ട്രിവാൻഡ്രം ക്ലബ്ബിന്റെ പുറത്തെ മരത്തണിലിൽ മലയാളത്തിന്റെ കഥാകാരൻ സക്കറിയയോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം വിളമ്പിക്കഴിഞ്ഞപ്പോൾ കിളികൾ വല്ലതും മുകളിൽ ഉണ്ടോയെന്ന അസ്വസ്ഥതയോടെ ഞാൻ മുകളിൽ ഇടക്കിടെ പരതികൊണ്ടിരുന്നു. എന്നാൽ സക്കറിയ യാതൊരു അസ്വസ്ഥതയുമില്ലാതെ ഭക്ഷണം ആസ്വദിക്കുകയും സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ചുകൊണ്ടേയിരുന്നു. പേടിക്കണ്ട ഒരു കിളിയും ഈ മരത്തിൽ വന്നിരിക്കില്ല, കൂടാരംപോലെ പടർന്നുനിന്ന ആ മരച്ചില്ലകളിൽ എന്തേ കിളികൾ വരില്ല എന്ന സംശയത്തോടെ ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്കുനോക്കി. നിഗൂഢതയുടെ ചില്ലകൾ വിടർത്തി കഥപറയുന്ന കഥാകാരൻ അങ്ങനെ ആ വൃക്ഷത്തിന്റെ കഥയും പറഞ്ഞുതുടങ്ങി.
ഏതാണ്ട് നൂറു വർഷങ്ങൾക്കു മുൻപാണ് ഈ കുന്തിരിക്കമരം ഇവിടെ നട്ടുവളർത്തിയത് എന്ന് തോന്നുന്നു. അന്ന് ഇത് സായിപ്പന്മാരുടെ ഒത്തുചേരാനുള്ള ഇടമായിരുന്നല്ലോ. നേരത്തെ "യൂറോപ്യൻ ക്ലബ്" എന്നറിയപ്പെട്ടിരുന്ന ട്രിവാൻഡ്രം ക്ലബ്ബിന് 19-ാം നൂറ്റാണ്ട് മുതൽ സമ്പന്നമായ ചരിത്രമുണ്ട്. അക്കാലത്ത് ഇത് യൂറോപ്യന്മാർക്ക് മാത്രം അംഗത്വമുള്ള ഒരു പ്രത്യേക ക്ലബ്ബായിരുന്നു. ഈ ക്ലബ്ബിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരൻ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ ആയിരുന്നു.
സുറിയാനി ക്രിസ്‌ത്യാനി പള്ളികളിലെ പൊക്കമുള്ള കത്തീഡ്രൽ മേൽത്തട്ടും, അരണ്ട അന്തർഭാഗത്തെ മെഴുകുതിരിവെളിച്ചത്തിൽ സംഗീതല്മകമായ സുറിയാനിസംഗീതവും; നിറങ്ങൾ ചാലിച്ച കണ്ണാടിജാലകങ്ങളിലൂടെ കടന്നുവരുന്ന നീളൻ പ്രഭാതരശ്മികളിൽത്തട്ടി ധൂപചുരുളുകൾ ഓരോ സ്വർഗീയരൂപങ്ങളായി മാറുന്നത് കൗതുകത്തോടെനോക്കി ആസ്വദിക്കാറുണ്ടായിരുന്നു. പുകഞ്ഞുയരുന്ന കുന്തുരുക്കധൂപത്തോടൊപ്പം അർപ്പിക്കപ്പെടുന്ന പ്രാർത്ഥനാസമയം എന്തോ നിഗൂഢാത്മകത്വം അറിയാതെ കടന്നുവരാറുണ്ട്. സുവർണ്ണനൂലുകൾകൊണ്ടു നെയ്തെടുത്ത മുന്തിരിക്കുലകൾ നിറഞ്ഞ ചുവന്നവിരിക്കൂട്ടുകൾക്കിടയിലൂടെ ആ കുന്തുരുക്കപുകച്ചുരുളുകൾ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നകാഴ്ച, കുന്തുരുക്കത്തിന്റെ സുഗന്തകാന്തി നാസികളിൽ പടർന്നുകയറുകയറുന്ന സമയത്തു ചുറ്റും അലയടിക്കുന്ന സ്വരലയം, ഏതോ ജന്മനിർവൃതിൽ അലിഞ്ഞില്ലാതെയാകുന്ന ഒരു അനുഭവം. അങ്ങനെ കുന്തുരുക്കവുമായി ബാല്യംമുതലുള്ള ബന്ധം ഉണർന്നു. ഇതുവരെ കുന്തുരുക്കത്തെക്കുറിച്ചു വിശദമായി അറിയാൻ ശ്രമിച്ചിരുന്നില്ല. ഞാൻ കുന്തുരുക്കത്തിന്റെ വിചിത്രമായ ലോകത്തേക്കു പരതിനോക്കി.
ബൈബിളിലെ മൂന്നു രാജാക്കന്മാർ, യേശുവിൻ്റെ ജനനസമയത്തു സ്വർണ്ണവും കുന്തുരുക്കവും മൂറും സമ്മാനങ്ങളുമായി സന്ദർശിക്കുന്നു. പഴയനിയമ കാലത്തുതന്നെ ദേവാലയത്തിൽ ആരാധനയ്ക്കായി കുന്തുരുക്കം ഉപയോഗിച്ചിരുന്നു; അത് പുതിയനിയമകാലത്തെ ക്രിസ്തുവിൻ്റെ മഹാപുരോഹിതസ്ഥാനത്തിൻറെ പ്രതീകമാണ്. പുരാതന ഇസ്രായേല്യരുടെ ക്ഷേത്രാരാധനയിൽ കുന്തുരുക്കം ഉപയോഗിച്ചിരുന്നു: വിശുദ്ധമന്ദിരത്തിലെ സുഗന്ധദ്രവ്യത്തിലെ ഒരു ചേരുവ (പുറപ്പാട് 30:34). എല്ലാ ഹോമയാഗങ്ങളുടെയും സമാധാനയാഗങ്ങളുടെയും ഭാഗമായ മാംസബലിയുടെ അകമ്പടിയായി (ലേവ്യപുസ്തകം 2:1, 16). അഗാധമായ ആത്മീയ പ്രാധാന്യത്തിന് പേരുകേട്ട കുന്തുരുക്കത്തിന്, ആത്മീയ രോഗശാന്തിയിൽ, അതിൻ്റെ നിഗൂഢ ഗുണങ്ങൾ ഊർജ്ജത്തെ ശുദ്ധീകരിക്കുകയും ആത്മാവിനെ ഉയർത്തുകയും ആന്തരിക സമാധാനവും സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ കുന്തുരുക്കവുമായി ഒരു ആത്മബന്ധം ഉണ്ടായി.
ഓർത്തഡോക്സ്, കത്തോലിക്കാ ആരാധനക്രമങ്ങളിൽ കുന്തിരിക്ക്കത്തിനു പലതരം പ്രയോഗങ്ങളുണ്ട്. ഓർത്തഡോൿസ് ആരാധനയിൽ ഇന്നും കുന്തിരിക്കത്തിനു പ്രധാന സ്ഥാനമാണ് കല്പിച്ചുനൽകിയിരിക്കുന്നത്. ആരാധനയുടെ തുടക്കം മുതൽ ഓരോ പൂജാഗിരിയും പൂജാസ്ഥാനങ്ങളും മന്ത്രോച്ചാരണങ്ങളോടെ കുന്തുരുക്കധൂപത്തിൽ വലയം വയ്ക്കുകയും, നിരന്തരം കുന്തിരിക്കധൂപം ബലിപീഠത്തിനുചുറ്റും, ആളുകൾക്കു ഇടയിലും ക്രമമായി വ്യന്യസിക്കുകയും ചെയ്യാറുണ്ട്. ഒരു പ്രത്യേകതരം ധൂപക്കുറ്റിയിലുള്ള തീയിൽ പുരോഹിതൻ കുന്തിരിക്കം ക്രമമായി നിക്ഷേപിക്കുന്നു. അതിനു പുരോഹിതനുമാത്രമാണ് അവകാശമുള്ളത്. മനോഹരമായ ചെറുമണികളോടും ചങ്ങലകളോടുള്ള ധൂപക്കുറ്റി ഭയഭക്തി ബഹുമാനപുരസ്സരം, മന്ത്രോച്ചാരണത്തോടെ ആഘോഷപൂർവം ആശിർവദിക്കുന്ന ചടങ്ങുണ്ട്.
