നടന്‍ ജയം രവിയും ആര്‍തിയും വിവാഹമോചിതരായ വാര്‍ത്തയില്‍ ഞെട്ടലോടെ ആരാധകര്‍. താരം തന്നെയാണ് വിവാഹ മോചന വാര്‍ത്ത ഔദ്യോഗിക ട്വിറ്റര്‍ വഴി ആരാധകരെ അറിയിച്ചത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമായത്. 2009ലായിരുന്നു ആര്‍തിയും ജയം രവിയും തമ്മിലുളള വിവാഹം. ആരവ്, അയാന്‍ എന്ന രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്.
''ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ആര്‍തിയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്നും വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന്റെ പിന്നില്‍. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്.
എന്റെ മുന്‍ഗണന എല്ലാ കാലത്തും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ എല്ലായ്‌പ്പോഴും പ്രേക്ഷകര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുക എന്നതാണ്. അതു തുടരും. ഞാന്‍ എപ്പോഴും നിങ്ങളുടെ ജയം രവി തന്നെയായിരിക്കും.'' ജയം രവിയുടെ കുറിപ്പ്.
ഇരുവരും വേര്‍പിരിയുകയാണെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിന് ഔദ്യോഗ്ര സ്ഥിരീകരണം ഇരുവരുടെയും ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആര്‍തി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ജയം രവിയോടൊപ്പമുള്ള മുഴുവന്‍ പോസ്റ്റുകളും നീക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ആര്‍തി ഇപ്പോഴും 'മാരീഡ് ടു ജയം രവി' എന്ന ഇന്‍സ്റ്റഗ്രാം ബയോ അക്കൗണ്ട് മാറ്റിയിട്ടില്ല. ജയം രവിയുടെ അക്കൗണ്ടിലും ആര്‍തിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 20ന് ജയം രവിയുടെ ആദ്യ ചിത്രം 'ജയം' റിലീസായി 21 വര്‍ഷം പൂര്‍ത്തിയായതിന്റെ പോസ്റ്റര്‍ ആര്‍തി പങ്കു വച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നായിരുന്നു ആരാധകരുടെ ധാരണ. അതിനാല്‍ തന്നെ ഇപ്പോള്‍ ഔദ്യോഗികമായി പുറത്തു വന്ന വിവാഹ മോചന വാര്‍ത്ത വിശ്വാസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രേക്ഷകര്‍.