രാത്രിയിൽ
പച്ചപ്പുൽത്തകിടിക്ക്
തീയിട്ടതിന്റെ പേരിൽ
പകൽ നീളേ
മിന്നാമിനുങ്ങുകൾക്ക്
മഹാനായ സൂര്യൻ
വിലക്കേർപ്പെടുത്തി,
പൂർണ്ണചന്ദ്രന്റെ
പരിപൂർണ്ണപിന്തുണയോടെ!
2
എളിയവരിൽ എളിയവരായ
മിന്നാമിന്നികളെല്ലാം
ഒത്തുകൂടി ചിന്തിച്ചുറപ്പിച്ചു :
ഇന്ന് മാറ്റണം അഹങ്കാരിയായ അരിവാൾക്കാരനെ
അതിനു കഴിഞ്ഞില്ലെങ്കിൽ,
പുലരട്ടെ നാളെ,
മാറ്റാം വെളിച്ചത്തിന്റെ
കുത്തകമുതലാളിയായ സൂര്യനെ;
സിന്ദാബാദ് സിന്ദാബാദ്
മിന്നാമിന്നികൾ സിന്ദാബാദ്!
3
ഒരു രാത്രി സ്വർഗ്ഗീയനായ
കലാഭവൻ മണിയുടെ
വികാരനിർഭരമായ പാട്ട് കേട്ടതും
ദ്യോതകങ്ങൾ ഒന്നടങ്കം
പൊട്ടിക്കരഞ്ഞു പോയി
കണ്ണീരിന് ആരും
തെളിവ് ചോദിക്കേണ്ട
നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ
പുലരിയിൽ വിടർന്ന
ഒരു പനിനീർപ്പൂവിതളിൽ
ആ തെളിവ് ബാക്കി കാണും.
4
മരണമടുത്തെങ്കിലും
കുട്ടിക്കൗതുകമിനിയുമണയാത്ത
ഒരറുപതുകാരന്റെ ഇരുണ്ട മുറി.
അവിടെ അവസാനത്തെ തരി
വെളിച്ചവുമായി ഒരു മിന്നാമിന്നിയെത്തി.
വൃദ്ധൻ മിന്നാമിന്നിയെ കടന്നു പിടിച്ചു.
ഇതിന്റെ സ്വിച്ച് എവിടെ?
പ്രാണിയുടെ പിടച്ചിലിനിടയിൽ
വൃദ്ധൻ പിറുപിറുത്തു:
സ്വിച്ച് കണ്ടുപിടിച്ചിട്ട് മതി
ഇനി ഫാനിൽ കെട്ടിത്തൂങ്ങി-
യൊടുങ്ങുന്ന കാര്യമൊക്കെ!
5
ശവയാത്ര പിറ്റേന്ന്
സന്ധ്യയ്ക്കായിരുന്നു
വിവരമറിഞ്ഞെത്തിയ
മിന്നാമിന്നികൾ
മഞ്ഞവെളിച്ചപ്പൊട്ടുകളാൽ
ചുവന്ന ശവക്കോടി വിതാനിച്ചു.
ജൈവദീപ്തിക്കൊട്ടും
കുറവു വരുത്താതെ
ലാംപൈറിസ് നൊക്ടിലുക്കകൾ
വഴി നീളേ പരേതന്റെ
നിത്യശാന്തിക്കായ് ശരണം വിളിച്ചു :
ഗോവിന്ദഗോവിന്ദ ഗോ....... വിന്ദാ!