Image

വഴിപിരിഞ്ഞ വിപ്ലവം (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 34- സാംസി കൊടുമണ്‍)

Published on 08 September, 2024
വഴിപിരിഞ്ഞ വിപ്ലവം  (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 34- സാംസി കൊടുമണ്‍)

''1968 ഏപ്രില്‍ നാലിന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ കൊല്ലപ്പെട്ടു. അതിനുശേഷമുള്ള അമേരിയ്ക്കയിലെ സിവില്‍ റൈറ്റ് മൂവ്‌മെന്റിന്റെ ചരിത്രം എങ്ങനെയായിരുന്നു. അടിമവംശത്തിലെ ഒരോരുത്തരുടെയും ചരിത്രം കൂടിയാണത്.''

ലെഞ്ചുബ്രെക്കിന് പതിവുപോലെ ലഞ്ചുറൂമിലെ വട്ടമേശക്കു ചുറ്റും കൂടിയവര്‍ പണ്ടെങ്ങോ പറഞ്ഞു നിര്‍ത്തിയ അമേരിയ്ക്കയുടെ കറുത്ത ചരിത്രം പറയാനുള്ള പുറപ്പാടിലായിരുന്നു.റീനയുടെ മനസ്സ് അതിലേക്ക് ഇറങ്ങുന്നില്ല. രണ്ടുദിവസത്തെ അവധിയെടുത്ത് റോബിനുള്ള ശ്രാദ്ധമൂട്ടി, ഇളകിയ മനസ്സിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലായിരുന്നു. പതിനേഴാം വയസ് ഒരുകുഞ്ഞിനു മരിക്കാനുള്ള പ്രായമോ... രോഗത്താലോ, അപകടങ്ങളാലോ മരിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും സിസ്റ്റമിക്ക് റെയിസിസം എന്നടയാളപ്പെടുത്തിയ അടിസ്ഥാന വര്‍ഗ്ഗിയതയുടെ ഇരയായവനുവേണ്ടി പ്രതികാരം ചെയ്യേണ്ടെ...എങ്കിലല്ലേ അവന്റെ ആത്മാവിനു ശാന്തികിട്ടു... ഒട്ടുമിക്ക മതങ്ങളും ആത്മാവിന്റെ മുക്തിയെക്കുറിച്ചു പറയുന്നു. തീര്‍ച്ചയായും ആഫ്രിക്കന്‍ ഗോത്രാചാരങ്ങളില്‍ ആത്മാവിന്റെ മോക്ഷത്തിനായി കര്‍മ്മങ്ങള്‍ ചെയ്യെണ്ടിയിരിക്കുന്നു. അവന്റെ ആത്മാവിനു മോചനം കിട്ടാന്‍ എന്താണു ചെയ്യേണ്ടത്. ഒരു ക്രിസ്ത്യന്‍ വിശ്വാസിക്ക് ആഭിചാരകര്‍മ്മങ്ങള്‍ പാടില്ല. പക്ഷേ അവന്റെ പ്രാണനെ എടുത്തവരോട് എങ്ങനെ ക്ഷമിക്കും. ഇങ്ങനെ ഒക്കെ ഒര്‍ക്കുമ്പോള്‍ പക ഏറും. പകയടക്കാന്‍ പല്ലിറുമ്മിയും കൈകാലിട്ടടിച്ചും സ്വയം പീഡിപ്പിക്കും... എന്നിട്ടും ശാന്തികിട്ടാത്ത ആത്മവിനുവേണ്ടി വിസ്‌കിയുടെ നാലു പെഗില്‍ ഓര്‍മ്മകളെ, വേദനകളെ ഒക്കെ മരവിപ്പിക്കാം എന്നു മോഹിക്കുമെങ്കിലും ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ട് അത്മാവിനേറ്റ എല്ലാ പീഡകളും നിരനിരയായി എഴുനേറ്റു ചോദിക്കുന്നു: നീ ഇതോര്‍ക്കുന്നുണ്ടോ..? ഇതു നിനക്കു മറക്കാന്‍ കഴിയുമോ...?ഇതും നീ തന്നെയല്ലെ അനുഭവിച്ചത്...? നിന്റെ അമ്മക്കു പറ്റിയതു നീ മറന്നുവോ... നിന്റെ സഹോരന്മാരും സഹോദരിയും എവിടെ...? നിന്റെ സഹോദരന്‍ തന്നെയല്ലെ ബേഗുളുകടക്കാരനെ കൊന്നത്...അവനെന്തു പറ്റി...?പിന്നെ ഇവിരെല്ലാവരും കൂടി ബഡ്ഡില്‍ തനിക്കൊപ്പം കിടന്ന് മേയുന്നു. തന്റെ സ്വസ്ഥതയുടെ ആണിക്കല്ലുകള്‍ മാന്തുമ്പോള്‍ പിന്നേയും മദ്യം...മെല്ലെ ഞരമ്പുകള്‍ അയയാന്‍തുടങ്ങും. ഇന്നലെരാത്രിയും അങ്ങനെയാണു കിടക്കയിലേക്കുരുട്ടിയിട്ടത്. രാവിലെയുടെ ഉണര്‍വ്വ് എന്നൊന്നില്ലാതായിരിക്കുന്നു. നേരം വെളുക്കുവേളം ആരൊക്കെയോ കൂടെയുണ്ടായിരുന്നു.അവര്‍ തന്നെ ഏതൊക്കയോ വനാന്തരങ്ങളിലേക്കും, ഗുഹാമുഖങ്ങളിലും കൊണ്ടുപോയി, ചോരയൊലിക്കുന്ന കഴുത്തുകളെ കാണിച്ചുതന്നു. അതില്‍ തന്റെ രണ്ടാമത്തെ സഹോദരനും ഉണ്ടായിരുന്നതുപോലെ. മൂഖം വ്യക്തമായി കണ്ടോ... ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല..... എന്തേ തന്റെ സഹോദരനെന്തെങ്കിലും സംഭവിച്ചോ...? അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാലും കരച്ചില്‍ വരുമെന്നു തോന്നുന്നില്ല.... മനസ്സത്രക്കും മരവിച്ചിരിക്കുന്നു.

ലെമാര്‍ അങ്കിളിനെത്തേടി ന്യൂയോര്‍ക്കിലേക്കു തിരിക്കുമ്പോള്‍ തന്റെ സഹോദരന്‍ ഇവിടെ എവിടെയെങ്കിലും കാണും എന്നൊരു പ്രതീക്ഷ ഉള്ളില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ അങ്കിള്‍ അങ്ങനെ പറഞ്ഞിരുന്നുവോ..? മനസ്സിന്റെ അടിത്തട്ടിലെ മോഹമായിരിക്കും. സ്വന്തം എന്നു പറയാന്‍ ആരെങ്കിലും ഉണ്ടാകണമെന്ന മോഹം. ലെമാര്‍ അങ്കിള്‍ തനിക്കാരെന്ന് അറിയില്ല. വെര്‍ജീനിയലിലെ ക്യുന്‍സി തോട്ടത്തില്‍ അരയേക്കറെങ്കിലും സ്വന്തമായി ആഗ്രഹിച്ചിരുന്ന ലെമാര്‍ അങ്കിള്‍ കാലപ്രവാഹത്തില്‍ എവിടെയൊക്കയോ ചുറ്റിത്തിരിഞ്ഞ് അറ്റലാന്റയില്‍ ചര്‍ച്ചില്‍വെച്ചാണ് അമ്മയുമായി പരിചയപ്പെട്ടതും, ബന്ധങ്ങളുടെ വേരുകള്‍ ചികഞ്ഞ് ക്യുന്‍സി തോട്ടത്തിലെ തൂക്കിലേറ്റിയ ഗ്രെഗറിയിലും, നാഭിവെന്ത റോസിയിലും എത്തിയത്. പിന്നീട് അമ്മയും ലെമാറങ്കിളും ചേര്‍ന്ന് വിട്ടുപോയ കണ്ണികള്‍ പൂരിപ്പിക്കുമ്പോള്‍, ക്യുന്‍സി തോട്ടത്തിലെ ലെമാര്‍ അങ്കിളിന്റെ സംരക്ഷകനായിരുന്ന അങ്കിള്‍ ടോം പറഞ്ഞകഥകള്‍ ആയിരുന്നു ഏറയും ആധാരം. അമ്മക്ക് തലമുറകളെ ബന്ധിപ്പിക്കുന്ന സഹോദരനായി ലെമാര്‍. പിന്നെ അവര്‍ കൂടെക്കൂടെ കണ്ടുമുട്ടുകയും ക്യുന്‍സിതോട്ടത്തിലെ പൂര്‍വ്വികരുടെ സെമിത്തേരി സന്ദര്‍ശിക്കുകയും പതിവായിരുന്നു.ക്യുന്‍സി തോട്ടം പലതട്ടുകളായി ഭാഗം പിരിയുകയും, പരുത്തികൃഷി ലാഭകരമല്ലാതാകുകയും ചെയ്തപ്പോള്‍, ഷെയര്‍ കോര്‍പ്പ് എന്ന ആശയത്തില്‍ കൃഷിഭൂമികള്‍ അടിമകള്‍ക്കു ( അടിമത്വം നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും എന്നും അവര്‍ അടിമകള്‍ തന്നെ ആയിരുന്നു.) അല്ല കൃഷിക്കാര്‍ക്ക് പാട്ടത്തിനു കൊടുത്തുവെങ്കിലും, വിത്തും വളവും വാങ്ങാന്‍ കഴിവില്ലാത്ത കൃഷിക്കാര്‍ എന്നും അധമപര്‍ണ്ണനായി വിളയുന്നതൊക്കെ പണം മുടക്കിയവര്‍ കൊണ്ടുപോയി. അങ്ങെനെ അങ്കിള്‍ ടോമിന്റെ മരണശേഷം ലെമാര്‍ ന്യൂയോര്‍ക്കില്‍ കുടിവെച്ഛത്. തനിക്കും കുടുംബത്തിനും സംഭവിച്ച ദുരന്തം കേട്ടറിഞ്ഞ് വന്ന ലെമാര്‍ അങ്കിള്‍ തന്നെ ന്യൂയോര്‍ക്കിലേക്ക് ക്ഷണിച്ചെങ്കിലും അമ്മയേയും അനുജത്തിയേയും ഉപേക്ഷിച്ച് പോരാന്‍ കഴിയില്ലെന്ന കട്ടായം പറച്ചിലില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പാസ്റ്ററും, അപ്പാര്‍ട്ടുമെന്റിന്റെ ഉടമയും ഏറെ സമയം ചിലവഴിച്ചു. ഒടുവില്‍ അമ്മ മരിച്ചപ്പോള്‍, അനുജത്തിയെ മറ്റൊരുവഴിക്കാക്കിസമ്മതിക്കുമ്പോള്‍ഗര്‍ഭവതിയായിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു.

ലെമാര്‍ അങ്കിള്‍ പഴയതലമുറയുടെ കണ്ണിയാണ്. ഒരു അടിമയുടെ മനോഭാവത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ മനസ്സിനെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചെറിയകാര്യങ്ങളില്‍ ശുണ്ഠികാണിക്കുമ്പോള്‍ അതിനപ്പുറമുള്ള വലിയവലിയ കാര്യങ്ങള്‍ ഒന്നും മനസ്സിലാകുന്നില്ല. കങ്കാണിയെ കൊന്ന ജേഷ്ഠനെ തൂക്കിലേറ്റുന്നത് നോക്കിനിന്നവനെങ്കിലും അതിന്റെ ഭീകരത അറിയാന്‍ അന്ന് കഴിഞ്ഞിരുന്നില്ല.പിന്നെ കാലം പോകവെ എല്ലാത്തിനോടും സന്ധിചെയ്യുന്ന ഒരു മനസ്സിന്റെ ഉടമയായി പരിണമിച്ചുകൊണ്ടിരുന്നു. അതൊരടിമയുടെ പരിണാമമായിരിക്കാം. എന്നാല്‍ ലെമാര്‍ ജൂനിയര്‍ എല്ലാത്തിനോടും പ്രതികരിക്കുന്നവനായി എല്ലാ തൊന്തരുവകളുടേയും പിന്നാലെയെന്നാണ് ലെമാര്‍ സീനിയറിന്റെ വിലയിരുത്തല്‍. പത്താംക്ലാസില്‍ കൂടെപ്പഠിക്കുന്ന ഒരുവന്റെ മൂക്കിടിച്ചുപരത്തി പോലീസ് സ്റ്റേഷനില്‍ പോയി. സ്വന്തം മുന്‍നിരയിലെ രണ്ടുപല്ലുകള്‍ പോയി എന്നിട്ടും 'നിഗ്ര്‍' എന്നു വിളിച്ചവനു വേണ്ടത്ര കൊടുത്തില്ല എന്നതിലായിരുന്നു സങ്കടം. റീന ന്യുയോര്‍ക്കില്‍ ഗ്രാന്റ്‌സെന്ററല്‍ സ്റ്റേഷനില്‍ നിന്നും മറ്റൊരു ട്രെയിന്‍ പിടിച്ച് ബ്രുക്കിളിലെ പിക്മാന്‍ അവന്യുവിലെത്തി പുറത്തെ കാഴ്ചകള്‍ നോക്കി നില്‍ക്കുമ്പോഴാണ് ലെമാര്‍ അങ്കിള്‍ ചോരയൊലിപ്പിച്ച ജൂനിയറിനേയും പോലീസ്സേഷനില്‍ നിന്നും കൂട്ടി റെയില്‍വേസ്റ്റേഷനില്‍ വന്നത്. പല്ലില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോര ഒരു തുണ്ടുതുണീയില്‍ ഒപ്പിക്കൊണ്ടിരുന്ന ജൂനിയറിന് വലിയ വികാരങ്ങളൊന്നും ഇല്ലായിരുന്നു എന്നു തോന്നുമെങ്കിലും, ഉള്ളിലെ തിളച്ചുമറിയുന്ന പക കാണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുന്നത് അല്പം സൂക്ഷിച്ചു നോക്കിയാല്‍ കാണാമായിരുന്നു.

''ഇതു റീന നിന്റെ കസിന്‍...'' ലെമാര്‍ അങ്കിള്‍ അത്രയും പറഞ്ഞ് വണ്ടി മാര്‍ക്കസ് ഗാവി റോഡിലെ അപ്പാര്‍ട്ടുമെന്റ് ലക്ഷ്യമാക്കി ഓടുമ്പോള്‍ ജൂനിയറിന്റെ മുഖത്ത് വലിയ സൗഹൃദഭാവമൊന്നും വിരിഞ്ഞു കണ്ടില്ല. രണ്ടുപേരും സമപ്രായക്കാരെന്ന ഒരു അടുപ്പം തന്നില്‍ ഉടലെടുത്തു എങ്കിലും ചിലപ്പോള്‍ അനാവശ്യമായ ഒരു ബാദ്ധ്യതയെ ഞനെന്തിനു സ്വാഗതം ചെയ്യുന്നു എന്ന ചിന്തയായിരിക്കും എന്ന് സ്വയം സമാധാനിച്ചു. പറിച്ചു നടലിന്റെ പ്രതിക്ഷേധത്തിലായിരുന്നു മനസ്സപ്പോഴും. പുതിയ സ്ഥലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പുതിയ നഗരത്തിന്റെ ആര്‍ഭാടങ്ങളും, അംബരചുംബികളായ കെട്ടിടങ്ങളും കണ്ണിനു കൗതുകം നള്‍കിയെങ്കിലും, ജാക്‌സണ്‍ അവന്യുവിന്റെ കുളിര്‍മ്മ നഷ്ടമായപോലെ മനസ്സിലെ വിമ്മിഷ്ടവുമായി ഈസ്റ്റ് ന്യൂയോര്‍ക്ക് എന്നു വിളിക്കുന്ന അധഃസ്ഥിതരുടെ ഇടയിലെ അന്തേവാസിയാകാനുള്ള നിയോഗം റീന സ്വയം വരിച്ചു. ലെമാര്‍ അങ്കിളിന്റെ വീട്ടിലെ രണ്ടാഴ്ചത്തെ താമസം നരകത്തിന്റെ കേട്ടറിവുകളെക്കാള്‍ ശോചനിയമായിരുന്നു. ഇവിടെങ്ങളില്‍ ജനിച്ച്, ജീവിച്ച് മരിക്കുന്നവര്‍ക്ക് ന്യായവിധിയില്‍ കൂടി കടന്നുപോകാതെതന്നെ സ്വര്‍ഗ്ഗം കൊടുക്കാന്‍ ദൈവം തയ്യാറാവുമോ...? അതെങ്ങനെ ദൈവം എന്നും വരേണ്യവര്‍ഗ്ഗത്തിന്റേതല്ലേ... അടിമയുടെ ദൈവം ഏതാണ്. അവനെ മതത്തില്‍ തളച്ചിട്ടുണ്ടെങ്കിലും അവനു സ്വന്തമായി ഒരു ദൈവം ഉണ്ടോ... മാല്‍ക്കമെക്‌സിന്റെ ചോദ്യവും അതുതന്നെ ആയിരുന്നിരിക്കാം.ലെമാര്‍ ജൂനിയറും ഒരു നിഷേധിയുടെ ഉള്‍ക്കരുത്തിലേക്ക് വളരുന്നത് റീന തിരിച്ചറിഞ്ഞു. പെട്ടന്നു തന്നെ ഒരെ മനസിന്റെ സഞ്ചാരപഥങ്ങളില്‍ ആയിരിക്കുന്നവര്‍ നല്ല സുഹൃത്തുക്കളായി.

ആറുപേരുള്ള ആ രണ്ടുമുറി അപ്പാര്‍ട്ടുമെന്റിലെ ഏഴാമത്തവളുടെ കിടപ്പ് ലെമാര്‍ അങ്കിളിനെ ഒട്ടും അലോസരപ്പെടുത്തിയതായി തോന്നിയില്ല. ഇത്ര പോലുമില്ലാത്ത ഒരുസ്ലേവ് ക്യാബിനില്‍ എത്രപേരുണ്ടാകുമെന്നാ നിന്റെ വിചാരം. റീനകൂടി അവിടെ താമസം തുടങ്ങിയപ്പോള്‍ മുഖം വീര്‍പ്പിച്ച നാലാമത്തെ ഗര്‍ഭം നിറഞ്ഞുനില്‍ക്കുന്ന ഭാര്യ വാളെടുക്കുന്നു എന്നു കണ്ടാല്‍ അങ്കിള്‍ പറയും: ഞങ്ങള്‍ പതിനാറുപേര് ആ ക്യാബിനില്‍ താമസിച്ചു. അങ്കിള്‍ ടോമിന്റെ പതിമൂന്നു മക്കള്‍... പതിമൂന്നു മക്കളെ ജനിപ്പിച്ച അങ്കിള്‍ ടോമിനെ യജമാനനു നല്ല കാര്യമായിരുന്നു. തന്റെ മൂന്നാം ഭാര്യയുടെ നാലാമത്തെ ഗര്‍ഭത്തില്‍ അത്ര ചമ്മലൊന്നു വേണ്ട എന്ന മട്ടിലായിരുന്നു അങ്കിള്‍ ലെമാറിന്റെ വര്‍ത്തമാനമത്രയും. (മറ്റുഭാര്യമാരും മക്കളും എവിടെ എന്നാരും ചോദിച്ചില്ല.) പാറ്റകള്‍ നിറഞ്ഞ ആ രണ്ടു മുറി അപ്പാര്‍ട്ടുമെന്റില്‍ എവിടെ തലചായിക്കും എന്ന ചിന്തയില്‍ നിന്ന റീനയോട് പതിഞ്ചു ഡോളര്‍ കടമെന്നമട്ടില്‍ അങ്കിള്‍ ലെമാര്‍ കൈപ്പറ്റി ഗ്രോസറി വാങ്ങാനെന്ന ഉപവാക്യവും കൂട്ടിച്ചേര്‍ത്ത് പെട്ടന്നവിടെ നിന്നു പോയി. പിന്നെ പോകെപ്പോകെ തിരിച്ചറിഞ്ഞു അങ്കിളിന്റെ ഏറ്റവും വലിയ ബലഹീനതകള്‍ ബീയറും, പെണ്ണുമാണന്ന്. പാറ്റകള്‍ക്കൊപ്പം ലിവിഗ് റൂമിന്റെ തറയില്‍ ഉറങ്ങിയ ദിവസങ്ങളില്‍ എങ്ങനെ രക്ഷപെടും എന്ന ചിന്തയായായിരുന്നു. പിക്കിന്‍ അവന്യുവിലെ ബര്‍ഗര്‍കിംഗിലെ ജോലിയില്‍ വന്നതിന്റെ പിറ്റെദിവസം തന്നെ അങ്കിള്‍ ലെമാര്‍ കൊണ്ടാക്കിരുന്നു. അവിടെയാണു തെരേസയെ പരിചയപ്പെട്ടത്.

തെരേസ അധികം വര്‍ത്തമാനം പറയുന്ന പ്രകൃതക്കാരി ആയിരുന്നില്ല എന്തു പറഞ്ഞാലും അതു വ്യക്തമായും, ഉറപ്പിച്ചും ആയിരുന്നു. അതുകൊണ്ടു തന്നെ പലര്‍ക്കും തെരേസയെ ഇഷ്ടമായിരുന്നില്ല. ചെയ്യുന്ന ജോലിയിലും വെടിപ്പും വൃത്തിയും ഉറപ്പിക്കും എന്നതിനാല്‍ കൂടെയുള്ളവരൊക്കെ അവളെ രാജകുമാരി എന്നു കളിയാക്കിയിരുന്നു. റീന വന്ന ദിവസം തന്നെ തെരേസയുമായി അടുത്തു.... പണ്ടെങ്ങോ നഷ്ടപ്പെട്ട ഒരു കൂട്ടുകാരിയെ പെട്ടന്നു കണ്ടുമുട്ടിയതുപോലെ ഉള്ളില്‍ ഒരു ഭാവം. തെരേസയും തെക്കന്‍ സംസ്ഥാനത്തിലെ അടിമവ്യാപാരത്തിന്റെ ഇരയായവരുടെ പരമ്പരയില്‍ പെട്ട്, ക്രയവിക്രയങ്ങളിലൂടെ ടെന്നസിയില്‍ ജനിച്ചവളാണ്. റീനയ്ക്കും, തെരേസയ്ക്കും പൊതുവായി അടിമപാരമ്പര്യത്തിന്റെ അടിവേരുകളിലെ പീഡനകഥകള്‍ ഉണ്ടായിരുന്നു. തെരേസ എല്ലാം ഉള്ളില്‍ ഒതുക്കുന്നവളാണ്. പുറത്തുപറയാന്‍ ആഗ്രഹിച്ച കാലത്ത് ആരും ഒപ്പം ഇല്ലായിരുന്നു. എവിടെയും ഇരുണ്ട വഴികള്‍ മാത്രമേ കണ്ടുള്ളു.ആ വഴികളില്‍ ഭപ്പെടുത്തുന്ന നിഴലുകളും.അമ്മയെ കണ്ട ഓര്‍മ്മ ഉണ്ടോ എന്തൊക്കയോ കെട്ടുപിണഞ്ഞ നിഴലുകള്‍. കണ്ണുകള്‍ മുറുകിയടഞ്ഞാല്‍ ചോരയില്‍ കുതിര്‍ന്ന് പിടയുന്ന രണ്ടുരൂപങ്ങള്‍ക്കൊപ്പം വെടിയുടെ ഒച്ച.ഓര്‍മ്മകളില്‍ എപ്പോഴും അതുമാത്രമാണ്. വെളിയിലെ അരണ്ടവെളിച്ചത്തില്‍ വെള്ളത്തുണികൊണ്ട് തലമൂടിയ രണ്ടോ മൂന്നോ രൂപങ്ങള്‍ അല്ല വെളുത്ത രൂപങ്ങളുടെ ഒരു നീണ്ട നിരയ്ക്കു മുന്നില്‍ കത്തുന്ന കുരിശ്.അടുത്തുള്ള വീടുകളില്‍ നിന്നൊക്കെ വിലാപങ്ങളും വെടിയൊച്ചയും. ഒരു അഞ്ചോ ആറോ വയസുകാരിക്ക് മറ്റൊന്നും ഓര്‍മ്മയില്‍ വരുന്നില്ല. തെരേസ ആ ഓര്‍മ്മകളെക്കുറിച്ച് അങ്ങനെയൊക്കെയാണ് റീനയോടു പറഞ്ഞത്.

തെരേസയുടെ ഓര്‍മ്മയില്‍ ആ നിഴലുകള്‍തെളിഞ്ഞ് തെളിഞ്ഞ് ഒരു കഥയാകാന്‍തുടങ്ങിയപ്പോള്‍ അതിനെ കൂട്ടിവായിക്കാന്‍ ഏറെശ്രമിച്ചിട്ടും ഏറെയൊന്നും വെളിവായില്ല. ഒരു കൂട്ടക്കൊലയുടെ ഘോഷയാത്രയായി ആ വെളിച്ചവും നിലവിളിയും പിന്തുടരുന്നു. അമ്മ തന്നെ വാരിപ്പുണര്‍ന്ന് തന്റെ ചിറകിന്‍ കീഴില്‍ ആക്കി സംരക്ഷിച്ചില്ലായിരുന്നുവെങ്കില്‍... ഞാന്‍ ഇന്നുണ്ടാകില്ലായിരുന്നു. തെരേസ അമ്മയുടെ ബലിയെ ഓര്‍ത്തിട്ടെന്നപോലെ പറയും. പക്ഷേ എന്തിനായിരുന്നു... ആ പോര്‍ വിളികള്‍കൊല്ലപ്പെട്ടവര്‍ എത്ര...? ചോദ്യം ഇപ്പൊഴും ബാകിയാണ് റീന.അങ്കിള്‍ ലെമാറിന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും തെരെസയുടെ അധികം ദൂരത്തല്ലാത്ത, ജോലിയോടു കുറച്ചു കൂടി അടുത്തുള്ള അപ്പാര്‍ട്ടുമെന്റിലെ മുറിയുടെ പങ്കുകാരിയായപ്പോള്‍ പലപ്പോഴായി തെരേസ പറഞ്ഞ ആത്മകഥയില്‍ നിന്നും റീനപറക്കിക്കൂട്ടിയ കത്തിത്തീരാത്ത എല്ലിന്‍ കക്ഷണങ്ങളില്‍ പറയാത്ത എന്തെല്ലാം വിതുമ്പലുകള്‍....തെരേസയുടെ അപ്പന്‍ തുകല്‍ ചെരുപ്പുകള്‍ ഉണ്ടാക്കുന്ന ഒരു കടയിലെ ജോലിക്കാരനും തന്റെ വംശത്തിന്റെ അവകാശങ്ങളെക്കുറിച്ച് ഏറെ ബോധവാനും ആയിരുന്നു എന്നുള്ളതായിരുന്നിരിക്കാം പ്രശ്‌നങ്ങളുടെ കാതല്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വെട്ടിത്തുറന്ന നീഗ്രോയുടെ മനുഷ്യ അവകാശസമരങ്ങള്‍ മൊന്റ്‌ഗോമറിയില്‍ നിന്നും അതിരുകള്‍ കടന്ന് അമേരിയ്ക്ക മുഴുവന്‍ പടരുന്ന ഒരു കാലത്തെ ബോധവല്‍ക്കരിക്കപ്പെട്ട നവോത്ഥാന പ്രവര്‍ത്തകരില്‍ തെരേസയുടെ അപ്പനും ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. റീന, അവിടയും ഇവിടയുമായി തെരേസ പറഞ്ഞ കഥയെ ഒരു നേര്‍ രേഖയിലാക്കി അതിലെ നേരും നിഴലും തിരിക്കാന്‍ ശ്രമിക്കയായിരുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നോണ്‍വയലന്‍സ് എന്ന മന്ത്രമോതിക്കൊണ്ടിരുന്നെങ്കിലും ചെറുപ്പക്കാരില്‍ നല്ല ഒരു പങ്ക് ആയുധബലത്തെ അങ്ങനെ തന്നെ നേരിടണം എന്നു വിശ്വസിക്കുന്നവരായിരുന്നു. യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ചിലരുടെ പരിശീലനക്കളരിയിലേക്ക് അവര്‍ ആകൃഷ്ടരായിക്കൊണ്ടിരുന്നെങ്കിലും പൊതു സമൂഹംഏറയും കിംഗിനൊപ്പം ആയിരുന്നു. തുല്ല്യാവകാശസമരം ഒരോ പട്ടണങ്ങളില്‍ നിന്നും മറ്റൊന്നൊലേക്ക് പടര്‍ന്നുകൊണ്ടിരുന്നു. ടെന്നസിയിലെ ചെറുപ്പക്കാരുടെ രഹസ്യയോഗത്തില്‍ സമരം അവര്‍ ഏറ്റെടുക്കാന്‍ തീരുമാനമായെങ്കിലും എവിടെ തുടങ്ങണം എന്ന തീരുമാനത്തില്‍ എത്താന്‍ വൈകി. അപ്പൊഴാണ് ജോണ്‍ ലൂയിസിന്റെയും മറ്റും നേതൃത്തില്‍ 'സിറ്റോണ്‍' സമരം നടത്തുന്ന വിവരം കിട്ടിയത്. ആദ്യം റെസ്റ്ററന്റില്‍ നിന്നുതന്നെ തുടങ്ങാന്‍ തീരുമാനമായി. ആദ്യത്തെ മൂന്നുപേര്‍ വെള്ളക്കാര്‍ക്കു മാത്രം വിളമ്പുന്ന റെസ്റ്ററന്റില്‍ ഭക്ഷണത്തിനായി ഇരുന്നെങ്കിലും അവരെ വളരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതറിഞ്ഞ ചെറുപ്പക്കാരും മുതിര്‍ന്നവരും റെസ്റ്ററന്റിനു ചുറ്റും പ്രതിക്ഷേധ സമരം തുടങ്ങിയെങ്കിലും, അവസരം നോക്കിയിരുന്ന ക്ലാനികള്‍ വളഞ്ഞിട്ടവരെ തല്ലി. പോലീസ്വെളുത്തവനൊപ്പംആയിരുന്നു. അടികിട്ടിയവരുടെ കൂട്ടത്തില്‍ തെരേസയുടെ അപ്പനും ഉണ്ടായിരുന്നു. നോണ്‍വയലന്‍സില്‍ അത്രകണ്ടു വിശ്വാസമില്ലാത്ത അയാള്‍ കയ്യില്‍ കരുതിയിരുന്ന ചെരുപ്പുതുന്നുന്ന സുചി തന്നെ അടിച്ചവെളുത്തവന്റെ കഴുത്തില്‍ കുത്തിയിറക്കി താഴേക്കു വലിച്ചു കഴുത്തിലെ ആഴത്തിലെ മുറിവില്‍നിന്നും രക്തം നിലയ്ക്കാതെ അയാള്‍ മരിച്ചു. തുടര്‍ന്നുള്ള രണ്ടുദിവസങ്ങള്‍ അരാചകത്വത്തിന്റേതായിരുന്നു. കണ്ണില്‍ കണ്ട നീഗ്രോകളെ മുഴുവന്‍ അവര്‍ തല്ലി. എന്നീട്ടും കലിയടങ്ങാതെ രണ്ടാം ദിവസം പ്രതിക്ഷേധ ജാഥയായി തെരുവിലേക്കിറങ്ങി. കറുത്തവരുടെ വീടുകള്‍ തീവെച്ചും വെടിവെച്ചും മുന്നേറുമ്പോഴാണ് തെരേസയുടെ അപ്പനെ അവര്‍ തിരിച്ചറിഞ്ഞതും വീടിനോടു ചേര്‍ന്നുള്ള മരക്കൊമ്പില്‍ കെട്ടിത്തുക്കി പകവീട്ടിയവര്‍ അമ്മയെ വെടിവെച്ച്, കുരിശുകത്തിച്ച്, ക്ലാന്‍ പ്രതിജ്ഞ പുതുക്കി സംഘഗാനവും ആലപിച്ച് മുന്നേറിയത്.

അമ്മ എന്താണവസാനമായിപ്പറഞ്ഞതെന്നു ഓര്‍ത്തെടുക്കാനുള്ള പ്രായം അന്ന് തെരേസക്കില്ലായിരുന്നുവെങ്കിലും അമ്മയുടെ കണ്ണിലെ അപ്പോഴത്തെ ഭാവം ഒരിയ്ക്കലും തെരേസയെ വിട്ടൊഴിഞ്ഞിട്ടില്ല. അമ്മ വേദനകൊണ്ടു കരഞ്ഞില്ല എന്ന സാക്ഷ്യം വിശ്വസിക്കാതിരിക്കാന്‍ കാര്യമില്ല. കാരണം ഏതു പ്രതിസന്ധിയിലും തെരേസ കരയാറില്ല...അങ്ങനെയുള്ളപ്പോള്‍അകലെയെവിടെയെങ്കിലും ഒരു ബിന്ദുവില്‍ കണ്ണുറപ്പിക്കും.അപ്പോള്‍ ആ കണ്ണുകളില്‍ നിസംഗതയായിരിക്കും കാണുന്നതെങ്കിലുംവെടിയേറ്റ അമ്മ തന്നെ ഒരുവശത്തെക്കു തള്ളി, തറയിലേക്കു മറിയുന്നതിനു മുമ്പുള്ള ചിരിയായിരുന്നു. അമ്മയെന്തിനാണു ചിരിച്ചത്... മുതിര്‍ന്നപ്പോള്‍ തെരേസതന്നെ അതിനുത്തരം കണ്ടു.... വെളുത്തവന്റെ തോക്കിനുമുന്നില്‍ ഇനി ഞങ്ങള്‍ കരയില്ലെന്ന അമ്മയുടെ പ്രതിജ്ഞ!.. തെരേസയുടെ ജീവിതം പിന്നെ എങ്ങനെ ആയിരുന്നു... അധികമൊന്നും പറഞ്ഞിട്ടില്ല എങ്കിലും ടെന്നസിയിലെ ഒരു വെളുത്ത കുടുംബത്തെക്കുറിച്ച് ചിലതെല്ലാം പറഞ്ഞിട്ടുണ്ട്...അവിടെയുള്ള ഓര്‍മ്മകള്‍ ആഴങ്ങളില്‍ എവിടെയൊ ആയിരുന്നെങ്കിലും ഒരു അടിമയുടെ ഓര്‍മ്മകളുടെ അടിവേരുകള്‍ മുറിച്ചുമാറ്റാന്‍ പറ്റില്ലല്ലോ എന്നാണ് തെരേസ പറയുന്നത്. ആറുവയസിനു മുമ്പുള്ള ഓര്‍മ്മകള്‍ ഉറപ്പുള്ളതോ എന്നുള്ള ചോദ്യത്തേക്കാള്‍, ഒരടിമപ്പെണ്ണ് അഞ്ചാറുവയസില്‍ ജോലിചെയ്യാന്‍ മുതിര്‍ന്നവളും കാമക്കണ്ണുകളുടെ ഇരയുമായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ ഓര്‍മ്മകളെ നിരാകരിക്കാന്‍ എങ്ങനെ കഴിയും. തെരേസക്കും അങ്ങനെ ചില ഓര്‍മ്മകള്‍ ഉണ്ട്. അമ്മയുടേയും അച്ഛന്റേയും കൊലപാതകശേഷം അനാധയായവള്‍...

ടെന്നസി സര്‍ക്കാര്‍ അവളെ 'ഫോസ്റ്റര്‍ ചൈല്‍ഡെന്നു മുദ്രകുത്തി; ഇനി ആര്‍ക്കുവേണമെങ്കിലും അവളെ ദെത്തെടുക്കാം. അത്തരം അനാഥക്കുട്ടികളില്‍ ചിലരെങ്കിലും കരുണയുടെ കൈകളിലേക്കും, മറ്റുചിലരൊക്കെ ക്രൂരതയുടെ ഗുഹാമുഖത്തെക്കുമായിരുന്നു വലിച്ചെറിയപ്പെടുന്നത്. അനാഥാലയങ്ങള്‍ക്കു പകരം ദത്തെടുക്കുന്ന കുട്ടികള്‍ക്കുള്ള മാസംതോറുമുള്ള ജീവനാംശം സര്‍ക്കാര്‍ തന്നെ കൊടുക്കും എന്നുള്ളതായിരുന്നു ഇത്തരം കുട്ടികളെ ദെത്തെടുക്കുന്നവരുടെ പ്രാധാന ലക്ഷ്യം. വളരെ അപൂര്‍വ്വമായി കുട്ടികളില്ലാത്ത ചിലരെങ്കിലും മക്കളെ ദെത്തെടുക്കുന്നു. ഒരോ കുട്ടികളുടെയും ഭാവി അവര്‍ എത്തിച്ചേരുന്ന കൈകളുടെ വിശുദ്ധിയെ ആശ്രയിച്ചിരുന്നു. തെരേസ എത്തിയത് ജീവിതം വഴിമുട്ടിയ അഞ്ചുമക്കളുള്ള ഒരു കുതിരാലയക്കാരന്റെ വീട്ടിലേക്കാണ്. അതൊരു സത്രം കൂടിയായിരുന്നു.പകലൊക്കെ അയാള്‍ കുതിരകള്‍ക്കുള്ള ലാടം തറച്ചു കൊടുക്കുകയും, അത്യാവശ്യം ഒന്നോ രണ്ടോ കുതിരകളെ വാടകക്കു കൊടുക്കുകയോ ചെയ്യും. അയാളുടെ കുതിരകള്‍ അയാളുടെ ഭാര്യയെപ്പോലെ മെലിഞ്ഞ് ആരൊഗ്യമില്ലാത്തവ ആയതുകൊണ്ട് അധികം ആവശ്യക്കാര്‍ വരാറില്ല. സന്ധ്യയോടടുക്കുമ്പോള്‍അടുത്ത സ്ഥലങ്ങളിലേക്കു യാത്രചെയ്യുന്നവര്‍ രാത്രിയുടെ വിശ്രമത്തിനും, കുതിരകളുടെ ലാടം മാറ്റാനും ചിലപ്പോള്‍ അവിടെ ഇറങ്ങും. അങ്ങനെയുള്ളവര്‍ക്ക് കുളിക്കാനുള്ള ചൂടുവെള്ളവും, അവരുടെ കുതിരകള്‍ക്കുള്ള വൈക്കോലും തെരേസയുടെ ജോലിയായിരുന്നു. പകല്‍ മുഴുവന്‍ രക്ഷാധികാരിയുടെ അഞ്ചാമത്തെ കുട്ടിയുടെ സംരക്ഷണവും, പട്ടിണികൊണ്ട് കോലംകെട്ട അയാളുടെ ഭാര്യയുടെ ശകാരവും ഏല്‍ക്കണമായിരുന്നു. അതൊന്നും തിരിച്ചറിയാനോ അതില്‍ നിന്നും രക്ഷപെടാനോ ഉള്ള അറിവിലേക്ക് വളാരാത്ത ഒരു കുട്ടിയുടെ മേല്‍ സാമൂഹ്യവ്യവസ്ഥിതി അടിച്ചേല്പിച്ച ദുരന്തങ്ങള്‍ എന്നാണ് തെരേസ ആ കാലത്തെ വിലയിരുത്തുന്നത്.

ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രക്ഷാധികാരി തെരേസയില്‍ ചില അധികരങ്ങളും അവകാശങ്ങളും സ്ഥാപിക്കാനെന്നവണ്ണം അവളുടെ ശരീരത്തില്‍ പിച്ചുകയും മാന്തുകയും ചെയ്യാന്‍ തുടങ്ങി. ചെയ്യുന്ന പണികളൊന്നും പോരാ എന്ന മട്ടില്‍... ഇതിനെ ഒക്കെ വീട്ടില്‍ വിളിച്ചുകയറ്റിയ തെറ്റിനെ മേരി മറിയം മാതാവെ എന്നോട് ക്ഷമിക്കേണമേ എന്നയാള്‍ പ്രാര്‍ത്ഥിക്കുന്നതു കേള്‍ക്കാം. എല്ലാ പീഡനവും സഹിച്ച തെരേസക്ക് അവിടെ നിന്നും എങ്ങോട്ടെന്നറിയില്ലായിരുന്നു. എട്ടുവയസു കഴിഞ്ഞ ഒരു ദിവസം അവള്‍ ഒളിച്ചിരുന്ന പൊന്തക്കാട്ടില്‍ നിന്നും ഇറങ്ങി റോഡില്‍ക്കൂടി നടന്നു.കുറേ ഇടറോഡുകള്‍ നടന്നപ്പോള്‍ താന്‍ രക്ഷകന്റെ വീടുമുറ്റത്തുനിന്നും അകന്നകന്നു പോകയാണന്ന ചെറുചിന്തയാല്‍ സ്വയം ചിരിച്ചെങ്കിലും ചെയ്യുന്ന പ്രവര്‍ത്തിയുടെ അര്‍ത്ഥവും ആഴവും ഒട്ടും മനസ്സിലായില്ല. ഒരുപള്ളിമേടയുടെ മുന്നില്‍ അല്പം അമാന്തിച്ചു നിന്നെങ്കിലും അകത്തു കടക്കാനുള്ള ധൈര്യം ഒട്ടും തോന്നിയില്ല. വളച്ചുകെട്ടിയ പള്ളിക്കാവാടത്തില്‍ എന്താണെഴുതിയിരിക്കുന്നതെന്നു വായിക്കാനുള്ള അറിവില്ലാത്തവള്‍ ഒരു പുരോഹിതന്‍ അകത്തു നിന്നും ഇറങ്ങിവരുന്നതുവരേയും അങ്ങനെ നിന്നു. പിന്നെ പുരോഹിതന്‍ അവളെ അകത്തുകൊണ്ട്‌പോയി കഥകള്‍ കേട്ടു.ആ പുരോഹിതന്‍ അവളുടെ അപ്പന്‍ കൊല്ലപ്പെട്ട കലാപത്തെക്കുറിച്ച് കേട്ടിരുന്നു. അവളൊടുള്ള സഹതാപം ഉള്ളില്‍ മൂളാന്‍ തുടങ്ങിയതിനാല്‍ ഈ കുട്ടിയെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയിലായിരുന്നു. അപ്പോള്‍ മാത്രം ഓര്‍മ്മ വന്നിട്ടെന്നപോലെ പുരോഹിതന്‍ തന്റെ ചാര്‍ച്ചക്കാരനും തോട്ടം ഉടമയുമായവനായി ആളയച്ചു കാത്തു. അങ്ങനെയാണവള്‍ ആ വലിയ വീട്ടിലെ അടുക്കളക്കാരിയും, തോട്ടക്കാരിയും, പിന്നെ എന്തെല്ലാം ഒക്കയോ ആയത്.

ആ വലിയവീട്ടില്‍ അവള്‍ അടുക്കളക്കാരിയും, മുതലാളിയുടെ മകളുടെ കൂട്ടുകാരിയുമായി വലിയവരുടെ ജീവിതവും പെരുമാറ്റവും എങ്ങനെയെന്നു പഠിച്ചു. കുതിരാലയക്കാരന്‍ അവളെ തിരഞ്ഞോ അറിയില്ല... ഫോസ്റ്റര്‍ ചൈല്‍ഡ് പരിശോധകര്‍ വീണ്ടും വരുന്നതുവരെ അയാളുടെ വരുമാനത്തിനു തടസം ഉണ്ടാകില്ലെന്ന തിരിച്ചറിയലില്‍ അയാള്‍ മറ്റൊരു കുട്ടിയെ ദെത്തെടുക്കുമായിരിക്കും. അവിടെ നിന്നും ഒളിച്ചോടിയതില്‍ സ്വയം സന്തോഷിച്ച് വായിക്കാനും എഴുതാനും പഠിച്ചു. ആ വീട്ടിലെ ജീവിതത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ തെരെസ എന്ന സ്ത്രിയെ ജനിപ്പിച്ചു. അവളുടെ ചിന്തകളും പ്രവര്‍ത്തികളും വളര്‍ന്നു. ഒരു വീട്ടുവേലക്കാരി എന്ന കിളിക്കൂട്ടില്‍ നിന്നും ചിറകടിച്ചുയരാനുള്ള മോഹം. മുതലാളിയുടെ മകള്‍ വായിക്കുന്ന പുസ്തകങ്ങളിലെ കഥകളൊക്കെ അവര്‍ തെരേസയുമായി പങ്കുവെയ്ക്കുമായിരുന്നതിനാല്‍ ആ മതിലിനപ്പുറമുള്ള ലോകത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വളര്‍ച്ചകൂടിയായിരുന്നത്. കൂടാതെ സ്‌കൂളില്‍ നിന്നു കൊണ്ടുവരുന്ന പുതിയ അറിവുകളും, പത്രങ്ങള്‍ പറയുന്ന രാഷ്ട്രിയവും അവര്‍ ചര്‍ച്ചചെയ്തു. അങ്ങനെയാണ് ആ വീട്ടുടമ ഒരു രാഷ്ട്രിയക്കാരനാണന്നും, പണ്ട് ധാരാളം അടിമകള്‍ ഉണ്ടായിരുന്ന ഒരു തോട്ടം മുതലാളിയുടെ പിന്മുറക്കാരനാണന്നും അറിഞ്ഞത്. മുന്‍ അടിമകളെ എല്ലാം വിട്ടയച്ചെങ്കിലും ഇന്നും ആ വീട്ടിലെ തോട്ടക്കാരും, അത്യാവശ്യം പുറം ജോലിക്കാരില്‍ ചിലരും ആ വിട് വിട്ടുപോകാന്‍ ഇഷ്ടപ്പെടാത്ത മുന്‍ അടിമകളുടെ സന്താന പരമ്പരയില്‍ പെട്ടവരായിരുന്നു. ശരിയാണ്... ആ വീട്ടില്‍ വന്നവരാരും അവിടം വിട്ടുപോകാന്‍ ഇഷ്ടപ്പെടുന്നില്ല... ആ വീട്ടില്‍ കരുണയും,കരുതലും ഉണ്ടായിരുന്നു എന്ന് തെരേസ ഓര്‍ക്കുന്നു. ഇവരും വെളുത്ത വംശത്തില്‍ പിറന്നവരെങ്കിലും വംശിയവാദികള്‍ ആയിരുന്നില്ല എന്ന തിരിച്ചറിവ് ആരേയും നിറം കൊണ്ട് വിധിക്കെരുതെന്ന പാഠം തെരെസയില്‍ ഉറപ്പിച്ചു. ആ കാഴ്ചപ്പാട് അവളുടെ ജീവിത വീക്ഷണത്തെ മാറ്റി. അവള്‍ എല്ലാവരേയും എല്ലാത്തിനേയും സ്‌നേഹിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ക്കൊപ്പം അവളും ചര്‍ച്ചില്‍പോയി.

തോട്ടക്കാരന്‍ ഇമ്മാനുവേലിന്റെ മകന്‍ ബ്ലെയറുമായുള്ള കൂട്ടുകെട്ട് മറ്റൊരു വഴിത്തിരുവിലേക്കുള്ള പടിക്കെട്ടുകള്‍ പണിയുകയാണന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതത്രമാത്രം സ്വഭാവികമായി സംഭവിച്ചതാണ്. എന്നും അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് തോട്ടം നനയ്ക്കാന്‍ ഇമ്മാനുവേലിനെ സഹായിക്കാന്‍ പോകും. ആരും പറഞ്ഞിട്ടല്ല. ചെടികളോടും പൂവിനോടുമുള്ള താല്പര്യമായിരുന്നു കാര്യമെങ്കിലും, എറ്റവും പുതിയ പൂച്ചെണ്ടുകള്‍ പറിച്ച് തന്റെ പ്രിയ കൂട്ടുകാരിയായ മുതലാളിയുടെ മകള്‍ക്ക് സമ്മാനിക്കുന്നതിലെ സന്തോഷവും,ഒപ്പം തനിക്ക് അവരോടുള്ള സ്‌നേഹവും, കടപ്പാടും വെളുപ്പെടുത്തുക എന്ന ഒരു ലക്ഷ്യവും അതിനു പിന്നില്‍ ഉണ്ടായിരുന്നു. ഒരോ ദിവസത്തേയും പൂക്കുലകള്‍ കാണുമ്പോള്‍ അവരുടെ മുഖത്തുവിരിയുന്ന ചിരി... അത് പിറ്റെദിവസത്തേക്കുള്ള പ്രചോദനമായിരുന്നു. ആര്‍ക്കുവേണ്ടിയുമല്ലാത്ത ഒരു ജീവിതത്തില്‍ തന്റെ പ്രവര്‍ത്തികൊണ്ട് ഒരാളെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത്രയും ആകട്ടെ എന്നാണ് തെരേസ ഈ കഥകള്‍ ഒക്കെ പറയുന്ന കാലത്ത് അതിനെക്കുറിച്ചു പറഞ്ഞത്.

ബ്ലെയറുമായുള്ള ബന്ധം ഈസ്റ്റ് ന്യൂയോര്‍ക്കില്‍ എത്തിച്ചു എന്നു പറയുമ്പോള്‍ അതിനിടയിലെ ജീവിതം തെരേസ പറയാതിരുന്നതോ...?. ബ്ലെയറെ പെട്ടന്നു കണ്ടതല്ല. വളരെ നാളുകളായി തോട്ടത്തിനോടു ചേര്‍ന്നുള്ള കുടികിടപ്പിലെ അന്തേവാസിയായി പരിചിതരായിരുന്നുവെങ്കിലും അധികം ഇടപാടുകളൊന്നും ഇല്ലായിരുന്നു. ഇമ്മാനുവേലിന്റെ മകന്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു അധികപ്പറ്റെന്ന് പൊതുവേ ഒരു പറച്ചിലുണ്ടായിരുന്നതു കേട്ടാണ് ആളിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നു തെരേസ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം തെരേസ തോട്ടത്തില്‍ വെച്ച് ഇമ്മാനുവേലിന്റെ മുഖത്തെ മൗനം കണ്ടു ചോദിച്ചു: ''എന്തു പറ്റി എന്തെങ്കിലും കുഴപ്പം...?'' ''ഒരു നീഗ്രോ സ്വപ്നങ്ങള്‍ കാണാന്‍ പാടില്ല... പ്രത്യേകിച്ചും മക്കളെപ്പറ്റി.... കുഞ്ഞേ നിനക്കറിയാമോ ഞങ്ങളുടെ കാലം അക്ഷരം പഠിക്കാത്തവരുടെ കാലമായിരുന്നു.അടുത്ത തലമുറയ്ക്കെങ്കിലും സ്വയം തിരിച്ചറിയാന്‍ അക്ഷരങ്ങള്‍ പഠിച്ചേ മതിയാകു എന്നുകരുതിയാ അവനെ പള്ളിക്കുടത്തില്‍ വിട്ടത്.... ഞാന്‍ തോറ്റു; അവന്‍ ജയിച്ചു... എട്ടാം ക്ലാസില്‍ നിന്നും അവനെ വീണ്ടും പുറത്താക്കിയിരിക്കുന്നു.ഇനി സ്‌കൂളില്‍ ചെല്ലണ്ടെന്നാ പറയുന്നത്. കുഴപ്പങ്ങളാ...അവന്‍ തൊടുന്നതൊക്കെ കുഴപ്പങ്ങളാ... സിവില്‍ റൈറ്റ് മൂവ്‌മെന്റുകാരുടെ സമരത്തില്‍ പോയതിനാ ഇപ്പം പുറത്താക്കിയത്.'ഇമ്മാനുവേല്‍ പറഞ്ഞു തീര്‍ന്നവനെപ്പോലെ തെരേസയെ നോക്കി.മനസില്‍ ഒരു പുരോഗമനവാദിയൊടു ബഹുമാനം തോന്നി. തന്നേക്കാള്‍ ഒന്നൊ രണ്ടോ വയസിനു മൂപ്പുള്ളവനോട് ഒരിഷ്ടം.... തന്റെ കുടുംബം മൊത്തമായി ബലിയായതാണ്... ഈ ചെറുപ്പക്കാരനും അതേ വഴിയില്‍ നടക്കുമ്പോള്‍ അപ്പന്റെ ആത്മാവ് പറയുന്നപോലെ 'മകളെ നിന്റെ വഴികളില്‍ ഇവരെ കാണാതെ പോകരുത്.'പിന്നെ ബ്ലെയര്‍ കുറെ നാള്‍ അപ്പന്റെ കൂടെ തോട്ടത്തിലെ പണിക്കാരനായി.ആ നാളുകളില്‍ അവര്‍ കൂടുതല്‍ അടുത്തു. പൂന്തോട്ടത്തില്‍ അവര്‍ കണ്ടുമുട്ടി... മറ്റൊരൊളിച്ചോട്ടം തെരേസ മനസ്സില്‍ കണ്ടു. ബ്ലെയര്‍ ന്യൂയോര്‍ക്കെന്നു പറഞ്ഞു.ലോകത്തിലെ ഏറ്റവും തിരക്കേറിയ ആ പട്ടണം എന്നും അവന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു. സിവില്‍ റൈറ്റ് മൂവ്‌മെന്റിലെ ചിലരുടെ വിലാസം അവര്‍ സംഘടിപ്പിച്ച് തുടങ്ങിയ യാത്ര ഇവിടെ തെരേസ ഒറ്റക്കായി.

ബ്ലെയറിന്റെ മനസ്സ് ഒരിക്കലും ഒന്നിലും ഉറച്ചു നില്‍ക്കില്ലന്ന് തെരേസക്ക് ഒന്നിച്ചുള്ള താമസ്സത്തിനിടെ പെട്ടന്നു മനസ്സിലായി.അവന്‍ കുരങ്ങിനെപ്പോലെ ചാഞ്ചാടിക്കൊണ്ടിരുന്നു. പെട്ടന്ന് ഒന്നിനോടും താല്പര്യമില്ലാത്തവെനെപ്പോലായി. അവന്‍ സ്വപ്നം കണ്ട തുല്ല്യാവകാശ സമരങ്ങള്‍ക്കുള്ള സാദ്ധ്യത ഇവിടെ ഏറെ ഇല്ലായിരുന്നു. ഇത് മത്സരാടിത്തറയില്‍ പടുത്തുയര്‍ത്തിയ ഒരു വ്യവസ്ഥിതിയില്‍, ഒരോരുത്തരും അവരവരുടെ തൊഴിലില്‍ മികവുകാട്ടുന്നവരുടെ ഒരു ലോകം പണിയാനുള്ള വെമ്പല്‍ അവന്‍ തിരിച്ചറിഞ്ഞോ?. അവന്‍ എല്ലായിടത്തും തിരസ്‌കരിക്കപ്പെടുകയായിരുന്നു. ഒരു സോഷ്യലിസ്റ്റു സമൂഹമായിരിക്കാം അവന്റെ ഭാവനയില്‍. പക്ഷേ അവനെ തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നവരെ അവന്‍ കണ്ടെത്തിയില്ല എന്നതിനാലായിരിക്കാം അവന്‍ വഴിമാറിപ്പോയത്. പത്തോളം ജോലിസ്ഥലങ്ങളില്‍ നിന്നും അവനെ ഒഴിവാക്കി. പതിനൊന്നാമതൊന്നിനു ശ്രമിക്കാതെ മയക്കു മരുന്നുകളുടെ ലോകത്തേക്കവന്‍ ഇറങ്ങി അതിന്റെ ഉപഭോക്താവും, വിതരണക്കാരനുമായത് പെട്ടന്നായിരുന്നു. കറുത്തവംശരുടെ അവകാശ ബോധവല്‍ക്കരണ മേഘലയില്‍ ഒട്ടേറെ ചെയ്യാനുണ്ടെന്ന തിരിച്ചറിവ് അവനിലേക്ക് എന്തുകൊണ്ടോ ഇറങ്ങിയില്ല. രണ്ടുവര്‍ഷം അവന്‍ മയക്കുമരുന്നുകള്‍ വിറ്റ് തെരുവിന്റെ രാജാവായി തെരേസയില്‍ നിന്നും അകന്നു. തെരുവു യുദ്ധം അവന്റെ ജീവിതം എടുത്തപ്പോള്‍ തെരേസക്കവനെ ഫൂണറല്‍ ഹോമില്‍ പോയി കാണാതിരിക്കാന്‍ കഴിഞ്ഞില്ല.

നിയപരമായി വിവാഹിതരല്ലെങ്കിലും അവള്‍ അവന്റെ പങ്കാളിയായി രണ്ടുവര്‍ഷമെങ്കിലും കഴിഞ്ഞവളല്ലെ... എങ്ങനെ പോകാതിരിക്കും...അല്ലെങ്കില്‍ അവനെ ഒളിച്ചോട്ടത്തിനു പ്രേരിപ്പിച്ചതിലുള്ള പങ്കിനെ എങ്ങനെ നിക്ഷേധിക്കും. അവര്‍ക്ക് കുട്ടികള്‍ ജനിച്ചില്ല. എന്നാല്‍ ഫൂണറല്‍ ഹോമിലെ കണ്ണുനനഞ്ഞവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞ് ആരെന്ന ചിന്തയില്‍ തെരേസ ഒന്നു പകച്ചു എങ്കിലും ഫുണറല്‍ കഴിഞ്ഞ് അവളെയും കുഞ്ഞിനേയും തേടിപ്പിടിച്ച്, ബ്ലെയറോടുള്ള തന്റെ കടമ എന്നവണ്ണം കുഞ്ഞിനു പതിനെട്ടു തികയുന്നവരെയുള്ള ജീവനാംശം കൊടുക്കാമെന്നു സമ്മതിച്ചു. എന്തിന്..?. അതങ്ങനെയണു വേണ്ടത് തെരേസ പറയും. അല്ലെങ്കില്‍ തെരേസ അങ്ങനെയാണ്... ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് ആ മനസ്സെപ്പോഴും... അനാഥരായവരെ സംരക്ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവള്‍ തന്നേയും സ്വീകരിച്ചല്ലോ എന്നോര്‍ത്ത് റീനയൊന്നു നെടുവീര്‍പ്പിട്ടു.

തെരേസയുടെ കൂടെ അപ്പാര്‍ട്ടുമെന്റില്‍ താമസമായതിനുശേഷമേ താന്‍ ഗര്‍ഭണിയെന്നറിഞ്ഞുള്ളു. ഒരമ്മയെപ്പോലെ അവള്‍ തന്നെ ശുശ്രൂഷിച്ചു. വേണ്ടതിനെല്ലാം കൂടെ നിന്നു. കുഞ്ഞിന്റെ അപ്പന്‍ ആരെന്നു ചോദിച്ചില്ല. മകനവള്‍ അമ്മയെപ്പോലെയായിരുന്നു. എല്ലാ ബെര്‍ത്തുഡേക്കും പ്രത്യേക സമ്മാനങ്ങള്‍ വാങ്ങും.അവള്‍ക്ക് പിറക്കാത്ത മകന്‍ എന്നവള്‍ പറയും. പതിനേഴാം വയസില്‍ പൊലിഞ്ഞുപോയവനെ ഓര്‍ത്ത് ഏറെ കരഞ്ഞത് അവളൊ..താനോ...? റീന സ്വയം ചോദിക്കുകയായിരുന്നു. ലെമാര്‍ ജൂനിയറുമായി അവള്‍ ചെങ്ങാത്തത്തിലായപ്പോള്‍ ഏറെ സന്തോഷിച്ചു. പക്ഷേ അവള്‍ പ്രസവിച്ചില്ല. ഒരിക്കലും അവള്‍ പരാതിക്കാരിയായില്ല. അവളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് ചില്‍ഡ്രന്‍സ് ഹോസ്പറ്റിലിലെ ചാരിറ്റി വര്‍ക്കുകള്‍ക്കായി പോകുന്നുണ്ടെന്ന അറിവ് അവളെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചതെയുള്ളു. റീനയുടെ മനസ്സില്‍ റോബിനെക്കുറിച്ചുള്ള ചിന്തയ്ക്കൊപ്പം തെരേസയും നടന്നു മുന്നേറവേ 'വഴിമാറിയ വിപ്ലവ’ പ്രസ്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ചയും വഴിമുട്ടിയപൊലെ എല്ലാവരും പരസ്പരം നോക്കി. ആന്‍ഡ്രു ചര്‍ച്ചകള്‍ നയിക്കുകയും, റീനയും, തെരേസയും, ബെഞ്ചമനുമൊക്കെ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ചര്‍ച്ചയെ നയിക്കുകയും ചെയ്യുന്ന രീതിയാണവരുടേത്. ഇന്ന് റീനയുടെ മൗനം എല്ലാവരേയും നിരുന്മേഷരാക്കിയപോലെ

റീന സ്ഥലകാലത്തിലേക്കിറങ്ങി എന്ന തിരിച്ചറിവില്‍ ആന്‍ഡ്രു പൊതുവേ ചോദിച്ചു‘ജൂന്റിത്ത്’ പാര്‍ശവല്‍ക്കരിക്കപ്പെട്ടവനുവേണ്ടിയുള്ള അവധി ദിവസമായി പ്രഖ്യാപിക്കുന്നതിനു സാക്ഷികളായ നമ്മള്‍ മറന്നുപോയ ചിലപോരാളികളെ ആരെങ്കിലും എന്നെങ്കിലും ഓര്‍ക്കുമോ...? ഞാന്‍ പറയുന്നത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ കാലത്ത് ജീവിച്ച മാല്‍ക്കം എക്‌സ് എന്ന തീവ്ര വിപ്ലവകാരിയെക്കുറിച്ചാണ്.എനിക്ക് അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. അറിഞ്ഞിടത്തോളം ബഹുമാനമാണ്... അദ്ദേഹത്തിന്റെ തീവ്രാശയത്തോടുള്ള ബഹുമാനമല്ല. ഒരുത്തന്റേയും മുന്നില്‍ മുട്ടുമടക്കാത്തവനോട്, ഒന്നിനോടും ആരുടേയും മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവനോടുള്ള ബഹുമാനം: റീന ഞാന്‍ ഈസ്റ്റ് ന്യൂയോര്‍ക്കില്‍ക്കൂടി യാത്രചെയ്യുമ്പോഴോക്കെ മാല്‍ക്കമെക്‌സ് റോഡും, മാര്‍ക്കസ് ഗാര്‍വി റോഡും കാണാറുണ്ട്. അന്നൊക്കെ ഞാന്‍ സ്വയം ചോദിക്കും ഇവരാരാണ്... ചരിത്രത്തില്‍ ഇടം നേടിയ അവര്‍ തീര്‍ച്ചയായും അറിയേണ്ടവരായിരിക്കും എന്ന്.... അങ്ങനെ ഇരിക്കേയാണ് ഒരു തെരുവോരക്കച്ചോടക്കാരന്റെ പുസ്തകക്കൂനയില്‍ നിന്നും മാല്‍ക്കമെക്‌സിനെ കണ്ടെത്തുന്നത്. ആ ജീവിതം സംഭവബഹുലവും സംഘര്‍ഷഭരിതവും ആയിരുന്നെങ്കിലും ഒന്നും മുന്‍നിശ്ചിതം ആയിരുന്നില്ല എന്ന എന്റെ വിലയിരുത്തല്‍ തീര്‍ത്തും ശരിയോ എന്നെനിക്കറിയില്ല.

അച്ഛന്‍ ഒരു പാസ്റ്റര്‍ ആയിരുന്നെങ്കിലും അഷ്ടിക്ക് വകയുള്ളവനായിരുന്നില്ല. കാരണം സ്ഥിരമായി ഒരു ചര്‍ച്ച് ഇല്ലായിരുന്നു. എല്ലാ ആഴ്ചയിലും ആരുടെയെങ്കിലും പകരക്കാരനായി പല ദേശങ്ങളില്‍ പോകേണ്ടിയിരുന്നു. 1925ല്‍ നെബരാസ്‌കയില്‍ ജനിച്ചവനെയും കൂട്ടി വളരെ ചെറുപ്പത്തിലെ ആ കുടുംബം മിച്ഛിഗണിലെക്ക് താമസം മാറ്റിയത് സാമ്പത്തിക പ്രതിസന്ധിമൂലമായിരിക്കാം. മാല്‍ക്കമിന് നാലുവയസുള്ളപ്പോള്‍ അച്ഛന്‍ ഒരു കാര്‍ ആക്‌സിഡന്റില്‍ മരിച്ചു. അത് ആക്‌സിഡന്റായിരുന്നില്ല എന്നാണ് ആളുകള്‍ പറയുന്നത്. ബ്ലാക്കിന് പ്രത്യേകമായ ഒരു രാജ്യം തന്നെ അമേരിക്കയില്‍ ഉണ്ടാകണം എന്ന് ശക്തമായി വാദിച്ചിരുന്ന ജെമെക്കയില്‍ നിന്നും കുടിയേറിയ മറ്റൊരു പാസ്റ്ററായ മാര്‍ക്കസ് ഗാര്‍വിയുടെ സന്തത സഹചാരിയായിരുന്ന മാല്‍ക്കമിന്റെ അച്ഛനും, മാര്‍ക്കസ് ഗാര്‍വിയും ഒന്നിച്ചു യാത്രചെയ്ത കാറില്‍ മറ്റൊരു കാര്‍ ഇടിക്കയായിരുന്നു. ക്ലാനിലെ ആളുകളാണതു ചെയ്യിച്ചതെന്ന് മാല്‍ക്കം കരുതുന്നു.അച്ഛന്റെ മരണശേഷം കുടുബം കൊടും പട്ടിണിയിലായി.വഴിയോരത്തു വളരുന്ന മടന്തയുടേയും, തകരയുടെയും ഇലകൊണ്ട് പലദിവസങ്ങളിലും കുട്ടികളുടെ വയറുനിറയ്ക്കാന്‍ പാടുപെട്ട അമ്മ എട്ടാമതും ഗര്‍ഭണിയായതോട് മനസ്സിന്റെ സമനിലതെറ്റി തെരുവിലൂടെ അലയാന്‍ തുടങ്ങി. അവരെ ആരെല്ലമോ ചേര്‍ന്ന് മാനസികരോഗ്യാശുപത്രിയിലാക്കിയെങ്കിലും കുട്ടികള്‍ അനാധരായി. അവരെ പലവീടുകളിലായി ഫോസ്റ്റര്‍ കുട്ടികളായി വളരാന്‍ വിട്ടെങ്കിലും എങ്ങുനിന്നും വേണ്ടത്ര കരുതല്‍ കിട്ടിയില്ല. മാല്‍ക്കത്തിനെ അച്ചടക്കം പഠിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല എന്ന് പലരുടെയും സാക്ഷ്യം ശരിയായിരിക്കാം. എട്ടാം ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ചോദിച്ചു നിനക്കാരാവണമെന്ന്. പഠിക്കാന്‍ ഏറെ മിടുക്കനായിരുന്ന മാല്‍ക്കം ഒരു വക്കിലാകണെമെന്നു പറഞ്ഞു കേട്ട മാത്രയില്‍ ടീച്ചര്‍ പറഞ്ഞു: ഒരു നീഗ്രോ ആയ നിനക്ക് അത്രവലിയ ആഗ്രഹങ്ങളൊന്നും പാടില്ല... ഒരു കാര്‍പ്പെന്റര്‍ ആകാന്‍ ആഗ്രഹിച്ചാല്‍ മതി

Read More: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക