Image

വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണ് 'ഒരുമ' (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 11 September, 2024
വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണ്  'ഒരുമ' (ശ്രീകുമാർ ഉണ്ണിത്താൻ)

ജനിച്ച നാടിന്റെ മണവും രുചിയുമുള്ള ബാല്യകാല സ്മരണകൾ നെഞ്ചിലേറ്റി പ്രവാസി മലയാളികളും  ഓണമാഘോഷിക്കുന്ന  തിരക്കിലാണ് .ഓണം എന്ന് ഓർക്കുബോൾ എപ്പോഴും നമ്മെ കുട്ടിക്കാലത്തേക്കാണ് കൊണ്ടു പോകുന്നത്.  ജനിച്ചുവളർന്ന ഗ്രാമത്തിലെ തൊടിയിലും പാടവരമ്പത്തും വീട്ടു പരിസരത്തുമായി  അലയുകയാണ് മനസ്സ്. ഒരിക്കലും മറക്കാത്ത , പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട്  ഓർമ്മകൾ ഉണ്ട് മനസ്സിൽ...  ബാല്യത്തിലെ  ഓണം പോലെ പിന്നീട് ഇന്നുവരെ ആ ഒരു സന്തോഷവും ആവേശവും ഓണാഘോഷഘങ്ങൾക്കു ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

നാട്ടിന്‍‍‌പുറങ്ങളില്‍‍ ജനിച്ചു വളര്‍‍ന്ന എല്ലാവരെയും  പോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തു  ഓണം എന്നു കേള്‍‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശം  ആയിരുന്നു.  ഓണം എന്നു കേള്‍‍ക്കുമ്പോള്‍‍ ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍‍ക്കുന്ന ആഘോഷങ്ങള്‍‍ തന്നെ. അത്തം മുതല്‍‍ തുടങ്ങുന്ന  ആഘോഷങ്ങൾ.... ,ഊഞ്ഞാൽ അതിൽ പ്രധാനം ,  ഊഞ്ഞാൽ ഇല്ലങ്കിൽ പിന്നെ എന്ത് ഓണം .. ഓരോ നിമിഷവും പ്രാർത്ഥിക്കുന്നത് ഈശ്വരാ..... എത്ര വേഗം ഓണം ഇങ്ങു വന്നെത്തിയിരുന്നെങ്കിൽ !!!.

തികച്ചും ഒരു കര്‍ഷക കുടുംബമായിരുന്നു എന്റേത് ..  ചിങ്ങത്തില്‍ കൊയ്ത്തും മെതിയും വിളവെടുക്കലും ഒക്കെയായി വീട്ടിൽ ഉള്ളവർ  വളരെ തിരക്കിലായിരിക്കും.  ഓണത്തിന് വേണ്ട  പച്ചകറികള്‍  വീട്ടില്‍  തന്നെ കാണുമായിരുന്നു .ഓണത്തിന് വേണ്ടി വെക്കുന്ന നേത്രവാഴയും  അത്  കുലച്ചു നില്‍ക്കുന്ന വാഴക്കൂമ്പിലെ തേന്‍ നുകരുന്നതും ഒക്കെ അന്ന് കുട്ടികളായ ഞങ്ങള്‍ക്കൊരു കൗതുകമായിരുന്നു..
ഓണത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത് നിറയെ പൂത്തു നിൽക്കുന്ന  പൂക്കളും, പൂത്തുമ്പികളും, അത്തപൂക്കളം, ഊഞ്ഞാലാട്ടവും, ഓണ സദ്യയും ഓണക്കോടിയും എക്കെ ഇപ്പോഴും  മനസ്സിൽ നിന്ന് മാറാതെ നിൽക്കുന്നു. അത്തം തുടങ്ങി പത്താം നാളാണ്  തിരുവോണം. ഓരോ ദിവസവും ഞങ്ങൾ പൂക്കളുടെ എണ്ണവും കൂട്ടി അത്തപൂക്കളം വലുതാക്കുമായിരുന്നു.


ഓണ സദ്യ കഴിച്ചിരുന്നത് തൂശനിലയിലാണ് . പലതരം ഉപ്പേരികൾ , ഇഞ്ചി , നാരങ്ങ , മാങ്ങ തുടങ്ങിയ അച്ചാറുകള്‍ ,പച്ചടി, കിച്ചടി, തോരന്‍, അവിയല്‍, കൂട്ടുകറി , പരിപ്പ്, സാമ്പാര്‍, പുളിശ്ശേരി, മോര്, രസം പപ്പടം, പ്രഥമന്‍ എന്ന് വേണ്ട വിധയിനം  കറികളും കൂട്ടിയുള്ള ഊണ് ഇപ്പോഴും നാവിൻ തുമ്പത്തു ഇരിക്കുന്നു .
ഓണമായാൽ പലതരം പലഹാരങ്ങളുടെ ഒരു ശേഖരം തന്നെ കാണും   ഇതിന്റെയൊക്കെ മണം ഇത്രകാലത്തിന് ശേഷവും നാസികയില്‍ തങ്ങിനില്‍ക്കുന്നു. അതിന്റെ ആ  സുഗന്ധം  ഇന്നും ബാല്യത്തിലേയ്ക്ക്  തിരുച്ചു നടത്തുന്നു.

ഊണ് കഴിഞ്ഞയുടന്‍ കളികളും മത്സരങ്ങളും ഒക്കെയായി എല്ലാപേരും തിരക്കില്‍ ആകും.വീട്ടില്‍ തന്നെ അയല്‍പക്കത്തെ കുട്ടികളും എല്ലാപേരുമായി കളിക്കും... ഓണത്തിനു എത്ര കളിച്ചാലും ആരും ഒന്നും പറയില്ല. പിന്നെ ഒരോ ജഗ്ഷന്‍ തോറും കബഡികളി മത്സരം, തുമ്പിതുള്ളൽ അങ്ങനെ ഒത്തിരിയൊത്തിരി വിനോദങ്ങള്‍ ഉണ്ടായിരുന്നു.

ഒരു  പ്രവാസി ആയി ജീവിക്കുമ്പോഴാണ് ഓണത്തിന്‍റെ വിലയും അത് നഷ്ടപെടുമ്പോള്‍ ഉള്ള വിഷമവും ശരിക്കും മനസിലാകുന്നത്. അമേരിക്കയിലും  ഓരോ സംഘടനകളും ഓണം ആഘോഷിക്കുന്നുണ്ട്  ,ചെണ്ടയുടേയും താലപ്പൊലിയുടെയും, താള മേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ മാവേലിയുമായി  സ്വീകരിക്കുന്നത്‌  പ്രവാസ ലോകത്താണ് കൂടുതൽ കാണുന്നത്, കേരളത്തിൽ കുടുതലും ചെണ്ടമേളവും പുലികളിയും എക്കയാണ് ആഘോഷമാക്കുന്നത്.

ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്‌..മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണവും ഉണ്ട്..കാലാനുസൃതമായ മാറ്റങ്ങള്‍ ആഘോഷങ്ങളിലും  വന്നിട്ടുണ്ടെന്ന് മാത്രം.നാം എല്ലാം  ജീവിക്കുന്നത് പലതരത്തിലുള്ള  സങ്കൽപങ്ങളിലൂടെ യാണ്. അത്തരം ഒരു സങ്കൽപ്പമാണ് ഓണം എന്നത്, ആ  ഓണം മലയാളികളുടെ മനസിലേക്ക് പടർന്നു പന്തലിച്ചു കഴിഞ്ഞു.ഓണത്തിനെ ചുറ്റിപറ്റി എത്രയോ കഥകൾ നാം കേട്ടിട്ടുണ്ട് പക്ഷേ ഓണസങ്കല്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരുമയുടേതാണ്. ഏവരെയും ഒന്നായി കാണുന്ന മനസ്സ് , അതാണ് ഈ കാലഘട്ടത്തിന്റെയും ആവശ്യം.ഒത്തൊരുമയില്ലാതെ വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണ്  "ഒരുമ " അതുകൊണ്ടുതന്നെ ഓണത്തിനു ഇന്ന് വളരെ അധിയകം പ്രാധാന്യം ഉണ്ട്.

ഇല്ലായ്മകളില്‍ വന്നുചേർന്നിരുന്ന  സന്തോഷമായിരുന്നു ഓണം. ..ഓണം ഇന്നൊരു അനുഷ്ടാനം മാത്രമല്ലെ? 365 ദിവസവും സുഭിക്ഷമായ ഭക്ഷണം കഴിച്ചു പുതു വസ്ത്രങ്ങളും ധരിച്ചു നടക്കുന്ന തലമുറക്കു ഓണം അത്രയൊന്നും ആഘോഷിക്കാനുമില്ല!! .

പക്ഷേ  ഏവർക്കും ഓണം സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോൾ എനിക്ക് ഓണം ഒരു സങ്കടമാണ്  എന്റെ അമ്മയെപ്പോലെ തന്നെ ഞങ്ങളുടെ വീട്ടിൽ എന്നും ആഘോഷമാക്കിയിരുന്ന എന്റെ സഹധർമ്മിണിയും വിട്ട്‌ പിരിഞ്ഞിട്ട് മുന്ന് വർഷക്കാലമാകുന്നു .. പിന്നെ ഓണം ഒരു നേർച്ച പോലെ ഓർമ്മകളിലെ ഓണം ആഘോഷമാക്കുകയാണ് .    ..

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒണാശംസകള്‍..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക