എല്ലാം പരസ്പരം തുറന്നു പറഞ്ഞ് ഒളിച്ചു വയ്ക്കലുകളില്ലാതെ മുന്നോട്ടു പോകുന്നതാണ് യഥാര്‍ത്ഥ ദാമ്പത്യം. വിവാഹ ജീവിതത്തിന്റെ മാത്രമല്ല, കുടുംബജീവിതത്തിന്റെ തന്നെ കെട്ടുറപ്പിന് അതാവശ്യമവുമാണ്. എന്നാല്‍ കുടുംബജീവിതത്തില്‍ നുണകള്‍ പറഞ്ഞ് പല കോട്ടകളും കെട്ടി അതില്‍ ജീവിക്കുന്നവരുണ്ട്. ചിലര്‍ ജീവിതം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നതിനോ, അതല്ലെങ്കില്‍ പങ്കാളി അറിഞ്ഞാല്‍ കുടുംബജീവിതം തകരുമെന്ന ഭീതിയിലോ ആകാം ഇത്തരം നുണക്കോട്ടകള്‍ തീര്‍ക്കുന്നത്. ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനോ, സമാധാനത്തിനോ എന്നൊക്കെ പറഞ്ഞാലും നുണകള്‍ ചമഞ്ഞ് അതിന്റെ മേല്‍ തീര്‍ത്ത സാമ്രാജ്യം ഒ രു ദിവസം തകര്‍ന്ന് സത്യങ്ങള്‍ പുറത്തു വരികതന്നെ ചെയ്യും. സമാനരീതിയില്‍ നുണകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഒരു ഗൃഹനഥന്റെ കഥയാണ് 'ഭരതനാട്യം' എന്ന ചിത്രത്തില്‍ പറയുന്നത്. ഒപ്പം ചിരിക്കാനും ചിന്തിക്കാനുള്ള വകയും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്.
നാട്ടിലെ അമ്പലവും അവിടുത്തെ പ്രവര്‍ത്തനങ്ങളും കുറച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമൊക്കെയായി നടക്കുന്ന അവിവാഹിതനായ ചെറുപ്പക്കാരനാണ് ശശിധരന്‍(സൈജ കുറുപ്പ്). വേറെ കാര്യമായ ജോലിയൊന്നുമില്ല. സാമാന്യം സമ്പത്തുള്ള കുടുംബം. അച്ഛന്‍ ഭരതനും (സായി കുമാര്‍), അമ്മ സരസ്വതി(കലാരഞ്ജിനി)യും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് ശശിദരന്റെ കുടുംബം. സഹോദരിമാരെ വിവാഹം ചെയ്‌തെങ്കിലും അവരും സ്വന്തം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. അച്ഛന്‍ ഭരതനാകട്ടെ, ഭാര്യയോടും മക്കളോടും വളരെ സ്‌നേഹമാണ്. എന്നാല്‍ അതൊന്നും പുറത്തു കാണിക്കില്ല. എല്ലാം ഉള്ളിലടക്കി പിടിച്ചൊരു പെരുമാറ്റവും സംസാരവുമാണ്. പറമ്പില്‍ നിന്നു കിട്ടുന്ന ആദായം കൊണ്ട് വീട്ടു ചെലവുകള്‍ കഴിഞ്ഞു പോകുന്നു. കാര്യങ്ങള്‍ അങ്ങനെ പോകുന്നതിനിടയില്‍ ഒരു ദിവസം ഭരതന്‍ തളര്‍ന്ന് കിടപ്പിലാകുന്നു. അതോടെ ശശിയും കുടുംബവും പ്രാരാബ്ധങ്ങളിലേക്കാണ് വീഴുന്നത്. ആകെ ഒരു അനിശ്ചിതത്വം ജീവിതത്തില്‍ നിറയുന്നു. തന്റെ മരണം അടുത്തു എന്നുറപ്പായ ഭരതന്‍ മകന്‍ ശശിധരനെ അടുത്തു വിളിച്ച് അതു വരെ ഭരതന്റെ മനസ്സില്‍ സൂക്ഷിച്ച കുറേ സത്യങ്ങള്‍ പറയുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഭരതന്‍ മകനോട് സ്‌നേഹത്തോടെ സംസാരിക്കുന്നത്. ശശിക്കും അതില്‍ ഏറെ സന്തോഷം തോന്നിയെങ്കിലും അച്ഛന്‍ പിന്നീട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശശിയുടെ മനസ്സിലിരുന്ന് പുകഞ്ഞ് നീറുകയാണ്. ആരോടും തുറന്നു പറയാന്‍ കഴിയാത്ത അവസ്ഥ. ഇതേ തുടര്‍ന്ന് ശശിയും കുടുംബവും കടന്നു പോകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.
ടൈറ്റില്‍ റോളിലെത്തിയ സായികുമാറിന്റെ ഇരുത്തം വന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കര്‍ക്കശക്കാരനായ പിതാവായും മരണം കാത്തു കഴിയുന്ന ശയ്യാവലംബിയായ മനുഷ്യനായും സായി കുമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യഥാര്‍ത്ഥ ജീവിതത്തിലും രോഗാതുരമായ ഒരു ഘട്ടം പിന്നിട്ട സായി കുമാറിനെ സംബന്ധിച്ച് ലഭിച്ച കരുത്തുറ്റ കഥാപാത്രമാണ് ഭരതന്‍. സ്വതസിദ്ധമായ അഭിനയശൈലികൊണ്ട്‌സൈജു കുറുപ്പ് ശശിധരനെയും കലാരഞ്ജിനി സരസ്വതിയേയും മികച്ചതാക്കി. സോഹന് സീനുലാല്‍, നന്ദു പൊതുവാള്‍, അഭിരാം രാധാകൃഷ്ണന്‍, ദിവ്യ എം.നായര്‍, ശ്രീജ രവി, ശ്രുതി സുരേഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
വേറിട്ട സംവിധാന ശൈലി കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തുകയാണ് നവാഗത സംവിധായകനായ കൃഷ്ണദാസ് മുരളി. മനുമഞ്ജിത്തിന്റെ ഗാനങ്ങളും സാമുവല്‍ എബിയുടെ സംഗീതവും ചിത്രത്തിന്റെ ആകെയുള്ള മൂഡിന് ചേരുന്നതായി. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രം തിയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കാം.