പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമെ ബ്രസീല്‍, സ്‌പെയിന്‍ തുടങ്ങിയ ഫുട്‌ബോള്‍ ശക്തി രാജ്യങ്ങളില്‍ നിന്നും താരങ്ങളെ അണിനിരത്തി ഏഴിനു കൊച്ചിയിൽ തുടക്കമിടുന്ന സൂപ്പര്‍ ലീഗ് കേരളയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി മഹീന്ദ്ര കരാര്‍ ഒപ്പിട്ടു. കൊച്ചി ജവാഹര്‍ലാല്‍ സ്റ്റേഡിയത്തിലായിരിക്കും താരനിബിഢമായ ഉദ്ഘാടനം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരി പയ്യനാസ് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണു വേദികള്‍.
കാലിക്കറ്റ് എഫ്.സി തൃശ്ശൂര്‍ എഫ്.സി., ഫോഴ്‌സാ കൊച്ചി, മലപ്പുറം എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിങ്ങനെ ആറു ടീമുകളാകും മത്സരിക്കുക.
ഇന്ത്യയിലെ പ്രമുഖ എസ്.യു.വി. നിര്‍മ്മാതാക്കളായ മഹീന്ദ്ര വേദികളില്‍ എസ്.യു.വി.മോഡലുകൾ പ്രദര്‍ശിപ്പിക്കും. ഐപി.എല്‍, ഫിഫ ലോകകപ്പ്, ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ്, വനിതാ ബോക്‌സിങ്ങ് ലോകകപ്പ് തുടങ്ങിയവയുമായൊക്കെ സഹകരിച്ചിട്ടുള്ള മഹീന്ദ്ര കേരളത്തിലെ ഫുട്‌ബോള്‍ പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ടാണ് സൂപ്പര്‍ ലീഗ് കേരളയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാകുന്നത്. കേരള ഫുട്‌ബോളില്‍ മഹീന്ദ്രാ സൂപ്പര്‍ ലീഗ് കേരള വലിയ മാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷ.