ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായിരുന്ന സ്റ്റീവ് ഇര്‍വിന്‍ ക്യൂന്‍സ്‌ലന്‍ഡിനു സമീപം ഉള്‍ക്കടലില്‍ വച്ച് തിരണ്ടിയുടെ കുത്തേറ്റ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേക്ക് പതിനെട്ട് വര്‍ഷം..
ഓസ്ട്രേലിയയില്‍ ജനിച്ച സ്റ്റീവ് ഇര്‍വിന്‍ ചെറുപ്പം മുതല്‍ വളര്‍ന്നത് മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെ ജീവികള്‍ക്കൊപ്പമാണ്. ഇതാണു പാമ്പിനോടും മുതലയോടുമെല്ലാം ഭയമില്ലാതെ ഇടപെഴകാന്‍ സ്റ്റീവിനെ സഹായിച്ചത്. ആറാം വയസ്സില്‍ സ്റ്റീവിനു മാതാപിതാക്കള്‍ പിറന്നാൾ സമ്മാനമായി നല്‍കിയത് ഒരു പെരുമ്പാമ്പിനെയാണ്. പതിനൊന്നാം വയസ്സില്‍ ക്യൂന്‍സ്‌ലൻഡ് മുതല നിയന്ത്രണ സംഘത്തിനൊപ്പം വോളന്‍റിയറായി. ഇതാണ് വന്യജീവി വിദഗ്ധന്‍ എന്ന നിലയിലുള്ള സ്റ്റീവിന്‍റെ വളര്‍ച്ചക്ക് ആദ്യ ചുവടായത്.
മൃഗങ്ങള്‍, പ്രത്യേകിച്ചു മുതലയും പാമ്പും ഉള്‍പ്പടെയുള്ള ഉരഗങ്ങള്‍ സ്റ്റീവിനു ഹരമായിരുന്നു. ഏതു കാടിനു നടുവില്‍ വച്ചും ഏതു നദിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നും ഇവയെ കൈയിലൊതുക്കുവാനുള്ള ഇർവിന്റെ കഴിവ് അപാരമായിരുന്നു. ഇതാണ് സ്റ്റീവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. ആനയും കാണ്ടാമൃഗവും സിംഹവുമെല്ലാം സ്റ്റീവിനു മുന്നില്‍ മെരുങ്ങി നിന്നു.ഇരുപത് വയസ്സായപ്പോഴേക്കും ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന വ്യക്തിത്വമായി സ്റ്റീവ് മാറിയിരുന്നു. മനുഷ്യവാസമുള്ള പ്രദേശത്തു കുടുങ്ങിപ്പോകുന്ന ജീവികളെ നിഷ്പ്രയാസം രക്ഷപ്പെടുത്തുന്ന ആളെന്ന നിലയിലാണ് സ്റ്റീവ് പ്രശസ്തനായത്.
1992 ല്‍ ഒരു ഓസ്ട്രേലിയന്‍ ടെലിവിഷനു വേണ്ടി അവതാരകനായി ദൃശ്യമാധ്യമലോകത്തെത്തിയ സ്റ്റീവ് വൈകാതെ അമേരിക്കന്‍ ടെലിവിഷനിലൂടെ ലോകപ്രശസ്തനായി. ഡിസ്കവറി, നാഷണല്‍ ജിയോഗ്രഫിക് , ബിബിസി തുടങ്ങിയ പ്രമുഖ ചാനലുകള്‍ സ്റ്റീവിന്‍റെ പരിപാടികള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു. പല ചാനലുകളും അവരുടെ ഒരു ദിവസം തന്നെ സ്റ്റീവിന്‍റെ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ തയ്യാറായി. പാമ്പിനെയും മുതലയെയുമെല്ലാം ഓടിച്ചിട്ടു പിടിക്കുന്ന കാട്ടിലെ കാണ്ടാമൃഗത്തിന്‍റെ വായില്‍ തലയിടുന്ന ഇര്‍വിന് ആരാധകര്‍ ദിനംപ്രതി വര്‍ദ്ധിച്ചു. ഒടുവില്‍ തന്‍റെ പ്രവര്‍ത്തികള്‍ അനുകരിക്കരുതെന്ന് ഓരോ തവണയും മുന്നറിയിപ്പു നല്‍കേണ്ട സ്ഥിതിയുമുണ്ടായി സ്റ്റീവിന് .
സമാനമനസ്കയും ജന്തുശാസ്ത്രജ്ഞയുമായ ടെറി സഖിയായി എത്തിയതോടെ ഇര്‍വിന്‍റെ പാത കൂടുതല്‍ വിശാലമായി തീര്‍ന്നു.മുതലകളെ പിടികൂടുന്നതിനായായിരുന്നു ഇവരുടെ ഹണിമൂണ്‍ യാത്രപോലും. സ്റ്റീവ് തന്‍റെ മക്കള്‍ക്കു നല്‍കിയത് തന്‍റെ പ്രിയപ്പെട്ട മുതലകളുടെ പേരായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജിവികള്‍ക്കു പരിക്കേല്‍ക്കാതിരിക്കാന്‍ വിവാഹമോതിരം ധരിക്കേണ്ടെന്ന് പോലും തീരുമാനിച്ചിരുന്നു ഈ ദമ്പതികള്‍.
2006 സെപ്റ്റംബര്‍ 4 ന് ഡിസ്കവറിക്കു വേണ്ടി ഓഷ്യന്‍സ് ഡെഡ്‌ലിയസ്റ്റ് എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ഇര്‍വിന്‍റെ അന്ത്യം. തിരണ്ടിയുടെ ഒരു നിമിഷത്തെ നീക്കം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയ സ്റ്റീവിന്‍റെ ഹൃദയത്തിലേക്ക് തിരണ്ടിവാല്‍ തുളച്ചു കയറി. കരയിലെത്തിക്കും മുന്‍പുതന്നെ സ്റ്റീവ് മരിച്ചു കഴിഞ്ഞിരുന്നു. 2007 ജനുവരിയില്‍ സ്റ്റീവിന്‍റെ അവസാന പരിപാടി ഡിസ്കവറി ടെലികാസ്റ്റ് ചെയ്തു. സ്റ്റീവിന്‍റെ മരണ ദൃശ്യങ്ങള്‍ പരിപാടിയിൽ നിന്നൊഴിവാക്കിയിരുന്നു.
മരിച്ചു പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും സ്റ്റീവ് ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു...