടുക്കുകയായിരുന്നു. കൈകള്‍ രണ്ടും തലയ്ക്കുപിറകല്‍ പിണച്ച് തറയില്‍ മുട്ടുകുത്താന്‍ അവര്‍ അവനോടു പറഞ്ഞു. അവനിലെ തെറ്റുകാരന്‍ അല്ല എന്ന അഹംബോധവും, പ്രായത്തിന്റെ ആര്‍ക്കും വഴങ്ങാത്ത ഭാവവും പോലീസിനെ ഒന്നു കൂടി കടുപ്പിച്ചതെയുള്ളു. അവന്‍ പാന്‍സിന്റെ പോക്കറ്റിലെ സെല്‌ഫോണിലേക്ക് കൈയ്യെത്തുന്നതു കണ്ട പോലീസ് അവനു നേരെ നിറയൊഴിച്ചു. ഒന്നല്ല പലതവണ.... എവിടേയും അധികാരികള്‍ ഭീരുക്കളും അധികാരതിമിരം ബാധിച്ചവരും എന്നിരിക്കെ ഇതില്‍ കൂടുതല്‍ എന്തു സംഭവിക്കാന്‍. അവനുനേരെ പൊലീസിനെ വിളിച്ച സ്റ്റേഷന്‍ ഡിസ്പാച്ചര്‍ ചാരിദാര്‍ത്ഥതയോടെ ചിരിച്ചു. അയാളുടെ സാക്ഷിമൊഴികളില്‍ ഒരു ക്ലാന്‍ മനോഭാവം ഒളിഞ്ഞിരുന്നു. ഒരു നീഗ്രോ എന്റെ വംശത്തില്‍ കയറി കൊത്തണ്ട എന്ന മനോഭാവം. ഉള്ളിലെ പകയത്രയും അടക്കി എല്ലാത്തിനേയും ശപിച്ച്, അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നു ദിവസം പനിച്ചു കിടന്നു.

ഇത് നിയോഗങ്ങളിലൂടെയുള്ള യാത്രയാണ്... അവസാനമില്ലാത്ത യാത്രഅവന്‍ എപ്പോഴും ഉള്ളില്‍ ഇരുന്നു ചോദിക്കുന്നു എന്തിനാണമ്മെ അവരെന്നെ കൊന്നത്... ഉത്തരമില്ല മകനെ... നൂറ്റാണ്ടുകാളായി നമ്മള്‍ അടിമവംശമത്രയും ചോദിക്കുന്ന ചോദ്യമാണ്. വെളുത്തവന് കറുത്തവന്റെ മേല്‍ ഉള്ള ആധിപത്യമനോഭാവം...നാം അവരുടെ വസ്തുവാണ്. അവര്‍ക്കെന്തും ചെയ്യാം. നമ്മള്‍ എന്നും അനുസരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവര്‍ എന്നവര്‍ കരുതുന്നു.കീടങ്ങള്‍.. മനസ്സും ചിന്തയും ഇല്ലാത്ത അവകാശങ്ങളില്ലാത്തവര്‍... അവര്‍ക്ക് ഇങ്ങനെയൊക്കെമതി....അതല്ലെ ബേഗിളുകടക്കാരന്‍ തന്നോടും അമ്മയോടും ചെയ്തഅന്യായത്തെ ചോദിക്കാന്‍ പോലും ആരും ഇല്ലാതെപൊയത്... അല്ല അതു പൂര്‍ണ്ണമായും ശരിയല്ല....ഒരാള്‍ രാത്രിയുടെ മറവില്‍ ജനാലയില്‍ വന്ന് റീനെയെന്നു വിളിച്ചു. ഭയന്നുവിറച്ചിരുന്നവള്‍ക്ക് ജനാലപ്പാളിയുടെ അരികോളം ചെല്ലാനുള്ള ധൈര്യം ഇല്ലായിരുന്നു. ആരോ ഒരാള്‍ പുറത്ത് തന്നേയും നോക്കി അല്പനേരം നിന്നതുപോലെ... പിന്നെ നിനക്കുവേണ്ടി ഞാന്‍ നീതി നടപ്പാക്കും എന്നു പറഞ്ഞപോലെ ഞാന്‍ കേട്ടു. അത് എന്റെ രണ്ടാമത്തെ ഒളിച്ചോടിയ സഹോദരനോ എന്നു ഞാന്‍ സംശയിച്ചു. ഇന്നും ഉറപ്പില്ലെങ്കിലും ഞാന്‍ അങ്ങനെ കരുതുന്നു. അത് അമ്മ എന്റെനേരെ നടന്ന അന്യായം അറിഞ്ഞ് ബേഗിളുകാരനോട് പകരംചോദിക്കാന്‍ പോയി തലയ്ക്കടിയേറ്റ് വീണതിന്റെ മൂന്നാം ദിവസമായിരുന്നു. അമ്മ ബേഗിളുകാരനോട് തോക്കു ചൂണ്ടി ചോദിച്ചത്രേ 'ഇനിയും നിനക്കൊന്നും മതിയായില്ലെ.... എന്റെ മകള്‍...ആരെന്നു നിനക്കറിയാമോ...?' അമ്മയെ മുഴുമിപ്പിക്കാന്‍ വിടാതെ അയാള്‍ അമ്മയെ പ്രഹരിച്ചു. അപ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നത്രെ..'ഡേര്‍ട്ടി നീഗ്രോ ഷിറ്റ്'... അപ്പാര്‍ട്ടുമെന്റുടമായാണതു പിന്നീട് പറഞ്ഞത്. സത്യത്തില്‍ അപ്പാര്‍ട്ടുമെന്റുടമ നല്ലവനായിരുന്നു. .വെളുത്ത തൊലിയുള്ള നല്ല മനുഷ്യന്‍ റെന്റില്ലാതെ എത്രനാളുതാമസ്സിക്കാനും അയാള്‍ പറഞ്ഞതാ... അയാളുടെ മരണത്തിന് പോയിരുന്നു. ഒരു റോസാപ്പു ബൊക്കെ അമ്മക്കുവേണ്ടിയും, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ആ ശവപ്പെട്ടിക്കു മുകളില്‍ വെയ്ക്കേണ്ടതു ധര്‍മ്മം എന്നു തോന്നി.

ബേഗിളുകാരന്റെ അന്ത്യം എങ്ങനെ ആയിരുന്നു. തന്റെ ജനാലക്കരുകില്‍ കണ്ട നിഴല്‍ മറഞ്ഞതിനുശേഷം ഒരാഴ്ചതികഞ്ഞ വെള്ളിയാഴ്ച അതു സംഭവിച്ചു. അയാള്‍ കൊല്ലപ്പെട്ടു. കൊന്നത് ആര്…? ഇന്നും അതാര്‍ക്കും അറിയില്ല. വൈകിട്ട് കടപൂട്ടി അയാള്‍ സ്വന്തം കാറില്‍ കയറിപ്പോകുന്നതു കണ്ടവരുണ്ട്. പക്ഷേ യാത്ര വീട്ടില്‍ എത്തിയില്ല. വഴിയിലെ രണ്ടാം മൈയിലിലെ കാട്ടരുവിയോടു ചേര്‍ന്ന് അയാളുടെ കാറും, കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ അനേകം മുറിവുകളാല്‍ കീറിവരിഞ്ഞ ജഡവും കണ്ടു. ജഡത്തിന്റെ കഴുത്തില്‍, അടിമയെ തൂക്കിലേറ്റാന്‍ ഉപയോഗിച്ചിരുന്ന തൂക്കുകയര്‍ മുറുക്കിയിരുന്നു. കരുതിക്കൂട്ടിയ കൊലപാതകം എന്ന് നീതിപാലകര്‍ പറഞ്ഞെങ്കിലും ആരെന്നതിനു തെളിവില്ലാത്തതിനാല്‍, പല കറുത്തവരും പോലീസുമുറകള്‍ക്കിരയായി. പോലീസ് നായ തന്റെ ജാനാലക്കരുകില്‍ വന്ന് മണം പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി. പോലീസ് പിന്നെ തന്റെ പിന്നാലെയായി. കൊലനടത്തിയത് ആരെന്ന് പറയണം അതായിരുന്നവരുടെ ആവശ്യം. നീതിക്കൂവേണ്ടി ഒളിവില്‍ കഴിയുന്നവനെ തിരിച്ചറിഞ്ഞെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഒളിച്ചോടിയവന്‍ മരിച്ചു എന്നാണു കരുതിയിരുന്നത്...അല്ലെങ്കില്‍ അമ്മ അങ്ങനെ വിശ്വസിച്ചു. പക്ഷേ അവന്‍ ഒരു ഒളിപ്പോരാളിയായി മറവില്‍ എവിടെയോ ഉണ്ട് എന്ന അറിവ് പുതിയ കരുത്തായിരുന്നു. കേസ് രാഷ്ട്രിയ മാനങ്ങളിലേക്ക് വളരുകയായിരുന്നു. പണ്ട് റോസാ പാര്‍ക്കിനെ കറുത്തസമൂഹം ഏറ്റെടുത്തപോലെ താന്‍ കറുത്തവന്റെ പൊതിടങ്ങളിലെ ചര്‍ച്ചയായി. ജോണ്‍ ലൂയിസ് അന്ന് അറ്റ്‌ലാന്റയില്‍ താമസമാക്കിയിരുന്നോ എന്നറിയില്ല. പക്ഷേ അവരൊക്കെ ഈ വിഷയത്തില്‍ ഇടപെട്ടു എന്നാണറിയാന്‍ കഴിഞ്ഞത്.

കേസ് പെട്ടന്ന് തെളിവില്ലാതെ തേഞ്ഞുമാഞ്ഞു പോയി. മറ്റൊരു റോസാ പാര്‍ക്കോ... മാര്‍ട്ടിന്‍ ലൂഥര്‍ കിംഗോ ഉയര്‍ത്തെഴുനേല്‍ക്കുമോ എന്നവര്‍ ഭയപ്പെടുന്നു. മൊന്റ്‌ഗോമറി ബസ്സ് സമരം കറുത്തവനെ ഒറ്റച്ചരടില്‍ കോര്‍ത്ത സമരം ആയിരുന്നു. കറുത്തവരുടെ നേതാവായി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അവരൊധിക്കപ്പെട്ട സമരം. ഒരു വിധത്തിലാണ് കിംഗിനെ ഒഴിവാക്കിയത്. ആ ഒഴിവില്‍ മറ്റൊരാള്‍ വളരാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല... വെളുത്തവന്റെ രാഷ്ടീയം!. പലതട്ടുകളിലാക്കി കറുത്തവംശത്തെവിഭജിക്കാന്‍ ഒരുക്കിയ തന്ത്രങ്ങളില്‍ കറുത്തവര്‍ മൂക്കുകുത്തി. അവര്‍ പല ഗ്വാങ്ങുകളായി, കൊള്ളയും, കൊലയും തൊഴിലാക്കി മറ്റുള്ളവരുടേ ഇടയില്‍ ഭീതി വളര്‍ത്തി. അതായിരുന്നു വെളുത്തവനാവശ്യം. തോക്കും, മയക്കുമരുന്നും അവര്‍ എത്തിച്ചുകൊടുത്തു. കറുത്തവനെ കരുവാക്കി, കൊള്ളരുത്തവനാക്കി, ലോകത്തിനു മുന്നില്‍ ഒന്നിനും കൊള്ളാത്തവനായി. അഹിംസയെ മുറുകെപ്പിടിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ മറന്നവര്‍ അദ്ദേഹത്തിന്റെ അനുയായികളെ വകവെച്ചില്ല. തോക്കാണെല്ലാത്തിന്റേയും അവസാനവാക്കെന്നവര്‍ കരുതി.ആയുധമെടുത്തവനെ തുടച്ചു നീക്കാന്‍ അപ്പുറത്തെ വലിയ ആയുധശേഖരത്തിന് രണ്ടാമതൊന്നാലോചിക്കേണ്ട എന്ന കാര്യം അവര്‍ മറന്നു.ആ ചതിക്കുഴി തിരിച്ചറിഞ്ഞ ജോണ്‍ ലൂയിസും കൂട്ടരും അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ തങ്ങളുടെ രാഷ്ട്രിയ ഇടം തേടി എല്ലാത്തിലും ഇടപെട്ടു. തന്നെ കാണാന്‍ ജോണ്‍ലൂയിസ് വന്നിരുന്നുവോ... വന്നു എന്നു പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. അമ്മക്ക് പാസ്റ്ററുമായി ഉണ്ടായിരുന്ന അടുപ്പം അവരെയൊക്കെ താനുമായി ബന്ധിപ്പിച്ചു. എങ്കിലും ഒരു പൊതുപ്രവര്‍ത്തകയാകന്‍ കഴിഞ്ഞില്ല.

റോബിന്റെ ബര്‍ത്തുഡെ മെഴുകുതിരി റീന അവന്റെ പടത്തിനുമുന്നില്‍ കത്തിച്ച്, അവനേറ്റെവും പ്രീയമുള്ള ചോക്കളറ്റ് ബ്രൗണിയുടെ ഒരു പീസ് മുറിച്ച് കഴിച്ച് അവനെ സ്മരിച്ചു. ഈ സമയത്ത് തനിക്ക് പ്രീയമുള്ള ആരെങ്കിലും തനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു. തന്റെ അനുജത്തി അവളിപ്പോള്‍ എവിടെയായിരിക്കും. അവള്‍ തന്നെത്തിരക്കി അറ്റ്‌ലാന്റയില്‍ വന്നിട്ടുണ്ടാകുമോ…? താന്‍ അവിടെ ഇല്ലായിരുന്നുവല്ലൊ... ഉള്ളിലെ ഗര്‍ഭത്തെ വളര്‍ത്തേണ്ടിയിരുന്നു. നാണക്കേടിന്റെ ഗര്‍ഭത്തെ ആദ്യമൊക്കെ വെറുത്തുവെങ്കിലും, ഒരമ്മയുടെ സ്‌നേഹം മുളയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നെ കൂമ്പിന്‍ പോളയിലെ തേന്‍ മാതിരി അത് ഊറിക്കൊണ്ടേയിരുന്നു. അപമാനത്തിന്റെ നഗരത്തില്‍ തനിക്കാരുമില്ല എന്ന തോന്നലില്‍ അവിടെ നിന്നും രക്ഷപെടാനുള്ള വഴികള്‍ തേടി. ന്യൂയോര്‍ക്കുള്ളവഴികളില്‍ ലെമാര്‍ അങ്കിള്‍ ഒരു താങ്ങായിട്ടുണ്ടാകും എന്ന ചിന്തയ്ക്കു പുറമേ ഒളിച്ചോടിയ സഹോദരനെ എവിടെയെങ്കിലും കണ്ടുമുട്ടാം എന്ന ചിന്ത മനസ്സിന്റെ അടിത്തട്ടില്‍ പ്രതീക്ഷയായി നിന്നു.

Read More: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക