ഓണമായ്,ഓണമായ്,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ് മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ് തീരുന്നുമാനസ്സം!
പൂക്കളിറുത്തതും പൂക്കളംതീര്‍ത്തതും
പൂവിളികെട്ടതു മാര്‍പ്പും കുരവയും
മാവേലിമന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരൊക്കെയും
മാവേലിവാണോരുകാലത്തു മാനുഷർ
ഏവരുമൊന്നുപോൽ സന്തുഷ്ടമാനസ്സർ
കള്ളം,ചതിയിവയൊന്നുമേയില്ലാത്ത
ഉള്ളങ്ങളുള്ള സഹജരാണേവരും!
കാളനും, തോരനും, സാമ്പാറു, പപ്പടം
പൂവന്‍പഴവും. പരിപ്പു. പ്രദമനും
ഇഞ്ചി,നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍
അന്നു "സ്വയ"മെന്നൊഴിച്ചുമറ്റൊന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നുവന്നീടുന്നോരു ചോദ്യം,ആര്‍ക്കു ഓണം?,എന്തു ഓണം?
എന്നേ മധിക്കുന്ന ചോദ്യമേ!
കോടികളൊക്കെച്ചിലവിട്ടു പൊന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ് തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ് മടങ്ങീടവേ!
കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്‍ക്കൊക്കെയും
ഓണം,പൊന്നോണം വരുംചിങ്ങമാസത്തില്‍!?
മൃഷ്ടാന്നഭോജന മോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്
ലക്ഷോപിലക്ഷങ്ങള്‍ തിങ്ങുന്നമാമല
നാടേയവര്‍ക്കില്ലെ പൊന്നോണമോര്‍ക്കുമോ?
ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്നഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്‍ചാരത്തു
കുറ്റബോധത്താല്‍ കരംവിലക്കുന്നു ഞാന്‍!
സര്‍വര്‍ക്കുമോണമീനാട്ടില്‍ യാഥാർത്യമായ്
തീരുന്നകാലം വരട്ടെയാശിപ്പു ഞാന്‍
അല്ലാതെനിങ്കില്ലൊരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍!
സര്‍വേശ്വരാ ശക്തിയേകിടൂനാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമൊന്നുപോലാനന്ദപൂര്‍ണ്ണരായ്
മാവേലിനാട്ടിലൊരോണം തിമര്‍ക്കുവാന്‍!.
എല്ലാ സ്നേഹിതർക്കും സന്തുഷ്ടമായ ഓണാശംസകൾ ! ഹാപ്പി ഓണം !