ഭിത്തിയിൽ വലിച്ചു കെട്ടിയ ഒരു വെള്ളത്തുണിയിൽ കടലിളകുന്നതു കണ്ട ഒരു കൊച്ചു കുട്ടിയുടെ ഭാവമെന്തായിരിക്കും ..? അപ്പോൾ ആ മനസ്സിലെന്തായിരിക്കും ? ആലോചിച്ചുനോക്കിയിട്ടുണ്ടോ ?
ജീവിതത്തിലാദ്യമായി , തിരശ്ശീലയിൽ ഇളകുന്ന നീല സമുദ്രത്തിനു മുന്നിൽ അത്ഭുത ലോകത്തിലകപ്പെട്ടു പോയ ആലീസിനെപ്പോലെ ഇരുന്ന ഞാൻ ! . ഇമ ചിമ്മാതെ !
തൊട്ടു മുൻപു വരെ ഭിത്തിയിൽ വെറും വെള്ളത്തുണി മാത്രമായിരുന്നതു കണ്ടതാണ് . ഇതെങ്ങനെ സംഭവിക്കുന്നു .? നടീ നടൻമാരെല്ലാം കടപ്പുറത്തൂടെ നടക്കുന്നു .. ഓടുന്നു .. വർത്തമാനം പറയുന്നു . പാടുന്നു . കടലിൽ പോയി മീൻ പിടിച്ചോണ്ടു വരുന്നു . പിടയ്ക്കുന്ന മീനുകൾ വലയിൽ നിന്നു കുട്ടയിലേയ്ക്കു വാരിയിടുന്നു . സ്വപ്നത്തിലാണോ ഇതെല്ലാം എന്നറിയാൻ കൈത്തണ്ടയിലൊന്നു നുള്ളി നോക്കി . സ്വപ്നം കണ്ടതല്ല .
സ്കൂളിൽ സിനിമാ പ്രദർശനം നടക്കുന്നുവെന്നറിഞ്ഞപ്പോൾ , അന്നു ചില വീടുകളിൽ കണ്ടിട്ടുള്ള ചെറിയ ബ്ലാക് ആന്റ് വൈറ്റ് ടി.വി കളാണ് എനിക്കോർമ്മ വന്നത് . അമ്മയോടു സിനിമ കാണാനുള്ള കൊതി പറഞ്ഞ് ടിക്കറ്റിനുള്ള പൈസ കിട്ടി . ചിലർ പിന്നിലെയും സൈഡിലും ഒതുക്കിയിട്ട ഡസ്കിന്റെ മുകളിൽ കയറിയിരിക്കുന്നു .ഞാൻ ബഞ്ചിൽ ഞെരുങ്ങി ഞെരുങ്ങി ഇരുന്നു . ആ ചെറിയ ക്ലാസ് റൂം നിറയെ കുട്ടികളായിരുന്നു. ബെഞ്ചിലിരുന്നപ്പോൾ തറയിലിരുന്ന കുട്ടികളോട് അസൂയ തോന്നി . ആദ്യമാദ്യം എത്തിയവരായിരുന്നു മുന്നിൽ തറയിലിരുന്നിരുന്നത് . അവിടെയിരുന്നാലാണ് നന്നായിട്ടു ആദ്യം കാണാൻ കഴിയുകയെന്ന ചിന്തയായിരുന്നു സിനിമ തുടങ്ങുന്നതു വരെ .
കഥയും സംഭാഷണവുമൊന്നും ഒട്ടും തന്നെ മനസ്സിലായതേയില്ല. ആദ്യമായി സിനിമ കാണുന്നതിന്റെ ഒരങ്കലാപ്പ് . അതും ഇതു വരെ നേരിട്ടു കണ്ടിട്ടില്ലാത്ത കടൽ എന്ന മഹാത്ഭുതം കൺമുന്നിൽ തിരയടിച്ചുയരുന്നു . ഇതിൽപ്പരമൊരു സ്വർഗ്ഗീയ കാഴ്ച വേറെയില്ലെന്നു തോന്നിയ നിമിഷം ! അരയൻമാരുടെ സംഭാഷണമൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കണ്ണു തുറന്നു വച്ചു കടൽ കണ്ടു . 'കടലമ്മ ' എന്ന വാക്കും ആദ്യമായി മനസ്സിൽ പതിഞ്ഞു . കടലിൽ വള്ളവുമായി മീൻ പിടിക്കാൻ പോകുന്നതു കണ്ടപ്പോൾ ഉദ്യോഗത്തിന്റെ മുൾമുനയിലായി . അവർ വേഗം തിരികെ വരണേ .. മഴ പെയ്യല്ലേ.. കാറ്റടിക്കല്ലേ .. ആപത്തൊന്നും വരല്ലേ എന്നൊരു പ്രാർത്ഥന എന്നിലുമുണ്ടായി .
'കടലിന്നക്കരെ പോണോരെ ,
കാണാപ്പൊന്നിന് പോണോരെ
പോയ് പോയ് പോയ് വരുമ്പോഴെന്തു കൊണ്ടുവരും കൈനിറയെ ."
പെട്ടെന്നു ഒരു കടൽത്തിര വന്നു കാലിൽ തൊട്ടതുപോലെ തോന്നി ആ പാട്ടു കേട്ടപ്പോൾ !! 'കടലിനക്കരെ' എന്നു പറഞ്ഞാൽ എവിടെയാണെന്ന് എനിക്കറിയാമായിരുന്നു . പ്രേഷ്യ ! ' ഇന്നത്തെ ഗൾഫ് . 'പ്രേഷ്യ ' യിൽ പോകുന്നവരാണു കടലിനക്കരെ പോകുന്നതെന്ന കേട്ടറിവും താമസിക്കുന്ന സ്ഥലം കഴിഞ്ഞാൽ ആകെ അറിയാവുന്ന ഒരു സ്ഥലത്തിന്റെ പേരും അതായിരുന്നു . അന്ന് പേർഷ്യയിൽ പോയിട്ടു വരുന്നവരായിരുന്നു എന്റെ മനസ്സിലെ ഏറ്റവും പണക്കാരും ഭാഗ്യവാൻമാരും . ഭാഗ്യം തേടിയാണ് അവിടെ പോകുന്നത് എന്ന എന്റെ അറിവിനെ ബലപ്പെടുത്താൻ പോന്നതായിരുന്നു ആ പാട്ടിലെ ബാക്കി വരികളും . അവിടെ ചെന്നാൽ ഇഷ്ടം പോലെ പണവും സ്വർണ്ണവുമെല്ലാം എടുത്തോണ്ടു വരാമെന്നായിരുന്നു എന്റെ ചിന്തകൾ ! ഇന്നത്തെ അഞ്ചാം ക്ലാസ്സുകാരിക്ക് എന്തെല്ലാം കാര്യങ്ങളറിയാം . അന്നത്തെ അഞ്ചാം ക്ലാസ്സുകാരിയായ എനിക്കിത്രയേ അറിവുണ്ടായിരുന്നുള്ളൂ .
രാമൂകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചലച്ചിത്രത്തിലെ പാട്ട് . തകഴി ശിവശങ്കരപിള്ളയുടെ 'ചെമ്മീൻ ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം . ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ' 'സുവർണ്ണകമലം ' ലഭിച്ച സിനിമ . ഞാൻ ജനിക്കുന്നതിനൊക്കെ ഒരുപാടു മുന്നേ 1965- ൽ പുറത്തിറങ്ങിയ ഈ സിനിമ 1990 കളിലാണ് ഞങ്ങളുടെ നാട്ടിലെ ഞാൻ പഠിച്ച സ്കൂളിൽ പ്രദർശനത്തിനു വന്നത് . അതിനു ശേഷം 'ഹിമവാഹിനി, ' 'വിടപറയും മുമ്പേ,' 'അവിടത്തെ പോലെ ഇവിടെയും ' എന്നീ സിനിമകളും വന്നെങ്കിലും അതിലെ കഥയോ പാട്ടോ , രംഗങ്ങളോ ഒന്നും ഓർമ്മയിൽ തങ്ങി നിന്നില്ല . 'ചെമ്മീൻ ' സമ്മാനിച്ച കാഴ്ച വസന്തം അതിനൊന്നും സമ്മാനിക്കാൻ കഴിയാത്തതു തന്നെ കാരണം .
. പിന്നെ ആറിലും , ഏഴിലുംമൊക്കെ ആയപ്പോൾ ടി.വിയിൽ വരുന്ന സിനിമകൾ ടി.വി ഉള്ള വീടുകളിൽ പോയി കാണാനും(അന്ന് എല്ലാവീടും സ്വന്തം വീടുപോലെ ആയിരുന്നു .) അതിലെ കഥയും നടീ , നടൻ മാരേയും പാട്ടു കാരേയുമൊക്കെ മനസ്സിലാക്കാനും തുടങ്ങി .
'കടലിന്നക്കരെ പോണോരെ '
എന്ന ഗാനം പിന്നെ റേഡിയോയിലൂടെ കേട്ടപ്പോഴൊക്കെയും ആ കടൽത്തിര വീണ്ടുമെന്നിൽ ഇളകാൻ തുടങ്ങുമായിരുന്നു . ശേഷം കടൽ പശ്ചാത്തലമായ 'അമരം ' പോലുള്ള സിനിമകൾ കണ്ടപ്പോൾ കടലിനെ ഒരുപാടിഷ്ടപ്പെടാനും തുടങ്ങി .
മുക്കുവ സ്ത്രീയായ കറുത്തമ്മയുടേയും മുസ്ളീം യുവാവായ പരീക്കുട്ടിയുടേയും സ്നേഹം അഭ്രപാളികളിലൂടെ അന്നു കണ്ട ആരും തന്നെ വർഗ്ഗീയ വാദം പറഞ്ഞു കാണില്ല എന്നുള്ളതാണ് ഇന്നെന്നെ ചിന്തിപ്പിച്ച ഒരേയൊരു കാര്യം . മതം അവിടെയൊരു വിഷയമേ ആയില്ല . പക്ഷേ , അരയത്തി പിഴച്ചാൽ തോണിയിൽ പോകുന്ന അരയനെ കടലമ്മ കൊണ്ടു പോകും എന്ന വിശ്വാസം ദൃഢപ്പെട്ടു എന്നു മാത്രം .
" പതിനാലാം രാവിലെ
പാലാഴി തിരയിലെ
മത്സ്യകന്യകമാരുടെ
മാണിക്കക്കല്ലു തരാമോ...? ഓ...ഓ."
കടലിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഒരു പാട്ട് . വലയാർ രാമവർമ്മയുടെ മനോഹര വരികൾക്ക് സലിൽ ചൗധരിയുടെ ഈണം . യേശുദാസിന്റെ അതി സുന്ദര ആലാപനം . അസ്തമയ സൂര്യൻ മെല്ലെ , മെല്ലെ താണിറങ്ങുന്ന ചക്രവാളത്തിനരികിലേയ്ക്കു കണ്ണു പായിച്ച് കടപ്പുറത്തെ മൺൽപ്പരപ്പിലിരുന്നു പാടുന്ന പരീക്കുട്ടി . (മധു) വള്ളവും , വലയും ചാകരയും , നല്ലൊരു ദൃശ്യ വിരുന്നു തന്നെ ഒരുക്കി വച്ചിരിക്കുകയാണവിടെ . കടലിലേക്കു കണ്ണാടി നോക്കുന്ന നീളമേറിയ തെങ്ങിൻ തലപ്പുകൾ ! നമ്മളും അറിയാതെ ആ കടപ്പുറത്തെത്തിയിട്ടുണ്ടാവുമപ്പോൾ .
