Image

എൺപതിലും ഭാവസാന്ദ്രം! (വിജയ് സി.എച്ച്)

Published on 11 September, 2024
എൺപതിലും ഭാവസാന്ദ്രം! (വിജയ് സി.എച്ച്)

അത്യാകർഷകമായ ആലാപന മികവോടെ കെ.എസ്. ചിത്ര മലയാള ചലച്ചിത്ര സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുന്നതിനാലാണ് നവാഗത ഗായികമാർക്ക് അവർ അർഹിക്കുന്ന സ്ഥാനം ലഭിയ്ക്കാത്തതെന്ന വാദം ശരിയെങ്കിൽ, ഗാനഗന്ധർവനെന്നു പരക്കെ വാഴ്ത്തപ്പെടുന്ന കെ.ജെ. യേശുദാസ് കളം നിറഞ്ഞുനിന്ന അര നൂറ്റാണ്ടു കാലം അദ്ദേഹത്തോടു സമാന്തരത്വം പുലർത്തിക്കൊണ്ടു പി. ജയചന്ദ്രൻ എങ്ങനെ പാടി മുന്നേറിയെന്ന യാഥാർത്ഥ്യം തീർച്ചയായും പഠനാർഹമാണ്. കടുത്ത കിടമത്സരം നടക്കുന്ന ചലച്ചിത്ര പിന്നണി ലോകത്തെ വിജയത്തിനു പ്രതിഭയെന്ന ഒരൊറ്റ യോഗ്യത മാത്രമേ തുണയായുള്ളൂ!

യേശുദാസ് തന്നേക്കാൾ വലിയ ഗായകനാണെന്നു ലഭ്യമായ അവസരങ്ങളിലെല്ലാം പറയാറുള്ള ജയചന്ദ്രൻ, തങ്ങൾ സമകാലികരല്ല മറിച്ചു പരസ്പരപൂരകങ്ങളാണെന്നു അറിയപ്പെടാനാണിഷ്ടമെന്നും വ്യക്തമാക്കാറുണ്ട്.

"യേശുദാസ് എന്നെക്കാൾ നാലു വയസ്സ് മുതിർന്നയാളാണ്. അതിനാൽ, ഞാൻ അദ്ദേഹത്തെ എൻ്റെ ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്നു. വളരെ മനോഹരമായാണ് അദ്ദേഹം പാടുന്നത്; ഞാൻ പാടുന്നത് മനോഹരമാണെന്ന് ഞാൻ അഭിപ്രായപ്പെടുകയുമില്ല," ജയചന്ദ്രൻ പറയുന്നു.

1958-ൽ തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ, യേശുദാസ് ആലപിച്ച ലളിതഗാനത്തിനു മൃദംഗം വായിച്ചതു മുതൽ ആരംഭിച്ചൊരു സംഗീത സൗഹൃദമാണ് കേരളത്തിലെ ഏറ്റവും പ്രശസ്തരായ രണ്ടു ഗായകർ തമ്മിലുള്ളത്. യുവജനോത്സവ വേദിയിൽ വച്ചാണ് അവർ പരസ്പരം ആദ്യമായി നേരിൽ കണ്ടതും. സംസ്ഥാന തലത്തിലുള്ളൊരു കലോത്സവത്തിൽ രണ്ടു പേർക്കും അതതിനുള്ള ഒന്നാം സമ്മാനം ലഭിച്ചിരുന്നുവെന്ന യാഥാർത്ഥ്യം സൂചിപ്പിക്കുന്നത് സമാന്തരത്വം പുലർത്തിക്കൊണ്ടുള്ളതും, എന്നാൽ അന്യോന്യം ആദരവുള്ളതുമായ കലാജീവിതമായിരുന്നു അവരുടേതെന്നുമാണ്.

"പിന്നീട് മദ്രാസിൽവച്ചു ഞങ്ങൾ പതിവായി കാണാറുണ്ടായിരുന്നു. യേശുദാസ് പാടിത്തുടങ്ങുന്ന കാലമായിരുന്നു അത്. ഡിഗ്രി കഴിഞ്ഞു ഒരു ജോലി അന്വേഷിച്ചു മദ്രാസിലെ ജ്യേഷ്ഠൻ്റെ കൂടെ ഞാൻ താമസിക്കുകയായിരുന്നു. അക്കാലം മുതൽ ഇന്നുവരെ ഞങ്ങളുടേത് ഹാർദ്ദമായ ബന്ധമാണ്," ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ മാർച്ചിൽ എൺപതു തികഞ്ഞ ഗായകൻ, ആലാപനത്തിന് പുതിയ ഭാവവും മാനവും നൽകിയ കലാകാരൻ. വരിയുടെ പൊരുളിനു ഭാവം നൽകുന്ന, ശ്രോതാവിൻ്റെ കാതുകളിൽ അമൃതു പൊഴിക്കുന്ന, ഉള്ളിൽ കുളിരുകോരിയിടുന്ന, 'കേവല മർത്യ ഭാഷ കേൾക്കാത്ത' എത്രയെത്ര പാട്ടുകളാണ്, എത്രയോ വികാരനിർഭരമായി, ജയചന്ദ്രൻ പാടിയിട്ടുള്ളത്! മലയാളത്തോടൊപ്പം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ളതുമുൾപ്പെടെ, രണ്ടായിരത്തിലേറെ! ആശങ്കയില്ലാതെ പറയാം, എൺപതിലും ഈ പാട്ടുകാരൻ്റേത് മധുരമുള്ള ശബ്ദവും, ഭാവസാന്ദ്രമായ ആലാപനവും!

ദീർഘമായ സംഗീത ജീവിതംകൊണ്ടു ആലാപനകലയുടെ ഉള്ളറകളിലുള്ളതെല്ലാം അനുഭവിച്ചറിയാൻ അവസരം ലഭിച്ച ഈ ഭാഗ്യവാ൯ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമൻ. ജനിച്ചത് കൊച്ചിയിലെ രവിപുരത്തായിരുന്നുവെങ്കിലും, ക്ഷേത്രകലകളുടെ ഈറ്റില്ലമെന്നു അറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ വളർന്നു, അവിടത്തെ നേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, ക്രൈസ്റ്റ് കോളേജിലും പഠിച്ചു. പിന്നണി ആലാപന ലോകത്തു തിരക്കേറിയപ്പോൾ ചെന്നൈയിലേയ്ക്കും, തുടർന്നു തൃശ്ശൂർ നഗരത്തിലേക്കും താമസം മാറി. തൃശൂർക്കാരി ലളിതയാണ് പത്നി, ലക്ഷ്മി മകളും ദിനനാഥ് മകനും.

മുഹമ്മദു റാഫി, ലതാ മങ്കേഷ്കർ, പി. സുശീല എന്നിവരുടെ ഗാനങ്ങൾ പതിവായി കേൾക്കുന്ന ഗായകൻ തൻ്റെ പ്രഥമ ആലാപന ശ്രമം വൻ പരാജയമായിരുന്നെന്നു തുറന്നു പറയുന്നു.

"യേശുദാസ് പാടാനിരുന്ന ഒരു പാട്ടു പാടിയാണ് ഞാൻ പിന്നണി ഗായകനാകുന്നത്! നസീറും, ഷീലയും അഭിനയിച്ചു, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'കളിത്തോഴ'നിൽ, 'മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്ന ഗാനം. പി. ഭാസ്കരൻ്റെ വരികളായിരുന്നു. ആദ്യ ദിവസം പാടിയത് തീരെ ശരിയായില്ല. പേടിച്ചു, പേടിച്ചു പാടി, മൊത്തം തെറ്റുകൾ പറ്റി. ഞാൻ നിരാശനായി. ജോലി തേടിയാണ് മദ്രാസിൽ പോയത്, അതുതന്നെയാണ് എനിയ്ക്കു വിധിച്ചിട്ടുള്ളതെന്നും കരുതി സ്വയം സമാധാനിച്ചു. എന്നാൽ, പിറ്റേ ദിവസം ദേവരാജൻ മാഷ് (പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ) എന്നെ വീണ്ടും വിളിപ്പിച്ചു. ഒരു ഉശിരൻ പരിശീലനം കൂടി തന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ചു ഞാൻ വീണ്ടും റെക്കാർഡിങ് മുറിയിൽ കയറി. പാടി... എല്ലാം ശരിയായി! 1966-ൽ ആയിരുന്നു അത്. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു...' എൻ്റെ എവർഗ്രീൻ ഗാനങ്ങളിലൊന്നായി ശ്രോതാക്കൾ ഇന്നും നെഞ്ചിലേറ്റുന്നു," ജയചന്ദ്രൻ എല്ലാം ഓർക്കുന്നുണ്ട്.

ഭാസ്കരൻ മാഷ് രചിച്ചു, ജി. ദേവരാജൻ ചിട്ടപ്പെടുത്തിയ 'താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ...' എന്നു തുടങ്ങുന്ന മറ്റൊരു ഗാനം കൂടി 'കളിത്തോഴ'നിൽ ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. എസ്.എസ്. രാജൻ സംവിധാനം ചെയ്ത 'കുഞ്ഞാലി മരയ്ക്കാർ' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ജയചന്ദ്രൻ ആദ്യം പാടിയതെങ്കിലും, 'കളിത്തോഴ'നായിരുന്നു ചിത്രീകരണം പൂർത്തീകരിച്ചു ഒന്നാമതായി സിനിമാ ശാലകളിലെത്തിയത്. ഭാസ്കരൻ മാഷ് രചിച്ചു ബി.എ. ചിദംബരനാഥ് സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ 'കുഞ്ഞാലി മരയ്ക്കാ'റിൽ ജയചന്ദ്രൻ പാടിയിട്ടുണ്ട്. ഇതിലൊന്നായ 'ഉദിയ്ക്കുന്ന സൂര്യനെ ചതിക്കയാൽ പിടിച്ചെന്നു കൊതിക്കേണ്ട കരിമുകിൽ കൊലയാളരേ...' എന്നു തുടങ്ങുന്ന ഗാനം യേശുദാസുമൊത്താണ് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്.

യേശുദാസിൻ്റേതു കൂടാതെ, പുതുമയുള്ള മറ്റൊരു ശബ്ദം കൂടി ആസ്വദിക്കാനിടയായ സംഗീതപ്രേമികൾ ജയചന്ദ്രൻ്റെ കൂടുതൽ പാട്ടുകൾക്കു വേണ്ടി കൗതുകത്തോടെ കാത്തിരുന്നു. തുടർന്നെത്തിയ വർഷത്തിൽ 'അഗ്നിപുത്രി'യിലെ 'ഇനിയും പുഴയൊഴുകും ഇതുവഴി...' എന്ന ഇമ്പമൂറുന്ന ഗാനവും, വശ്യമധുരമായ 'രാ‍ജീവലോചനേ രാധേ...' എന്നതും ശ്രോതാക്കളുടെ പ്രതീക്ഷ ഉയർത്തുന്നവയായിരുന്നു. വയലാറിൻ്റെ വരികളും എം.എസ്. ബാബുരാജിൻ്റെ സംഗീതവും പുത്തൻ പാട്ടുകാരന് രണ്ടു ഗാനങ്ങളിലും അകമ്പടി നിന്നു! 1967-ൽ തന്നെ ബാബുരാജും യൂസഫലി കേച്ചേരിയും ഒന്നിച്ച 'അനുരാഗഗാനം പോലെ അഴകിൻ്റെ അലപോലെ...' എന്ന 'ഉദ്യോഗസ്ഥ'യിലെ പാട്ടും കൂടിയെത്തിയപ്പോൾ ജയചന്ദ്രൻ്റെ ശബ്ദം തുടർന്നും കേൾക്കാനായി സഹൃദയർ കൊതിച്ചു.

മാതൃഭാഷയിലുള്ള അത്രയുംതന്നെ സൂപ്പർഹിറ്റു ഗാനങ്ങൾ തമിഴിലും പാടിയിട്ടുണ്ടെന്നു അവകാശപ്പെടാ൯ കഴിയുന്നൊരു ഗായകനാണ് ജയചന്ദ്ര൯. 'സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം...' എന്ന ഗാനമാണോ, തമിഴിലെ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച്...' എന്നതാണോ കൂടുതൽ ഇഷ്ടമെന്ന് കേരളത്തിലെ ഒരു സംഗീതപ്രേമിയോട് ചോദിച്ചാൽ, മറുപടി പറയാനാകാതെ അയാൾ വിമ്മിഷ്ടപ്പെടും. ഒരു പക്ഷേ, രണ്ടും തനിയ്ക്ക് ഒരുപോലെ ഇഷ്ടമാണെന്നാകും ഒടുവിൽ അയാളുടെ പ്രതികരണം!

അഞ്ചു തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ജയചന്ദ്രന്, തമിഴ് നാടിൻ്റെ സംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം ലഭിച്ചിട്ടുണ്ട്. 1973-ൽ 'മണിപ്പയൽ' എന്ന ചിത്രത്തിലെ 'തങ്ക ചിമിഴ് പോൽ ഇദയോ...' എന്ന ഗാനത്തിലൂടെ മലയാളികളുടെ സ്വന്തം ഗായകനെ തമിഴ് ചലച്ചിത്ര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് പ്രശസ്ത തെന്നിന്ത്യൻ സംഗീത സം‌വിധായകനായിരുന്ന എം.എസ്. വിശ്വനാഥനായിരുന്നു. തുടർന്നെത്തിയ വർഷങ്ങൾ കണ്ടത് ജയചന്ദ്രൻ്റെ ഗാനങ്ങളോടുകൂടി ഇറങ്ങിയ നിരവധി ബമ്പർഹിറ്റ് തമിഴ് സിനിമകളാണ്.

ഹിന്ദിയും, മറാഠിയും ഉൾപ്പെടെ, രാജ്യത്തെ വിവിധ ഭാഷകളിലായി എണ്ണായിലത്തിലേറെ ഗാനങ്ങൾക്കു ഈണം പകർന്നു 'ഇസൈജ്ഞാനി'യായിത്തീർന്ന ഇളയരാജയുടെ സംവിധാനത്തിൽ പിറന്നുവീണ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച്...', 'ഇന്തൈക്ക് ഏനിന്ത ആനന്ദമേ...', 'കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോകുതെടീ...', 'വസന്ത കാലങ്കൾ ഇസൈന്തു പാടുങ്കൾ...', 'കവിതൈ അരങ്കേറും നേരം...', 'കാളിദാസൻ കണ്ണദാസൻ കവിതൈ നീ...' മുതലായ 'ഇനിപ്പു പാടൽകൾ' തമിഴ് നാടിനെ അരികും മൂലയും ചേർത്തു പ്രകമ്പനം കൊള്ളിച്ചപ്പോൾ, 'മഞ്ഞല' പാടിയ മലയാളി ചെന്തമിഴനായി!

1985-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത 'ശ്രീ നാരായണഗുരു' എന്ന മലയാള ചലച്ചിത്രത്തിൽ ദേവരാജൻ മാഷ് സംഗീതം നൽകിയ 'ശിവശങ്കര സർവ ശരണ്യവിഭോ ഭവസങ്കടനാശന പാഹി ശിവ...' എന്ന കീർത്തന സമാനമായ ഗാനത്തിനു മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം നേടുകയുണ്ടായി. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ നാരായണഗുരു തന്നെ രചിച്ച കാവ്യമാണ് ഈ ഗാനം.

തമിഴ് ചലച്ചിത്ര സംഗീതത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ചു 1997-ൽ തമിഴ്‌നാട് സർക്കാരിൻ്റെ പേരും പെരുമയുമുള്ള 'കലൈമാമണി' പുരസ്കാരം ജയചന്ദ്രൻ നേടിയത്, എ. ആർ. റഹ്മാൻ സംഗീതം നൽകിയ 'കിഴക്കു ചീമയിലെ' എന്ന ബഹുഭാഷാ ബോക്സ്ഓഫീസ് ബ്രേക്കറിൽ 'കതാഴ കാട്ടുവഴി...' എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ്. മലയാളത്തിലെ സമുന്നതമായ ചലച്ചിത്ര അംഗീകാരമായി അറിയപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരം ജയചന്ദ്രനെ തേടിയെത്തിയത് 2021-ലും.

ആലാപന സമയത്ത് വരികളുടെ വൈകാരിക ഭാവങ്ങൾ ജയചന്ദ്രൻ്റെ മുഖത്ത് തെളിഞ്ഞു കാണുന്നു. "അത് വരുത്തുന്നതല്ല, വന്നു പോകുന്നതാണ്. വാക്കുകളുടെ അർത്ഥം മനസ്സിലാകുമ്പോൾ അവയിലടങ്ങിയ വികാരങ്ങൾ സ്വാഭാവികമായും പാടുന്നയാളുടെ മുഖത്തു പ്രകടമാകും," ഗായകൻ വ്യക്തമാക്കി.

സിനിമയിലെ കഥാപാത്രം ഗാനം ആലപിക്കുന്നതായി അഭിനയിക്കുമ്പോൾപോലും, അതിൻ്റെ വരികളിൽ അന്തർലീനമായ ചേതോവികാരം ആ അഭിനേതാവിൻ്റെ മുഖഭാവങ്ങളിൽ തെളിയണം. അതാണല്ലൊ യഥാർത്ഥ അഭിനയം. പിന്നണിയിലുള്ള കലാകാരന്മാക്ക് ഭാവങ്ങൾ നിർബന്ധമല്ലെങ്കിലും, ഗാനങ്ങളുടെ വൈകാരികത ഉൾക്കൊണ്ടു പാടുന്നതിനാൽ ജയചന്ദ്രൻ്റെ മുഖത്തു വ്യക്തമായ ഭാവങ്ങൾ വെളിപ്പെടാറുണ്ട്.

"അഭിനയമല്ലല്ലൊ, ശരിയ്ക്കും ആലപിക്കുകയല്ലേ! പാട്ടിൽ ജീവിച്ചാണ് പാടുന്നത്. പിന്നണിയിലായാലും, സ്റ്റേജിലായാലും വരികളുടെ അർത്ഥത്തിനനുസരിച്ച മുഖഭാവങ്ങൾ പതിവാണ്. ഇതു ശ്രദ്ധിച്ച ശ്രോതാക്കളാണ് എന്നെ 'ഭാവഗായകൻ' എന്നു വിശേഷിപ്പിക്കാൻ തുടങ്ങിയത്. അവർ എനിയ്ക്കു തന്ന ഒരു അനുഗ്രമാണ് ഈ സ്ഥാനനാമം!" ജയചന്ദ്രൻ വിശദീകരിച്ചു.

മുൻകാല സംഗീത സംവിധായകർ ഗായകരെ ആദ്യം പഠിപ്പിച്ചിരുന്ന സംഗതി ആലാപനത്തിൻ്റെ മൃദുവോ കഠിനമോ ആയ ആരോഹണ അവരോഹണങ്ങളല്ല, പകരം വരികളിലുള്ള പദങ്ങളുടെ പ്രാഥമികമായ ഉച്ചാരണമായിരുന്നുവെന്ന യാഥാർത്ഥ്യം പുതിയ കാലത്തെ പിന്നണിഗായകർക്ക് ഒരു പക്ഷേ പട്ടെന്നു ബോധ്യപ്പെട്ടെന്നു വരില്ല.

"എന്നെയും യേശുദാസിനെയും ദേവരാജൻ മാഷ് ഏറ്റവും കൂടുതൽ പഠിപ്പിച്ചത് പദങ്ങളുടെ ഉച്ചാരണമാണ്. ഡിക്ഷൻ, അല്ലെങ്കിൽ അക്ഷരസ്ഫുടത. ശ്രോതാക്കൾക്ക് പദങ്ങൾ വ്യക്തമായി മനസ്സിലാവുന്നതു പോലെ ഉച്ചരിക്കാനാണ് ഞങ്ങളെ പഠിപ്പിച്ചത്. പദങ്ങളുടെ ഉച്ചാരണവും അർത്ഥവും ഇരിഞ്ഞാലക്കുടയിലെ ഒരു മലയാളം അദ്ധ്യാപകനും എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് ഞാനും യേശുദാസും പാടുന്നതു കേട്ടാൽ വരികൾ ആർക്കും നിഷ്പ്രയാസം എഴുതിയെടുക്കാൻ കഴിയുന്നത്," ജയചന്ദ്രൻ വിവരിച്ചു!

അറിയാമോ നോട്ടുബുക്കും പെൻസിലുമായാണ് തങ്ങൾ റെക്കാർഡിംങ് സ്റ്റുഡിയോയിൽ പോയിരുന്നതെന്നു ഗായകൻ ചോദിക്കുന്നു! വ്യക്തം, ഇന്നലത്തെ ഗായകർക്കു ലഭിച്ചതു കർശനമായ ആലാപന പരിശീലനമാണെന്നു തിരിച്ചറിയണമെങ്കിൽ മുതിർന്ന ഗായകരോടു തന്നെ സംവദിക്കണം.

"ചിലപ്പോൾ ഉച്ചാരണ പരിശീലനം വളരെ കഠിനമായി എനിയ്ക്കു തോന്നിയിട്ടുണ്ട്. കാരണം, തുടക്ക കാലത്ത് എൻ്റെ ഉച്ചാരണ രീതിയ്ക്ക് ഒരു സ്ഥിരതയില്ലായിരുന്നു. തുടർച്ചയായി അനുശാസിച്ചു അതു ശരിയാക്കിയെടുത്തത് ദേവരാജൻ മാഷാണ്. റെക്കോർഡിങിനു മുമ്പേ നാലു ദിവസം, മാഷ് ഞങ്ങളെ പുതിയ പാട്ടിലെ പദങ്ങളുടെ ഉച്ചാരണവും, അർത്ഥവും പഠിപ്പിയ്ക്കും. ഓരോ വരിയും പാടി, പാട്ടിൻ്റെ മൂഡ് വിവരിച്ചുതരും. മലയാളത്തിലും സംഗീതത്തിലും ഒരുപോലെ പണ്ഡിതനായിരുന്നു മാഷ്. വയലാറിൻ്റെ വരികൾപോലും അദ്ദേഹം തിരുത്തിയിട്ടുണ്ട്! അങ്ങനെയുള്ളൊരു ഗുരുവിൻ്റെ ശിക്ഷണത്തിലാണ് ഞങ്ങൾ സംഗീത ആലാപനം പഠിച്ചത്," ജയചന്ദ്രൻ പങ്കുവച്ചു.

പുതിയ പാട്ടുകാരുടെ ഡിക്ഷൻ വികലമാണെന്നു വളരെ നിഷ്കർഷമായി ജയചന്ദ്രൻ കണ്ടെത്തുന്നു. ഹൃദയം കവരുന്ന വരികളാണെങ്കിൽ പോലും ഡിക്ഷൻ ശുദ്ധമല്ലെങ്കിൽ, ഗാനത്തിൻ്റെ വൈകാരികത ശ്രോതാവിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നു അദ്ദേഹം ഉറപ്പിച്ചു പറയുന്നു. കൃത്യമായ ഉച്ചാരണവും, അർത്ഥമറിഞ്ഞുള്ള ആലാപനവുമാണ് പാട്ടുകൾക്ക് ജീവൻ നൽകുന്നത്. നിർഭാഗ്യവശാൽ, ചില പുതിയ പാട്ടുകാർ പാടുന്നതെന്താണെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല. അവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതായിരിക്കാം ഇതിനു കാരണം. പുതിയ തലമുറയെ താൻ കുറ്റം പറയുകയല്ലെന്നും, എന്നാൽ, അവർ ഡിക്ഷൻ കൂടുതൽ ശ്രദ്ധിക്കണമെന്ന അഭിപ്രായം തനിയ്ക്കുണ്ടെന്നും ജയചന്ദ്രൻ തെളിച്ചു പറഞ്ഞു.

"മലയാള സിനിമാ ഗാനങ്ങൾക്ക് ആത്മാവുതന്നെ നഷ്ടപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ദുരന്തം! അർത്ഥം മനസ്സിലാക്കി, സന്ദർഭം ഉൾക്കൊണ്ടു, പ്രാക്ടീസ് ചെയ്തു പാടുന്ന രീതിയാണ് എനിയ്ക്കു പരിചയമുള്ളത്. ഇപ്പോൾ അങ്ങനെയല്ല. ടെക്നോളജികൾ വ്യത്യാസപ്പെട്ടു, വേഗതയേറി, എല്ലാം യാന്ത്രികമായി മാറുന്നു. പാടാൻ വിളിയ്ക്കും, രണ്ടു വരി പാടിയാൽ അന്നത്തെ വർക്ക് അവസാനിയ്ക്കും; പൊയ്ക്കാളാൻ പറയും. ബാക്കി പിന്നീടാണ്. എനിയ്ക്കു തന്നെ അറിയുന്നില്ല ഞാൻ എന്താണ് പാടുന്നതെന്ന്, ഏതു പ്രോജക്റ്റിനു വേണ്ടിയാണ് പാടുന്നത് മുതലായവയൊന്നും," ഗായകൻ ഖേദം പ്രകടിപ്പിച്ചു.

സാന്നിദ്ധ്യവും, പങ്കാളിത്തവും ഗായകനു അനുഭവപ്പെടുന്നേയില്ലെന്ന വേവലാതി ജയചന്ദ്രൻ പങ്കുവയ്ക്കുന്നുണ്ട്. സംഗീത സംരംഭങ്ങളുമായി ഉള്ളുകൊണ്ടുള്ളൊരു ലയനമാണ് അതിനാൽ ഇല്ലാതാകുന്നത്. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കാൻ കഴിയാത്ത അവസ്ഥ. ആദ്യകാലങ്ങളിൽ ലഭിച്ചിരുന്ന സംതൃപ്തി ഇന്നു പിന്നണി പാടുന്ന കലാകാരനു ലഭിക്കുന്നില്ലെന്നു വിശദീകരണങ്ങൾക്കൊടുവിൽ അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്നാർക്കും സംഗീതം ചെയ്യാമെന്നായിട്ടുണ്ടെന്നു ജയചന്ദ്രൻ നിരീക്ഷിക്കുന്നു. ആധുനിക സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനറിഞ്ഞാൽ മാത്രം മതിയത്രെ! ന്യൂജെൻ പാട്ടുകൾ നിലനിൽക്കാത്തതിൻ്റെ മൂലകാരണമിതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സംഗീതം നിസ്സാരമായി കാണേണ്ടൊരു സംഗതിയല്ല. ചലച്ചിത്രത്തിനു ഉടനീളം നൽകുന്ന പശ്ചാത്തല സംഗീതവും, കഥാസന്ദർഭങ്ങൾക്കു കരുത്തേകുന്ന ഗാനങ്ങളും, അവയ്ക്കു കൊടുക്കുന്ന മ്യൂസിക് സ്കോറും വിട്ടുവീഴ്ച്ചകൾക്ക് അതീതമായിരിക്കണം. പിഴവുകൾ പടത്തിൻ്റെ മൊത്തം പരാജയത്തിനു തന്നെ കാരണമായേക്കാം. യഥാർത്ഥത്തിൽ, സംഗീതത്തിൻ്റെ സകല തലങ്ങളിലുമുള്ള പ്രയോഗങ്ങളും ഒരു ചലച്ചിത്രകാവ്യത്തിൻ്റെ അവശ്യ ഘടകങ്ങളാണ്.

"എൻ്റെ ആദ്യ ഗാനവും, അര നൂറ്റാണ്ടിനു മുമ്പേ ഞാൻ പാടിയ 'പൂവും പ്രസാദവും ഇളനീർക്കുടവുമായ്...' എന്നതും, 'ഇനിയും പുഴയൊഴുകും...', അല്ലെങ്കിൽ 'അനുരാഗഗാനം പോലെ...' എന്നതും ഇന്നും സംഗീതപ്രേമികളുടെ കൈയടി വാങ്ങുമ്പോൾ, ന്യൂജെൻ നിർമിതികൾ എന്നു കേട്ടെന്നോ, എന്നു മറന്നെന്നോ ആർക്കുമറിയില്ല! കാരണം, അധ്വാനമില്ലാതെ ചെയ്തതൊന്നും നിലനിൽക്കില്ല," ഗായകൻ നിരീക്ഷിക്കുന്നു.

ഇന്നത്തെ സിനിമാ ഗാനങ്ങളെക്കുറിച്ചും അവയുടെ ദൃശ്യവൽക്കരണത്തെക്കുറിച്ചും ഗായകൻ പറയുന്നതിങ്ങനെ: "പാട്ടുകൾക്ക് കഥാസന്ദർഭങ്ങളില്ല. നാലഞ്ച് പാട്ടു വേണം. അതിന് ട്യൂണും ഇട്ടുവെച്ചിട്ടുണ്ടാകും. അതിൽ കുറെ വരികൾ കുത്തിക്കയറ്റും. സീനിൽ കുറെ ആൾക്കാർ ഓടിച്ചാടി നടക്കുന്നുണ്ടാവും! ലിപ് മൂവ്മെൻ്റ്സ് എവിടെ ഇന്ന്? മുൻ കാലങ്ങളിൽ, നായകൻ നിന്നു പാടുകയായിരുന്നു. പാടുന്നതിൻ്റെ സകല ബോഡി ലാൻഗ്വേജും നടനിൽ നമുക്കു ദർശിക്കാം. അതുകൊണ്ട്, ഒരാൾ ഒരു ഗാനം ആലപിക്കുന്ന ഫീൽ അതു കാണുന്നയാൾക്ക് ഉണ്ടാകുന്നു. കഥയിലെ സന്ദർഭത്തിൽ, ഒരു പ്രത്യേക മൂഡിൽ, സമഗ്രമായി നിലകൊള്ളുന്ന ഒന്നായി അങ്ങനെ ആ ഗാനം മാറുന്നു. ഇന്ന്, സീനിൽ ആരും പാടുന്നില്ല. പ്രേക്ഷകർ പാട്ടല്ല ശ്രദ്ധിക്കുന്നത്, ആ സമയത്ത് ദൃശ്യത്തിൽ ഓടിനടക്കുന്നവരെയാണ്. പണ്ട് പ്രേംനസീർ പാടി അഭിനയിക്കുന്നത് ഇന്ന് ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമ്മയായി മാറി!"

പിന്നണി ഗാനരംഗത്തെ ഏറ്റവും മോശമായ പ്രവണതയായി ജയചന്ദ്രൻ കാണുന്നത് വരികൾക്കിടയ്ക്ക് വർത്തമാനം ചേർക്കുന്നതാണ്! പാട്ടുകൾക്കിടയ്ക്ക് നായികാനായകന്മാർ ഫോണിൽ വരെ സംസാരിക്കുന്നു. ആ പാട്ടിനോടും അതു പാടിയ ഗായകനോടും ചെയ്യുന്ന ഏറ്റവും വലിയ അവഹേളനയാണിത്. പുതിയ സംഗീത സംവിധായകരുടെ കൊടും വിവരമില്ലായ്മയല്ലാതെ മറ്റെന്താണിത്? പ്രതിഭാശാലികളായ പുതിയ സംവിധായകരുണ്ട്, പക്ഷേ അവർക്കിന്ന് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല.

1972-ൽ തനിയ്ക്കു പ്രഥമ സംസ്ഥാന പുരസ്കാരം നേടിത്തന്ന 'നീലഗിരിയുടെ സഖികളേ...' എന്ന ഗാനത്തെ, 2019-ൽ വിജയ് യേശുദാസിന് ഇതേ സമ്മാനവുമായിവന്ന 'പൂമുത്തോളേ നീ എരിഞ്ഞ വഴിയിൽ...' എന്നതുമായി ഒത്തുനോക്കുമ്പോൾ വ്യക്തമാവുന്നത്, മലയാള സിനിമയിൽ അടുത്തകാലത്തായി പാട്ടിനു വന്നുകൊണ്ടിരിക്കുന്ന പരിണാമമാണെന്നു അദ്ദേഹം വിലയിരുത്തുന്നു.

വയലാറിൻ്റെ രചനയായതിനാൽ 'നീലഗിരിയുടെ സഖികളേ...' എന്ന ഗാനത്തിന് കാവ്യഭംഗി ഏറെയുണ്ട്. ആലാപനത്തിനു യേശുദാസിൻ്റെ മകൻ വിജയ് ഈ പുരസ്കാരം നേടിയതിൽ വളരെ സന്തോഷം! എന്നാൽ, (അജീഷ് ദാസൻ എഴുതിയ) 'പൂമുത്തോളേ നീ എരിഞ്ഞ വഴിയിൽ...' എന്ന കവിതയ്ക്ക് 'നീലഗിരിയുടെ സഖികളേ...' യുമായി കിടപിടിക്കാൻ കഴിയില്ല. 'നീലഗിരി'യും, 'വെള്ളിച്ചാമരം വീശുന്ന മേഘങ്ങളും' മുതൽ 'വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരവും' വരെയുള്ള ആ ഗാനത്തിലെ സകല പദങ്ങളും, ബിംബങ്ങളും അത്യന്തം ഹൃദയസ്പർശിയായവയാണ്. ഒരു ക്ലാസ്സിക് തൂവൽസ്പർശമാണ് കേൾവിക്കാരന് പൊതുവെ അനുഭവപ്പെടുന്നത്. മലയാളിയ്ക്കു കുളിരുകോരുന്ന ഒരു ഫീൽ! എന്നാൽ, 'പൂമുത്തോളേ' പ്രതിനിധാനം ചെയ്യുന്നത് പുതിയ കാലത്തെ ആദിമുഖ്യം കൊള്ളുകയെന്നതു മാത്രമാണ്, ജയചന്ദ്രൻ കണ്ടെത്തുന്നു.

"അര നൂറ്റാണ്ടിലേറെ കാലമായി 'പണിതീരാത്ത വീടി'ലെ ഗാനം ജനം ശ്രവിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ 'ജോസഫി'ലെ പാട്ട് ഇന്നാരെങ്കിലും കേൾക്കുന്നുണ്ടോ? 2018-ലാണ് 'ജോസഫ്' റിലീസായത്. പാട്ടിറങ്ങിയിട്ട് ആറു വർഷമല്ലേ ആയുള്ളൂ! നിത്യഹരിതമെന്നത് ഇന്നത്തെ പാട്ടുകളുടെ വിശേഷണമേയല്ല. എല്ലാം ഒരിക്കൽ കേട്ടു മറക്കാനുള്ളതാണ്," ഭാവഗായകൻ പറഞ്ഞു നിർത്തി.

എൺപതിലും ഭാവസാന്ദ്രം! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക