അന്നൊക്കെ തൈയ്യക്കടകൾ നാട്ടിൽ കുറവാണ്.പുനലൂരിലാണെങ്കിൽ എക്സൽ തൈയ്യക്കടയിലായിരുന്നു ജനങ്ങൾക്ക് വിശ്വാസം. സ്കൂൾ തുറക്കുമ്പോഴും മറ്റു വിശേഷ ദിവസങ്ങളിലും തയ്ക്കാനുള്ള തുണികൾ കൂമ്പാരം പോലെ ആ കടയിലുണ്ടാകും എന്നു ഊഹിക്കാമല്ലോ. അതുകൊണ്ട് ഓണത്തിന് ഒരു മാസം മുൻപേ പട്ടുപ്പാവാടയും ബ്ലൗസും തയ്ക്കാനുള്ള തുണി പത്മാസിൽനിന്നുമെടുത്ത് എക്സൽ തൈയ്യക്കടയിൽ ഏൽപ്പിക്കും. അങ്ങനെ തയ്ച്ചുകിട്ടുന്ന പട്ടുചേലയുടുത്ത് സ്കൂളിൽ നടക്കുന്ന ഓണഘോഷത്തിന് പങ്കെടുക്കാൻ എല്ലാ കുട്ടികളേയും പോലെ ഞാനും പോകും.
അന്നത്തെ സ്കൂൾ ഓണാഘോഷം അത്തപ്പൂവിടൽ മത്സരത്തിൽ ഒതുങ്ങിയിരുന്നു. തിരുവാതിരക്കള്ളി സ്കൂൾ കോമ്പറ്റിഷനു മാത്രം കണ്ടുവന്നിരുന്ന ഐറ്റംമായിരുന്നു. പട്ടുപ്പാവാടയുടുത്തു അണിഞ്ഞൊരുങ്ങി നടക്കലും കുറച്ചു വല്യതായപ്പോൾ സെറ്റ് സാരീയുടുത്ത് സ്കൂൾ പരിസരങ്ങളിൽ പൂ ശേഖരിക്കാൻ പോകലുമായിരുന്നു സ്കൂളിലെ ഞങ്ങളുടെ ഓണപ്പരിപാടി. ‘മുല്ലപ്പൂ വേണോ മുല്ലപ്പൂ ‘എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വഴിതോറും പൂക്കുട്ടയായി നടന്നിരുന്ന പാണ്ടി പെണ്ണുങ്ങളുടെ കൈയ്യിൽനിന്നും എനിക്കുള്ള മുല്ലപ്പൂ വാങ്ങിയിരുന്നു.വെളുപ്പിനെയായിരുന്നു പൂ വിൽക്കാൻ പെണ്ണുങ്ങൾ നടന്നിരുന്നത്. സൂര്യ രശ്മികളേറ്റു മൂടൽ മഞ്ഞുരുകി വീഴും മുമ്പ്. പെണ്ണുങ്ങളുടെ കൈയിൽ മുല്ലപ്പൂ,മാരിക്കോളുന്ത്,കനകാംബരപ്പൂഎന്നിവയുണ്ടായിരുന്നു. അവസരത്തിനൊത്തു പൊന്തി വന്നിരുന്ന ബിസിനസുകാരികളായിരുന്നു അവർ.ഓണം കഴിഞ്ഞാൽ ‘പൂ വേണോ പൂ’ എന്നു വിളിച്ചുകൂകി നടക്കാൻ അവരെ കിട്ടില്ല.
സ്കൂളിലെ അത്തപ്പൂ മത്സരത്തിനു പൂക്കൾ വാങ്ങാനുള്ള ചുമതല ക്ലാസ്സ് ടീച്ചർ എതെങ്കിലും ആൺകുട്ടികളെ ഏൽപ്പിക്കും. ക്ലാസ്സിൽ പിരിവിട്ട് അതിനുള്ള പണം കണ്ടെത്തിയിരുന്നു. പൂക്കൾ വാങ്ങാൻ പോകുന്ന ദിവസം പൂവിന്റെ ഡിമാൻഡ് കാരണം മിക്കവാറും അതിന്റെ വില കുത്തനെ പൂക്കടക്കാരൻ കൂട്ടിക്കളയും. ഉള്ള പണത്തിനു കിട്ടുന്ന പൂ വാങ്ങി ആണ്പിള്ളേർ ക്ലാസ്സിൽ വരും.അവരുടെ ‘ചേട്ടാ കുറച്ചൂടെ പൂ താ ചേട്ടാ’ എന്നുള്ള ദീനരോധനങ്ങളൊന്നും പൂക്കടക്കാരൻ ചെവിക്കൊള്ളില്ല. ബാക്കി വേണ്ടുന്ന പൂക്കളുടെ ശേഖരണം നടത്താൻ, അത്തപൂക്കളം വരയ്ക്കാനോ ഒന്നാം സമ്മാനം ലഭിക്കാനുള്ള മറ്റു നിയമ വശങ്ങളോ ഒന്നും അറിയാത്ത എന്നെപ്പോലുള്ള എക്കുംപുക്കും തിരിയാത്ത പിള്ളേർ നാട്ടിൽ ഇറങ്ങും. അങ്ങനെ വീടുകൾതോറും കയറിയിറങ്ങി കാട്ടിൽ വലിഞ്ഞു കയറി പൂ ശേഖരിച്ചുകൊണ്ടുവന്ന് ക്ലാസ്സിൽ ഏൽപ്പിക്കും. ഒരിക്കൽ പൂക്കൾ ശേഖരിക്കാൻ കൂട്ടത്തോടെ പോകും വഴി ഒരു കൂട്ടം പൂക്കൾ ആരും തൊടാതെ നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരൊറ്റയോട്ടത്തിന് അവിടെക്കണ്ട ചെറിയ തിട്ടയിൽ വലിഞ്ഞു കയറി കൈയെത്തി പൂക്കൾ പൊട്ടിച്ചുകൊണ്ടിരിക്കുമ്പോൾ കൂട്ടുകാരികൾ ചോദിച്ചു ‘എടീ നീ എങ്ങനെ ഇത്രെ ധൈര്യത്തിൽ കിണറിന്റെ തട്ടിൽ കയറി നിൽക്കുന്നു ’! ഞാൻ അതുകേട്ടു ആലില പോലെ വിറച്ചു. ഓ കിണറോ..! ആരേലും വന്ന് എന്റെ കൈയിൽ മുറുകെ പിടിച്ചു എന്നെ താഴേക്ക് ഇറക്കുമോ? തെല്ലനങ്ങാതെ ഞാൻ അഭ്യർത്ഥിച്ചു!എന്റെ ജീവൻ ഇത്രെ പെട്ടെന്ന് പൊയ്പോകുമോ എന്നു ആ നിമിഷങ്ങളിൽ ഞാൻ ഭയപ്പെട്ടു. അവർ ഓടിവന്ന് എന്റെ കൈ പിടിച്ചു താഴെയിറക്കി എന്റെ വിലപ്പെട്ട ജീവൻ രക്ഷിച്ചു. എന്റെ പരിസരബോധമില്ലായ്മയെ ധൈര്യമായി കുറച്ചു നിമിഷത്തേക്കാണെങ്കിൽക്കൂടി എന്റെ കൂട്ടുകാർ തെറ്റിദ്ധരിച്ചു. അങ്ങനെ സാഹസികമായിപ്പോലും പറിച്ചുകൊണ്ടുപോയ പൂക്കളുണ്ട് ഒരിക്കൽപ്പോലും സമ്മാനം കിട്ടാത്ത പൂക്കളങ്ങളിൽ!
പൂക്കളം തയ്യാറാക്കാൻ നിശ്ചിത സമയമുണ്ട്. അതുകഴിഞ്ഞു വിധികർത്താക്കൾ ക്ലാസുകൾ തോറും കയറിയിറങ്ങി പൂക്കളങ്ങൾ കണ്ട് മാർക്കിടും. മൈക്കിലൂടെ വിജയികളെ പ്രഖ്യാപിക്കും. ജയിക്കുന്ന പിള്ളേരുടെ ആർപ്പുവിളികൾ ഒരുഭാഗത്തു നടക്കും. കുട്ടികൾ ക്ലാസ്സിൽ വട്ടംകൂടിയിരുന്നു ഓണപ്പുടവയുടെയും കുപ്പിവളകളുടെയും മേനിപറച്ചിൽ നടത്തും. പെൺകുട്ടികൾ ആൺകുട്ടികളെയും ആൺകുട്ടികൾ പെൺകുട്ടികളെയും ഓണപ്പുടവകൾ അണിഞ്ഞു വരുന്നതു കാണുമ്പോൾ വായിന്നോക്കാറുണ്ടായിരുന്നു. ‘പൊട്ടിട്ടു കാണാൻ നല്ല ഭംഗി’,‘മുടി അഴിച്ചിടുന്നതാ ചേരുന്നത് ’ അങ്ങനെ അങ്ങനെ ആണുങ്ങൾവക പ്രശംസകൾ കേൾക്കാത്ത പെൺകുട്ടികളുണ്ടോ! അങ്ങനെയുള്ള പ്രശംസകൾ നടക്കുന്നതിനിടയിൽ സ്കൂളിൽ കൂട്ടമണി അടിക്കും. പിന്നെ പത്തു ദിവസത്തെ അവധിയായി. വീട്ടിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നു ആട്ടവും ആട്ടിക്കലുമാണ് ആ പത്തു ദിവസങ്ങൾ. തിരുവോണത്തിന് ഇലയിൽ സദ്യ വിളമ്പും. വാഴയില പിന്നെയും ബാക്കിയുണ്ടെങ്കിൽ അത് ഉണങ്ങുവോളം അതിൽത്തന്നെയാണ് ചോറു കഴിപ്പ്. ഇലയിൽ കഴിക്കുമ്പോൾ നല്ല രുചിയാണ് എന്നായിരുന്നു എന്റെ കണ്ടുപിടുത്തം. അങ്ങനെ സദ്യ കഴിച്ചു കുംഭകർണ്ണനെപ്പോലെ ഉറക്കമാണ്.ഉത്രാടത്തിനു വൈകിട്ട് കാറിൽ പുനലൂർ ടൗണിലേക്ക് ഇറങ്ങും ഉത്രാടപ്പാച്ചിൽ കാണാൻ. ഉറുമ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും നിരനിരയായി വേഗത്തിൽ നടക്കുമ്പോലെയാണ് മനുഷ്യരുടെ പാച്ചിൽ. എങ്ങോട്ടാ ഇവര് പാഞ്ഞു നടക്കുന്നതെന്നു ഞാൻ ചോദിക്കും. ‘ഓണമൊരുങ്ങാൻ ‘! മമ്മി പറയും.
ഉള്ളതാണ് നമ്മൾ മലയാളികൾ കാണം വിറ്റും ഓണമുണ്ണും! ഉത്രാടപ്പാച്ചിൽ കണ്ടു ഞാൻ ഉള്ളിൽ പറഞ്ഞു.