"ചന്ദനത്തോണിയേറിപോണോരെ നിങ്ങൾ ,
വെണ്ണിലാ പൊയ്കയിലെ വാവും നാളിലെ
പൊൻപൂ മീനിനെ കൊണ്ടത്തരാമോ ..? നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ നാക നർത്തകിമാരണിയും നാണത്തിൻ മുത്തു തരാമോ ..? "
കവി ഇവിടെ നാടോടിക്കഥകളെ കൂട്ടുപിടിക്കുകയാണ് . കടലിന്നടിയിൽ ഒരു കൊട്ടാരമുണ്ടെന്നും അവിടെ നർത്തകി മാരുണ്ടെന്നും പറഞ്ഞു വയ്ക്കുന്നു . കടൽ എന്ന മഹാത്ഭുതത്തിനടിയിലാണ് സൗഭാഗ്യങ്ങൾ നിറഞ്ഞിരിക്കുന്നതെന്ന സൂചനയെ അടയാളപ്പെടുത്തുന്ന വരികൾ ! മത്സൃ കന്യകമാരുടെ മാണിക്യക്കല്ല് , അവിടത്തെ നർത്തകിമാരുടെ നാണത്തിൻ മുത്താണ് . അത്രയും വിലപിടിപ്പുള്ള കാര്യങ്ങളാണ് ആഴക്കടലിലുള്ളത്.
' പുഷ്പക തോണിയേറി പോണോരെ നിങ്ങൾ ,
പോയ്, പോയ് പോയ് വരുമ്പോൾ ...
മാനസ പൊയ്കയിലെ , മായാ ദ്വീപിലെ,മാടപ്രാവിനെ കൊണ്ടത്തരാമോ..."
ആഴക്കടലിലേക്കു പോകുന്ന ആ തോണികളൊന്നും തന്നെ വെറും തോണികളല്ല . ചന്ദന തോണിയും പുഷ്പക തോണിയു മൊക്കെയാണ് . പുഷ്പക വിമാനമെന്നു കേട്ടിട്ടുണ്ടെങ്കിലും പുഷ്പക തോണിയേയും കവി നമുക്കിതിലൂടെ പരിചയപ്പെടുത്തുന്നു . ഇളം കാറ്റിൽ തിരകളുടെ ചെറു ചലനങ്ങൾക്കനുസരിച്ചു മന്ദം മന്ദം ചാഞ്ചാടുന്ന ആ തോണികളുടെ താളത്തിനൊപ്പിച്ചുള്ള ഈണത്തിൽ മാനസ പൊയ്കയിലെ മായാ ദ്വീപിലെ മാട പ്രാവിനെ കൊണ്ടത്തരാമോ ?
എന്ന പരീക്കുട്ടിയുടെ ഇഷ്ട പ്രേയസിയെ കിട്ടാനുള്ള ആഗ്രഹവും വെളിപ്പെടുമ്പോൾ ഒരു ഗാനരചയിതാവിന്റെ പ്രതിഭയാണ് വെളിവാകുന്നത് . ആ ഗാനത്തിലലിഞ്ഞ് എന്നെയും ആ മായാ ദ്വീപിലെത്തിച്ച കവിയ്ക്കെന്റെ കൂപ്പുകൈ .🙏
____________________
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ് വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ് വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..
ഓ..ഓ..
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
വെണ്ണിലാപ്പൊയ്കയിലെ വാവുംനാളിലെ
പൊൻ പൂമീനിനെ കൊണ്ടത്തരാമോ
നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ
നാഗനർത്തകിമാരണിയും
നാണത്തിൻ മുത്തു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..
ഓ..ഓ..
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
മാനസപ്പൊയ്കയിലെ മായാ ദ്വീപിലെ
മാടപ്രാവിനെ കൊണ്ടത്തരാമോ
പാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽ
ദേവ കന്യകമാരുടെ ഓമൽപ്പൂത്താലി തരാമോ
ഓഹോ...ഓ...ഒഹോ..ഓ..
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ് വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ് വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ.