Image

അനുഭവകഥ (തമ്പി ആന്റണി)

Published on 04 September, 2024
അനുഭവകഥ (തമ്പി ആന്റണി)

നടന്ന സംഭവം! 
    ദുബായില്‍നിന്നു വന്നൊരു ഇന്റര്‍നെറ്റ് കോളാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. 
    മെസ്സെഞ്ചറിലാണു കോള്‍ വന്നത്. 'രൂപാരാമന്‍' എന്നൊരു പ്രൊഫൈല്‍. കുറച്ചുദിവസം മുമ്പ് അങ്ങനെയൊരു ഫ്രണ്ട് റിക്വസ്റ്റ് വന്നതു സ്വീകരിച്ചതോര്‍ത്തു. ആളെ അത്ര പരിചയമില്ലെങ്കിലും ഫ്രണ്ടായതിനാല്‍ അറ്റന്‍ഡ് ചെയ്തു. 
    മറുതലയ്ക്കല്‍ ശബ്ദമൊന്നും കേള്‍ക്കാഞ്ഞതിനാല്‍ ഞാന്‍തന്നെ സംസാരിച്ചുതുടങ്ങി. 
    'ഹലോ'
    'ഹലോ സര്‍.'
    സ്വരത്തില്‍നിന്ന് അധികം പ്രായമില്ലാത്ത യുവതിയാണെന്നു മനസ്സിലായി. 
    'ആരാണ്, മനസ്സിലായില്ലല്ലോ!'
    'എന്നെയറിയാന്‍ വഴിയില്ല. ഞാന്‍ ദുബായില്‍നിന്നു രൂപാ...'
    ഒരു ലാഘവബുദ്ധിയോടെ ഞാന്‍ പറഞ്ഞു: 
    'രൂപയല്ലേ? റിയാലും ഡോളറുമൊന്നുമല്ലല്ലോ!'
    'എഴുത്തില്‍ മാത്രമല്ല, സംസാരത്തിലും ഹ്യൂമറുണ്ടല്ലോ! ചുമ്മാതല്ല ആരാധകരുടെ എണ്ണം കൂടിക്കൂടിവരുന്നത്! പ്രത്യേകിച്ചു പെണ്‍കുട്ടികള്‍!'
    ചിരിച്ചുകൊണ്ടാണെങ്കിലും അവളെന്തോ അര്‍ത്ഥംവച്ചു പറഞ്ഞതാണെന്നു തോന്നി. ആദ്യമായി സംസാരിക്കുന്നയാളോട് ഒരു സ്ത്രീ അങ്ങനെ പ്രതികരിച്ചതില്‍ ഒരപാകതയില്ലേ എന്നു ചിന്തിച്ചു. ഉടന്‍വന്നു അവളുടെ വിശദീകരണം: 
    'എനിക്കു സാറിനെ നല്ലതുപോലെയറിയാം.'
    'ശരി. എന്താ വിശേഷം?'
    'അത്ര നല്ല വിശേഷമൊന്നുമല്ല. ഒരു വീഡിയോ ക്ലിപ്പു കിട്ടിയിട്ടുണ്ട്...'
    'മനസ്സിലായില്ല...'
    'ഓര്‍ക്കുന്നില്ലേ, സാറ് ഷാര്‍ജാ പുസ്തകമേളയ്ക്ക് അതിഥിയായി താമസിച്ച, ദുബായിലെ ഹോട്ടല്‍ ബ്ലൂ സ്റ്റാര്‍?'
    പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അടുത്ത സമയത്ത് ഷാര്‍ജാ പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോയതോര്‍ത്തു. 
    'അതെ. ഒരു ദിവസം താമസിച്ചിരുന്നു. അതുകൊണ്ടെന്താ, അതു പറയാനാണോ വിളിച്ചത്?'
    'അന്നു സാറിനെക്കാണാന്‍ ഒരു പെണ്‍കുട്ടി വന്നതോര്‍ക്കുന്നില്ലേ, ഊര്‍മിളാദേവി? സിനിമാനടിയാണെന്നാണ് അവിടുത്തെ ജോലിക്കാര്‍ കരുതിയത്. നര്‍ത്തകിയാണെന്ന് അവര്‍ക്കറിയില്ലല്ലോ!'
    'അതുകൊണ്ട്?'
    'ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായിക്കാണുമല്ലോ?'
