പൂവിളി ഉയരുന്നത് ഗ്രാമങ്ങളിൽ നിന്നായിരുന്നു. ഇപ്പോൾ കാലം മാറി. നമുക്ക് ഗ്രാമങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ പൂക്കളും പൂത്തുമ്പികളും ഇല്ല. എന്നാൽ മാവേലി നാട് വാണീടും കാലം പോലൊരു കാലം ഓണക്കാലത്ത് നമുക്ക് കേരളത്തിൽ ഉണ്ടായിരുന്നു. പൊന്നിൻ ചിങ്ങം പിറക്കുമ്പോൾ മുതൽ സമൃദ്ധിയുടെ ദിവസങ്ങൾക്കായി ആബാലവൃദ്ധം ജനങ്ങളും ഒരുങ്ങുകയായി. അത്തം പത്തോണം, എല്ലാവരും ആഹ്‌ളാദത്തോടെ പറഞ്ഞു നടന്നു.
കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ശലഭങ്ങളെപോലെ പൂവുകൾ തേടി തൊടികളിൽ പറന്നു നടന്ന ഓർമ്മ മനസ്സിൽ മായാതെ നിൽക്കുന്നു. വീട്ടിൽ പൂക്കളം ഉണ്ടാക്കിയിരുന്നില്ലെങ്കിലും കൂട്ടുകാരികളുടെ കൂടെ കൂടി അവരെ സഹായിക്കുന്നത് വലിയ ആനന്ദമായിരുന്നു. വീടിന്റെ അതിരിലായി ഒരു തോട് ഒഴുകിയിരുന്നു. അതിലൂടെ ഒന്നോ രണ്ടോ താറാവുകൾ നീന്തി വരുമായിരുന്നു. തോട്ടിൻവക്കത്തെ പൂ പറിക്കുമ്പോൾ താറാവുകൾ ഞങ്ങളുടെ അടുത്തേക്ക് നീന്തി വരുമായിരുന്നു. എല്ലാവര്ക്കും പൂവട്ടി ഇല്ലായിരുന്നു. ഞങ്ങളൊക്കെ പൂ പാവാട മടക്കി അതിൽ നിറച്ചുകൊണ്ടുവരും. പൂക്കളം ഒരുക്കി കഴിഞ്ഞാൽ പിന്നെ ഓട്ടവും ചാട്ടവും തന്നെ. വീട്ടിലുള്ളവർ കാണാതെ കല്ല് കളിയും തുമ്പി തുള്ളലും. ചിലപ്പോൾ തുമ്പികളെ പിടിച്ചുകൊണ്ടുവന്ന് അവയെകൊണ്ട് കല്ല് എടുപ്പിക്കുന്നത് ഞങ്ങളുടെ വിനോദമായിരുന്നു. ഓണം ആസ്വദിച്ചിരുന്നത് വാസ്തവത്തിൽ കുട്ടികളാണ്. പരിക്ഷ കഴിഞ്ഞ സമയം. ഇടക്കൊക്കെ ചന്നം പിന്നം പെയ്യുന്ന മഴ അതിലൂടെ വെയിൽ. പ്രകൃതി വളരെ സുന്ദരിയായി അന്ന് കാണപ്പെട്ടിരുന്നു. ബാലമനസ്സുകളെപോലും മോഹിപ്പിക്കുന്ന വെയിലും മഴ ചാറ്റലും.
വളരുംതോറും ഓണം അകന്നു അകന്നു പോയി. പിന്നെ ഇങ്ങു അമേരിക്കയിൽ എത്തിയപ്പോഴും ഓണത്തിന്റെ മുഴുവൻ ആഘോഷം ആസ്വാദിക്കാൻ കഴിഞ്ഞില്ല. അന്നൊക്കെ വളരെ കുറച്ചു മലയാളികൾ മാത്രം. എന്നാലും കുറച്ചു കുടുംബങ്ങൾ ഒത്തുകൂടി ഓണ സദ്യ ഒരുക്കി ഓണക്കോടി ഉടുത്ത് തൃപ്തിപ്പെട്ടു. എല്ലാവരും നാട്ടിലെ ഓണത്തിന്റെ ഭംഗിയും ആഘോഷവും തമ്മിൽ തമ്മിൽ പറഞ്ഞു അയവിറക്കി.
പിന്നെ മലയാളികളുടെ എണ്ണം കൂടി. ന്യയോർക്കിൽ കേരളസമാജം രൂപീകരിച്ചു. അതോടെ ഓണത്തിന് വിവിധ കലാപരിപാടികളും ഓണ സദ്യയും കെങ്കേമമായി സംഘടിപ്പിച്ചു. ഓണം ഓരോ വർഷവും നമ്മൾ കാത്തിരിക്കുന്ന ആഘോഷം തന്നെ. അതിന്റെ പുറകിലെ കഥയോ ഐതിഹ്യമോ ഓർക്കാതെ എല്ലാവരും ഒത്തുകൂടുന്ന, സ്നേഹത്തിന്റെ. ഒരുമയുടെ ആഘോഷമായി നമ്മൾ അതിനെ കാണുന്നു. ഓരോ ഉത്സവങ്ങളും മനുഷ്യബന്ധങ്ങളെ കൂടുതൽ ശക്തിപെടുത്താനും ഉറപ്പിക്കാനും ഉതകുന്നതായിരിക്കണം.
ഈ വര്ഷം എന്റെ ഓണം ഫ്ളോറിഡയിലാണ്. നമ്മുടെ കേരളത്തിന്റെ പ്രകൃതിപോലെയുള്ള ഇവിടെ ചുറ്റിലും പ്ലാവ്, മാവ്, വാഴ എന്നിവയുണ്ട്. കൂടാതെ വീട്ടിൽ നട്ടുവളർത്തുന്ന പച്ചക്കറികളും. ഓണത്തെ പലരും
കാർഷിക ഉത്സവമായി കാണുന്നുണ്ട്. എനിക്ക് ചുറ്റും, പയറും, മുളകും, വെണ്ട, വഴുതിന അങ്ങനെ വിളവുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. ശലഭങ്ങളും, വണ്ടുകളും ഉണ്ട്. ഒരു പൂത്തുമ്പി പോലുമില്ല. എന്നാലും എന്റെ കുട്ടിക്കാലത്തു എനിക്ക് ഇഷ്ടമായിരുന്ന അണ്ണാറക്കണ്ണൻ ചിലപ്പോൾ ഓടി അടുത്തേക്ക് വരാറുണ്ട്. ഇന്നലെ പെയ്ത മഴയുടെ നനവ്. ആകാശം വളരെ നിർമ്മലമായിരിക്കുന്നു. നാട്ടിലെ ഓർമ്മകൾ ഉണർത്തികൊണ്ടു പക്ഷികൾ പറന്നു നടക്കുന്നു. ചെടിച്ചട്ടികളിൽ വിവിധ നിറങ്ങളിലുള്ള പൂക്കളുണ്ട്. വേണമെങ്കിൽ ഒരു പൂക്കളം ഉണ്ടാക്കാം. വെറുതെ മനസ്സിൽ മോഹങ്ങൾ നിറയുന്നു. തുകലശ്ശേരി എന്റെ ഗ്രാമമാണ്. തിരുവല്ലയിലുള്ള ഒരു കൊച്ചുഗ്രാമം. അവിടെ കുട്ടികാലത്ത് ഒരു ശലഭം പോലെ പറന്ന് നടന്നത് ഓർത്തുകൊണ്ട് ഇവിടെ ഈ ഏഴാം കടലിനക്കരെ വിശ്രമ ജീവിതം നയിക്കുമ്പോൾ ഇങ്ങനെ വന്നുപോകുന്ന വിശേഷങ്ങൾ സന്തോഷം നൽകുന്നു.
എല്ലാവര്ക്കും ഓണാശംസകൾ.