ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിൽ സെപ്റ്റംബർ 10നു നടക്കുന്ന ആദ്യ ഡിബേറ്റിൽ വ്യവസ്ഥകൾ തീരുമാനമായെന്നു എ ബി സി ന്യൂസ് പ്രഖ്യാപിച്ചു. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാളുടെ മൈക്ക് ഓഫ് ചെയ്യുക എന്ന വ്യവസ്ഥയ്ക്കു ഹാരിസ് വഴങ്ങി എന്ന് എ ബി സി അറിയിച്ചു.
ഇടയ്ക്കു കയറി നിയന്ത്രണമില്ലാതെ സംസാരിക്കുന്ന ട്രംപ് അങ്ങിനെ അപഹാസ്യനാവാൻ വേണ്ടി മൈക്ക് തുറന്നു വയ്ക്കണം എന്ന ആവശ്യം ഹാരിസ് കാമ്പയ്ൻ ഉന്നയിച്ചത് തർക്കമായിരുന്നു. ജൂൺ 27നു നടന്ന ഡിബേറ്റിൽ മൈക്ക് ഓഫ് ചെയ്യണമെന്നു പ്രസിഡന്റ് ബൈഡൻ നിഷ്കർഷിച്ചിരുന്നു.
എന്നാൽ ഹാരിസ് വന്നപ്പോൾ മറിച്ചൊരു നീക്കമാണ് നടത്തിയത്. ട്രംപ് പക്ഷെ പഴയ വ്യവസ്ഥയിൽ പിടിച്ചു നിന്നു.
ഹാരിസിനു പരമാവധി സംസാരിക്കാൻ സൗകര്യം കൊടുക്കുമെന്നു ബുധനാഴ്ച്ച ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. പരസ്യ വേദികളിൽ സംസാരിക്കുമ്പോൾ ഹാരിസ് അബദ്ധങ്ങൾ എഴുന്നെള്ളിക്കും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മൈക്ക് നിശബ്ദമാക്കുന്നതിനെ പക്ഷെ ബുധനാഴ്ചയും ഹാരിസ് കാമ്പയ്ൻ എതിർത്തു. അത് ട്രംപിനു സൗകര്യമാവും എന്നാണ് ആരോപണം.
അതേ സമയം, ട്രംപിനു ഒഴിവാക്കാൻ അവസരം കൊടുക്കേണ്ട എന്നു കരുതി വ്യവസ്ഥയ്ക്കു വഴങ്ങുന്നുവെന്നു ഹാരിസ് കാമ്പയ്ൻ പറഞ്ഞു. ഡിബേറ്റ് നടക്കണം എന്നു തന്നെയാണ് ഹാരിസിന്റെ ആഗ്രഹം.
ഹാരിസ് വേണ്ടത്ര സംസാരിക്കട്ടെ എന്നു ട്രംപ് പറഞ്ഞത് ഫോക്സ് ന്യൂസിലെ ഷോൺ ഹാനിറ്റിയുമായുള്ള അഭിമുഖത്തിലാണ്.
Both campaigns agree to debate rules