Image

കണ്ണീര്‍ നനവുകള്‍ക്കിടയിലും പ്രതീക്ഷയുടെ ഓണം (ശില്‍പ എസ്)

Published on 09 September, 2024
കണ്ണീര്‍ നനവുകള്‍ക്കിടയിലും പ്രതീക്ഷയുടെ ഓണം (ശില്‍പ എസ്)

വയനാട്ടില്‍ പെയ്തിറങ്ങിയ ദുരന്തത്തിന്റെ വേദനകള്‍ക്കിടയിലും പ്രതീക്ഷയായി ഓണമെത്തി. എത്ര യാതനകളും വേദനകളും സഹിച്ചാലും കണ്‍കോണുകളില്‍ ആഹ്ലാദത്തിന്റെ നറുചിരിയുമായി മലയാളികള്‍ ഓണം ആഘോഷിക്കുന്നു.

കണ്ണീര്‍ പൊഴിക്കുന്ന കര്‍ക്കിടകത്തില്‍ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോള്‍ പ്രകൃതിക്കു പോലുമുണ്ട് ഒരു വല്ലാത്ത മനോഹാരിത.  പണ്ട് ഇടവപ്പാതി മുതല്‍ ചിങ്ങം പിറക്കുന്നതു വരെയുള്ള മൂന്നു മാസക്കാലം കഷ്ടപ്പാടുകളുടെ കാലമായിരുന്നു.  ചുരുങ്ങിയത് രണ്ടായിരം വര്‍ഷം പഴക്കമെങ്കിലും ഓണത്തിനുണ്ടെന്ന് കാണാം. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മലയാളികള്‍ ഓണം ആഘോഷിച്ചു തുടങ്ങിയിരുന്നു. 1961ലാണ് ഓണം ദേശിയാഘോഷമായി കൊണ്ടാടാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ പലയിടങ്ങളിലും, ആന്ധ്ര, കര്‍ണാക, തമിഴ്‌നാട് സംസ്ഥാനങ്ങളിലൊക്കെ പണ്ടുമുതലേ ഓണം ആഘോഷിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു.

കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തി പ്രജകളെ കാണാന്‍ ഓണത്തിന് എത്തുന്നു എന്നതാണ് കേട്ടുപഴകിയ ഐതിഹ്യം. എന്നാല്‍ വാമനന്‍ മൂന്നടി സ്ഥലത്തിനായി മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ കഥയായിരിക്കും ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്.

കേരളം ഭരിച്ചിരുന്നതായി കരുതപ്പെടുന്ന നീതിമാനായ അസുര ചക്രവര്‍ത്തി. ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് മഹാബലി. മഹാബലി യാഗം നടത്തിയ സ്ഥലം വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാര്‍ക്ക് കാണിച്ചു കൊടുക്കുന്നതായി രാമായണത്തില്‍ പറയുന്നുണ്ട്. മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകളില്ല. എന്നാല്‍ മാവേലി ഇല്ലാതെ ഒരു ഓണവും പൂര്‍ണ്ണമായിട്ടില്ല. മാവേലി നാടുവാണീടും കാലം ഈ പാട്ട് പാടാത്ത ഒരു മലയാളിയും ഉണ്ടാവില്ല.ആരാണ് മാവേലി എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഒരുപക്ഷേ വലിയ കുടവയറും ഓലക്കുടയുമൊക്കെ പിടിച്ചിട്ടുള്ള ഒരുരൂപമായിരിക്കും നമ്മുടെ സങ്കല്പങ്ങളിലുള്ളത്. മറ്റൊരുതരത്തിലും മാവേലിയെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ വാമനന്‍ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ്.

മറ്റൊരു ഐതിഹ്യം പരശുരാമനുമായി ബന്ധപ്പെട്ടതാണ്. പരശുരാമനും തിരുവോണവുമായി അടുത്ത ബന്ധമുണ്ട്. പരശുരാമന്‍ ബ്രാഹ്‌മണര്‍ക്ക് ഭൂദാനം നടത്തിയത് തൃക്കാക്കരയില്‍ വെച്ചായിരുന്നത്രേ. ആവശ്യള്ളപ്പോള്‍ എന്നെ ഓര്‍ത്താല്‍ മതി, ഞാനിവിടെയെത്തും എന്നു പറഞ്ഞാണ് ഭൂമി നല്‍കിയ ശേഷം പരശുരാമന്‍ അപ്രത്യക്ഷനായത്. ബ്രാഹ്‌മണര്‍ ഒരിക്കല്‍ ഇത് പരീക്ഷിക്കാനായി പരശുരാമനെ സ്മരിച്ചു. പ്രത്യക്ഷനായ അദ്ദേഹം കാരണമില്ലാതെ തന്നെ വരുത്തിയതിന് ബ്രാഹ്‌മണരെ ശപിച്ചു. ക്ഷമ ചോദിച്ചപ്പോള്‍ ശാപമോക്ഷവും നല്‍കി. വര്‍ഷത്തിലൊരിക്കല്‍ താനെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പരശുരാമന്‍ എത്തിച്ചേരുന്ന ദിവസമാണ് തിരുവോണം.

ഓണത്തിന് വടക്കേ മലബാറിലെ താരം ഓണപ്പൊട്ടനാണ്. ഓണമെത്തുമ്പോള്‍ കൂടെ ഓണപ്പൊട്ടനും വരും. ചായം തേച്ചും ആടയാഭരണങ്ങള്‍ അണിഞ്ഞും താടി വെച്ച് കുരുത്തോല കെട്ടിയ കുട ചൂടി ഓണപ്പൊട്ടനെത്തും. ഓണപ്പൊട്ടന്‍ ഓടിയെത്തിയാല്‍ ആദ്യം അരി നല്‍കണം. പാടത്ത് വിതച്ച് കൊയ്ത നെല്ലിന്റെ പുത്തരി ആദ്യം ഓണപ്പൊട്ടന് നല്‍കിയാല്‍ കാര്‍ഷികാഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവുമെന്നാണ് വിശ്വാസം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിത്.

ഏവര്‍ക്കും ഓണാശംസകള്‍.......
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക