വാഷിംഗ്‌ടൺ: സർവേ പ്രവചനങ്ങൾ തുടരുകയാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെകാൾ കൂടുതൽ സ്ത്രീകൾ വോട്ടു ചെയ്യുക വൈസ് പ്രസിഡന്റ് കമല ഹാരിസിനായിരിക്കും എന്നാണ് പുതിയ കണ്ടെത്തൽ. 54 % സ്ത്രീകൾ ഹാരിസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ ട്രംപിന് ലഭിക്കുക 41 % ആയിരിക്കുമെന്ന് എ ബി സി ന്യൂസ്/ഇപ്‌സോസ് സർവേയിൽ വിലയിരുത്തി.
പ്രസിഡന്റ് ബൈഡനെക്കാൾ കൂടുതലായി ഇപ്പോൾ ഹാരിസിലേക്കു ചായുന്ന ഡെമോക്രറ്റുകളെ കുറിച്ചാണ് സർവ്വേ ഫലങ്ങൾ പറയുന്നത്.ജൂലൈയിൽ 34 % പേർ മാത്രമേ ബൈഡനെ പിന്തുണച്ചിരുന്നുള്ളു. ഇപ്പോൾ, പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയപ്പോൾ, 60 % പേർ ഹാരിസിനെ പിന്തുണക്കുന്നു.
ഹാരിസിന് ലഭിക്കാൻ ഇടയുള്ള 5 വോട്ടുകളിൽ ഒന്നു വീതം മറ്റു സ്ഥാനാര്ഥികളോടുള്ള വെറുപ്പിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ഈ നെഗറ്റീവ് വോട്ടിന്റെ ഗുണഭോക്‌താവ് ഹാരിസാണ് എന്നതു പക്ഷെ ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിൽ നിന്നു അവർക്കു കിട്ടിയ മെച്ചമല്ല.
ഹാരിസിന് സ്ത്രീകളുടെ പിന്തുണ വർധിച്ചപ്പോൾ ട്രംപ് പുരുഷന്മാരുടെ ഇടയിൽ 5% വർധിച്ച പിന്തുണ ഇതേ കാലയളവിൽ നേടി. റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പിൻവാങ്ങലും അദ്ദേഹം ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതും ഇത് വരെ വോട്ടർമാർക്കിടയിൽ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. ഇത് വ്യക്തമാവാൻ കുറേക്കൂടി കാത്തിരിക്കണം എന്ന് നിരീക്ഷകർ പറയുന്നു.
'ആക്റ്റീവോട്ടറിന്റെ' സെപ്റ്റംബർ രണ്ടിന്റെ സർവേയിൽ ട്രംപിന്റെ 65 വയസിനു മുകളിലുള്ള വെളുത്ത വർഗ്ഗക്കാരായ പുരുഷന്മാരുടെ പിന്തുണ മാറ്റമില്ലാതെ തുടരുന്നതായി കണ്ടെത്തി. ഇവർ മിക്കവാറും വലിയ വിദ്യാഭ്യാസം ഇല്ലാത്ത ഗ്രാമീണരാണ്. ട്രംപിന്റെ ഉറച്ച വോട്ട് ബാങ്ക് അങ്ങനെ തന്നെ തുടരുന്നു. 50 മുതൽ 64 വയസു വരെ പ്രായം ഉള്ളവരുടെ ഇടയിൽ ഹാരിസിനും ട്രംപിനും തുല്യ പ്രിയം ആണുള്ളത്. ഹാരിസിന് കറുത്ത വർഗക്കാർക്കിടയിലും, ചെറുപ്പക്കാർക്കും സ്ത്രീകൾക്കും ഇടയിലും മേൽകൈ ഉണ്ട്. കറുത്ത വർഗക്കാർക്കിടയിൽ അവർക്കു 52 % ൽ അധികം പ്രിയം ഉണ്ട്.
ട്രംപിന് ലാറ്റിനോ വോട്ടർമാർക്കിടയിൽ 6 % അധികം പ്രിയം ഉണ്ട്. മോർണിംഗ് കൺസൾട് 11 ,501 വോട്ടർ മാർക്കിടയിൽ നടത്തിയ 'മെഗാ' പോളിൽ സ്വതന്ത്രരുടെ ഇടയിലും ഹാരിസിനാണ് മുൻതൂക്കം എന്ന് കണ്ടെത്തി. ഇവരിൽ പത്തു പേരിൽ ഒരാൾ വീതം മൂന്നാമത് ഒരു സ്ഥാനാർഥിക്കു വോട്ടു ചെയ്യുമെന്ന് പറഞ്ഞു.
എന്നാൽ സവാന്റയുടെ പോളിൽ സാമ്പത്തികാവസ്ഥ, വിലക്കയറ്റം, തൊഴിൽ, കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ കൂടുതൽ ആശ്രയിക്കാവുന്നത് റിപ്പബ്ലിക്കൻ പാർട്ടിയെ മാത്രമാണ് എന്ന് അഭിപ്രായപ്പെട്ടു.
യുദ്ധഭൂമികളായി വിശേഷിപ്പിക്കപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ) സി എൻ എൻ സെപ്തംബർ 4നു നടത്തിയ പോളിൽ നാലെണ്ണത്തിൽ (വിസ്കോൺസിൻ, മിഷിഗൺ, ജോർജിയ, നെവാഡ) ഹാരിസിന് ലീഡ് ഉണ്ടായേക്കാം എന്ന് പറഞ്ഞു. ട്രംപിന് അരിസോണയിൽ ലീഡുണ്ട്. ബാക്കി രണ്ടെണ്ണത്തിൽ ഹാരിസും ട്രംപും തുല്യർ. ബൈഡൻ 2020 ൽ നേടിയ അരിസോണയിലെ ഹാരിസിന്റെ നില ശക്തമാണ് എന്നും കാണുന്നു.
ഡൊണാൾഡ് ട്രംപിന് രണ്ടു കോടതികളിൽ നിന്ന് വ്യത്യസ്തമായ വിധികൾ ലഭിച്ചു. ഒരു താത്കാലിക വിധിയിൽ വിധി പ്രസ്താവിക്കുന്നതിനുള്ള വിചാരണ സെപ്തംബര് 18 മുതൽ ആരംഭിക്കുമെന്നു ജഡ്ജ് ഹുവാന് മെർഷാൻ വിധിച്ചു. എന്നാൽ മറ്റൊരു കേസിൽ (പരാതിക്കാരിക്ക് പണം നൽകി ഒതുക്കാൻ ശ്രമിച്ചതിന്) വിചാരണ മാറ്റി വയ്ക്കാൻ ആ കോടതി തീരുമാനിച്ചത് ട്രംപിന് താത്കാലിക ആശ്വാസം നൽകും.
Women voters boost Harris