ആവണിപ്പൂരമൊരുങ്ങുന്ന കോവില്‍,
ആനന്ദപ്പൂത്തിരി കത്തുന്ന കോവില്‍,
ആസുരത്തേവരിറങ്ങുന്ന കോവില്‍,
ആബാലവൃദ്ധം രസിക്കുന്ന കോവില്‍,
അത്തം മുതല്‍ കൊടിയേറുന്ന കോവില്‍,
പൂവിളി പള്ളിയുണര്‍ത്തുന്ന കോവില്‍,
പത്തുനാള്‍ കൂത്തുകളാടുന്ന കോവില്‍,
പച്ചപ്പ് ചന്തം ചമയ്ക്കുന്ന കോവില്‍,
മലയാളനാടെന്റെ സ്വപ്‌നശ്രീകോവില്‍.
ചിങ്ങപ്പൊലിമയില്‍ നര്‍ത്തനമാടി,
വാസന്ത വര്‍ണ്ണപ്പൂഞ്ചേലയണിഞ്ഞ്,
തെന്നല്‍ക്കുളിരല ചാമരംവീശി,
ആമാടപ്പെട്ടി തുറന്നുപിടിച്ച്,
ആരെയും ചാരത്ത് ചേര്‍ത്തുതഴുകി,
ആഴിയും മദ്രിയും രക്ഷകരായി,
ആരാമച്ചാരുതയാര്‍ന്നുചിരിച്ച്,
കേരളദേവതേ, കാത്തിരിക്കുന്നുവോ?
അമ്പിളിക്കുത്തുവിളക്കിന്നൊളിയാല്‍,
വെള്ളവിരിക്കുമീ പര്‍ണ്ണകുടീരം,
എന്മനോദര്‍പ്പണത്തിങ്കല്‍ തെളിഞ്ഞ്,
ഓര്‍മ്മകളമ്പലപ്രാവുകളായി;
കാറ്റുകള്‍ക്കൊപ്പമായ് യാനംതുടര്‍ന്ന്,
സസ്യസമൃദ്ധിയില്‍ തത്തിക്കളിച്ച്,
നിമ്‌നോന്നതങ്ങളില്‍ പാറിപ്പറന്ന്,
വള്ളിയൂഞ്ഞാലിലിടയ്ക്കിടെയാടി,
നെല്‍പ്പൊലികൂട്ടിയ പാടത്തിറങ്ങി,
പൊന്നിന്‍ കതിര്‍മണി കൊത്തിപ്പെറുക്കി,
പൂമുറ്റം നോക്കിയാമോദം നടന്ന്....
ശ്രാവണ ചിന്തകള്‍ക്കെത്രമാധുര്യം!
അമ്പത്തൊന്നക്ഷരമാലയണിഞ്ഞ,
ഐതിഹ്യഗാഥകളേറ്റുപാടുന്ന,
ആര്‍പ്പുവിളികളുണര്‍വേകീടുന്ന,
മേളപ്പദങ്ങള്‍ക്ക് കേളികൊട്ടുന്ന,
തുമ്പികളൊക്കെയും തുള്ളിക്കളിക്കുന്ന,
മാലോകര്‍ ചേലോടെ കോടിയുടുക്കുന്ന,
സര്‍വചരങ്ങളുമൊപ്പമാകുന്ന,
മാവേലിപ്പെരുമ സങ്കീര്‍ത്തനമായി,
മലയാളപ്പഴമയെന്‍താഴ്‌മൊഴിയായി,
'കാണം വിറ്റുണ്ണുന്നതിരുവോണ'മാര്‍ക്കും,
വില്ക്കുവാനാകാത്ത കാണമായുള്ളില്‍
ഉത്രാടപ്പാച്ചിലും, പൂവേപൊലിയും,
ജന്മാവകാശമായ് കേരളമക്കള്‍ക്കു,
വിസ്മരിച്ചീടുവാനാകാത്ത വിസ്മയം,
നാടിന്‍ മഹോത്സവമാകട്ടെ നിത്യവും.