വർഷങ്ങളായിരിക്കുന്നു തറവാട്ടിലേക്ക് വന്നിട്ട്. പ്രവാസ ജീവിതവും ചുവടുറപ്പിക്കാനുള്ള തത്രപ്പാടും ചുവടുറച്ചപ്പോൾ മറവിയിലാണ്ടുപോയ സ്വർഗ്ഗവും, ഒരുനിമിഷത്തേക്കു പോലും ഉപേക്ഷിക്കാനാവില്ലന്നു കരുതിയിരുന്ന പല സ്വപ്നങ്ങളെയും ഇക്കാലമത്രയും ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് തള്ളേണ്ടിവന്നു. ഒരിക്കൽ പോലും ആഗ്രഹിച്ചതല്ല ഈ സ്വപ്നഭൂമി വിട്ടൊരു ജീവിതം. ഓർമ്മയായ നാൾ മുതൽ നെയ്തുകൂട്ടിയ ആഗ്രങ്ങളുടെ പറുദീസ വിട്ടൊരു യാത്ര. എന്നിട്ടും പുതിയ ഒരു കാരണവരാകാനുള്ള അത്യാഗ്രഹംമൂലം കടൽ കടന്നു. ഇന്ന് എന്തൊക്കെയോ നേടി മടങ്ങിയെത്തിയപ്പോൾ എന്റെ നഷ്ടങ്ങളെത്രയെന്ന് ഈ കല്പടവുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. ജീവിത തുലാസ്സിൽ നേട്ടങ്ങളുടെ തട്ട് നഷ്ടങ്ങളുടെ തട്ടിനെക്കാൾ ഉയർന്നിരിക്കുന്നു എന്ന് എന്നെ തഴുകിക്കടന്നുപോയ കാറ്റ് കളിയാക്കി.
ചേലക്കരയിലെ സാധാരണക്കാരുടെയും ആശ്വാസമായിരുന്നു ചേലക്കാട്ട് തറവാടും അവിടുത്തെ കാരണവന്മാരും. എത്ര ബുദ്ധിമുട്ടിയും എന്തു ത്യാഗം സഹിച്ചും തങ്ങളെ വിശ്വസിച്ചെത്തുന്നവർക്കു വേണ്ടി നിലകൊണ്ട തറവാട്. തലമുറകളായി കാരണവന്മാർ കൈമാറിയ സിദ്ധിയും നാഗത്താന്മാരുടെ അനുഗ്രഹവുമായിരുന്നു പാമ്പു കടിയേറ്റവർക്കുള്ള ചികിത്സ നല്കുകയെന്നത്.
വല്യമ്മാവനിൽ നിന്ന് അതേറ്റുവാങ്ങാനുള്ള അനുഗ്രഹത്തിന്റെ നറുക്കുവീണത് അഞ്ച് അനന്തരവന്മാർ ഉണ്ടായിട്ടും എനിക്കായിരുന്നു.
എന്നിട്ടും അതെല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകേണ്ടിവന്നു. സിനേഹിക്കാൻ മാത്രമറിയുന്ന അച്ഛനമ്മമാരുടെ വാക്കുകളെ ആദ്യമായി ധിക്കരിക്കേണ്ടി വന്നു. പാരമ്പര്യ വൈദ്യത്തെക്കാൾ നല്ലത് ആധുനിക വൈദ്യശാസ്ത്രമെന്ന് അവരെയും വല്യമ്മാവനെയും ബോദ്ധ്യപ്പെടുത്താനാവും മുൻപ് അവരെല്ലാം ഒരുവാക്കുപോലും ഉരിയാടാതെ യാത്രയായി.
യാത്രപറയാൻ ഞാനുണ്ടായിരുന്നില്ല എന്നതാണ് സത്യം. ലണ്ടനിൽ നിന്ന് എഫ് ആർ സി എസ്സ് എടുത്ത് മടങ്ങിയെത്തണം, പാരമ്പര്യവൈദ്യവും മോഡേൺ മെഡിസിനും ചേർത്ത് ഒരു നൂതന ചികിത്സാസമ്പ്രദായത്തിലൂടെ ചേലക്കരയെ കേരളക്കരയുടെ ഭൂപടത്തിലെ അടയാളപ്പെടുത്തണം എന്നെല്ലാം സ്വപ്നം കണ്ടു, എല്ലാവർക്കും വാക്കും കൊടുത്തു പോയ ഞാൻ പിന്നീട് ലണ്ടനിൽ തന്നെ ജീവിതത്തിന്റെ സ്വർഗ്ഗം പണിയുന്നതിൽ വ്യാപൃതനായി. ചേലക്കര മറന്നു ചേലക്കാടെന്ന തറവാടും അവിടുത്തെ പ്രീയപ്പെട്ടവരെയും മറന്നു.
വെണ്ണീറുപോലെ നീറുന്ന ചങ്കൊന്നു തണുപ്പിക്കണം.
ഈ കല്പടവുകളിലെ തണുപ്പിനതിനാവില്ലെന്നറിയാം. ഒരുപാട് കഥകൾ കേട്ട, മന്ത്രധ്വനികൾ അലിഞ്ഞു ചേർന്ന ഇവിടുത്തെ കാറ്റിന് എത്രയോ കഥകൾ ഇനിയും പറയാനുണ്ടാവും. കാതിലൊഴുകിയെത്തിയ ശബ്ദങ്ങളിൽ ഈ കുളത്തിലെ ഓളങ്ങളിൽ അടിഞ്ഞുപോയ ശ്രീലക്ഷ്മിയുടെ ശ്രുതിമധുരമായ ശബ്ദവും ഉണ്ട്. എത്രയോ രാവുകളിലും പകലുകളിലും എന്നോട് ചേർത്തിരുത്തി അവളോട് ഒപ്പമുള്ള ജീവിതത്തെക്കുറിച്ച് മനോഹരമായി താജ്മഹൽ പണിഞ്ഞു. നമ്മുടെ ജീവിതം താജ്മഹൽ പോലെ വെണ്ണക്കല്ലാൽ നിർമ്മിക്കുമെന്ന് പറയുമ്പോൾ അവൾ പറഞ്ഞിരുന്നു അതെന്റെ ഓർമ്മയുടെ ശിബിരമാകരുതെന്ന്. ഒരായിരം ആവർത്തി ആ മുടിയിഴകളെ തഴുതി ആ കാതുകളിൽ ഉരുവിട്ടിട്ടും ലണ്ടനിലെ പുതിയ കൂട്ടുകെട്ടിൽ അവളെ മറന്നു. എന്നിൽ നിറഞ്ഞുനിന്ന അവളിലെ മുല്ലപ്പൂഗന്ധം മറന്നു.
ഈറനണിഞ്ഞ അവളുടെ ശരീരത്തിന്റെ ചൂട് മനസ്സിന്റെ നൈർമ്മല്യം എല്ലാം റീത്തയെന്ന മദാമ്മപ്പെണ്ണിന്റെ പെർഫ്യൂമിന്റെ മണത്തിൽ, നുരഞ്ഞുപൊന്തിയ സ്ക്കോച്ചിന്റെ ലഹരിയിൽ, പേരെടുത്ത കാർഡിയാക് സർജ്ജൻ എന്ന പദവിയുടെ ലഹരിയിൽ മറവിയിലായി. ഒടുവിൽ അവൾക്ക് മടുത്തോ അതോ എനിക്കെല്ലാം മടുത്തോ? അറിയില്ല. ജീവിതത്തിന്റെ ശാന്തിതീരം ഇവിടമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഈ തറവാടു തന്നെ അന്യമായിപ്പോകുന്ന അവസ്ഥയായി.
പേരെടുത്ത കാർഡിയാക് സർജ്ജന് പ്രീയപ്പെട്ടവരുടെ ഹൃദയ താളങ്ങൾ അറിയാൻ കഴിഞ്ഞില്ല.
അച്ഛനും അമ്മാവനും ഹൃദയത്തോട് മല്ലിട്ട് ജീവിതത്തോട് പരാജയം സമ്മതിച്ചപ്പോഴും ഇവിടേയ്ക്കു വരാൻ കഴിഞ്ഞില്ല. ആദ്യം നിലനിൽപ്പിനുവേണ്ടിയായിരുന്നു റീത്തയെ കൂട്ടുപിടിച്ചത്. ഫെല്ലോഷിപ്പ് ചെയ്ത ഹോസ്പിറ്റൽ ചീഫിന്റെ മകൾ. അവളൊരു ചവിട്ടു പടി മാത്രമായിരുന്നു അന്ന്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യത്തിലാകൃഷ്ടയായ അവൾ എപ്പൊഴോ ശ്രീലക്ഷ്മിയെന്ന ലച്ചുവിന്റെ മുല്ലപ്പൂമണം എന്നിൽ നിന്നും കവർന്നെടുത്തു. ജീവിത ലഹരി ആസ്വദിക്കുന്ന ആദ്യനാളുകളിൽ കേട്ട ആദ്യദുരന്തവാർത്ത ലച്ചു ഞങ്ങളൊരുമിച്ചു തീർത്ത വെണ്ണക്കൽ ശില്പം താജ്മഹലിനെ ഓർമ്മകളുടെ കുടീരമാക്കി ഈ കല്പടവുകളിൽ ഉപേക്ഷിച്ച് ഈ ഓളങ്ങളിൽ ലയിച്ചു തീർന്നു എന്നതായിരുന്നു. അവളെ ചതിക്കാത്ത അവളെ ജീവനായി കണ്ട ഏതോ നാഗത്താൻ ദംശിച്ചു കൂടെ കൂട്ടി. അന്ന് ഉള്ളിലെവിടെയോ ഉണ്ടായ പിടച്ചിൽ അവളെന്റെ ജീവന്റെ ഭാഗമായിരുന്നു എന്ന തിരിച്ചറിവായിരുന്നു. എന്നിട്ടും അന്യനെപ്പോലെ അഭിനയിക്കേണ്ടി വന്നു.
പിന്നീട് അമ്മാവൻ, അച്ഛൻ, അമ്മ...ആരോടും കടപ്പാടില്ലാത്തവനെപ്പോലെ ആരെയും അറിയാത്തവനെപ്പോലെ വരാൻ കഴിയില്ലെന്ന നിർദ്ദയ മറുപടിയിൽ അമ്മിഞ്ഞപ്പാൽ രുചിപോലും മറന്നു പോയി. ഒടുവിൽ ചേലക്കാട്ട് തറവാട് നഷ്ടമാകുന്നു എന്നറിഞ്ഞ് തറവാടിന്റെ കവൽക്കാരനായി വർഷങ്ങളായി ദുരന്ത ഓർമ്മകളുടെ ഭാണ്ഡം ചുമന്നവശനായ ശങ്കരമ്മാമയുടെ ഗദ്ഗദങ്ങൾക്കും പയ്യാരം പറച്ചിലിനുമിടയിൽ റീത്തയുടെ മനംമടുപ്പിക്കുന്ന പ്രവർത്തികളും ഓർമ്മകളുടെ ഓടങ്ങളും എന്നെ ഇവിടെയത്തിച്ചു. ഓർമ്മകളുടെ ശവപ്പറമ്പിൽ ഇനി ചേലക്കാട്ട് തറവാടിന് പുനർജ്ജനി ഉണ്ടാക്കാൻ ശ്രമിക്കണം. അങ്ങനെങ്കിലും പിതൃക്കളുടെ ആത്മാക്കൾ എന്നോടു പൊറുക്കുമെങ്കിൽ.....
"ലച്ചു നീ പറഞ്ഞപോലെ ഞാൻ തീർത്ത താജ്മഹലിന്റെ കല്പടവുകളിൽ നിന്റെ മുല്ലപ്പൂ ഗന്ധം ശ്വസിച്ച് ചെയ്തുപോയ അപരാധങ്ങളുടെ വെണ്ണീറിൽ നീറി ഞാനുണ്ടാവും എന്നും. നീയൊരു നാഗിനിയായി എന്നെ ദംശിച്ച് എന്റെ പാപങ്ങൾ പൊറുത്ത് കൂടെകൂട്ടും വരെ.. അതിനുള്ള പുണ്യമില്ലെങ്കിൽ ഞാൻ നാഗമാണിക്യം നഷ്ടപ്പെട്ട നാഗമായി അലയും ഈ ഭൂമിയിൽ മോചനമില്ലാതെ..."
ഒരു കാർഡിയാക് സർജ്ജനാണെന്നഭിമാനമോ അഹങ്കാരമോ അല്ല ഇന്നെന്നെ ഭരിക്കുന്നത്. നീയെന്ന വെണ്ണിലാവിനെ മറന്ന മാപ്പില്ലാത്ത തെറ്റിന് ഒരിക്കലും സാധ്യമാവാത്ത പ്രായശ്ചിത്തം തേടി അലയുമൊരാത്മാവു മാത്രം.