ഷിംല: കൂറുമാറുന്ന എംഎല്‍എമാർക്ക് ഇനി പെൻഷനില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട നിയമസഭാ അംഗങ്ങളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഹിമാചല്‍ പ്രദേശ്.
ഹിമാചല്‍ പ്രദേശ് നിയമസഭ (അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബില്‍ 2024 എന്ന ബില്‍ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം (കൂറുമാറ്റ നിരോധന നിയമം) നിയമസഭയിലെ അംഗം\ അംഗങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവർക്ക് പെൻഷനടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് അർഹതയില്ല എന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂറുമാറ്റം തടയാനുള്ള 1971 ലെ നിയമത്തില്‍ കർശന വ്യവസ്ഥകളില്ലാത്തതിനാലാണ് കാര്യക്ഷമമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് സർക്കാർ പ്രസ്താവനയില്‍ വ്യക്തമാക്കി.
2024-25ലെ ബജറ്റ് ചർച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുകയും പാർട്ടി വിപ്പ് ലംഘിക്കുകയും ചെയ്തതിനെ തുടർന്ന് സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാല്, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നീ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഈ വർഷം ആദ്യം അയോഗ്യരാക്കിയിരുന്നു. ഇതോടെ നിയമസഭാ അംഗങ്ങളുടെ എണ്ണം 34 ആയി കുറഞ്ഞത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും 40ലേക്ക് എത്തുകയായിരുന്നു.