ബോസ്വെലിയ സാക്ര മരത്തിൽ നിന്നുള്ള സുഗന്ധമുള്ള മരക്കറ ആണ് ഫ്രാങ്കിൻസെൻസ് അഥവാ കുന്തിരിക്കം. അറേബ്യൻ പെനിൻസുല പോലെയുള്ള മരുഭൂമി പ്രദേശങ്ങളിലും കിഴക്കൻ ആഫ്രിക്കയിലും ഇവ സാധാരണയായി ചുണ്ണാമ്പുകല്ലുകൾക്കിടയിൽ വളരുന്നു. പുരാതന കാലത്ത്, ചില സംസ്കാരങ്ങൾ രോഗികളുടെ ചുറ്റുമുള്ള പ്രദേശം ധൂപം പരത്താൻ കുന്തുരുക്കം ഉപയോഗിക്കുമായിരുന്നു, കാരണം അത് വായു ശുദ്ധീകരിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു.
യൂറോപ്യൻ ചരിത്രത്തിലുടനീളം കുന്തുരുക്കം ഒരു പ്രധാന സുഗന്ധമാണ്. 1300-കളുടെ മധ്യത്തിൽ, ബ്ലാക്ക് ഡെത്ത് എന്ന് വിളിക്കപ്പെടുന്ന ഒരു മഹാമാരി ഏഷ്യയിലും യൂറോപ്പിലുമായി 75-200 ദശലക്ഷം ആളുകളെ കൊന്നൊടുക്കി. അന്ന് പുരോഹിതന്മാർ നീളമുള്ള വടികളിൽ കുരിശുകൾ ഉയർത്തി കുന്തിരുക്കധൂപം പരത്തി നിരത്തിലൂടെ സഞ്ചരിച്ചു രോഗികൾക്ക് ആശ്വാസം നൽകിക്കൊണ്ടിരുന്നു. മരണാസന്നരായ പലരും അവരുടെ അവസാന കാഴച്ചയായ ഈ ആശിർവാദം സ്വീകരിച്ചു മരണത്തിലേക്കുപോയി. അനേകം പുരോഹിതന്മാരും രോഗികളെ ശുശ്രൂഷിക്കുകയും അന്ത്യകർമങ്ങൾ നടത്തുകയും അക്കാലത്തെ അറിവ് ഉപയോഗിച്ച് തങ്ങളാൽ കഴിയുന്നത് ചെയ്യുകയും ചെയ്തു. ചില പുരോഹിതന്മാർ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് ഓടിപ്പോയി, എന്നാൽ പലരും ശുശ്രൂഷയും സ്നാനവും വിവാഹവും അടക്കം ചെയ്യലും രോഗികളും മരിക്കുന്നവരുമായവരെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ഏതാണ്ട് 40% വൈദികരും ബ്ലാക്ക് ഡെത്ത് മൂലം മരിച്ചു എന്നാണ് പറയപ്പെടുന്നത്.
അറേബ്യൻ പെനിൻസുലയിൽ 5,000 വർഷത്തിലേറെയായി കുന്തുരുക്കത്തിൻ്റെ വ്യാപാരം നടക്കുന്നുണ്ട്. സിൽക്ക് റോഡ് കാലഘട്ടത്തിൽ ഹോൺ ഓഫ് ആഫ്രിക്കയിൽ നിന്നാണ് കുന്തുരുക്കവ്യാപാരം നടന്നിരുന്നത്. തെക്കൻ അറേബ്യയിലെ മരങ്ങളിൽ നിന്നാണ് കുന്തുരുക്കം വിളവെടുക്കുന്നത് എന്നു ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ് ദി ഹിസ്റ്ററിയിൽ കുറിച്ചിരിക്കുന്നു. മരങ്ങൾക്ക് കാവൽ നിൽക്കുന്ന ചിറകുള്ള പാമ്പുകൾ ഉള്ളതിനാൽ വിളവെടുക്കുന്നത് അപകടകരമാണെന്നും സ്റ്റോറാക്സ് കത്തിച്ചാൽ ഉണ്ടാകുന്ന പുക പാമ്പുകളെ അകറ്റുമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. പ്ലിനി, തൻ്റെ നാച്ചുറലിസ് ഹിസ്റ്റോറിയയിലും കുന്തുരുക്കത്തെ പരാമർശിച്ചിട്ടുണ്ട്. കുരിശുയുദ്ധക്കാരും മറ്റ് പാശ്ചാത്യ യൂറോപ്യന്മാരും കിഴക്കൻ റോമൻ സാമ്രാജ്യത്തിലേക്കുള്ള അവരുടെ യാത്രകളിൽ കുന്തിരുക്കം പടിഞ്ഞാറൻ യൂറോപ്പിലേക്ക് പുനരവതരിപ്പിച്ചു, അവിടെ ഇത് സാധാരണയായി പള്ളി ആരാധനകളുടെ ഭാഗമായി ഉപയോഗിച്ചിരുന്നു. ഈജിപ്തുകാർ മമ്മിഫിക്കേഷൻ പ്രക്രിയയിൽ കുന്തുരുക്കവും നാട്രോണും ഉപയോഗിച്ച് ശരീരത്തിലെ അറകൾ വൃത്തിയാക്കി.
മതപരമായ ചടങ്ങുകളിലും സുഗന്ധദ്രവ്യങ്ങൾ, പ്രകൃതിദത്ത ഔഷധങ്ങൾ, അവശ്യ എണ്ണകൾ എന്നിവയുടെ നിർമ്മാതാക്കളും ധൂപവർഗത്തിൽ ഉപയോഗിക്കുന്നതിന് ആയിരക്കണക്കിന് ടൺ കുന്തുരുക്കങ്ങൾ ഓരോ വർഷവും വ്യാപാരം ചെയ്യപ്പെടുന്നു. ഒമാനിലെ ദോഫാറിൽ, സലാലയുടെ വടക്ക് ഭാഗത്ത് കുന്തുരുക്കത്തിൻ്റെ ഇനങ്ങൾ വളരുന്നു. പുരാതന തീരദേശ നഗരമായ സുംഹുറം, പുരാതന തുറമുഖമായ അൽ-ബലീദ് എന്നിവിടങ്ങളിൽ ഇത് വ്യാപാരം നടത്തിയിരുന്നു. ദാരിദ്ര്യവും സംഘർഷവും നിറഞ്ഞ, കഠിനവും വരണ്ടതുമായ ആഫ്രിക്കൻ പ്രദേശങ്ങളിലാണ് കുന്തുരുക്കത്തിന്റെ ഇനങ്ങളായ ബോസ്വെലിയ വളരുന്നത്. മരത്തിൻ്റെ കറ വിളവെടുക്കുന്നതും വിൽക്കുന്നതും നിവാസികളുടെ ഏക വരുമാന സ്രോതസ്സുകളിൽ ഒന്നാണ്, അതിൻ്റെ ഫലമായി ഓവർ ടാപ്പിംഗ് മൂലം ഇവ വംശനാശ ഭീഷണി നേരിടുന്നു.
ഔഷധആവശ്യങ്ങൾക്കായി ബോസ്വെലിയ റെസിൻ ഉപയോഗിക്കുന്നത് പുരാതന നാഗരികതകളിൽ നിന്നാണ്. അൾസർ, ഛർദ്ദി, ആസ്ത്മ, പ്രമേഹം, ഛർദ്ദി, മുഴകൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, കുടൽ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത കോശജ്വലന രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിയായി നൂറ്റാണ്ടുകളായി കുന്തുരുക്കം ഉപയോഗിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സന്ധിവേദന അല്ലെങ്കിൽ പേശി വേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സന്ധിവാതം, ദഹന സംബന്ധമായ തകരാറുകൾ, ആസ്ത്മ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന്, വേദനയുള്ള സ്ഥലത്ത് കുന്തുരുക്കം ഓയിൽ മസാജ് ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ അത് വ്യാപിപ്പിക്കുകയോ ചെയ്യുക എന്ന് പറയാറുണ്ട്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൻ്റെ ശസ്ത്രക്രിയയിലും ആന്തരിക വൈദ്യത്തിലും വേദന ഒഴിവാക്കാനും രക്ത സ്തംഭനാവസ്ഥ ഇല്ലാതാക്കാനും ഇത് ഉപയോഗിക്കുന്നു.