    'അതിനപ്പോഴെന്താ? അവള്‍ വന്നുകണ്ടിട്ടുപോയി. നടന്‍മാരെയും എഴുത്തുകാരെയുമൊക്കെക്കാണാന്‍ അങ്ങനെയാരെല്ലാം വരുന്നു! അക്കൂട്ടത്തില്‍ എല്ലാ രംഗത്തുമുള്ള കലാകാരന്‍മാരും കലാകാരികളും കാണും!'
    'അതെ. കാണാന്‍ വന്ന കലാകാരിയെപ്പറ്റിത്തന്നെയാണു പറഞ്ഞുവരുന്നത്.'
    'അതിനെന്താ ഇത്രയ്ക്കു പറയാനുള്ളത്?'
    'മുറിക്കകത്തു സംഭവിച്ചതെല്ലാം എനിക്കറിയാം!'
    'അതിനെന്താ ഇത്രയ്ക്കു പറയാനുള്ളത്? അതൊക്കെ എനിക്കറിയാവുന്ന കാര്യമല്ലേ?'
    എനിക്കു നീരസം വന്നുതുടങ്ങിയിരുന്നു. 
    'മുറിയില്‍ രണ്ടുമണിക്കൂറിലധികമുണ്ടായിരുന്നു...'
    'അതുശരി. അപ്പോള്‍ അതൊക്കെ നോക്കാന്‍ ആളെ നിര്‍ത്തിയിട്ടുണ്ടായിരുന്നു, അല്ലേ?'
    'എല്ലാം പെന്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുഴുവന്‍ ക്ലിപ്പുകളും എന്റെ ഫോണിലുണ്ട്. നാളെത്തന്നെ അപ്‌ലോഡ് ചെയ്യും. സാറിനെ അതൊന്നറിയിക്കാനാണു വിളിച്ചത്.'
    അതൊരു ഭീഷണിയുടെ സ്വരമായിരുന്നെങ്കിലും ഒരങ്കലാപ്പുമില്ലാതെ ഞാന്‍ ചോദിച്ചു: 
    'ഏതു ക്യാമറയുടെ കാര്യമാണു പറയുന്നത്?'
    'മുറിയിലെ ഫ്‌ളവര്‍വേസിലുണ്ടായിരുന്ന പെന്‍ക്യാമറ. വീഡിയോ കാണുമ്പോള്‍ മനസ്സിലാകും.'
    'ഊര്‍മിള ഒരു നര്‍ത്തകിയല്ലേ? എന്റെ രഹസ്യകാമുകിയൊന്നുമല്ലല്ലോ!'
    'പറയാന്‍ പറ്റില്ല. സാറൊരു സിനിമക്കാരനല്ലേ? ഊര്‍മിളാദേവി നായികയാകുന്ന പടം ഉടനെ കാണുമല്ലോ...'
    'അതങ്ങനെയല്ലേ? കഴിവുള്ളവരെ അവസരം തേടിയെത്തും.'
    'ഇതിപ്പോള്‍ അവസരം തേടി അവര്‍ ബ്ലൂ സ്റ്റാറിലേക്കു വന്നതല്ലേ? അവര്‍ക്കല്ലേ വില?'
    'ഇപ്പോള്‍ രൂപയ്ക്കല്ലേ വില!'
    'രൂപയ്‌ക്കൊക്കെ എന്തു വില! എനിക്കു താങ്കളെപ്പോലെ ദുബായില്‍ ഫ്‌ളാറ്റും വീടുമൊന്നുമില്ലല്ലോ...' 
    സംസാരത്തിന്റെ പോക്കു മനസ്സിലായി. ഹോട്ടല്‍മുറിയില്‍ അങ്ങനെയൊരു ക്യാമറയുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കിലും ഒന്നുമില്ല. 
    ഊര്‍മിളയെ സോഷ്യല്‍ മീഡിയയിലൂടെ നല്ല പരിചയമുണ്ട്. അവള്‍ മോശക്കാരിയായ സ്ത്രീയല്ലെന്നുറപ്പുണ്ട്. കല്യാണംകഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവുമായി പിരിഞ്ഞെന്നറിയാം. അതിലപകാതയൊന്നും തോന്നിയില്ല. ഇന്നത്തെ ചെറുപ്പക്കാരുടെയിടയില്‍, വിശേഷിച്ചു കലാപ്രവര്‍ത്തകരുടെയിടയില്‍ സാധാരണ സംഭവിക്കാറുള്ള കാര്യം. ഊര്‍മിള പലതവണ വീഡിയോ കോള്‍ വിളിച്ചിട്ടുണ്ട്. ടെക്സ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അവള്‍ക്കു പണത്തിന്റെയാവശ്യം വന്നപ്പോള്‍ ദുബായിലുള്ള ഒരു കൂട്ടുകാരന്‍വഴി സഹായിച്ചിട്ടുണ്ട്. 
    എങ്കിലും അവളെയന്നു റൂമിലേക്കു കൂട്ടിക്കൊണ്ടുവരേണ്ടിയിരുന്നില്ലെന്നു തോന്നി. പക്ഷേ ഞാന്‍ ക്ഷണിച്ചതല്ല. അവളന്നു ബ്ലൂ സ്റ്റാറിലേക്കു മെട്രോയെടുത്താണു വന്നത്. ലോബിയിലെത്തി റൂമിലേക്കു വിളിക്കുകയായിരുന്നു. ഹോട്ടലില്‍ താമസിക്കുമ്പോള്‍ കാണാന്‍ വരുന്നവര്‍ സ്ത്രീകളോ പെണ്‍കുട്ടികളോ ആണെങ്കില്‍ ഞാന്‍ റൂമിലേക്കു വിളിക്കാറില്ല. അതുകൊണ്ടു ലിഫ്റ്റില്‍ താഴേക്കു ചെല്ലുകയായിരുന്നു. അവള്‍ അവിടെക്കിടന്ന ഒരു സോഫയില്‍ കാത്തിരിക്കുകയായിരുന്നു. കണ്ടപ്പോള്‍ ആലിംഗനം ചെയ്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും മുന്‍കാലപരിചയംകൊണ്ടാണ് അങ്ങനെ ചെയ്തത്. അതു 'സോഷ്യല്‍ മീഡിയ മാജിക്' ആണ്. നേരിട്ടു കാണുന്നതില്‍ക്കൂടുതല്‍ മാനസികമായി അടുക്കുന്നു. അങ്ങനെ എത്രയോ ബന്ധങ്ങള്‍ പൂത്തു തളിര്‍ക്കുന്നു! 
    അവള്‍ തിരക്കിട്ടു വന്നതുകൊണ്ടാകാം, മുടിയൊക്കെ കാറ്റില്‍പ്പറന്ന് പ്രാകൃതമായ രൂപത്തിലായിരുന്നു. എന്നില്‍ നല്ലൊരു 'ഫസ്റ്റ് ഇംപ്രഷന്‍' ഉണ്ടാക്കാനുള്ള ശ്രമംപോലുമില്ലായിരുന്നു. അലസമായ വസ്ത്രധാരണം. എങ്കിലും ആരെയുമാകര്‍ഷിക്കുന്ന വശ്യത ആകാരവടിവിലും അംഗചലനങ്ങളിലുമുണ്ടായിരുന്നു. അതൊരു നടിയുടെയോ നര്‍ത്തകിയുടെയോ ലക്ഷണമാണ്. സംസാരിച്ചിരിക്കുന്നതിനിടെ 'വിശക്കുന്നു' എന്നവള്‍ പറഞ്ഞു. റെസ്റ്റോറണ്ടിലേക്കു പോകാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ റൂമിലേക്കു പോകാമെന്നായി അവള്‍. ഞങ്ങള്‍ ഒന്നിച്ചിരിക്കുന്നത് ബ്ലൂ സ്റ്റാറിലെ ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നിയിരിക്കാം. അവളെ മനസ്സിലായില്ലെങ്കിലും മലയാളികളായ അവരില്‍ ചിലര്‍ക്കെങ്കിലും സിനിമാതാരത്തെ അറിയാതിരിക്കില്ലല്ലോ എന്നവളോര്‍മിപ്പിച്ചു. ആ സാഹചര്യത്തില്‍ റൂമില്‍ പോകുന്നതുതന്നെയാണു നല്ലതെന്ന് എനിക്കും തോന്നി. 
    റൂം സര്‍വ്വീസില്‍ വിളിച്ച് ആഹാരം ഓര്‍ഡര്‍ ചെയ്തു. ഊര്‍മിളാദേവി എന്ന പേരില്‍ 'ഉന്നതകുലം' ഒളിച്ചിരിക്കുന്നുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ അവള്‍ നോണ്‍ വെജിറ്റേറിയനായിരുന്നു. ഇഷ്ടപ്പെട്ട മട്ടണ്‍ ബിരിയാണി അവള്‍ വലിച്ചുവാരിത്തിന്നു. നല്ല വിശപ്പുണ്ടായിരുന്നിരിക്കാം. ഞാന്‍ ഓര്‍ഡര്‍ ചെയ്ത ബിയറില്‍ കുറച്ച് അവള്‍ കുടിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ഒരു ബിയര്‍കൂടി ഓര്‍ഡര്‍ ചെയ്യാമെന്നു ഞാന്‍ പറഞ്ഞെങ്കിലും ഉച്ചകഴിഞ്ഞ് ഓഫീസില്‍ പോകണമെന്നുപറഞ്ഞ് അവളതു നിഷേധിച്ചു. പിന്നെ വാഷ്‌റൂമില്‍പ്പോയി, മുടിയൊക്കെ ചീകിയൊതുക്കി പൂര്‍വാധികം സുന്ദരിയായി പുറത്തേക്കുവന്നു. ദുബായിലെ വിശേഷങ്ങളൊക്കെ പറഞ്ഞതിനുശേഷം എനിക്കു തരാനുള്ള പണം ഡോളറായിത്തന്നെ എണ്ണിത്തന്നു. കൊടുത്ത കാശ് തിരിച്ചുകിട്ടാറില്ല എന്നതാണു മുന്‍കാലാനുഭവം. 
    'തിരക്കില്ല, ഉള്ളപ്പോള്‍ തന്നാല്‍ മതിയായിരുന്നു' എന്നു ഉപചാരം പ്രകടിപ്പിച്ചു.
    'അതൊന്നും ശരിയാവില്ല, കടം കൊടുത്താല്‍ അവര്‍ ശത്രുക്കളാകും എന്നല്ലേ? നമ്മളെന്നും മിത്രങ്ങളായിരിക്കണമെന്നാണ് എന്റെയാഗ്രഹം. അതുകൊണ്ടുകൂടിയാണ് ഞാന്‍ ഓടിക്കിതച്ചുവന്നത്.' 
    അവള്‍ക്കു ജോലി കിട്ടിയെന്നും സാമ്പത്തികപ്രശ്‌നങ്ങളൊക്കെ തീര്‍ന്നുവെന്നും മുമ്പു മെസ്സേജില്‍ പറഞ്ഞിരുന്നതോര്‍ത്തു. യാത്ര പറഞ്ഞുപോകാന്‍നേരം ഞാനുംകൂടി ഇടനാഴിയില്‍വരെച്ചെന്നു. 
    അവള്‍ പറഞ്ഞു:     
    'താഴേക്കു വരണ്ട, ഞാന്‍ പൊയ്‌ക്കൊള്ളാം. പിന്നെ, ഞാന്‍ മുമ്പു പറഞ്ഞ വേഷത്തിന്റെ കാര്യം...'
    'തീര്‍ച്ചയായും... അടുത്ത സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നേയുള്ളു.'    
    അപ്പോഴും അവള്‍ ആലിംഗനം ചെയ്തു. ചെവിയില്‍ 'ഐ ലൗ യൂ' എന്നു പറയുന്നതുപോലെ തോന്നിയെന്നതു നേര്! 
    അവള്‍ പോയതോടെ ഞാനും പുസ്തകോത്സവത്തിനു പോകാനുള്ള തിരക്കിലായി. മറ്റൊന്നും സംഭവിച്ചിട്ടില്ല. പിന്നെയീ രൂപാരാമന്‍ പറയുന്നതെന്താവാം?! അവളാരാണ്? ആരായാലും മാന്യമായി പ്രതികരിച്ചില്ലെങ്കില്‍ പണി കിട്ടും! ഇലയുടെയും മുള്ളിന്റെയും കഥ പറഞ്ഞതുപോലെയാണിത്. ഞാനിപ്പോള്‍ പച്ചിലയാണ്. സൂക്ഷിച്ചില്ലെങ്കില്‍ മുള്ളുവീണു മുറിഞ്ഞു പഴുത്തിലയായി വീഴും! 
    'അവളിട്ടിരുന്നതു ബ്രൗണ്‍ ഷര്‍ട്ടും ബ്ലൂ ജീന്‍സുമായിരുന്നു...'
    രൂപാരാമന്റെ ശബ്ദം വീണ്ടും മുഴങ്ങി. 
    അതു ശരിയാണ്. ഓര്‍ക്കുന്നു.
    അഞ്ചുലക്ഷം ഉടന്‍ ഗൂഗിള്‍പേ ചെയ്തില്ലെങ്കില്‍ വീഡിയോ അടുത്ത ദിവസം അപ്‌ലോഡ് ചെയ്യുമെന്നും താമസിച്ചാല്‍ തുക പത്തുലക്ഷമാകുമെന്നും ഭീഷണിപ്പെടുത്തി, ആ അപരിചിത ഫോണ്‍ വച്ചു. അതൊരു ബ്ലാക്ക്‌മെയിലിംഗാണെന്നു മനസ്സിലായെങ്കിലും അസ്വസ്ഥത തോന്നി. പുതിയ സാങ്കേതികവിദ്യകൊണ്ട് എന്തും സൃഷ്ടിക്കാവുന്ന കാലമാണ്. ജാഗ്രത വേണം.
    എങ്കിലും, സത്യമല്ലാത്ത ഒരു കാര്യം തെളിയിക്കാനും സാങ്കേതികവിദ്യയ്ക്കു കഴിയും. അതുകൊണ്ട്, ഏതെങ്കിലും പെണ്ണിന്റെ ബ്ലാക്ക്‌മെയിലിംഗിനു വഴങ്ങിക്കൊടുക്കുന്ന പ്രശ്‌നമില്ല. ഊര്‍മിളയെ ഇക്കാര്യമറിയിക്കേണ്ടെന്നു തീരുമാനിച്ചു. 
    ഞാന്‍ ഫോണെടുത്ത്, രൂപാരാമനു ധൈര്യമായി ടെക്സ്റ്റ് ചെയ്തു: 
    'ഒട്ടും താമസിക്കണ്ട. ഇന്നുതന്നെ വീഡിയോ അപ്‌ലോഡ് ചെയ്‌തോളൂ!'
    എന്തൊരു മറിമായം! 'രൂപാരാമന്‍' എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ അപ്പോള്‍ത്തന്നെ അപ്രത്യക്ഷമായി! 
    (വാല്‍ക്കഷണം: നര്‍ത്തകി ഊര്‍മിളാദേവി ആരാണെന്നൊന്നും ചോദിച്ചേക്കരുത്. ആരാണെങ്കിലും ഒറ്റയ്ക്കു താമസിക്കുമ്പോള്‍, ഹോട്ടല്‍മുറിയിലേക്കു ക്ഷണിക്കുന്നെങ്കില്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്.)
    
  
 

Join WhatsApp News
Sudhir Panikkaveetil 2024-09-05 00:20:05
അനുഭവമായി തന്നെ തോന്നി. അത് എഴുത്തിന്റെ ഗുണം. അഭിനന്ദനം സാർ.
Curious 2024-09-05 14:08:53
"അനുഭവമായി തോന്നി" - ഇതിൽ ഒരു പാര ഒളിഞ്ഞിരുപ്പുണ്ടോ എന്നൊരു സംശയം.
Dileep 2024-09-05 01:56:35
ഇത് മുൻ‌കൂർ ജാമ്യമാണോ?
(ഡോ.കെ) 2024-09-05 19:31:09
‘പരിസംഖ്യ’എന്ന അലങ്കാരത്തിന്റെ പിടിയിലകപ്പെട്ട് ഈ കഥ ശ്വാസം മുട്ടിക്കുന്നു.ഏച്ചുകെട്ടലും , കെട്ടിവെപ്പുകൾകൊണ്ടും കൃത്രിമത്വത്വത്തിന്റെ ആധിക്യത്തിൽ കഥയില്ലാതായി.എന്താണോ ഈ കഥയിൽ ഉണ്ടാകേണ്ടത് അത് ഈ കഥയിലില്ല അത് മറ്റെവിടയൊയാണ്. ഈ എഴുത്തിൽ സാഹിത്യമില്ല.
vayanakaran 2024-09-05 20:51:30
ദയവു ചെയ്തു വ്യക്തിവൈരാഗ്യങ്ങൾ കമന്റ് എഴുതാൻ ഉപയോഗിക്കരുത്. ചിലർക്ക് എഴുത്തുകാരനോട് അല്ലെങ്കിൽ അഭിപ്രായം എഴുതിയ ആളിനോട് വ്യക്തി വൈരാഗ്യം കാണാം. അപ്പോൾ അതിനെ ഖണ്ഡിക്കാമെന്ന ഒരു മോഹവും. പക്ഷെ ഇ മലയാളിയെ കൂലി തല്ലിനുപയോഗിക്കരുത്. ബഹുമാനപ്പെട്ട ഡോ കെ നിങ്ങൾ പറയുന്നത്] ശരിയാണെന്നു ആര് പറഞ്ഞു. പി എച് ഡി തന്നവർ പറഞ്ഞോ നിങ്ങൾക്ക് മലയാള കഥകളെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന്. ശ്രീ തമ്പിചാച്ചന്റെ കഥ നല്ലതാണ്. ഞങ്ങളക്ക് ബോധിച്ചു. ഡോക്ടർ വേറെ പണി നോക്ക് ദയവായി.
JM NY 2024-09-05 23:59:52
വ്യക്തി വൈരാഗ്യം പാടില്ലെന്ന് പറഞ്ഞ വായനക്കാരൻ അയാളുടെ വൈരാഗ്യം ഡോ. കെ യുടെ നേരെ തിരിച്ചു വിട്ടു. മനസ്സിലാക്കിയടത്തോളം വിദ്യാഭ്യാസം ഇല്ലാത്തവനും ട്രംപ്ലിക്കനുമാണെന്ന് തോന്നുന്നു. തമ്പി എഴുതിയ കഥയിലെ ഊർമ്മിളാദേവി മുകേഷിന്റേം ഇടവേള ബാബുവിൻറെ റൂമിലും ചെന്നിരുന്നു എന്നും, ഇപ്പോൾ അവർ മുൻ‌കൂർ ജാമ്യം എടുക്കാൻ ഓടുന്നു എന്നും കേട്ട് .
Thekkek 2024-09-06 04:04:05
ഇതു കഥയല്ല, എന്ന് ഡോക്ടർ കെ യിക്ക് മനസിലായില്ലന്നു തോന്നുന്നു.
(ഡോ.കെ) 2024-09-06 12:09:01
തലവാചകം തന്നെ അനുഭവകഥ (തമ്പി ആന്റണി) എന്നാണ് ആർക്കും കാണാവുന്ന രീതിയിൽ എഴുതിയിട്ടുള്ളത് .അനുഭവജന്യമായതിനെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല .കാരണം അവിടെ ചോദ്യമില്ല.എന്നിരുന്നാലും വായന ആരംഭിച്ചപ്പോൾ ആദ്യവാചകത്തിൽ തന്നെ കാണുന്നത് അത്‌ കുറിപ്പാണെന്ന്.അനുഭവമാണോ,കുറിപ്പാണൊ കഥയാണൊ,ലേഖനമാണൊ,ആത്മകഥയാണൊ എന്ന് താങ്കൾ തന്നെ തീരുമാനിച്ചുറപ്പിക്കുക. (ഡോ.കെ)
Thekkek 2024-09-06 18:59:20
സംഭവം നടന്നതാണങ്കിലും പേരുകൾ സങ്കൽപ്പികമാണ് എന്നുകൂടെ ഓർമ്മിപ്പിക്കുന്നു.
Thekkek 2024-09-08 01:19:09
Mr. കെ യുടെ അറിവിലേക്കായി, അനുഭവം എന്നാണ് ഞാൻ കൊടുത്തിരുന്നത്. ഓരോ മീഡിയയും അവരവരുടെ ഇഷ്ടത്തിന് തലവാചകം മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. കഥാപാത്രങ്ങളുടെ പേരുകൾ സാങ്കല്പികമാകുമ്പോൾ കഥപോലെ വായനക്കാർക്ക് അനുഭവിക്കാനും ആസ്വാദിക്കാനും സാധിക്കും.
vayanakkaran 2024-09-08 17:19:20
എല്ലാം കെട്ടടങ്ങി യിട്ട് ഈ കഥയോ ലേഖനമായാലും പുറത്തേക്ക് വിട്ടാൽ മതിയായിരിക്കുന്നു. ഇത് ഇപ്പോൾ എഴുതി എഴുതി 'എന്നെ കണ്ടാൽ കിണ്ണം കട്ടതാണെന്ന് തോന്നുമോ' എന്ന് പറഞ്ഞതുപോലാകും"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക