Image

വേണു നാഗവള്ളിയുടെ പതിനാലാം ചരമ വാര്‍ഷികദിനം : ജോയ്ഷ് ജോസ്

Published on 09 September, 2024
വേണു നാഗവള്ളിയുടെ പതിനാലാം ചരമ വാര്‍ഷികദിനം : ജോയ്ഷ് ജോസ്

വിഷാദം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഏതൊരു സിനിമ പ്രേമിക്കും ആദ്യം ഓർമ്മ വരുക വേണു നാഗവള്ളി എന്ന പേരായിരിക്കാം! കാരണം മറ്റൊന്നുമല്ല, വിഷാദത്തിന്റെ പല തലത്തിലുള്ള വർണ്ണനകളും ചിത്രീകരണങ്ങളുമാണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളിലൂടെയും കടന്ന് വന്നിട്ടുള്ളത്.വേണു നാഗവള്ളിയുടെ പതിനാലാം ചരമ വാര്‍ഷികദിനമാണിന്ന്.

എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടര്‍ന്ന് സിനിമയിലെത്തി ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി. ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍' സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ വേണു നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വേണുവിന്റെ ചിത്രങ്ങളാണ്.
1980 മുതല്‍ 1998 വരെയാണ് നടന്‍ എന്ന നിലയില്‍ വേണു നാഗവള്ളി തിളങ്ങിയത്. സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന വേണു 12 സിനിമകള്‍ സംവിധാനം ചെയ്തു.സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ വേണു സംവിധാനം ചെയ്ത ചിത്രങ്ങളാണ്.'കിലുക്കം' എന്ന ജനപ്രീതി നേടിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളിക്ക് ഹാസ്യവും നന്നായി വഴങ്ങുമെന്നതിന്റെ തെളിവായി. അര്‍ത്ഥം, അഹം, സുഖമോ ദേവി മുതല്‍ ഭാര്യ സ്വന്തം സുഹൃത്ത് വരെ (2009) തിരക്കഥയില്‍ വേണു തന്റെ കൈയൊപ്പ് ചാര്‍ത്തി.സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയിലും വേഷമിട്ടിരിന്നു.

നല്ല ഒരു ശബ്ദത്തിനു ഉടമയായിരുന്ന വേണു ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സ്വാതിതിരുനാൾ എന്ന ചിത്രത്തിലെ അനന്ത് നാഗിന്റേതടക്കം അദ്ദേഹം ചെയ്തിട്ടുള്ള ഡബ്ബിംഗുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്.ദീർഘകാലം കരൾസംബന്ധിയായ രോഗത്തിനു ചികിൽസയിലായിരുന്ന വേണു നാഗവള്ളി 2010 സെപ്റ്റമ്പർ ഒമ്പതിന് അന്തരിച്ചു...
 

വേണു നാഗവള്ളിയുടെ പതിനാലാം ചരമ വാര്‍ഷികദിനം : ജോയ്ഷ് ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക