പണ്ട്, കിഴക്കൻ മലകളിൽ
കൂട്ടംകൂടിനിന്നു
കളിപറഞ്ഞു സല്ലപിച്ച
കൂറ്റൻ ശിലകളാണിന്നു
കായലോരത്തും,
കടൽക്കരയിലും
പുഴയുടെ തീരത്തും
നൊമ്പരംകൊള്ളുന്ന
മൺതരികൾ...!
പലനാളുകൾ നിർത്താതെ പെയ്ത മഴയിലും,
പലവട്ടം കരയിച്ച വേനലിലും
പതംവന്നു പതറി
ഇടറിനേർത്തു
ചെറു കഷണങ്ങളായ് താഴേക്കുരുണ്ടുരുണ്ടു
സമതലത്തിൻ വരണ്ട നെഞ്ചിൽ പിടഞ്ഞുവീണ്
ദാഹനീരിനു കേഴുമ്പോൾ
അലിവോടെയാർത്തുപെയ്ത മഴപ്പെയ്ത്തിൽ
കുത്തിമറിയും നീരൊഴുക്കിൽ
വേർപിരിഞ്ഞ മൺതരികൾ..!