ഫിലാഡൽഫിയ: കോർപ്പറേറ്റ് രംഗത്തും മാധ്യമരംഗത്തും വിജയഗാഥ രചിച്ച ഡോ. കൃഷ്ണ കിഷോറിന് പ്രശസ്തമായ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി. യൂണിവേഴ്‌സിറ്റിയിലെ മുൻവിദ്യാർഥിയായ അദ്ദേഹത്തിന് 2024 ലെ ഔട്ട്സ്റ്റാന്റിംഗ് അലുംനായ് അച്ചീവ്‌മെന്റ് അവാര്‍ഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി ഡീന്‍ മെറീന്‍ ഹാര്‍ഡിന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.എച്ച്.ഡി. കാലഘട്ടത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന കൃഷ്ണ കിഷോര്‍ അതിനുശേഷം അമേരിക്കന്‍ കോര്‍പ്പറേറ്റ് രംഗത്ത് പ്രത്യേകിച്ച് ടെലികമ്മ്യൂണിക്കേഷന്‍ ഡിജിറ്റല്‍ ഇന്നവേഷന്‍ മേഖലയില്‍ നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഡീന്‍ ഹാര്‍ഡിന്‍ പറഞ്ഞു.
പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡോണ്‍ ഡെലിസാരിയോ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. അതോടൊപ്പം പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് അദ്ദേഹം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നല്‍കി വരുന്ന സംഭാവനകളും, പൊതുരംഗത്ത് നടത്തിവരുന്ന സജീവമായ ഇടപെടലുകളും അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കി.
1990-96 കാലഘട്ടത്തിലാണ് കൃഷ്ണ കിഷോര്‍ പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി. ബിരുദത്തിനായി പഠനവും ഗവേഷണവും നടത്തിയത്. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ടെക്‌നോളജി രംഗത്തുള്ള മാറ്റങ്ങളും സ്വകാര്യവല്‍ക്കരണത്തിന്റെ രീതികളും സംബന്ധിച്ചായിരുന്നു ഗവേഷണം. 1996 ല്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയ അദ്ദേഹം രണ്ടു വര്‍ഷത്തോളം അവിടെ ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു.
യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ്‌സ് സ്‌ക്കൂളിന്റെ അലുംനായ് ബോര്‍ഡിലും അംഗമായിരുന്നു. അതോടൊപ്പം തന്നെ ഗ്രാജുവേറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ വിലയിരുത്തുന്നതില്‍ വോളന്റയറി സര്‍വ്വീസും നല്‍കി.
യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും കൃഷ്ണകിഷോറിന്റെ ഗൈഡുമായിരുന്ന പ്രശസ്ത എഡ്യൂക്കേറ്റര്‍ ഡോ. ജോൺ സ്പൈസർ നിക്കൾസ് ചടങ്ങില്‍ പങ്കെടുത്തു. കൃഷ്ണകിഷോറിന്റെ വിജയത്തില്‍ ഏറ്റവുമധികം അഭിമാനം കൊള്ളുന്ന വ്യക്തി താനാണെന്ന് ഡോ. നിക്കൾസ് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ചു അഞ്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളി പി.എച്ച.ഡി. ബിരുദധാരിയാണ് ഡോ.കൃഷ്ണകിഷോര്‍.
പുരസ്‌കാര ചടങ്ങില്‍ ഡോ.കൃഷ്ണകിഷോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സാധ്യതകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും സംസാരിച്ചു. ഇന്നത്തെ ലോകത്തിലെ പ്രധാന കമ്പനികളെല്ലാം ഏറ്റവും അധികം നിക്ഷേപങ്ങള്‍ നടത്തുന്നത് എ.ഐ. മേഖലയിലാണ്. എ.ഐ. ഉല്‍പന്നങ്ങളും സര്‍വ്വീസുകളും വികസിപ്പിക്കാന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ തന്നെ കമ്പനികളിലെ ജീവനക്കാരെ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി ഇപ്പോള്‍ കമ്പനികള്‍ക്കുണ്ട്.
ഈ ടെക്‌നോളജിയുടെ അഭൂതപൂര്‍വ്വ വളര്‍ച്ചയെ നമ്മള്‍ കാണുമ്പോള്‍ കരുതലോടെ ധാർമ്മികതയിലൂന്നി ഇതു ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധ ചെലുത്തണം എന്നും അദ്ദേഹം പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ച കൃഷ്ണകൃഷോര്‍ വിഖ്യാതമായ ബെല്‍ കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ചില്‍ ഡയറക്ടറായിരുന്നു. പത്തോളം രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ മേഖല നവീകരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു.
തുടർന്ന് പതിനാലു വര്‍ഷം ആഗോള കണ്‍സള്‍ട്ടന്‍സി ആയ ഡിലോയറ്റില്‍ ഉന്നത സ്ഥാനത്തില്‍ പ്രധാന നേട്ടങ്ങള്‍ കൈവരിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേര്‍സില്‍ സീനിയര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.
തിരക്കേറിയ കോര്‍പ്പറേറ്റ് ജീവിതത്തിലും ലോകമെമ്പാടും സുപരിചിതനായ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ മുഖമായ കൃഷ്ണകിഷോര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ നോര്‍ത്തമേരിക്കന്‍ മേധാവിയും ചീഫ് കറസ്‌പോണ്ടന്റുമാണ്. ഇരുപതിലധികം മാധ്യമ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഈയിടെയാണ് ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ഫില്‍ മര്‍ഫി കൃഷ്ണ കിഷോറിനെയും ഭാര്യ വിദ്യ കിഷോറിനെയും ന്യൂജേഴ്‌സി ഇന്ത്യ കമ്മീഷനില്‍ അംഗങ്ങളാക്കിയത്.
ഭാര്യ വിദ്യ കിഷോര്‍, മകള്‍ സംഗീത കിഷോര്‍, ഭാര്യാ മാതാവ് രാജി വേണുനാഥ് എന്നിവര്‍ പുരസ്‌കാര ചടങ്ങിന് എത്തിയിരുന്നു.