വാക്കുകളുടെ പൂമരത്തിൽ നിന്നും മൗനം കുലുക്കിയിടണം . അങ്ങനെ മൗനം വിടർത്തിയ ആ പൂമരം കുടഞ്ഞിട്ടൊരു പാട്ടുണ്ട് .
" മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ,
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ.....ആ....."
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സ്നേഹം ചാലിച്ച വരികൾ . ഏതു കല്ലും ഉരുക്കുന്ന 'കല്യാണി ' രാഗത്തിൽ ഔസേപ്പച്ചൻ കൊടുത്ത സംഗീതം . ചിത്ര , ഗന്ധർവ്വ നാദങ്ങളുടെ സമ്മേളനം . ഒരേ സമയം പ്രണയവും വിരഹവും അനുഭവിച്ചറിയുന്ന ഫീൽ .
സംസാരിക്കുന്നതിനു വാക്കുകൾ തന്നെ വേണമെന്നുണ്ടോ ? ഒരു ശ്വാസമിടിപ്പിന്റെ , വിദൂര സ്പന്ദനം മതിയാകും . അതിനെ ഇല്ലാതാക്കാൻ കഴിയില്ല . നിലയ്ക്കാതെ മിടിക്കുമതിങ്ങനെ .
"അറിയാതെയെൻ
തെളി വേനലിൽ കുളിർ മാരിയായ് പെയ്തു നീ "
അപൂർവ്വ രാഗത്തിന്റെ കഥയുമായൊരു സിനിമ . 'ആയുഷ്കാലം .' കമൽ ആണ് സംവിധായകൻ . ജയറാമിന്റെ നിസ്സഹായത സ്ഫുരിക്കുന്ന മുഖത്തിൽ മൗനം കുടിയിരിക്കുന്നൊരു പാട്ട് . അത്ഭുതം , സന്തോഷം , സങ്കടം , തുടങ്ങി എല്ലാ വികാരങ്ങളും ഒന്നിച്ചു നിൽക്കുന്നുവെങ്കിലും മൗനം തന്നെയാണ് ഇതിന്റെ ജീവനും ജീവിതവും .
" ആത്മാവിലെ പൂങ്കൊടിയിൽ വൈഡൂര്യമായ് വന്നു നീ "
ജീവിതത്തിലാദ്യമായി ഒരു പ്രേതത്തോടു സഹതാപം തോന്നിയ നിമിഷം .
ജീവിച്ചു കൊതിതീരാതെ ജീവിതത്തിന്റെ പകുതി വഴിക്കു വച്ച് ഒപ്പമുള്ളവരെ വിട്ടകന്ന് അനന്തതയിൽ വിലയം പ്രാപിച്ച ചിലർ . അവരൊന്നും അങ്ങനെ പോകില്ല . അവരുടെ പ്രിയപ്പെട്ടവർ ഇവിടുള്ളപ്പോൾ അവർക്കങ്ങനങ്ങു പോകാൻ കഴിയുമോയെന്നൊരു കണ്ടെത്തലിൻ മേലുള്ള ആശ്വാസ നിശ്വാസമാണെനിക്കീ പാട്ട് .
ആർത്തലച്ചു പെയ്തു കൊണ്ടിരുന്ന പേമാരി പെട്ടെന്നു തോർന്നു പോകുന്ന പോലെ ഒട്ടും പ്രതീക്ഷിക്കാത്ത ചില മൗനങ്ങളുണ്ട് ജീവിതത്തിൽ . അപ്പോൾ, വിടർന്നു വിലസി പരിമളം പരത്തിയ പൂക്കളെല്ലാം ഇലയും തണ്ടുമുൾപ്പെടെ ഞെട്ടറ്റ് , ഇതളടർന്ന് ഭൂമിയിലേക്കു പതിച്ച് ആകാശത്തിലേക്കുറ്റു നോക്കും .
" അനഘ നിലാവിൽ മുടി കോതി നിൽക്കെ വാർമതിയായ് നീ എന്നോമലേ ...
ജന്മം സഫലം ഈ ശ്രീരേഖയിൽ..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ .."
ഏഴഴകും വീശി തെളിഞ്ഞു വരുന്ന മഴവില്ലുകൾ പോലെ ചില നിനയാത്ത നേരത്ത് ഓർമകൾ മഴ നിനവുകളോടൊപ്പം ഹൃദയാകാശത്തു തെളിഞ്ഞു വരും . അപ്പോൾ ദൂരങ്ങൾക്കൊക്കെ പ്രസക്തി നഷ്ടപ്പെടും . ആന്തരികമായി ഉള്ളിലെ വേരുപടലങ്ങളുടെ ഇറുകിപ്പിടുത്തം വല്ലാതെ അനുഭവ വേദ്യമാകും .
എന്നോ ഒരിക്കലൊരു കല്യാണ വീട്ടിലെ പിന്നാമ്പുറ പാട്ടുപെട്ടിയിൽ നിന്നും ഒഴുകിയിറങ്ങി പെറോട്ടയുടേയും മുട്ടക്കറിയുടേയും കൊതിപ്പിക്കുന്ന മണത്തോടൊപ്പം കാതുകളിലൂടെ ഹൃദയത്തിലേക്ക് കയറിക്കൂടിയതാണീ മൗനരാഗം .
പിന്നെ പെണ്ണും ചെറുക്കനും യാത്ര പറഞ്ഞു പോകുന്ന സമയം കല്യാണ കാസറ്റിലെ സി.ഡി പ്ലയറിൽ കൂടി ആ സ്വരത്തോടൊപ്പം ഒട്ടുമേ ചേരാത്ത ചിത്രസംയോജനത്തിന്റെ മടുപ്പിക്കുന്ന അകമ്പടിയോടെ .
പിന്നെപ്പൊഴോ , സിനിമയിൽ കണ്ട രംഗങ്ങൾ മന: കണ്ണിൽ ചേർത്ത് ഒട്ടിച്ചു വച്ച് റേഡിയോ തന്നത് സ്വരമായ് എൻ പൊൻ വീണയിൽ .
കുടമുല്ലപ്പൂവിൻ ഗന്ധം പരത്തിയ ആ നാട്ടു കല്യാണ വീടുകളിൽ നിന്നും കാതിലും മനസ്സിലും കയറിക്കൂടിയ ഈ ഗാനം മൗനത്തിന്റെ മുഖാവരണമിട്ട് അങ്ങനെയിരുന്നു .
നഗരത്തിലെ ഒരു 'ബൊഫെ ' കല്യാണ മേളത്തിനിടയിൽ കൈ തട്ടി പ്ലേ ആയ ഒരു മലയാളി ഫ്രണ്ടിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസി ൽ അതൊരു കുടമുല്ലപ്പൂവിൻ ഗന്ധം തേടിയലഞ്ഞു . മൂക്കുവിടർത്തി വാസന തേടിയ അതിനെ ഞാനിങ്ങെടുത്ത് എന്റെ പാട്ടോർമ കൂട്ടത്തിൽ ചേർത്തു വച്ചു .
____________________
" മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ......
ഉം...ഉം..ഉം....
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ(2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ...ഉം...ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ .