ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലി, ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍ പാലസില്‍ വച്ച് സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഓണാഘോഷം നടത്തി. അതോടനുബന്ധിച്ച് വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ സമാധിശതാബ്ദി അനുസ്മരണവും നടത്തി.
പ്രസിഡന്റ് ജി.കെ. നായര്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി പത്മാവതി നായരും ഫസ്റ്റ് ലേഡി ജഗദമ്മ നായരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. മാസ്റ്റര്‍ ഈശാനും ധീരജും ചേര്‍ന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഓണ സന്ദേശം നല്‍കിയശേഷം എന്‍.ബി.എ യുടെ ഫൗണ്ടിങ് ഫാദേഴ്‌സില്‍ ഒരാളായ Dr. പി.ജി. നായര്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ഓണസമ്മാനവും നല്‍കുകയുണ്ടായി.
വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള ഫണ്ട് കളക്റ്റു ചെയ്തത് സേവാഭാരതി ഇന്റര്‍നാഷണല്‍ വഴി അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുവാനും തീരുമാനിച്ചു.
തുടര്‍ന്ന് ട്രഷറര്‍ കൃഷ്ണകുമാര്‍ ചട്ടമ്പിസ്വാമികളുടെ ശതാബ്ദി അനുസ്മരണ ഗുരുവന്ദനം ആലപിച്ചു. അയ്യപ്പസേവാസംഘം പ്രസിഡന്റും കെ.എച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡ് അംഗവുമായ ഗോപിനാഥ് കുറുപ്പ് പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 1853 ഓഗസ്റ്റ് 25ന് ജനനം മുതല്‍ 1924 മേയ് 5ന് സമാധിയാകുന്നതുവരെയുള്ള ലഘുവിവരണവും സമാധിശതാബ്ദി അനുസ്മരണവും നടത്തി. എന്‍.എസ്.എസ്. ഹഡ്‌സണ്‍വാലി പ്രസിഡന്റ് ജി.കെ. നായര്‍, എന്‍.ബിഎ. മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, എന്‍.ബി.എ. ജോയിന്റ് സെക്രട്ടറിയും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ജയപ്രകാശ് നായര്‍, മന്ത്ര നാഷണല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഇലക്റ്റ് കൃഷ്ണരാജ് മോഹന്‍ തുടങ്ങിയവര്‍ ചട്ടമ്പിസ്വാമികളുടെ സമാധിശതാബ്ദിയില്‍ സ്വാമിജിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.
ജയപ്രകാശ് നായര്‍ ആലപിച്ച ഓണക്കവിതയും സുജിത്തിന്റെ ഗാനാലാപനവും സദസ്സ് ആസ്വദിച്ചു. എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍ വാലി ന്യൂയോര്‍ക്കിന്റെ അംഗങ്ങളുടെ മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജന്മനക്ഷത്രം വരുന്നവരുടെ ''ബര്‍ത്ത് ഡേ'' കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. സിത്താര്‍ പാലസ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം സെക്രട്ടറി പത്മാവതി നായര്‍, പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