ഹൂസ്റ്റണ്‍: ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ സ്നേഹത്തിന്റെ നിറവും, സാഹോദര്യത്തിന്റെ ഗന്ധവും സമത്വത്തിന്റെ മഹത്വവും സമ്പത്തിന്റെ സുരക്ഷയും നിറയ്ക്കുന്നതാണ് ഓരോ ഓണക്കാലവും. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ക്രിയാത്മക വിമര്‍ശനത്തിന്റെയും കേദാരവും മലയാള സാഹിത്യ സ്നേഹികളുടെ അമേരിക്കയിലെ പ്രഥമ കൂട്ടായ്മയുമായ ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറം ഇക്കൊല്ലത്തെ ഓണം പരമ്പരാഗത വര്‍ണരാജിയോടെ അല്‍പ്പം നേരത്തെ തന്നെ ആഘോഷിച്ചു.
ജേക്കബ് സാമിന്റെ ശ്രുതിസുന്ദരമായ ഓണക്കവിതയോടെയാണ് ഗൃഹാതുര സ്മരണകള്‍ തുളുമ്പിയ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ബോബി മാത്യു ആലപിച്ച ഓണപ്പാട്ട് സംഘാംഗങ്ങള്‍ ഏറ്റുപാടി. ഡോ. സണ്ണി എഴുമറ്റൂര്‍, അലക്സാണ്ടര്‍ ഡാനിയേല്‍, എ.സി ജോര്‍ജ്, ജോസഫ് നമ്പിമഠം, റെയ്ന റോക്ക് തുടങ്ങിയവര്‍ തങ്ങളുടെ ബാല്യകാല ഓണനാളുകളിലെ ഒരുമയെക്കുറിച്ചും ഇന്നത്തെ സാമൂഹിക വിവേചനങ്ങളെപ്പറ്റിയും സംസാരിച്ചു.
രണ്ട് പുസ്തക പ്രകാശനങ്ങള്‍ക്കും യോഗം സാക്ഷ്യം വഹിച്ചു. ഡോ. മാത്യു വൈരമണ്‍ രചിച്ച 'ആത്മീയ കാല്‍പ്പാടുകള്‍' എന്ന പുസ്തകം ഡോ. സി.എം ജേക്കബ് ഡോ. സണ്ണി എഴുമറ്റൂരിന് നന്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഇരുവരും ഈ ജീവചരിത്ര ഗ്രന്ഥത്തെപ്പറ്റി ഹ്രസ്വമായി പ്രതിപാദിച്ചു. അടുത്തതായി പ്രകാശനം ചെയ്യപ്പെട്ടത് ജോണ്‍ മാത്യുവിന്റെ 'യുഗങ്ങള്‍ അവസാനിക്കുന്നില്ല' എന്ന 500 പേജുകളുള്ള നോവലാണ്. ബോബി മാത്യു ഒരു കോപ്പി ഓമന രാജന് നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. നോവലിസ്റ്റും ചുരുങ്ങിവാക്കുകളില്‍ തന്റെ കൃതിയെപ്പറ്റി സംസാരിച്ചു.
ഇത് കേരള റൈറ്റേഴ്സ് ഫോറത്തിന്റെ 35-ാം വാര്‍ഷികാഘോഷം കൂടിയാണ്. ആ ആസുലഭ നേട്ടത്തിന്റെ ആഹ്ലാദ സൂചകമായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത് പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍, ഡിട്രോയിറ്റിലെ അബ്ദുള്‍ പുന്നയൂര്‍ക്കുളമാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഈ അവാര്‍ഡ് മാത്യു നെല്ലിക്കുന്നില്‍ നിന്ന് മാത്യു മത്തായി സ്വീകരിച്ചു. തദവസരത്തില്‍ ഓമന രാജന്റെ ഗാനാലാപനം ആഘോഷങ്ങള്‍ക്ക് ഏറെ മധുരം പകര്‍ന്നു.
കേരള റൈറ്റേഴ്സ് ഫോറത്തിന്റെ മുന്‍ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എബ്രഹാം തെക്കേമുറി (ഡാളസ്), ജേക്കബ് പനയ്ക്കല്‍ (ഫിലഡല്‍ഫിയ) എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. റൈറ്റേഴ്സ് ഫോറം സെക്രട്ടറി മോട്ടി മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റൈറ്റേഴ്സ് പോറത്തിന്റെ 21-ാമത് പുസ്‌കം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പബ്ളീഷിങി കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു.
പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അടുത്ത മീറ്റിങ്ങിനെക്കുറിച്ച് അറിയിക്കുകയും ട്രഷറര്‍ മാത്യു മത്തായി ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സ്റ്റാഫോര്‍ഡിലെ കേരള കിച്ചണ്‍ റസ്റ്റോറന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷ പരിപാടികള്‍ പര്യവസാനിച്ചപ്പോള്‍ റൈറ്റേഴ്സ് ഫോറം കുടുംബാംഗങ്ങള്‍ പരസ്പരം ഓണാശംസകള്‍ നേര്‍ന്നു.