Image

സാത്താന്‍ സേവയുടെ കാണാപ്പുറങ്ങളുമായി 'വിരുന്ന്' -റിവ്യൂ

Published on 07 September, 2024
സാത്താന്‍ സേവയുടെ കാണാപ്പുറങ്ങളുമായി 'വിരുന്ന്' -റിവ്യൂ

സാത്താന്‍ സേവയെ കുറിച്ച് കേരളത്തില്‍ അറിയപ്പെട്ട് തുടങ്ങിയിട്ട് അധികനാളായില്ല. എന്നാലും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അരങ്ങേറിയിട്ടുള്ള കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് നമ്മുടെ നാട് പലവട്ടം സാക്ഷിയായിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ടവര്‍ പലരും ഇന്നും ഇരുമ്പഴിക്കുള്ളിലാണ്. ഇങ്ങനെ നമ്മുടെ നാട്ടില്‍ നടക്കുന്ന വലിയൊരു സാമൂഹ്യവിപത്തിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഒരിക്കല്‍ കൂടി അഭ്രപാളിയിലൂടെ കാട്ടിത്തരികയാണ് സംവിധാകന്‍ കണ്ണന്‍ താമക്കുളം.

ജോണ്‍ കളത്തില്‍ എന്ന പ്രമുഖ ബിസിനസ്‌കാരന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടാണ് ആ നാടുണരുന്നത്. എന്നാല്‍ സാമ്പത്തിക ബാധ്യത കാരണമാണ് അയാള്‍ ആത്മഹത്യചെയ്തതാണ് എന്നതാണ് നാട്ടുകാരുടെ വിശ്വാസം. ഈ സംഭവത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ് ഓട്ടോ ഡ്രൈവര്‍ ഹേമന്ദ്. അച്ഛന് ക്യാന്‍സര്‍ വന്നാണ് മരിച്ചത്. അതുകൊണ്ടു തന്നെ രോഗികളോട് അയാള്‍ക്ക് പ്രത്യേക സഹാനുഭൂതിയുണ്ട്. ആഴ്ചയിലൊരിക്കല്‍ അയാള്‍ ആര്‍.സി.സിയില്‍ പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്രയൊരുക്കും. അങ്ങനെ ഒരു ദിവസം തന്റെ പതിവ് ഓട്ടത്തിനിടയിലാണ് കണ്‍മുന്നില്‍ നടക്കുന്ന ഒരു വാഹനാപകടത്തിന് ദൃക്‌സാക്ഷിയാകുന്നത്. അത് കുറച്ചു നാളുകള്‍ക്ക് മുമ്പു കൊല്ലപ്പെട്ട ബിസിനസ് പ്രമുഖന്‍ ജോണിന്റെ ഭാര്യ എലിസബത്തായിരുന്നു. അപകടത്തില്‍ മരിക്കുന്നതു മുമ്പ് റോഡില്‍ കണ്ട ഓട്ടോ ഡ്രൈവറോട് അവര്‍ കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അയാള്‍ക്ക് അവര്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ട വിധം ഗ്രഹിക്കാന്‍ കഴിയുന്നില്ല. എങ്കിലും അതിന്റെ പിന്നിലെ നിഗൂഢതകള്‍ തേടി അയാള്‍ മുന്നോട്ടു യാത്ര തുടരുന്നു. ഈ യാത്രയില്‍ അയാള്‍ക്കൊപ്പം മറ്റു ചിലര്‍ കൂടി ചേരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്.

സാത്താന്‍ സേവ നടത്തുന്നവരിലും രൂഢമൂലമായിരിക്കുന്ന വിശ്വാസവും ലക്ഷ്യവും തങ്ങള്‍ക്ക് ലോകത്തിന്റെ അധിപരാകുക എന്നതു തന്നെയാണ്. അധികാരം കൈയ്യടക്കാനുള്ള അദമ്യമായ ആഗ്രഹം. പക്ഷേ അത് നിറവേറ്റുന്നത് ശരിയായ വഴികളിലൂടെയല്ല എന്നു മാത്രം. സമീപ കാലത്ത് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം ആന്ധ്രയിലുമെല്ലാം അരങ്ങേറിയ സാത്താന്‍സേവയുമായി ബന്ധപ്പെട്ട നീച കൃത്യങ്ങളാണ് ഈ ചിത്രത്തിന് ആധാരം. ഹീബ്രുഭാഷയിലുള്ള മന്ത്രോച്ചാരണങ്ങളും സംഭാഷണങ്ങളും കഥാപാത്രങ്ങള്‍ സംസാരിക്കുന്നുണ്ട്. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചാല്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ഈ ലോകത്തിന്റെ മുഴുവന്‍ അധിപരാകാന്‍ കഴിയുമെന്നുള്ള മൂഢസങ്കല്‍പ്പത്തിലും വിശ്വാസത്തിലും അടിയുറച്ചു വിശ്വസിക്കുകയും അതിനായി നിരപരാധികളുടെ പോലും ജീവന്‍ ബലികഴിക്കുകയും ചെയ്യുന്ന സാത്താന് തുല്യരായ മനുഷ്യരെ കുറിച്ചും വ്യക്തമാക്കുകയാണ് ഈ ചിത്രത്തില്‍. ഇത്തരം സാമൂഹ്യതിന്‍മയ്‌ക്കെതിരേ ശക്തമായ ബോധവല്‍ക്കരണത്തിനും ചിത്രം ഇടം തരുന്നുണ്ട്.

തമിഴകത്തിന്റെ പ്രിയപ്പെട്ട ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജ ചിത്രത്തിലൂടനീളം നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമായി എത്തുന്നുണ്ട്. മിതത്വമുളള അഭിനയവും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കൊണ്ട് അര്‍ജുന്‍ പ്രേക്ഷകനെ കൈയ്യിലെടുത്തിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ഏറെയുള്ള ചിത്രം മികച്ച ത്രില്ലര്‍ അനുഭവമാണ് നല്‍കുന്നത്. ചിത്രത്തില്‍ ബാലേട്ടനായെത്തിയ ബൈജു സന്തോഷ് തന്റെ കരിയറിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലുടനീളം തമാശ നിറഞ്ഞ സംഭാഷണങ്ങളുമായി സഖാവ് ബാലേട്ടന്‍ എന്ന കഥാപാത്രമായി ബൈജു ഏറെ തിളങ്ങി. ഓട്ടോ ഡ്രൈവറായി എത്തുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗിരീഷ് നെയ്യാര്‍ തന്നെയാണ്. നിക്കി ഗല്‍റാണിയുടെ കഥാപാത്രവും തിളങ്ങിയിട്ടുണ്ട്.

ദൈവവിശ്വാസം നയിക്കേണ്ട മനുഷ്യ മനസ്സിനെ സാത്താന്‍ നയിക്കാന്‍ തുടങ്ങിയാല്‍ ഈ ലോകത്ത് സംഭവിക്കുന്ന ദുരൂഹവും ഹീനവുമായ സംഭവങ്ങളെ കുറിച്ച് 'വിരുന്ന്' വ്യക്തമാക്കുന്നു. ടിക്കറ്റ് ചാര്‍ജ്ജ് മുതലാകുമെന്നതില്‍ സംശയമില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക