ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്ന് സ്വയം മാറി നിന്ന് രഞ്ജിത് അന്വേഷണത്തെ നേരിടുന്നില്ലെങ്കിൽ സർക്കാർ അദ്ദേഹത്തെ തത്സ്ഥാനത്തു നിന്ന് മാറ്റി നിർത്തണം. സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ഉന്നതസ്ഥാനത്താണ് രഞ്ജിത് ഇരിക്കുന്നത്. ആരോപണത്തിൻ്റെ നിഴൽ ആ ചെയറിന് ഭൂഷണമല്ല.
പരസ്യമായി പറയുന്ന ആരോപണങ്ങൾ പരാതി തന്നെയല്ലേ? അതി സാങ്കേതികത്വത്തിൻ്റെ മറപിടിക്കുന്നത് സർക്കാരിന് ഭൂഷണമല്ല. സാംസ്കാരിക മന്ത്രി ആരെ രക്ഷിക്കാനാണ് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ ഇറക്കുന്നത്?
നാലാംകിട ക്രിമിനലുകളുടെ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്നത് എത്ര ഉന്നതരായാലും പിടിക്കപ്പെടണം, മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പ്രബലരുടെ കൈകളിലാണ് നിയമവും സംവിധാനങ്ങളുമെന്ന നില പണ്ടേയുള്ളതാണെന്നും അതിൽ നമുക്കെന്തു ചെയ്യാനാകുമെന്നുമുള്ള നിലപാട് ആർക്കായാലും ഭൂഷണമല്ല.
വേട്ടക്കാർ അവരാരുമായിക്കൊള്ളട്ടെ, സ്വാധീനമുള്ളവരും വലിയവരുമാകുമ്പോൾ നിയമം അറച്ചു നിൽക്കുമെന്ന തോന്നലുണ്ടാകുന്നത് ആശാസ്യമല്ല. ഇത് ഇരകൾക്ക് എന്താശ്വാസമാണ് നൽകുക.
അതുപോലെ തന്നെ, 80 കളിൽ താൻ കോളേജധ്യാപികയായിരുന്ന കാലത്ത് പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ വലിയ കാറുകളിൽ വലിയ നടന്മാർ കോളേജിൽ വരുമായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയ മേരി ജോർജ്ജ് എന്ന അധ്യാപികക്കെതിരെയും നടപടിയുണ്ടാകണം. അവരൊളിപ്പിച്ചു വെച്ച വസ്തുതയുടെ നിജസ്ഥിതി അറിയാനുള്ള അവകാശം പൊതു സമൂഹത്തിനുണ്ട്. വിമൻസ് കോളേജ് പോലെ പൊതുജന വിശ്വാസമാർജ്ജിച്ചിട്ടുള്ള സ്ഥാപനത്തിൽ അധ്യാപകരറിഞ്ഞു കൊണ്ടു നടന്ന ഒരു സംഭവമായാണ് അവർ അത് അവതരിപ്പിച്ചിരിക്കുന്നത്.
ഇവർ പറയുന്നത് സത്യമെങ്കിൽ ഇവർക്കെതിരെ കർശനമായ അന്വേഷണവും തുടർ നടപടികളുമുണ്ടാകണം. അധ്യാപികയായിരുന്നു കൊണ്ട് പക്ഷപാതപരമായി അനീതിക്കു കൂട്ടുനിൽക്കുകയും സ്വന്തം സുരക്ഷിതത്വം കാത്തുസൂക്ഷിച്ച് അന്ന് നിശ്ശബ്ദയായിരിക്കുകയും ചെയ്ത്, കാലങ്ങൾക്കു ശേഷം തനിക്ക് കൈ വന്ന ചാനൽ പരിവേഷത്തിൻ്റെ പ്രഭയിൽ ഒരു നാണവുമില്ലാതെ താൻ കൂട്ടുനിന്ന ആഭാസങ്ങൾ വിളിച്ചു പറയുകയും ചെയ്യുക. ഇത് പൊറുപ്പിച്ചുകൂടാത്തതാണ്.
ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നതായോ നടക്കാൻ സാധ്യതയുള്ളതായോ പോലീസിന് വിവരം കിട്ടുകയോ, പോലീസ് സ്വമേധയാ അറിയുകയോ ചെയ്താൽ ഒരു FIR റജിസ്റ്റർ ചെയ്യാൻ പോലീസിന് ബാധ്യതയുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നിലനിൽക്കുന്ന നിയമസംവിധാന പ്രകാരം 'വിവരം' ലഭിച്ചാൽ പോലീസ് zero FIR റജിസ്റ്റർ ചെയ്യണമെന്നുണ്ട്. നിയമം സുവ്യക്തമായിരിക്കെ, പീഡനങ്ങൾ ഒരു തുടർക്കഥയാണെന്ന് കണ്ടെത്തി സർക്കാരിന് സമർപ്പിച്ച ഒരു കമ്മിറ്റി റിപ്പോർട്ട് കൈവശമിരിക്കെ, ഇതിൽ പരാമർശിക്കപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഒരു FIR ഇട്ട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് അതിസാങ്കേതികത്വത്തിൻ്റെ മറപിടിക്കുന്നത് ശരിയാണോ?
സ്വകാര്യത പോകും പോകും എന്നാവർത്തിക്കുമ്പോൾ ആരുടെ സ്വകാര്യത ഓർത്താണ് സർക്കാർ വേവലാതിപ്പെടുന്നത്? സംരക്ഷിക്കപ്പെടേണ്ടത് വേട്ടക്കാരുടെ സ്വകാര്യതയാണോ? പുറത്തു പോകാതിരിക്കാൻ ഹേമാ കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കപ്പെട്ടത് 'കുമ്പസാര' രഹസ്യങ്ങൾ വല്ലതുമാണോ?
പൗരൻ്റെ നികുതിപ്പണമുപയോഗിച്ച് നിയോഗിക്കപ്പെട്ട ഒരു കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ്. കമ്മിറ്റിക്കു മുൻപാകെയും അല്ലാതെയും അനുഭവങ്ങൾ പറഞ്ഞു കൊണ്ട് ഇരകൾ പലരും ഒന്നൊന്നായി വെള്ളിവെളിച്ചത്തിലേക്കു വരുമ്പോൾ നിയമം നടപ്പാക്കുന്നവർ ഇരുട്ടിൻ്റെ മറപിടിക്കുന്നതെന്തിനാണ്?
എസ്. ശാരദക്കുട്ടി