എന്റെ അമ്മമ്മയില്‍ നിന്നും കേട്ട് എനിയ്ക്ക് പരിചിതമായി തീര്‍ന്ന വാക്കാണ് പിശാചിനി. എന്റെ കുട്ടിക്കാലം തൊട്ടേ കേട്ട് പഴക്കം ചെന്ന വാക്ക്. പിശാചിനി എന്ന വാക്ക് വ്യാകരണപരമായി ശരിയോ തെറ്റോ എന്ന സന്ദേഹം എനിയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. എന്റെ മുത്തച്ഛനെ, അമ്മയുടെ അച്ഛനെ വശീകരിച്ചെടുത്ത സ്ത്രീയെ പറ്റി പറയുമ്പോള്‍ ആയിരുന്നു ആ വാക്ക് അമ്മമ്മ ഉപയോഗിച്ചിരുന്നത്. അമ്മയുടെ ചെറിയ പ്രായത്തില്‍ തന്നെ മുത്തച്ഛന്‍ അമ്മമ്മയെയും അമ്മയെയും ഉപേക്ഷിച്ച് അവര്‍ക്കൊപ്പം ജീവിക്കുവാന്‍ തുടങ്ങി. അമ്മമ്മയ്ക്ക് പൂര്‍വിക സ്വത്തും വലിയ വീടും പുരയിടവുമെല്ലാം ഉണ്ടായിരുന്നതു കൊണ്ട് അമ്മമ്മയും അമ്മയും അല്ലലില്ലാതെ കഴിഞ്ഞു. എന്നാലും തന്റെ ജീവിതം കുളംതോണ്ടിയ ആ പിശാചിനിയെ അമ്മമ്മ തൊടിയിലെ കുളത്തിന്റെ പടവുകളില്‍ ഇരുന്ന് ശപിച്ചു. പണ്ടൊരിക്കല്‍ എന്റെ കുട്ടിക്കാലത്ത് അയല്‍വക്കത്തുള്ള ഒരു സ്ത്രീ എന്നോട് അടക്കത്തില്‍ പറഞ്ഞു.
''കുട്ടീടെ മുത്തച്ഛന്റെ സംബന്ധക്കാരിയെ കണ്ടിട്ടുണ്ടോ? ത്രിപുര സുന്ദരി തന്നെ''. അമ്മമ്മ കേള്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തി ഞാന്‍ അമ്മയോട് അടക്കത്തില്‍ ചോദിച്ചു.
''എന്താ ഈ ത്രിപുരസുന്ദരീന്ന് പറഞ്ഞാല്‍? മുത്തച്ഛന്റെ കൂടെയുള്ള അവര്‍ ത്രിപുര സുന്ദരിയാത്രെ''.
''നീ ഒന്ന് മിണ്ടാതിരിക്ക് നന്ദൂ. നിന്റെ അമ്മമ്മ കേള്‍ക്കണ്ട''. അമ്മ മറുപടി
പറഞ്ഞു.
''അവള് മിണ്ടട്ടേന്ന്. കുഞ്ഞേ യക്ഷികള്‍ക്ക് സൗന്ദര്യം കൂടും. ആണുങ്ങളെ വശീകരിച്ച് രക്തമൂറ്റിക്കുടിച്ച് പനമുകളില്‍ വസിക്കാന്‍ പോണ യക്ഷികള്‍ ഇല്ലേ. അതില്‍ ഒരു യക്ഷിയാണ് അവള്. നിന്റെ മുത്തച്ഛന്റെ രക്തം അവള് ഊറ്റിക്കുടിക്കും''.
പുറകില്‍ നിന്നും അമ്മമ്മയുടെ കനത്ത ശബ്ദം കാതില്‍ വീണു. അത്രയും പറഞ്ഞതിനുശേഷം ഒരു നിര്‍മമതയോടെ അമ്മമ്മ തിരിഞ്ഞുനടന്നു. അമ്മ കയ്യിലിരുന്ന ദോശത്തവിയുടെ അറ്റം കൊണ്ട് എനിയ്ക്ക് ഒരു ചെറിയ അടി തന്നു. എന്താണ് ഞാന്‍ ചോദിച്ചതിലെ തെറ്റെന്ന് എനിയ്ക്ക് അപ്പോഴും മനസ്സിലായില്ല. പിന്നീട് മുതിര്‍ന്ന് കഴിഞ്ഞപ്പോള്‍ ആണ് സ്‌നേഹത്തിന് സ്വാര്‍ത്ഥത എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നും പൊതുവെ മനുഷ്യര്‍ തന്റെ ഇണയെ മറ്റൊരാളുമായി പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നില്ല എന്നും എനിയ്ക്ക് മനസ്സിലായത്. 'പൊസസ്സീവ്‌നസ്' എന്ന കേവല വികാരത്തിന് അപ്പുറം അതിന് നരവംശശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടാവാം എന്ന അനുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.
ഒരു യക്ഷിക്കഥയിലെ യക്ഷിയെ പറ്റിയുള്ള ചിന്തപോലെ അമ്മമ്മയുടെ ജീവിതത്തിലെ ആ 'അദര്‍ വുമണ്‍'നെ പറ്റിയുള്ള ചിന്തകള്‍ എന്നില്‍ വളര്‍ന്നു. അമ്മമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പിശാചിനി'. അവരെ നേരില്‍ കാണണമെന്ന ആഗ്രഹം ചെറിയ കുട്ടി ആയിരുന്ന കാലം മുതലേ എന്നില്‍ ഉണ്ടായിരുന്നു.
''നന്ദനേ, നീ എപ്പോഴും പറയാറുള്ള ആ സ്ത്രീ അത് ഇവരല്ലേ?'' സുഹൃത്ത് സരയു ഒരു പത്രവാര്‍ത്ത കാണിച്ചുകൊണ്ട് എന്നോട് തിരക്കി. സംഗീതജ്ഞ കൂടിയായ കാദംബരി ദേവി. അമ്മമ്മയുടെ ഭാഷയിലെ പിശാചിനി. കാഴ്ചയില്‍ നടി ശ്രീവിദ്യയുടെ മുഖസാദൃശ്യം ഉണ്ട് അവര്‍ക്ക്. മുത്തച്ഛന്‍ കാഴ്ചയില്‍ നടന്‍ ഭരത്‌ഗോപിയെ പോലെയായിരുന്നു ഏകദേശം. മുത്തച്ഛനും കാദംബരി ദേവിയും ഏറെക്കാലം ഡല്‍ഹിയിലായിരുന്നു. മുത്തച്ഛന്റെ മരണശേഷം കാദംബരി ദേവി തനിച്ചായി. അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. കാദംബരി ദേവി കേരളത്തിലേക്ക് മടങ്ങിവന്നെന്നും തന്റെ സംഗീതസപര്യ തുടരുന്നതിനിടെ അവര്‍ അപ്രതീക്ഷിതമായി ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്നു എന്നുമായിരുന്നു വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. ഞാന്‍ അപ്പോള്‍ ശ്രീവിദ്യയെ പറ്റി ഓര്‍ത്തു. ഒരേ മുഖഛായ ഉള്ള രണ്ടുപേര്‍ക്ക് ഒരേ രോഗം വരുന്നതിലെ ആകസ്മികതയെ പറ്റി ചിന്തിച്ചു. തൊട്ടടുത്തുള്ള നഗരത്തില്‍ തന്നെ കാദംബരി ദേവി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ കാണുവാനായുള്ള എന്റെ ആകാംഷ ഇരട്ടിച്ചു. ഒടുവില്‍ അവരെ കാണാന്‍ പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അവിടെ ഒരു കോളേജില്‍ ഒരു വര്‍ക്‌ഷോപ്പ് ഉണ്ടെന്നും അതില്‍ പങ്കെടുക്കുവാന്‍ പോകുന്നെന്നും അമ്മയോടും അമ്മമ്മയോടും നുണ പറഞ്ഞു. അറിയപ്പെടുന്ന ഗായിക ആയതുകൊണ്ട് അവരെ കാണാന്‍ പോകുന്നതിനായി നേരത്തെ തന്നെ അപ്പോയ്ന്റ്‌മെന്റ് എടുക്കണോ എന്ന സംശയം ഉണ്ടായിരുന്നു. പോരെങ്കില്‍ അവര്‍ ഇപ്പോള്‍ രോഗാവസ്ഥയിലും ആണ്. എന്തായാലും പോകാന്‍ തന്നെ തീരുമാനിച്ചു.
നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞ ഒരു കോണിലാണ് കാദംബരി ദേവിയുടെ വീട്. അല്‍പ്പം ആശങ്കകളോടെ ഞാന്‍ വീടിന് മുന്നില്‍ എത്തി കോളിംഗ് ബെല്‍ അടിച്ചു. അവരുടെ ആയ ആവും ഒരു സ്ത്രീ വാതില്‍ തുറന്നു.
''കാദംബരി മാമിനെ ഒന്ന് കാണാനായി വന്നതാണ്''. ഞാന്‍ പ്രത്യേകിച്ച് മുഖവുരകളൊന്നുമില്ലാതെ പറഞ്ഞു.
''ആരാണ്? എവിടെ നിന്നാണ്?'' അവര്‍ തിരക്കി.
''ഗോപിനാഥമേനോന്റെ മകളുടെ മകള്‍ നന്ദന ആണ്''.
''ഇരിയ്ക്കൂ''. അവര്‍ വരാന്തയിലെ ചൂരല്‍കസേരകളില്‍ ഒന്ന്
ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞിട്ട് അകത്തേയ്ക്ക് പോയി. അല്‍പ്പനേരം കഴിഞ്ഞ
പ്പോള്‍ അവര്‍ തിരിച്ചെത്തി.
''അകത്തേയ്ക്ക് ചെല്ലാന്‍ പറഞ്ഞു''. ഞാന്‍ അവരെ പിന്തുടര്‍ന്നു. കയറി ചെല്ലുന്ന മുറി നിറയെ കാദംബരി ദേവിയുടെ ചിത്രങ്ങളാണ്. ചെറുപ്പകാലം മുതലുള്ളത്. രണ്ടുമൂന്ന് ചിത്രങ്ങള്‍ മുത്തച്ഛന് ഒപ്പമുള്ളതും ഉണ്ട്. ഞാന്‍ അപ്പോള്‍ ഹതഭാഗ്യയായ അമ്മമ്മയെ പറ്റി ഓര്‍ത്തു. മുത്തച്ഛനൊപ്പമുള്ള ചിത്ര
ത്തിന്റെ അരികിലെത്തി ഞാന്‍ നോക്കി നിന്നു.
''പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോ ആണ്''. പുറകില്‍ നിന്നും ചിലമ്പിച്ച ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു. കാദംബരി ദേവി! മുത്തശ്ശിക്കഥയിലെ യക്ഷിയെ പോലെ സൗന്ദര്യസ്വരൂപിണിയായ കാദംബരി ദേവി. പക്ഷെ മുന്‍പില്‍ നില്‍ക്കുന്നതോ തന്റെ സൗന്ദര്യമെല്ലാം അപ്രത്യക്ഷമായി തീര്‍ന്ന ഒരു പാവം രോഗി
ണി. ഞാന്‍ അന്ധാളിച്ചു.
''നന്ദന ഇരിയ്ക്കൂ''.
അവരുടെ ശബ്ദം ക്ഷീണിതമായിരുന്നു. പത്രവാര്‍ത്തയിലെ ഫോട്ടോയില്‍ കണ്ട സമൃദ്ധമായ മുടി അപ്രത്യക്ഷമായിരുന്നു. ശിരോചര്‍മ്മം തെളിഞ്ഞുകാണാം. എനിയ്ക്ക് അവരോട് അനുകമ്പ തോന്നി. ഒപ്പം ആര്‍ദ്രതയും. ഒരു കൊച്ചുകുട്ടിയെ നോക്കുന്ന കൗതുകത്തോടെ ഞാന്‍ അവരെ നോക്കിയിരുന്നു.
''രണ്ട് കീമോ കഴിഞ്ഞു. എന്റെ സഹോദരനും ഭാര്യയും ആണ് സഹായത്തിനുള്ളത്. എനിയ്ക്ക് സുഖമില്ലാതായതിനുശേഷം അവര്‍ ഇവിടെ തന്നെയുണ്ട്. ഇന്നലെ ഒരത്യാവശ്യം വന്നപ്പോള്‍ തറവാട്ടിലേക്ക് പോയതാണ്. ഇനി രണ്ടുദിവസം കഴിയും വരാന്‍''.
''രമേ, ചായ എടുത്തോളൂ''. അവര്‍ അകത്തേയ്ക്ക് നോക്കി ജോലിക്കാരിയോട് പറഞ്ഞു.
''നന്ദനയുടെ മുത്തച്ഛന് ഏറ്റവും ഇഷ്ടമുള്ള രണ്ട് കാര്യങ്ങള്‍ സംഗീതവും കടലും ആയിരുന്നു. ഞങ്ങള്‍ കൂടുതല്‍ സമയവും ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ളത് കടല്‍ കാണാനാണ്. പിന്നെ എനിയ്‌ക്കൊപ്പം സംഗീതകച്ചേരികള്‍ക്കും. നന്ദനയുടെയും അമ്മയുടെയും കാര്യം എപ്പോഴും പറയുമായിരുന്നു. നന്ദന ഇപ്പോള്‍ വളര്‍ന്ന് കാണും. വലിയ കുട്ടിയായിട്ടുണ്ടാവും എന്നെല്ലാം. ചില സമയത്ത് എന്നോട് പോലും ഒന്നും സംസാരിയ്ക്കാതെ ഏതെങ്കിലും മൂലയില്‍ ചിന്തിച്ച് ഇരിയ്ക്കുന്നതുകാണാം. ഞാന്‍ ശല്യം ചെയ്യാന്‍ പോവില്ല. മരിയ്ക്കുന്ന സമയത്ത് ഒരാഗ്രഹമേ എന്നോട് പറഞ്ഞുള്ളൂ. നിന്റെ കച്ചേരി കേള്‍ക്കണം എന്ന്. സുഖമില്ലാതിരുന്നിട്ടും ഞാന്‍ വിലക്കിയിട്ടും കച്ചേരിയ്ക്ക് വന്നു. മടങ്ങുന്ന വഴി ആയിരുന്നു മരണം''.
ജോലിക്കാരി ചായയുമായെത്തി. ഞാന്‍ ചായക്കപ്പുമെടുത്ത് ആ മുറിയിലൂടെ നടന്നു. ഫോട്ടോകള്‍ ശ്രദ്ധിച്ചു കണ്ടു. ഉത്തരേന്ത്യയിലെ ഏതോ കടല്‍ത്തീരത്ത് നില്‍ക്കുന്ന ഫോട്ടോയില്‍ മുത്തച്ഛനെയും കാദംബരി അമ്മയെയും ഭരത്‌ഗോപിയെയും ശ്രീവിദ്യയെയും പോലെ തോന്നിച്ചു. രണ്ടാള്‍ക്കും ഉണ്ട് മറ്റവരുടെ അസ്സല്‍ ഛായ. പിന്നെയുള്ള പല ഫോട്ടോസും കാദംബരി അമ്മയുടെ സംഗീതക്കച്ചേരികളുടെതാണ്. കാദംബരി അമ്മ പിന്നെയും ഒരുപാട് നേരം സംസാരിച്ചു. തന്റെ സഹോദരനെ പറ്റി, അവരുടെ ഏകമകനെ പറ്റി, നാട്ടിലെ തറവാടിനെ പറ്റി, അസുഖം വന്നതോടെ തനിയ്ക്ക് നഷ്ടമായ സംഗീതത്തെ പറ്റി..... എന്നില്‍ അലിവും ആര്‍ദ്രതയും നിറഞ്ഞു. ഞാന്‍ അവരുടെ തെളിഞ്ഞ തലയില്‍ വിരലോടിച്ചു. അവരുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. സാഹചര്യങ്ങളല്ലേ മനുഷ്യരിലെ ശരി തെറ്റുകളെ നിര്‍ണയിക്കുന്നത്.... ആരും പൂര്‍ണരല്ലല്ലോ. ഞാന്‍ അവരുടെ മടിയില്‍ തല ചായ്ച്ചു. അവരുടെ വിരലുകള്‍ എന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ചു. അവരുടെ കണ്ണുനീര്‍ എന്റെ മുടിയിഴകളെ നനയിച്ചു.
''ഇനി എത്ര നാള്‍ കൂടി ഉണ്ടാവും എന്റെ ആയുസ്സ് എന്ന് തിട്ടമില്ല. മോളെ കാണുവാന്‍ കഴിഞ്ഞത് ഭാഗ്യം. സരസ്വതിയ്ക്ക് എന്നോട് വെറുപ്പ് ആവും അല്ലേ?''
ആണെന്നോ അല്ലെന്നോ ഞാന്‍ മറുപടി പറഞ്ഞില്ല. പകരം അവരുടെ കൈകളില്‍ മൃദുവായി ഞാന്‍ കൈചേര്‍ത്തു.
''ആയുസ്സ് ഒന്നും നമ്മള്‍ തീരുമാനിക്കുന്നതുപോലെ അല്ലല്ലോ. ഞാന്‍ പ്രാര്‍ത്ഥിക്കാം''. എന്റെ തൊണ്ടയിടറി. ഏതോ ജന്മാന്തരബന്ധത്തിന്റെ അദൃശ്യമായ നൂലിഴകള്‍ കൊണ്ട് ഞാനും അവരും തമ്മില്‍ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നതായി തോന്നി.
''ഇനിയും വരണം''. ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. ഞാന്‍ തലയാട്ടി.
വീടിന് അടുത്തുള്ള ഭഗവതിക്കാവില്‍ ഉത്സവമാണ്. കുട്ടിക്കാലം മുതല്‍
എല്ലാ വര്‍ഷവും മുടങ്ങാതെ കൂടുന്നതാണ് കാവിലെ ഉത്സവം. കുട്ടിക്കാലത്ത് അമ്മയുടെയും അമ്മമ്മയുടെയും വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് ഉത്സവം കൂടാന്‍ പോവാറുള്ളത്. രണ്ട് ദിവസം മുന്‍പ് കാവില്‍ പോയി കാദംബരി ദേവി അമ്മയുടെ രോഗശാന്തിയ്ക്കും ആയുസ്സിനും വേണ്ടി രഹസ്യമായി പ്രാര്‍ത്ഥിച്ചു. അമ്മ കുട്ടിക്കാലത്ത് അമ്മമ്മയുടെയും മുത്തച്ഛന്റെയും ഒപ്പം ഉത്സവം കൂടാന്‍ പോകുമായിരുന്ന കഥകള്‍ പറഞ്ഞിട്ടുണ്ട്. മുത്തച്ഛന്‍ അന്ന് വാങ്ങിക്കൊടുത്ത ചന്ദനനിറത്തിലുള്ള വളകള്‍ അമ്മ ഇപ്പോഴും പഴയ പെട്ടിയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. തൊടിയിലെ കുളത്തിലെ കുളി കഴിഞ്ഞ് സെറ്റും മുണ്ടും ഉടുത്താണ് അമ്മയ്ക്കും അമ്മമ്മയ്ക്കും ഒപ്പം ഉത്സവത്തിന് പോയത്. മുത്തച്ഛനും അമ്മമ്മയും കല്യാണം കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് പോയ ക്ഷേത്രവും ഈ ഭഗവതിക്കാവ് ആണ്. കലാപരിപാടികളെല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ രാത്രി ഒരുപാടായി.
''ആദ്യായിട്ട് നിന്റെ മുത്തച്ഛന് ഒപ്പം ഉത്സവം കൂടാന്‍ വന്നിട്ട് തിരിച്ചുപോന്നപ്പോള്‍ ഇതുപോലെ ഇരുട്ടായിരുന്നു. അന്ന് ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ ആണ് മടങ്ങിയത്''. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ അമ്മമ്മ പറഞ്ഞു.
തിരികെ വീട്ടില്‍ എത്തിയിട്ടും ഉറക്കം വന്നില്ല. മുകളിലത്തെ എന്റെ മുറിയിലെ ജനലഴികളിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുവാന്‍ പണ്ടേ ഒരുപാടിഷ്ടമാണ്. ഇവിടെ നിന്നും നോക്കിയാല്‍ മുന്നില്‍ തൊടിയും ദൂരത്തായി കുളവും കാണാം.
അമ്മയും അമ്മമ്മയും താഴത്തെ മുറികളിലാണ് ഉറങ്ങാറ് പതിവ്. ക്ഷീണം കാരണം ഉടുത്തു കൊണ്ട് പോയ സെറ്റും മുണ്ടും മാറ്റുവാന്‍ മടി തോന്നി. ജനലഴികളോട് ചേര്‍ന്നിരുന്ന് ഞാന്‍ രാത്രിയുടെ നിശബ്ദത ആസ്വദിച്ചു. പുറത്ത് നേര്‍ത്ത നിലാവെളിച്ചം ഉണ്ട്. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തൊടിയിലെ കവുങ്ങ് മരങ്ങള്‍ക്കിടയിലൂടെ ആരോ നീങ്ങുന്നതായി തോന്നി. ആരാണ് ഈ രാത്രിയില്‍? ഞാന്‍ സൂക്ഷിച്ചു നോക്കി. അമ്മമ്മയാണല്ലോ അത്. ഞാന്‍ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടുമണി ആവാറായി. രാത്രിയെന്നാണോ വെളുപ്പാന്‍ കാലം എന്നാണോ പറയേണ്ടത്... എന്നാലും അമ്മമ്മ എന്തിനാണ് ഈ അസമയത്ത്... ഒറ്റയ്ക്ക്..... ഞാന്‍ മുകളിലത്തെ നിലയുടെ കോവണിപ്പടികളിറങ്ങി. ചെറിയ ടോര്‍ച്ച് കയ്യിലെടുത്തു. ശബ്ദമുണ്ടാക്കാതെ ഞാന്‍ മുന്നോട്ട് നടന്നു. എന്റെ ഊഹം തെറ്റിയില്ല. അമ്മമ്മ കുളത്തിന്റെ പടവില്‍ ഇരിയ്ക്കുന്നു. ഞാന്‍ വന്നത് അമ്മമ്മ അറിയാതെ ഇരിയ്ക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. അല്‍പ്പം ദൂരെ കവുങ്ങിന്റെ മറവില്‍ നിന്നു. പക്ഷെ നിലാവെളിച്ചത്തില്‍ അമ്മമ്മയെ എനിയ്ക്ക് കാണാമായിരുന്നു. തന്റെ കയ്യിലിരിക്കുന്ന കല്ലുകള്‍ അമ്മമ്മ കുളത്തിലേക്ക് എറിഞ്ഞു. രാത്രിയുടെ കനത്ത നിശബ്ദതയില്‍ കുളത്തിന്റെ ആഴങ്ങളില്‍ നിന്നും ശബ്ദം ഉയര്‍ന്നുപൊങ്ങി. ഞാന്‍ ശബ്ദം ഉണ്ടാക്കാതെ അല്‍പ്പം കൂടി മുന്നോട്ട് നടന്നു. അമ്മമ്മ എന്തോ പിറുപിറുക്കുന്നതായി എനിയ്ക്ക് അനുഭവപ്പെട്ടു. അമ്മമ്മയുടെ മുടിക്കെട്ട് അഴിഞ്ഞുവീണു. കല്ലുകള്‍ കുളത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു.
''പിശാചിനി!'' ''പിശാചിനി!'' അമ്മമ്മ വെറുപ്പും ആത്മരോഷവും കലര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. ഞാന്‍ നടുങ്ങി. എന്റെ കൈകാലുകള്‍ തളര്‍ന്നു. അമ്മമ്മയുടെ അരികിലേക്ക് ചെല്ലാനും ചേര്‍ത്തണയ്ക്കുവാനും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ എനിയ്ക്ക് ഭയം തോന്നി. ഞാന്‍ അശക്തയായി. മനസ്സിലും ആത്മാവിലും നിറയെ മുറിവുകള്‍ പേറുന്ന ഒരു പിശാചിനിയാണ് എന്റെ അമ്മമ്മ എന്ന് എനിയ്ക്ക് തോന്നി. ഞാന്‍ തിരികെ നടന്നു. രാത്രി എനിയ്ക്ക് ചുറ്റും ഒരു പിശാചിനിയായി വളര്‍ന്നു.
……………………………..
പാര്‍വതി പി. ചന്ദ്രന്‍
കേരളകേന്ദ്രസര്‍വകലാശാല മലയാള വിഭാഗത്തില്‍ 2016 മുതല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്. 'കടല്‍ക്കരയിലെ സൂര്യന്‍' (രണ്ടാം പതിപ്പ്), 'മരിച്ചവളുടെ ഫേസ്ബുക്ക്' എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 'വിവര്‍ത്തനത്തിന്റെ ചരിത്രം സൗന്ദര്യം രാഷ്ട്രീയം', 'സുഗതകുമാരി രാത്രിമഴ പെയ്യുമ്പോള്‍' (സുഗതകുമാരി ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു. മുപ്പതിലേറെ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 56 പെണ്‍കവിതകള്‍, പെണ്‍ചായങ്ങള്‍, കറുപ്പും വെളുപ്പും, നിലാവിന്റെ നിറമുള്ള ജാലകം എന്നീ കവിതാസമാഹാരങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളസാഹിത്യത്തില്‍ എം.എ, എം.എഫില്‍ ബിരുദങ്ങള്‍, ജേണലിസത്തില്‍ പി.ജി. ഡിപ്ലോമ, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മലയാളത്തില്‍ പിഎച്ച്.ഡി ഗവേഷണം ചെയ്യുന്നു. കേന്ദ്രസര്‍വകലാശാലയുടെ 'വിമന്‍ ഓഫ് ദി ഇയര്‍ 2023' അവാര്‍ഡ് ലഭിച്ചു.