ഞാൻ ജനിച്ചതും, വളർന്നതും ആചാരങ്ങളേയും,പ്രാചീനകലകളേയും മുറുകെ പിടിച്ച് നടന്നിരുന്ന ഒരു ഗ്രാമീണാന്തരീക്ഷത്തിലാണ്. അതുകൊണ്ട് ഓണം, വിഷു, തിരുവാതിര എന്നീ ആണ്ടറുതികൾ കേമമായിത്തന്നെ വീട്ടിലും ആഘോഷിച്ചിരുന്നു. ഓണത്തിന്ന് കുട്ടികൾക്ക് ഊഞ്ഞാലാട്ടം വളരെ പ്രിയപ്പെട്ടതും.
ഞങ്ങൾ കുട്ടികൾക്ക് സ്കൂളെല്ലാം പൂട്ടിയ ഒഴിവുകാലം കളിച്ചും, ആഹ്ളാദിച്ചും കഴിയാൻ വിധിച്ചിട്ടുള്ളതാണ്. അടുത്ത വീട്ടിൽ കഴിയുന്ന ആശാരിച്ചി, ഭംഗിയിൽ നെയ്ത പൂവട്ടികളുമായി അത്തത്തിനുമുമ്പ് ഞങ്ങളുടെ വീട്ടിൽ എത്തും. അത്തത്തിൻറെ തലേദിവസം വൈകുന്നേരം പൂവട്ടികൾ കഴുത്തിൽ തൂക്കി സഹോദരങ്ങളോടൊപ്പം കൊയ്തുകഴിഞ്ഞ പാടങ്ങളിലേയ്ക്കിറങ്ങും. പിന്നെ ആർ അധികം പൂവറുത്തു, എത്ര പൂവട്ടികൾ പൂക്കളാൽ നിറച്ചു എന്നൊക്കെ ചൊല്ലി തർക്കത്തിലെത്തും. സന്ധ്യയോടുകൂടി പൂവട്ടികളുമായി മടങ്ങും. പൂവട്ടികൾ വീട്ടിലെ തൂണിൽ തൂക്കിയിടും.
അത്തത്തിൻറെ അന്ന് പുലർച്ചെ അമ്മ പൂമുഖത്തെ മുറ്റത്തിൻറെ നടുവിൽ ചെറിയൊരു ഭാഗം ചാണകംകൊണ്ട് മെഴുകിയിരിക്കും. ഞങ്ങൾ, കുട്ടികൾ നേരത്തേയെണീറ്റ് തലേന്ന് ശേഖരിച്ച പൂക്കൾകൊണ്ട് നല്ല ചന്തത്തിൽ പല ആകൃതിയിൽ അത്തംതൊട്ട് ഒമ്പതു ദിവസം വിവിധതരം പൂക്കളാൽ പൂക്കളങ്ങൾ ഒരുക്കും. ഓരോ ദിവസവും, തലേദിവസത്തിലും കൂടുതൽ പൂക്കൾ കളത്തിലുണ്ടാവും. മൂലത്തിൻറെ അന്ന് കളംതൊട്ട് പടിവരെ പൂക്കളിടും.
കുറച്ച് ഭൂമിയും, പാടങ്ങളും മറ്റും കുടിയാന്മാരുടേയും, പാട്ടക്കാരുടേയും
കയ്യിലായിരുന്നു. പൂരാടം നാളിലും, ഉത്രാടം നാളിലുമായി പാട്ടക്കാർ നേന്ത്രപ്പഴക്കുലകൾ കൊണ്ടുവരുന്ന സമ്പ്രദായമുണ്ട്. അങ്ങനെ പ്രാതൽ നാലാം ഓണംവരെ പഴം പുഴുങ്ങിയതും, പപ്പടം കാച്ചിയതും. കായ വറുത്ത ഉപ്പേരി, മുളകാപ്പച്ചടി, വടോപ്പുളി നാരങ്ങാക്കറി, കാളൻ എന്നിവയെല്ലാം അമ്മ ഈ നാളുകളിൽ ഉണ്ടാക്കിവെയ്ക്കും. കുടിയാന്മാർ, മത്തൻ, കുമ്പളങ്ങ മുതലായ പച്ചക്കറികൾ കൊണ്ടുവരും. ചിലർ നെയ്യപ്പവും കൊണ്ടുവന്നിരുന്നു. അവർക്കെല്ലാം ഓണപ്പടവമുണ്ടും, പപ്പടവും, പഴവും, അരിയും മുറത്തിൽവെച്ച് കൊടുക്കും. ചിരട്ടക്കയ്യിലുകൾ കൊണ്ടുവരുന്ന ആശാരിക്കും, കത്തികൊണ്ടുതന്ന് അമ്മി മൂർച്ചകൂട്ടുന്ന കരുവാനും, കരുവാത്തിയ്ക്കും ഇതുതന്നെ കൊടുത്തുപോന്നു. എന്നാൽ വീട്ടിലാർക്കും ഓണക്കോടി തരുന്ന സമ്പ്രദായം അച്ഛൻ പുലർത്തിയില്ല. അച്ഛൻറെ കയ്യിൽ അതിനുള്ള പണമുണ്ടായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അതിനുശേഷം സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോഴും ഞങ്ങളാരും ഇതുവരെ ഓണക്കോടി വാങ്ങിച്ചിട്ടില്ല.
ഉത്രാടത്തിന്റന്ന് സന്ധ്യയോടെ അരി കുതർത്തിയരച്ചത്, വാട്ടിയ വാഴയിലച്ചീന്തുകളിൽ പരത്തി, ചിരകിയ നാളികേരവും, ശർക്കരയും, പഴക്കഷ്ണങ്ങളും ചേർത്ത മിശ്രിതം അതിൻറെ മീതെയിട്ട് ആവിയിൽവെച്ച് പുഴുങ്ങി പൂവ്വട ഉണ്ടാക്കുന്നു. ഉണക്കലരിമാവുകൊണ്ട് പൂമുഖത്തും, മുറ്റത്തും, നടുമുറ്റത്തും അണിയുന്നു. ഇവിടങ്ങളിൽ നാക്കിലകൾവെച്ച് പാടത്തെ മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ വെയ്ക്കുന്നു. പൂക്കൾകൊണ്ട് അലങ്കരിച്ച് നിലവിളക്കും, ചന്ദനത്തിരികളും കത്തിച്ചുവെച്ച്, പൂവ്വടകൾ മുന്നിൽ വെച്ച് നിവേദിക്കുന്നു. കൂടെ ആർപ്പുവിളികളും മുഴങ്ങും. തിരുവോണത്തിന്റെയന്ന് സദ്യ. അവിട്ടത്തിന്റെയന്ന് കുടിയാന്മാർക്കും, പണിക്കാർക്കും ഇലകളിൽ സദ്യ കൊടുത്തതിനുശേഷമേ അമ്മ ഭക്ഷണം
കഴിക്കുമായിരുന്നുള്ളൂ. അച്ഛനും, അമ്മയ്ക്കും സദ്യ ആഘോഷിക്കാനും, ഭക്ഷണം, വരുന്നവർക്കൊക്കെ കൊടുക്കാനും വലിയ ഇഷ്ടമായിരുന്നു.
വൈകുന്നേരം അഞ്ചുമണിയായാൽ അമ്മയും, അയൽപക്കത്തുള്ള സ്ത്രീകളുംചേർന്ന് കൈകൊട്ടിക്കളി ആരംഭിക്കും. കളി ഏഴുമണിയാവുമ്പോഴേയ്ക്കും അവസാനിപ്പിക്കും. അരമണിക്കൂർ കഴിഞ്ഞാൽ നേന്ത്രപ്പഴവും, തുളസിയിലയും ഒരിലക്കഷ്ണത്തിലാക്കി തൃക്കാക്കരപ്പന്റെ അടുത്ത് വെയ്ക്കും. അരികെയായി ഒരു ചെറിയ കിണ്ടിയിൽ വെള്ളവും വെയ്ക്കും. നിലവിളക്ക് കത്തിച്ചുവെച്ച് പഴം നിവേദിക്കും. ഈ പൂജ അവിട്ടംവരെ രാവിലേയും, വൈകുന്നേരവും ചെയ്യും. ചതയത്തിൻറെയന്ന് രാവിലെ പൂജയ്ക്ക്ശേഷം തൃക്കാക്കരപ്പനെ, അതായത് നാലാം ദിവസം, എടുത്ത് മാറ്റും. അതോടെ ഓണത്തിന്നവസാനമായി.
ഈ കൊല്ലം ഓണം ഓർമ്മകളിലൂടെ നമുക്കാഘോഷിക്കാം. ഓണത്തിന്റെയന്നുമാത്രം ഒരു ചടങ്ങായി നഗരങ്ങളിൽ കൊണ്ടാടുന്നു. ഊണിനുള്ള വിഭവങ്ങൾ പുറത്തുനിന്ന് ഓർഡർ ചെയ്താൽ കിട്ടുകയും ചെയ്യും. ഓണാഘോഷം ആർഭാടപൂർവ്വം പിന്നീട് സൗകര്യംപോലെ നഗരത്തിന്റെ പലഭാഗങ്ങളിലും കലാപരിപാടികളോടെ നടത്തിവരുന്നുണ്ട് .
എല്ലാവർക്കും മുൻകൂറായി “ഓണാശംസകൾ ”
***
ആനന്ദവല്ലി ചന്ദ്രൻ . മലപ്പുറം ജില്ലയിൽ, തിരൂരിലുള്ള മംഗലം ഗ്രാമത്തിൽ ജനനം. പരേതരായ കല്യാണികുട്ടിയമ്മയും,ഗോവിന്ദൻ കുട്ടി നായരും മാതാപിതാക്കൾ. കവിതകളും, കഥകളും, ലേഖനങ്ങളും (മലയാളത്തിലും, ഇംഗ്ലീഷിലും) എഴുതുന്നു. "മിഴിയീർപ്പം", "ഒരിഴ", "നിണപ്പാടുകൾ" എന്നീ കവിതാ സമാഹാരങ്ങളും, "കളിക്കോപ്പുകൾ" "കറുത്തിരുണ്ട മേഘങ്ങളുടെ രോദനം" എന്നീ കഥാസമാഹാരങ്ങളും, "ബാലകഥകളും, കുറുങ്കഥകളും" എന്ന ബാലകൃതിയും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "Deafening Silence" (Collected Poems in English: vol:1) , "Undying Love" (Collection of Poems in English : vol :2) എന്നീ ഇംഗ്ലീഷ് കൃതികൾക്ക് അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മലയാളത്തിലും, ഇംഗ്ലീഷിലും, കൂട്ടായ്മ കൃതികൾ ( കഥകളും, കവിതകളുമായി) ഉണ്ട്. എസ് . കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ കഥാരചനാ മത്സരത്തിൽ (2024 ) ഒന്നാം സമ്മാനം കിട്ടി . ഇംഗ്ലീഷ് 'ഹൊറർ സ്റ്റോറി' മത്സരത്തിൽ,( 2024 ) (femihive ) വിജയിയായിട്ടുണ്ട് .
***