ആദ്യകാലകൃതികളിലും ആധുനികവുമായ കൃതികളിലും കുന്തുരുക്കം 'കിഴക്കുമായി' ബന്ധപ്പെട്ടിരുന്നു, എന്നാൽ പ്രതീകാത്മകവും പൗരസ്ത്യവാദവുമായ നോവലുകൾ, പെയിൻ്റിംഗുകൾ, നാടക സൃഷ്ടികൾ എന്നിവയുടെ പശ്ചാത്തലത്തിൽ അത് പുരാതന, നിഗൂഢ ഗുണങ്ങൾ മിനയുകയും ചില സന്ദർഭങ്ങളിൽ അതിൻ്റെ ക്രിസ്തീയ അർത്ഥങ്ങളെ മറികടക്കുകയും ചെയ്തു.
കുന്തുരുക്കത്തിൻ്റെ ഗന്ധം മതത്തിൽ നിന്ന് മാന്ത്രികതയിലേക്കും സംശയാസ്പദമായ മനസ്സുകളിലേക്ക് അന്ധവിശ്വാസത്തിലേക്കും കടന്നേക്കാം. പുക ശ്വസിക്കുമ്പോഴോ ഭക്ഷിക്കുമ്പോഴോ കുന്തുരുക്കത്തിൻ്റെ ലഹരി ഗുണങ്ങൾ പരക്കെ അറിയപ്പെട്ടിരുന്നു. 1600-കളിലും 1700-കളിലും 1800-കളിലും യഹൂദന്മാരുടെ ആചാരപ്രകാരം വധശിക്ഷ നേരിടുന്ന ആളുകൾക്ക് കുന്തുരുക്കത്തിൽ കലർത്തിയ വീഞ്ഞ് വിളമ്പിയിരുന്നതായി പറയപ്പെടുന്നു. നിഗൂഢ എഴുത്തുകാരനായ ഹെൻറിച്ച് കൊർണേലിയസ് അഗ്രിപ്പ നിരവധി മാന്ത്രിക ആചാരങ്ങളിലും ആഹ്വാനങ്ങളിലും കുന്തുരുക്കത്തിൻ്റെ ഉപയോഗം വിവരിക്കുന്നു.
"സുഗന്ധദ്രവ്യങ്ങളും ത്യാഗങ്ങളും പ്രവർത്തനങ്ങളും നിലനിൽക്കുന്നു, എല്ലായിടത്തും അവയുടെ ഗന്ധം പരത്തുന്നു, അവ മൂലകങ്ങളുടെയും ആകാശങ്ങളുടെയും കവാടങ്ങൾ തുറക്കുന്നു, അതിലൂടെ മനുഷ്യന് സ്രഷ്ടാവിൻ്റെ രഹസ്യങ്ങളിലൂടെ കടന്നുപോകാൻ കഴിയും". (അഗ്രിപ്പാ, 1533).
ഞാൻ കുന്തുരുക്കത്തിന്റെ ലോകത്തുനിന്നും തിരികെയെത്തി. കിളികൾ വന്നിരിക്കാത്ത കുന്തിരുക്ക മരച്ചില്ലകൽക്കിടയിലൂടെ ആകാശങ്ങളുടെ കവാടങ്ങൾ തുറന്നു തെളിഞ്ഞുവന്ന നക്ഷത്രങ്ങൾ ഇടക്കിടെ കണ്ണുചിമ്മി. പറന്നുനടന്ന വെണ്മേഘങ്ങൾ ആകാശദൂതന്മാർ ഉയർത്തുന്ന കുന്തിരുക്കത്തിൻറ്റെ ധൂപക്കൂട്ടുകളാണോ?, അറിയില്ല, കണ്ണുകളടച്ചു കുന്തിരുക്കത്തിന്റെ നിറഞ്ഞ ഗന്ധം തളംകെട്ടിനിന്നു. കഥാകാരൻ സക്കറിയ അപ്പോഴും മന്ദഹസിച്ചുകൊണ്ടിരുന്നു.