Image

വിൽക്കാനുണ്ട് പുരസ്കാരങ്ങൾ! (വിജയ് സി.എച്ച്)

Published on 03 September, 2024
വിൽക്കാനുണ്ട് പുരസ്കാരങ്ങൾ! (വിജയ് സി.എച്ച്)

സ്വീകരണമുറിയിലെ ഷോകെയ്സുകൾ പുരസ്കാരങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നത് സമൃദ്ധി സൂചകമായി കണക്കാക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. കല, കായികം, വിദ്യാഭ്യാസം, സാഹിത്യം, തൊഴിൽ മുതലായ മേഖലകളിൽ അംഗീകാരങ്ങൾ ലഭിച്ചതിൻ്റെ സ്മരണികകളായ മെമെൻ്റോകളും, ട്രോഫികളും, ഫലകങ്ങളും, കപ്പുകളും, ഷീൽഡുകളും, മെഡലുകളുമെല്ലാം പുരസ്കാരമെന്ന പദത്തിൻ്റെ വിശാല നിർവചനത്തിൽ ഉൾപ്പെടുന്നു. ബിസിനസ്സ് മീറ്റുകൾ, വാർഷിക ആഘോഷങ്ങൾ, യാത്ര അയപ്പ്, കുടുംബസംഗമം, സുഹൃത്തുക്കളുടെ ഒത്തുചേരൽ മുതലായ പരിപാടികളിൽവച്ചും ഇന്നു പതിവായി ബഹുമതികൾ ലഭിയ്ക്കുന്നു.
പുരസ്കാരങ്ങളുടെ പ്രസക്തിയും, പ്രചാരവും, പ്രേരകശക്തിയും, കച്ചവടസാധ്യതയും ഊടും പാവും ചേർത്തു അറിയണമെങ്കിൽ നാൽപതു വർഷമായി ഈ രംഗത്തു സജീവമായി പ്രവർത്തിക്കുന്ന ചെറുവത്തൂർ ജോബ് മകൻ പോൾസണോടു തന്നെ സംവദിക്കണം...


🟥 പുരസ്കാര സംസ്കാരം
മനുഷ്യരെ പ്രചോദിപ്പിക്കുവാൻ പുരസ്കാരങ്ങൾക്കുള്ളത്ര ശക്തി മറ്റൊന്നിനുമില്ല. ഒരു കൊച്ചു സമ്മാനമായാൽ പോലും അതിനൊരു സാന്ത്വനശേഷിയും മാന്ത്രിക സ്പർശവുമുണ്ട്. ഇന്ത്യയെന്നോ, കേരളമെന്നോ ഉള്ള വ്യത്യാസമില്ലാതെ, ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യർക്കും തങ്ങൾ അംഗീകരിക്കപ്പെടുന്നത് ഇഷ്ടമാണ്. അൽപം വ്യത്യാസമുള്ളത് പുരസ്കാര പരിചയത്തിൽ മാത്രമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നു അക്കാഡമികളും കേരള കലാമണ്ഡലവും ചേർന്നു മുന്നോറോളം പുരസ്കാരങ്ങളാണ് ഓരോ കലാശാഖയിലും മികവ് പുലർത്തുന്നവർക്കു വർഷം തോറും നൽകിവരുന്നത്. ആയതിനാൽ സാംസ്കാരിക തലസ്ഥാനത്തുള്ളവർക്കു പുരസ്കാര പരിചയം അൽപം കൂടുതലാണ്. അത് പുരസ്കാരങ്ങൾക്കു കൂടുതൽ പ്രചാരം കൊടുക്കുന്നുമുണ്ടാകാം. 

ഞങ്ങളുടെ സ്ഥാപനം തൃശ്ശൂർ നഗരത്തിൽ തന്നെയായതിനാൽ കൂടുതൽ പതിവുകാരെ ആകർഷിക്കുകയും ചെയ്യുന്നു. ഇത്രയുമൊഴിച്ചാൽ പുരസ്കാരങ്ങളുടെ പ്രസക്തി തികച്ചും സാർവത്രികമാണ്. അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റിയും, ഹെൽത്ത് യൂനിവേഴ്സിറ്റിയും, കേരള ലോക്കൽ അഡ്മിനിസ്ട്രേഷൻ ഇൻസ്റ്റിട്ട്യൂട്ട് കിലയും, മൂന്നു മെഡിക്കൽ കോളേജുകളും, ഒരു എൻജിനീയറിങ് കോളേജും കൂടി ചേരുമ്പോൾ സിറ്റിയിൽ അക്കാദമിക പരിപാടികൾക്കും പുരസ്കാര വിതരണങ്ങൾക്കും പഞ്ഞമുണ്ടാകുമോ! വിപണിയിൽ മൊത്തം വിറ്റുപോകുന്ന പുരസ്കാര നിർമാണ സംബന്ധമായ സാധനങ്ങളുടെ കണക്കുകൾ സ്റ്റേഷനറി ആൻഡ് ഫേൻസി ഡീലേഴ്സ് അസോസിയേഷൻ (SFDA) പ്രസിഡൻ്റ് എന്ന നിലയിൽ എനിയ്ക്കറിയാം. ഇത്തരം മെറ്റീരിയലുകളുടെ അഖില കേരള വിതരണക്കാരനുമാണ് ഞാൻ. വർഷത്തിൽ മൂന്നു തവണ ചൈന സന്ദർശിച്ചു സാധനങ്ങൾ ഓഡർ ചെയ്യുന്നു.


🟥 പുരസ്കാരങ്ങൾ പൂർവാധികം
പുരസ്കാരങ്ങൾ നൽകാത്ത ചടങ്ങുകളില്ലെന്ന സ്ഥിതിയിലേയ്ക്കു അനുമോദനങ്ങളുടെ വ്യാപ്തി വർധിച്ചപ്പോൾ, യാത്രയായ പ്രശസ്തരുടെയെല്ലാം പേരിൽ സ്മാരക പുരസ്കാരങ്ങൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാലങ്ങളിൽ നാം കാണുന്നത്! സാഹിത്യ മേഖലയെടുത്താൽ, അക്കാഡമി പുരസ്കാരങ്ങൾ കൂടാതെ, 1575-ൽ അന്തരിച്ച ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻ മുതൽ 2010-ൽ വേർപിരിഞ്ഞ എ.അയ്യപ്പൻ വരെയുള്ളവരുടെ സ്മരണാർത്ഥം പുരസ്കാരങ്ങളുണ്ട്. ഇതൊന്നും കൂടാതെയാണ് ചെറിയൊരു പ്രദേശത്തുമാത്രം അറിയപ്പെട്ടിരുന്ന വ്യക്തികളുടെ നാമങ്ങളിലും പുത്തൻ പുരസ്കാരങ്ങൾ രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വലിയ സംഭാവനകൾ നൽകിയ എം.ഒ.ജോണിൻ്റെയും, സി.എം.ജോർജിൻ്റെയും പേരുകളിൽ മാത്രമേ അടുത്ത കാലം വരെ ബിസിനസ്സ് അവാർഡുകൾ നൽകിയിരുന്നുള്ളൂ. ഇന്ന് ഈ ശ്രേണിയിൽ എത്ര പുരസ്കാരങ്ങളുണ്ടെന്നു എനിയ്ക്കു തന്നെ നിശ്ചയമില്ല. സ്വാഭാവികമായും പുരസ്കാരദാന ചടങ്ങുകൾ ഇടയ്ക്കിടെയെത്തുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രശസ്തർക്കെല്ലാം ഒരു മെമെൻ്റോയെങ്കിലും നൽകുകയും വേണം. ജൂൺ രണ്ടിനായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. പന്ത്രണ്ടു പുരസ്കാരങ്ങളാണ് ബന്ധുക്കളും കൂട്ടുകാരും ചേർന്നു ഞങ്ങൾക്കു സമ്മാനിച്ചത്!


🟥 പരീക്ഷാഫലമെത്തിയാൽ ചാകര
പത്താം ക്ലാസ്സ്, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ-പ്ലസ് നേടുന്നവരെ മെമെൻ്റോകൾ നൽകി ആദരിക്കുകയെന്നത് ഇന്നൊരു പതിവാണ്. വഴിയോരങ്ങളും കവലകളും ഉന്നത വിജയം നേടിയവരുടെ പേരും ഫോട്ടോയുമുള്ള ബോർഡുകളെക്കൊണ്ടു നിറയുന്നു. വായനശാലകളും, ക്ലബ്ബുകളും, പ്രാദേശിക സംഘടനകളും സ്കൂൾ-കോളേജ് ടോപ്പേഴ്സിനെ അഭിനന്ദിക്കുന്ന കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നു. വാക്കാലുള്ള അഭിനന്ദനങ്ങളെല്ലാം ചെന്നവസാനിക്കുന്നത് പുരസ്കാരങ്ങൾ നൽകി സന്തോഷം പ്രകടിപ്പിക്കുന്ന ചടങ്ങുകളിലുമായിരിക്കും. SSLC-പ്ലസ് ടു, സ്റ്റേറ്റ്-CBSE-ICSE സിലബസ് അധികൃതർ താന്താങ്ങളുടെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കാൻ തുടങ്ങിയാൽ വിശ്രമമില്ലാത്തൊരു ജീവിതത്തിലേയ്ക്കു ഞങ്ങൾ കടക്കുന്നു.

 റിസൾട്ടുകൾ പ്രസിദ്ധീകരിക്കുക ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ചില സ്കൂളുകളിൽ മുന്നൂറിനുമേൽ ഫുൾ എ-പ്ലസ് ലഭിച്ച വിദ്യാർത്ഥികളുണ്ടാകും! മെമെൻ്റോകളെല്ലാം വ്യക്തിഗത വിവരങ്ങളോടുകൂടിയാണു തയ്യാറാക്കേണ്ടത്. കുട്ടിയുടെ ഫോട്ടോ, പേര്, സ്കൂൾ/കോളേജ് വിവരങ്ങളെല്ലാം യാതൊരു പിഴവുമില്ലാതെ ഓരോ സമ്മാനത്തിലും സെറ്റു ചെയ്യണം. സെൻ്റ് മേരീസ്, സെൻ്റ് ക്ലയേഴ്സ്, നിർമല മാത, സേക്രഡ് ഹാർട്ട്, ഹോളി ഫേമിലി, ഭാരതീയ വിദ്യാഭവൻ, ഹരിശ്രീ വിദ്യാനിധി മുതലായ വിദ്യാലയങ്ങളെല്ലാം ഞങ്ങളുടെ പതിവുകാരാണ്. കോളേജു തലത്തിൽ സെൻ്റ് തോമസ്, സെൻ്റ് മേരീസ്, വിമല, കേരള വർമ, ഗവ.ഫൈൻ ആർട്ട്സ്, ഗവ.എൻജിനീയറിങ് തുടങ്ങിയ കലാലയങ്ങളുമെത്തും. ഇവയോടൊപ്പം സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും ട്രോഫികൾക്കുള്ള ഓർഡർ തരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ജോലിചെയ്താണ് ചടങ്ങു ദിനത്തിനു മുമ്പേ ആയിരക്കണക്കിലുള്ള പുരസ്കാരങ്ങൾ സജ്ജമാക്കി വയ്ക്കുന്നത്!


🟥 ട്രോഫിയുടെ സംയോജനം
രണ്ടോ, മൂന്നോ, ചിലപ്പോൾ നാലോ ഭാഗങ്ങളായാണ് ഒരു ട്രോഫി ചൈനയിൽ നിന്നു ഇവിടെ എത്തുന്നത്. അവ അസ്സംബ്ൾ ചെയ്തു പുരസ്കാര രൂപത്തിലാക്കുന്നതു ഞങ്ങളുടെ വർക്കുഷോപ്പിലാണ്. ഫോട്ടോ പതിയ്ക്കാനും, പേഴ്സണൽ വിവരങ്ങൾ പ്രിൻ്റുചെയ്തു ഒട്ടിക്കാനും ട്രോഫിയുടെ ബോഡിയിൽ ഇടം അലങ്കരിച്ചു ഒരുക്കിയിട്ടുണ്ടാകും. പ്രിൻ്റുചെയ്തു ഒട്ടിക്കാനുള്ള ഗോൾഡൻ പേപ്പർ റെഡി-ടു-യൂസ് അവസ്ഥയിൽ ട്രോഫിക്കൊപ്പവുമുണ്ടാകും. മികച്ച വർക്കുമെൻഷിപ്പോടെ ഒരുക്കിയാൽ പുരസ്കാരത്തിൻ്റെ ബാഹ്യരൂപം തന്നെ അതു നേടിയ വിദ്യാർത്ഥിയ്ക്കു അത്യന്തം പ്രചോദനകരമായിരിക്കും!


🟥 വാക്കുകളുടെ മാസ്മരിക ശക്തി
പുരസ്കാരങ്ങളും, അനുമോദനങ്ങളും, കൊച്ചു പ്രശംസാ പ്രകടനങ്ങൾ പോലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള മാസ്മരികമായ സംഗതികളാണ്. എനിയ്ക്കു തന്നെ അത്തരം ധാരാളം അനുഭവങ്ങളുണ്ട്. മുപ്പത്തഞ്ചായിരത്തിലധികം മനുഷ്യർക്കു ജോലി നൽകുന്ന വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയോട് ഈയിടെ, അദ്ദേഹം ചെയ്യുന്ന സൽകർമങ്ങളെ പ്രകീർത്തിച്ചുകൊണ്ടു ഒരു വേദിയിൽ ഇത്തിരി നേരം സംസാരിക്കാൻ എനിയ്ക്കു അവസരം ലഭിച്ചു. അതിനു പ്രതികരിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞ വാക്കുകൾ പരിശോധിച്ചാൽ, അഭിനന്ദനങ്ങൾ ഏതൊരാളെയും വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്നു ബോധ്യപ്പെടും. വലിയ കോടീശ്വരനല്ലേ അദ്ദേഹം! അഭിനന്ദനങ്ങളുടെ കാന്തികശക്തി വിശ്വവിശാലമാണ്. അവ ഈ ഭൂമുഖത്തെ എല്ലാവരിലും നിർമാണാത്മകമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഇതു തന്നെയാണ് പുരസ്കാരങ്ങളുടെ പൊതുവായ സാരനിരൂപണം!


🟥 അനുരഞ്ജന ശേഷി
ഒരു കൊച്ചു മെമെൻ്റോയുടെ അനുരഞ്ജന ശേഷി തെളിയിക്കുന്ന മറ്റൊരു സംഭവം പറയാം. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നല്ലൊ 2024-ലെ SSLC പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്. ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര സജ്ജീകരണങ്ങളുമായി ഞങ്ങളും, അനുമോദന ചടങ്ങുകളുമായി അധികൃതരും നാട്ടുകാരും തിരക്കിലായിരുന്നപ്പോഴാണ് അയൽപക്കത്തുളള വർഗീസിൻ്റെ മകൾ അശ്വതിയും ഫുൾ എ-പ്ലസ് നേടിയിട്ടുണ്ടെന്നറിഞ്ഞത്. അനുമോദനങ്ങളും, മെമെൻ്റോകളും അശ്വതിയുടെ ഭവനത്തിലേയ്ക്കും ഒഴുകിയെത്തി. സ്കൂൾ അധികൃതരും, ബന്ധുക്കളും, സാംസ്കാരിക സംഘടനകളും, സമീപവാസികളുമെല്ലാം അശ്വതിയെ അനുമോദിക്കാൻ ചടങ്ങുകൾ നടത്തിക്കൊണ്ടിരുന്നു. 

അതിനിടയിലാണ് വൻ പിണക്കത്തിലുള്ള, വർഷങ്ങളായി തമ്മിൽ മിണ്ടിയിട്ടേയില്ലാത്ത, ഒരു അയൽവാസിയും കുടുംബവും തികച്ചും അപ്രതീക്ഷിതമായി വർഗീസിൻ്റെ വീടു സന്ദർശിച്ചത്. പ്രദേശത്തുള്ളവരെല്ലാം അശ്വതിയുടെ വിജയം ആഘോഷിക്കുമ്പോൾ, തങ്ങൾ മാത്രം അതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു പറഞ്ഞു, കൂടെ കരുതിയിരുന്ന ഉപഹാരം അതിഥി അശ്വതിയ്ക്കു നൽകി. അഭിനന്ദിച്ചു. അയൽക്കാർ തമ്മിൽ ഊഷ്മളമായി സംസാരിച്ചു. അമ്പതു രൂപ മാത്രം വിലയുള്ളൊരു പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അകൽച്ചയാണ്! ചെറുതെങ്കിലും, ആ വലിയ സ്നേഹസമ്മാനം അയൽക്കാരൻ വാങ്ങിയത് എൻ്റെ സ്ഥാപനത്തിൽ നിന്നായിരുന്നുവെന്ന കൃതാർത്ഥത എനിയ്ക്കുണ്ട്! 


🟥 നല്ലതുകളുടെ വിനിമയം
തങ്ങളെക്കുറിച്ചു മറ്റുള്ളവരിൽ നിന്നു നല്ല വാക്കുകൾ കേൾക്കാൾ ഇഷ്ടമുള്ളവരാണ് എല്ലാവരും! നല്ലതു മാത്രം പറയുക, നല്ലതു മാത്രം പ്രവർത്തിക്കുക. എങ്കിൽ നമുക്കും നല്ലതുമാത്രമേ വരൂ. പുരസ്കാരങ്ങൾ നൽകുന്നതും സ്വീകരിക്കുന്നതും അതിനാൽ നല്ലതുകളുടെ വിനിമയമാണ്. അനുമോദനങ്ങളുടെ മൂർത്തരൂപങ്ങളാണ് പുരസ്കാരങ്ങൾ. ഇത്രയും കാലത്തെ ജീവിതത്തിൽ പുരസ്കാരങ്ങളാണ് എൻ്റെ വ്യാപാരവും വ്യവഹാരവും. ഒരു നിമിത്തം മാത്രമാണെങ്കിലും, എത്രയെന്നു പറയാൻ കഴിയാത്തത്രയും പുരസ്കാരങ്ങൾ ഞാൻ എത്രയോ പേർക്കു ഇതിനകം നൽകിക്കഴിഞ്ഞു. 2018-ലെ പ്രളയം കേരളത്തെ മുക്കിയപ്പോൾ, നാലു കോടി രൂപയുടെ സാധനങ്ങളുമായി ഞങ്ങളുടെ ഗോഡൗൺ ഒലിച്ചുപോയി. ഒറ്റ രാത്രികൊണ്ടു ഞാൻ വട്ടപൂജ്യവുമായി! അടുത്ത കൂട്ടുകാർ പറയാറുണ്ട്, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്വന്തം ചാരത്തിൽനിന്നു ഞാൻ ചിറകടിച്ചുയുർന്നുവെന്ന്! നല്ലതു മാത്രമേ പറഞ്ഞുള്ളൂ, പ്രവർത്തിച്ചുള്ളൂ. എനിയ്ക്കും നല്ലതുമാത്രമേ വരൂ. അതാണെൻ്റെ വിശ്വാസം!
------------------- 

വിൽക്കാനുണ്ട് പുരസ്കാരങ്ങൾ! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക