Image

പട്ടട (കവിത : മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ്) Published on 12 September, 2024
പട്ടട (കവിത : മാര്‍ഗരറ്റ് ജോസഫ്)

ഇരുളിന്‍ മറ മാറി, തേജഃ പൊന്‍ വിളക്കുമായ്, 
പുലര്‍കന്യകയെഴുന്നള്ളുന്നു പ്രഭാമയി; 
വാസ്തു ശില്പങ്ങള്‍ യശഃസ്തംഭങ്ങളുയര്‍ത്തിയ, 
കോണ്‍ക്രീറ്റുവനമായ നഗരം മഹാത്ഭുതം; 
മാനത്തെ സിന്ദൂരപ്പൊട്ടണിയാന്‍ തലപൊക്കി, 
നോക്കിടുന്നിസൗധം, ശ്രേണികള്‍ ശതദ്ദേശം; 
കുടിയേറ്റക്കാര്‍ക്കെന്നും സ്വാഗതമര്‍പ്പിക്കുന്ന, 
ന്യൂയോര്‍ക്കില്‍ വിജയധ്വജങ്ങളായവ മുന്നില്‍ 
ഉറ്റുനോക്കുന്നതെന്തേ, കരത്തില്‍ വിളക്കേന്തി, 
സ്വാതന്ത്ര്യസുരാംഗന, വിഷണ്ണമാണാമുഖം; 
മഞ്ഞുതുള്ളിയില്‍ വര്‍ണ്ണ രാജികള്‍ വിരിയുന്ന 
വശ്യതയവള്‍ക്കിന്ന് പേടിസ്വപ്നമായെന്നോ? 
ആരവമുയരുന്നു വീഥിയില്‍ പലതരം, 
വാഹനവ്യൂഹം പാഞ്ഞുപോകുന്നു നിരന്തരം; 
നഭസ്സില്‍ മുഴക്കമോ? വെള്ളിടിയല്ല, വഴി 
തെറ്റിയ യന്ത്രപ്പക്ഷി ചിറകിട്ടടിക്കയായ് 
കെട്ടിടമൊന്നിന്റെ നേര്‍ക്ക്, സര്‍വശക്തിയോടതാ, 
ഞെട്ടിപ്പോയടിത്തറ, പെട്ടെന്ന് കുലുക്കമായ് 
നടുങ്ങുമിരട്ടതന്‍ കദനം തീര്‍ക്കും മട്ടില്‍, 
അതിവേഗത്തില്‍ വീണ്ടുമാഞ്ഞുവന്നിടിക്കയായ് 
അഗ്‌നിപുഷ്പങ്ങള്‍ പൊട്ടിവിടര്‍ന്നു 
പരിസരം ധൂസരമായി, തിങ്ങിധൂമപാളികളെങ്ങും; 
മരണം പറന്നെത്തിപ്പുണരും നിമിഷങ്ങള്‍, 
ഗതികെട്ടവര്‍ പ്രാണരക്ഷയ്ക്കായുഴന്നോടി; 
ദുഷ്ടതയാളിക്കത്തി, ദിക്കുകള്‍ പകച്ചുപോയ്, 
നേട്ടങ്ങളെരിഞ്ഞുടന്‍ ചുടലക്കളമായി; 
എന്തൊരു കൊടുംചതിയാരുടെ കടും കൈകള്‍? 
പെന്റഗണിതേഗതി, യൊക്കെയും നെരിപ്പോടായ് 
തീനാവിലീയല്‍ കണക്കെത്രപേര്‍, ദുരന്തത്തില്‍ 
ബാക്കി പത്രങ്ങള്‍, ദുഃഖക്കടലില്‍ കുടുംബക്കാര്‍; 
ഭീകരാക്രമണത്തില്‍ ശക്തമാം മുഹൂര്‍ത്തങ്ങള്‍, 
ജീവിതം കരിക്കട്ടയാക്കിയ ചരിത്രമായ് 
മാരക വിഷാണുക്കള്‍ വിതച്ച് മൃതികൊയ്തു  
ചേതന മദിക്കുന്നു, മനുഷ്യപ്പിശാചായി; 
വെണ്ണീറിലമരുന്നു ബുദ്ധിശക്തികള്‍ 
ക്ഷണം കണ്ണുനീരലകളിലുള്‍ത്തുടിപ്പുകള്‍ മാത്രം; 
കാലത്തിന്റെ കരുത്തുറ്റ കരലാളനം മൂലം, 
വിരഹാതപമലിഞ്ഞകലും മറവിയായ് 
നാഗരീകതേ, സ്വേദമുത്തുകള്‍ വിളയിച്ച്, 
മാനവ മനീഷയിലുണര്‍ന്ന സാക്ഷ്യങ്ങളേ, 
അധമ ഹൃദയങ്ങള്‍ പകയാല്‍ കൊളുത്തുന്ന 
പട്ടടയില്‍ നിന്നുയിര്‍ കൊള്ളുമോ ഫീനിക്‌സ് പോല്‍.


(ന്യൂയോര്‍ക്കിന്റെ അഭിമാനഗോപുരങ്ങളായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നതിനെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്).

മാര്‍ഗരറ്റ് ജോസഫ്

Join WhatsApp News
GP 2024-09-12 16:10:39
ഈ ദുരന്താനുഭത്തിൽ നിന്ന് പഠിക്കാവുന്ന ഏറ്റവും നല്ല പാഠം . ജീവിതം ക്ഷണഭംഗുരമാണെന്നും ഇവിടെ വെറുപ്പിനും വിദ്വേഷത്തിനും സമയമില്ല എന്നുള്ളതുമാണ്. ചിന്തിപ്പിക്കുന്ന കവിതയ്ക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക