Image

ആദിയും അന്തവുമില്ലാതിങ്ങനെ : പി. സീമ

Published on 11 September, 2024
ആദിയും അന്തവുമില്ലാതിങ്ങനെ : പി. സീമ

ഈ പടത്തിൽ കണ്ണും പൂട്ടി കൈയ്യും ചുരുട്ടി  പൂവും ചൂടി ഗുസ്തി പിടിക്കാൻ പോണത്  42 വർഷം മുൻപ്  അതായത് 1982ൽ ഒരു സെപ്റ്റംബർ 11 നു ജീവിതം കൊണ്ട് തമാശ കളിച്ച പെണ്ണാണ്.

ചിരിച്ചോണ്ട് നിൽക്കണത് "നീ ഒരു ജോലിക്കും പോകണ്ട നമുക്കുള്ളത് ഇവിടുണ്ട്" എന്ന് പറഞ്ഞയാളാ.  (2000 ൽ  സ്വന്തം ഇഷ്ടപ്രകാരം HNL സീനിയർ പ്ലാന്റ് എഞ്ചിനീയർ പദവിയിൽ നിന്നും VRS എടുത്തു 2019 ൽ ജീവിതത്തിൽ നിന്നേ VRS എടുത്ത ആളാ )

ആ തൂണിൽ ചാരി നിൽക്കുന്നത് സ്മിത എന്ന് പേരുള്ള കുട്ടിയാ. അടുത്ത വീട്ടിലെ കുട്ടി.  അവൾ ഇപ്പൊ കുട്ടിയല്ല അവൾക്കു രണ്ടു കുട്ട്യോൾ ആയി.  ഞങ്ങളുടെ പ്രേമലേഖനങ്ങളിൽ  ഇദ്ദേഹം ഉപയോഗിച്ചത് സ്മിത എന്ന പേരായിരുന്നു.  

കാരണം അന്നൊക്കെ എല്ലാ തവണയും കൂട്ടുകാരികളുടെ  കത്ത് അമ്മ പൊട്ടിച്ചാൽ   ഇദ്ദേഹത്തിന്റെ പേര് എങ്ങാനും  കണ്ടു ആരാടീ ഇതെന്ന് ചോദിച്ചാൽ "ഓ അത് ആ കാഥികൻ സാംബശിവന്റെ കാര്യമാ"ന്നു പറഞ്ഞ് എന്റെ പാവം അമ്മയെ  എപ്പോഴും പറ്റിക്കാൻ പറ്റില്ലല്ലോ.  അപ്പൊ പുള്ളിക്കാരനും  അവധിക്കാലത്തു സ്മിത എന്ന് പേര് വെച്ച്‌ എഴുതും...അപ്പൊ അമ്മ പറയും "ദേ നിന്റെ കൂട്ടുകാരി സ്മിതേടെ കത്ത് വന്നു" ന്ന്. പറ്റിച്ചേന്ന് ഞാൻ ഉള്ളിൽ ചിരിക്കും.

ഇപ്പൊ തോന്നുന്നുണ്ട് ആ 19 വയതിനിലേ ഇത്രേം പൂവും കെട്ടിത്തൂ ക്കി ഈ കോലുനാരായണിക്ക് ഇതിന്റെ വല്ല കാര്യോം ഉണ്ടാരുന്നോന്ന്. മമ്മുക്ക അമരത്തിൽ പറഞ്ഞ പോലെ "പഠിച്ച കാലത്ത് സ്വർണ്ണമടല് മേടിച്ച പെണ്ണാ" മീൻ ചട്ടി കഴുകാൻ പോയത്.....ഇനി പോയ ബുദ്ധി ആന പിടിച്ചാ കിട്ടുമോ.?

ഇപ്പൊ ചിരിച്ചോണ്ട് നിന്ന ആള് പോയി.  ആൺകുട്ട്യോൾക്ക് രണ്ടു പേർക്കും ആ നിരയൊത്ത പല്ലിന്റെ ചിരി സൗഭാഗ്യം സമ്മാനിച്ചാണ് ആൾ പോയത്.  അത് ഏതായാലും നന്നായി.  അതെങ്കിലും ഉണ്ടല്ലോ.  "പല്ല് നന്നായാൽ പാതി നന്ന്   മുഖം നന്നായാൽ മുഴുവൻ നന്ന്" എന്നല്ലേ ചൊല്ല്.   കുട്ട്യോൾ അച്ഛനെ പറ്റിച്ച ചിലർ കുഴിച്ച് വെച്ച പടു കുഴികൾ   നികത്താൻ വഴിയില്ലാതെ കണ്ണീരിലൂടെ മനം നൊന്ത്  ഇപ്പോഴും ആ ചിരി ചിരിക്കുന്നു.   കുട്ട്യോളെ പഠിപ്പിച്ചു വിട്ടാൽ മതി അവർ സമ്പാദിച്ചു കൊള്ളും അവർക്കുള്ളത് എന്നാണെങ്കിലും  അവർക്കു പ്രാരാബ്ധങ്ങൾ താങ്ങാൻ പറ്റുന്നതേ കൊടുക്കാവൂ.  നമ്മൾ വിതച്ചത് നമുക്ക് കൊയ്യാൻ പറ്റാതെ വന്നാൽ അന്യന്റെ കളപ്പുരകൾ നിറയും. നമുക്ക് പതിര് പോലും ബാക്കി കാണില്ല എന്നത് ആരും മറക്കരുത്.

പിന്നെ ജീവിതം കൊണ്ട്   അന്ന് തമാശ കളിച്ചവൾ ഇവിടുണ്ട്. പല്ലും നന്നല്ല മുഖവും നന്നല്ല.   ഇനി   മുഴുവൻ നന്നാകണം എന്നും ഇല്ല. ചിരിക്കണം എന്നും ഇല്ല.  അറുപതു കഴിഞ്ഞേ..എന്റെ മുട്ടിൽ പിടിത്തം ഇട്ട ദൈവംതമ്പുരാൻ  ഇപ്പോൾ എന്നെ ത്തന്നെ പന്താക്കി എറിഞ്ഞു പല തരത്തിൽ  തട്ടിക്കളിക്കുന്നു.  എന്നാൽ പിന്നെ പോത്തിന്റെ പുറത്തെ ആളെ ഇങ്ങ് വിട്ടാൽ പോരായിരുന്നോ. എങ്കിൽ എല്ലാത്തിനും ഒരു തീരുമാനം ആയേനെ.  എന്നെ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നത് ഇപ്പൊ ഹൈ ലെവലിൽ തങ്കയങ്കി ഒക്കെ ചാർത്തി നില്ക്കണ  ഒരാളാ..  ആരാ.. മ്മടെ കൃഷ്ണൻ. പക്ഷെ കണ്ണ് അടച്ചു പിടിച്ചേക്കുവാന്ന് തോന്നണു.  തുറക്കണില്ല. കണിക്കൊന്ന മുഴുവൻ മഴയിലും കരിഞ്ഞു നിൽക്കുന്നതും കണ്ടു കാണില്ല...

എന്നാലും ന്റെ കൃഷ്ണാ ഇത്രേം വേണമാരുന്നോ എന്നോട് എന്നല്ലാതെ എന്ത് ചോദിക്കാനാ ഈ ദിവസം.  നീ വിചാരിച്ചാൽ  എനിക്ക് വയ്യാതെ വന്നാൽ ഒരു ആശുപത്രിയിൽ കൊണ്ടോവാൻ പറ്റുവോ?  എന്റെ കൂടെ   ഒന്ന് ബാങ്കിൽ വന്ന് കാര്യം പറയാൻ പറ്റുമോ?, വല്ലപ്പോഴും ഒരു സെക്കന്റ്‌ ഷോ യ്ക്കു കൂടെ വരാൻ പറ്റുമോ,? ഒരു കല്യാണത്തിനോ, നൂലുകെട്ടിനോ കൂടെ വരാൻ പറ്റുവോ.?  

ഒന്നും പറ്റീല്ലേൽ കുറെ മഞ്ചാടിക്കുരു  എങ്കിലും വാരിയെറിയൂ.. സ്വർണ്ണമാ യാലോ?   അത്യാഗ്രഹം കൊണ്ട് അല്ലാട്ടോ.  ഉണ്ടാരുന്ന പൊന്നും പണവും സുരക്ഷയും ഒക്കെ ഈ വീട് വിഴുങ്ങീല്ലേ... എന്നിട്ട്  ഇപ്പൊ എന്നെ വിഴുങ്ങാൻ പാകത്തിന് വായും പിളർന്നിങ്ങനെ നിൽക്കുന്നു. ഞാനാ ണെങ്കിൽ  കര കാണാതെ തോണി തുഴഞ്ഞും, കൈയ്യാലപ്പുറത്തെ തേങ്ങ യുടെ ജീവിതം ജീവിച്ചു വല്ലതുമൊക്കെ എഴുതിക്കുത്തിയും ആദിയും അന്തവുമില്ലാതിങ്ങനെ കരഞ്ഞോണ്ട് ചിരിച്ചും, ചിരിച്ചോണ്ട് കരഞ്ഞും ഒരു പോക്കാ.  എങ്കിലും നല്ല മനസ്സുറപ്പാ..എപ്പോൾ എവിടെത്തും അവസാനിക്കും  ഒരു നിശ്ചയവുമില്ലയൊന്നിനും....എല്ലാം  അനന്തം അജ്ഞാതം...കാലമോ അതോ കാലനോ ഉത്തരം തരുമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക