Image

കുഞ്ചൻ നമ്പ്യാരുടെ വിമർശന രീതി ഓർക്കുമ്പോൾ (ഷുക്കൂർ ഉഗ്രപുരം)

Published on 31 August, 2024
കുഞ്ചൻ നമ്പ്യാരുടെ വിമർശന രീതി ഓർക്കുമ്പോൾ (ഷുക്കൂർ ഉഗ്രപുരം)

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. 1705 മെയ് 5 ന് പാലക്കാടാണ് ജനനം. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവനുസരിച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനാണ് കുഞ്ചൻ നമ്പ്യാർ.

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു. കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.


കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

കൃതികൾ താഴെ പറയുന്നവയാണ്:-

ഓട്ടൻ തുള്ളലുകൾ
-----------------------
സ്യമന്തകം
കിരാതം വഞ്ചിപ്പാട്ട്
കാർത്തവീര്യാർജ്ജുനവിജയം
രുഗ്മിണീസ്വയം‌വരം
പ്രദോഷമാഹാത്മ്യം
രാമാനുജചരിതം
ബാണയുദ്ധം
പാത്രചരിതം
സീതാസ്വയം‌വരം
ലീലാവതീചരിതം

ശീതങ്കൻ തുള്ളലുകൾ
------------------------- 
കല്യാണസൗഗന്ധികം
പൗണ്ഡ്രകവധം
ഹനുമദുത്ഭവം
ധ്രുവചരിതം
ഹരിണീസ്വയം‌വരം
കൃഷ്ണലീല
ഗണപതിപ്രാതൽ
ബാല്യുത്ഭവം

പറയൻ തുള്ളലുകൾ
-----------------------
സഭാപ്രവേശം
പുളിന്ദീമോഷം
ദക്ഷയാഗം
കീചകവധം
സുന്ദോപസുന്ദോപാഖ്യാനം
നാളായണീചരിതം
ത്രിപുരദഹനം
കുംഭകർണ്ണവധം
ഹരിശ്ചന്ദ്രചരിതം

ഇതരകൃതികൾ
------------------
തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്:-

പഞ്ചതന്ത്രം കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം
രുഗ്മിണീസ്വയംവരം പത്തുവൃത്തം
ശീലാവതി നാലുവൃത്തം
ശിവപുരാണം
നളചരിതം കിളിപ്പാട്ട്
വിഷ്ണുഗീത

കാവ്യഭാഷയുടെ പ്രത്യേകതകൾ
-----------------------------------
പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികളെങ്കിലും അവയില്‍ കഴിയുന്നത്ര നര്‍മ്മവും സാമൂഹികപ്രസക്തിയുള്ള പരിഹാസവും കലര്‍ത്തുവാന്‍ കവി ശ്രദ്ധിച്ചിരുന്നു.

നമ്പ്യാർ കൃതികൾ സമൂഹത്തിൻ്റെ കണ്ണാടി

പതിനെട്ടാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന സാമൂഹികസ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികള്‍ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, നാടന്‍ തത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി, നാടന്‍ വിനോദങ്ങള്‍, ഉത്സവങ്ങള്‍, അങ്ങാടി വാണിഭം, മത്സ്യബന്ധനം, ചികിത്സാരീതികള്‍, കൃഷിയറിവുകള്‍, കടലറിവുകള്‍, കാട്ടറിവുകള്‍, നാടന്‍ ഭക്ഷണ രീതികള്‍, നാട്ടുസംഗീതം, മുത്തശ്ശിച്ചൊല്ലുകള്‍ തുടങ്ങിയ നിരവധി അറിവുകള്‍ നമ്പ്യാരുടെ കവിതകളിലൂടെ ലഭിക്കുന്നു.

തുള്ളല്‍ക്കവിതകളില്‍ പലതിന്റെയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാര്‍ നല്‍കുന്നത് കേരളീയപശ്ചാത്തലമാണ്. കഥാപാത്രങ്ങള്‍ക്ക് തനി മലയാളിത്തം കല്പിക്കുന്നു. ഭീമന്‍, ദുര്യോധനന്‍, ദേവേന്ദ്രന്‍, ദമയന്തി, ദ്രൗപദി, സീത, പാര്‍വതി തുടങ്ങിയ കഥാപാത്രങ്ങള്‍ തനി മലയാളികളായി തുള്ളലുകളില്‍ പ്രത്യക്ഷപ്പെടുന്നു.  

ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ നമ്പ്യാരുടെ ഭാവനയില്‍ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും അളകാപുരിയിലും, സ്വര്‍ഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയര്‍ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടെയുണ്ട്.

തിനെട്ടാം ശതകത്തില്‍ സമൂഹത്തിലുണ്ടായിരുന്ന തിന്മകളെ പൊള്ളുന്ന പരിഹാസം കൊണ്ടാണ് നമ്പ്യാര്‍ നേരിട്ടത്. ഫലിതം കലര്‍ന്ന ശൈലിയില്‍ നമ്പ്യാര്‍ വിമര്‍ശിക്കുമ്പോള്‍ അതു പലരിലും ചെന്നു കൊള്ളുന്നുണ്ടായിരുന്നു. ഇന്ന് കുഞ്ചൻ നമ്പ്യാരുണ്ടായിരുന്നെങ്കിൽ നമ്മുടെ പ്രമുഖ കലകളിൽ ഒന്നായ അഭിനയത്തിലും അതിൻ്റെ മേഖലയിലും പിടിമുറുക്കിയിട്ടുള്ള അധാർമികതക്കെതിരേയും മൂല്ല്യരാഹിത്യത്തിനെതിരേയും ശക്തമായ കലാഭാഷയിൽ സമൂഹത്തെ ഇളക്കിമറിക്കുന്ന രീതിയിലാവും അദ്ദേഹത്തിൻ്റെ വിമർശന ശരങ്ങൾ എയ്തുവിടുക. അതിൻ്റെ മുമ്പിൽ ഭരണ പ്രതിപക്ഷമുൾപ്പെടെയുള്ള അധികാരി വർഗ്ഗത്തിന് പിടിച്ചു നിൽക്കാനുമാകുമായിരുന്നില്ല.

നമ്പ്യാർ കവിതകളും വിമർശിക്കപ്പെട്ടു

എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയിട്ടും നമ്പ്യാര്‍ കവിത വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ ‘സംസ്‌കാരലോപത്തെ’പ്പറ്റി കുട്ടികൃഷ്ണമാരാരും, പി.കെ.ബാലകൃഷ്ണനും എഴുതിയിട്ടുണ്ട്.
ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും കേരളീയസാഹചര്യങ്ങളില്‍ ഫലിതത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാഗ്‌വ്യഭിചാരമായാണ് മാരാര്‍ വിശേഷിപ്പിച്ചത്.

ഉപസംഹാരം
---------------
കുഞ്ചൻ നമ്പ്യാർ വലിയ മലയാള പണ്ഡിതനായിരുന്നിട്ടും അദ്ദേഹത്തിൻറെ മിക്കവാറും കവിതകൾ സാധാരണക്കാരന്റെ ഭാഷയിൽ ഉള്ള വയായിരുന്നു. അതിനാൽ തന്നെ സാധാരണക്കാർക്കിടയിൽ വളരെ വലിയ അംഗീകാരവും എല്ലാവരും അംഗീകരിക്കപ്പെടുന്ന ആദ്യത്തെ ജനകീയ കവിയുമായി അദ്ദേഹം മാറി. തുഞ്ചൻ്റെ കാലത്തെ സമൂഹത്തിൻറെ സാമൂഹിക ഘടനയെ നമ്പ്യാരുടെ കൃതികൾ വായിച്ചാൽ മനസ്സിലാക്കിയെടുക്കാൻ മാത്രം സുവ്യക്തമായി അദ്ദേഹം വരച്ചു വെച്ചിട്ടുണ്ട്. കാലം എത്ര പുരോഗമിച്ചാലും കുഞ്ചൻ നമ്പ്യാരുടെ എഴുത്തുകളും കലാരൂപങ്ങളും സമൂഹത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. വരേണ്ടതാക്കപ്പുറത്തുള്ള പച്ചയായ സാമൂഹിക ജീവിതത്തെയും സമൂഹത്തെയും കൃത്യമായി വരഞ്ഞു വച്ചത് കൊണ്ടാണ് ഇത് കലവും. വരേണ്യതക്കപ്പുറത്ത് പച്ചയായ മനുഷ്യൻ്റെ സാമൂഹിക ജീവിതത്തെയും സമൂഹത്തെയും കൃത്യമായി വരഞ്ഞു വച്ചത് കൊണ്ടാണ് ഇത് എക്കാലവും നിലനിൽക്കുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക