ഇസ്രയേലിന്റെ ഗാസയിലെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന സമീപനം മെറ്റയുടെ ഓവർസൈറ്റ് ബോർഡിലെ പല അംഗങ്ങളും അഗീകരിച്ചതായി റിപ്പോർട്ട്. പലസ്തീൻ ജനതയ്ക്കു പ്രിയപ്പെട്ട 'നദി മുതൽ കടൽ വരെ' (from the river to the sea) എന്ന മുദ്രാവാക്യം വിദ്വേഷ പ്രയോഗമല്ലെന്ന മെറ്റയുടെ നിലപാട് കടുത്ത വിമർശനം വിളിച്ചു വരുത്തിയതിനു പിന്നാലെയാണിത്.
മെറ്റയിൽ നിന്നു സ്വതന്ത്രമായി നിൽക്കുന്നു എന്നവകാശപ്പെടുന്ന ബോർഡിന്റെ തീരുമാനം ഫേസ്‌ബുക്-ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു മുദ്രാവാക്യം ഉപയോഗിക്കാം എന്നാണ്. എന്നാൽ ഹമാസിനെ വാഴ്ത്താനോ അക്രമത്തെ പ്രോത്സാഹിപ്പിക്കാനോ അത് ഉപയോഗിക്കരുത്.
മെറ്റാ ഉടമ മാർക്ക് സക്കർബർഗിന്റെ അംഗീകാരത്തോടെ 2020ൽ രൂപം നൽകിയ ബോർഡിൽ വ്യത്യസ്ത സാംസ്‌കാരിക-തൊഴിൽ പശ്ചാത്തലം ഉള്ള 21 പേരാണ് അംഗങ്ങൾ എന്നു വെബ്‌സൈറ്റിൽ പറയുന്നു. "മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്നവർ. ഫേസ്‌ബുക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവ ഉപയോഗിക്കുന്നവരുടെ വൈജാത്യം അവരിൽ പ്രതിഫലിക്കുന്നു."
ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്ന പലസ്തീൻ രാഷ്ട്രം എന്നർത്ഥം വരുന്ന മുദ്രാവാക്യം യഹൂദ രാഷ്ട്രത്തിനു ഭീഷണി ഉയർത്തുന്നു എന്നാണ് വിമർശകർ പറയുന്നത്. ഈ ഭൂപ്രദേശം ഇപ്പോൾ ഇസ്രയേലിൻറെ കൈയിലാണ്.
ബോർഡിൻറെ വോട്ടെടുപ്പിൽ ആരൊക്കെ പങ്കെടുത്തു എന്നു വ്യക്തമല്ല. ഒരു ന്യൂനപക്ഷം എതിർത്തു എന്ന് ബോർഡ് സമ്മതിക്കുന്നു. മുദ്രാവാക്യം ഹമാസിന്റെ ചാർട്ടർ ആണെന്നതാണ് അവരുടെ നിലപാട്.
എന്നാൽ മുദ്രാവാക്യത്തിന് പല അർഥങ്ങൾ ഉണ്ടെന്നും പല കാര്യങ്ങൾ ഉദ്ദേശിച്ചാണ് അത് ഉപയോഗിക്കുന്നതെന്നുമാണ് ഭൂരിപക്ഷ നിലപാട്.
"ഉള്ളടക്കം നിർണായകമാണ്," സഹാദ്ധ്യക്ഷൻ സാൻ മാർട്ടിൻ പറഞ്ഞു. "ഒരു രാഷ്ട്രീയ മുദ്രാവാക്യം നിരോധിക്കുക മാത്രം ചെയ്യുന്നതു കൊണ്ടു കാര്യമില്ല. ചർച്ചയ്ക്കു പഴുതുണ്ടാവണം. പ്രത്യേകിച്ച് പ്രതിസന്ധിയുടെയും സംഘർഷത്തിന്റെയും കാലഘട്ടത്തിൽ."
തീരുമാനം എല്ലാ അംഗങ്ങളുടെയും അഭിപ്രായം നിഴലിക്കുന്നതല്ല എന്നു ബോർഡ് പറഞ്ഞു. 21 അംഗങ്ങളിൽ ഒരൊറ്റ ഇസ്രയേലി മാത്രമേയുള്ളു.
വേൾഡ് ജ്യൂവിഷ് കോൺഗ്രസ് തീരുമാനത്തിൽ 'കടുത്ത നിരാശ' പ്രകടിപ്പിച്ചു.
Palestinian phrase not anti-semitic, says Meta board