യുഎസിൽ നിന്നു നിക്ഷേപങ്ങൾ ആകർഷിക്കാൻ 17 ദിവസത്തെ സന്ദർശനത്തിന് എത്തിയ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു ചൊവാഴ്ച്ച ഷിക്കാഗോയിൽ തമിഴ് പ്രവാസികൾ ആവേശോജ്വലമായ സ്വീകരണം നൽകി. തമിഴ് സംഘടനകളുടെ പ്രതിനിധികൾ വിമാന താവളത്തിൽ തിങ്ങി നിറഞ്ഞു.
സ്റ്റാലിനൊപ്പം ഭാര്യ ദുർഗയും വ്യവസായ മന്ത്രി ടി ആർ ബി രാജയും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. സ്വീകരണ ചടങ്ങിനു ഇന്ത്യൻ കോൺസൽ ജനറൽ സോംനാഥ് ഘോഷും എത്തി.
പ്രവാസികളുടെ സ്നേഹോഷ്മളമായ സ്വീകരണത്തിനു സ്റ്റാലിൻ നന്ദി പറഞ്ഞു.
ഷിക്കാഗോയിൽ ചൊവാഴ്ച മുഖ്യമന്ത്രി ബഹുരാഷ്ട്ര ഊർജ കമ്പനി ഈറ്റണുമായി കരാർ ഒപ്പിട്ടു. അവരുടെ ചെന്നൈയിലെ ഗവേഷണ-എൻജിനിയറിങ് വിഭാഗങ്ങൾ വികസിപ്പിക്കുമ്പോൾ $24 മില്യന്റെ (200 കോടി രൂപ) നിക്ഷേപം എത്തും, 500 പേർക്കു ജോലിയും കിട്ടും.
ഇൻഷുറൻസ് രംഗത്തെ അതികായരായ അഷുറന്റുമായി ഒപ്പു വച്ച കരാർ അനുസരിച്ചു അവർ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കപ്പാസിറ്റി സെന്റർ ചെന്നൈയിൽ സ്ഥാപിക്കും.
നേരത്തെ സ്റ്റാലിൻ സാൻ ഫ്രാൻസിസ്കോയിൽ നിരവധി എം ഓ യുകൾ ഒപ്പുവച്ചു. ഇവ 4,600 തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കും. $156 മില്യൺ (1,300 കോടി രൂപ) നിക്ഷേപമാണ് എത്തുക.
ഓഹ്മിയം കമ്പനിയുമായി 400 കോടി രൂപയുടെ കരാറാണ് പൂർത്തിയായത്. ചെങ്കൽപെട്ട് ജില്ലയിൽ 500 പേർക്ക് തൊഴിൽ ലഭിക്കും.
ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് കമ്പനികളുടെ ആസ്ഥാനത്തു സന്ദർശനം നടത്തിയ സ്റ്റാലിൻ നിക്ഷേപങ്ങൾ കൊണ്ടു വരുന്ന എം ഓ യു ആണ് അവരുമായി ഒപ്പുവച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നോക്കിയയുമായുള്ള കരാർ അനുസരിച്ചു കമ്പനി പുതിയ ഗവേഷണ - വികസന വിഭാഗം തുറക്കും. 450 കോടി രൂപ മുടക്കി ചെങ്കൽപേട്ടിൽ കേന്ദ്രം തയാറാവുമ്പോൾ 100 പേർക്കാണ് തൊഴിൽ ലഭിക്കുക.
എ ഐ കേന്ദ്രീകരിച്ചുള്ള വികസന കേന്ദ്രം ചെന്നൈയിൽ സ്ഥാപിക്കാൻ പെയ്പാൽ ഗ്രൂപ്പുമായി കരാറായി. ആയിരം പേർക്കാണ് ജോലി കിട്ടുക.
കോയമ്പത്തൂരിലെ സുലൂരിൽ സെമികണ്ടക്റ്റർ നിർമാണത്തിനു യീൽഡ് എൻജിനിയറിങ് സിസ്റ്റംസ് കരാർ ഒപ്പിട്ടു. 150 കോടി രൂപ ചെലവ് വരുന്ന പ്രോജെക്ടിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.
മൈക്രോചിപ്പ് ചെന്നൈയിലെ സെമ്മഞ്ചേരിയിൽ ആർ ആൻഡ് ഡി സെന്റർ തുറക്കും. ചെലവ് 250 കോടി രൂപ. തൊഴിൽ കിട്ടുന്നത് 1,500 പേർക്ക്.
ചെന്നൈയിലെ താരാമണിയിൽ എ ഐ കേന്ദ്രത്തിനു അപ്പ്ലൈഡ് മെറ്റീരിയൽസുമായി കരാറായി. അഞ്ഞൂറ് പേർക്കു തൊഴിൽ ലഭിക്കും.
മധുരയിലെ വടപളഞ്ഞിയിൽ ഇൻഫിനിക്സ് സ്ഥാപിക്കുന്ന കേന്ദ്രം 700 പേർക്കു തൊഴിൽലഭ്യമാക്കും. മുതൽ മുടക്ക് 50 കോടി രൂപ.
ഗീക്മൈൻഡ്‌സ് എന്ന സ്ഥാപനം ചെന്നൈയിൽ ഐ ടി സർവീസസ് സെന്റർ തുറക്കും. ജോലി കിട്ടുന്നത് 500 പേർക്കാണ്.
ഓഗസ്റ്റ് 27നു എത്തിയ സ്റ്റാലിൻ മടങ്ങുന്നത് സെപ്റ്റംബർ 14നാണ്.
എട്ടു മാസം മുൻപാണ് ചെന്നൈയിൽ മൂന്നാം ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ ആറു ലക്ഷം കോടി രൂപയുടെ കരാറുകൾ ഒപ്പുവച്ചത്.
TN CM signs several deals in US