ന്യൂയോര്‍ക്കിലെ അതിര്‍ത്തി പ്രദേശമായ ക്ലിന്റണ്‍ കൗണ്ടി വഴി കാനഡയില്‍ നിന്നും അമേരിക്കയിലെത്തുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു. കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്നും വെറും അര മണിക്കൂര്‍ മാത്രം ദൂരമുള്ള ഈ പ്രദേശം വഴി നിരവധി കുടിയേറ്റക്കാര്‍ അമേരിക്കയിലേയ്ക്ക് കടക്കുന്നുണ്ടെങ്കിലും, ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ക്ലിന്റണ്‍ കൗണ്ടിയില്‍ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കില്‍ എത്തിക്കാനായി പ്രത്യേക ടാക്‌സി സര്‍വീസുകള്‍ വരെ ആരംഭിച്ചിട്ടുമുണ്ട്. ആറ് മണിക്കൂറുള്ള ഈ യാത്രയ്ക്കായി 150 മുതല്‍ 300 ഡോളര്‍ വരെയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്. ന്യൂയോര്‍ക്കില്‍ എത്തുന്ന ഈ അനധികൃത കുടിയേറ്റക്കാര്‍ ഇവിടെ ജോലി തേടുകയോ, മറ്റ് നഗരങ്ങളിലേയ്ക്ക് ജോലി തേടിപ്പോകുകയോ ചെയ്യുന്നു.
ഈ വര്‍ഷം ഇതുവരെ യുഎസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ വടക്കന്‍ അതിര്‍ത്തിയില്‍ ഇത്തരത്തില്‍ 20,000 സംഭവങ്ങളില്‍ നടപടികളെടുത്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 95% അധികമാണിത്. വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് പൊതുവില്‍ സുരക്ഷ അത്ര കര്‍ശനമല്ല എന്നതാകാം ഇവിടം തെരഞ്ഞെടുക്കാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കുടിയേറ്റക്കാര്‍ ഇതുവഴി എത്തുന്നത് ഒന്നര വര്‍ഷത്തിനിടെ ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും, പിടിക്കപ്പെടുന്നതില്‍ 60% പേരും ഇന്ത്യക്കാരാണ്.
കാനഡ-അമേരിക്ക അതിര്‍ത്തിയിലെ കാട് കടന്ന്, ജീവന്‍ പണയം വച്ചാണ് പലരും ന്യൂയോര്‍ക്കിന്റെ വടക്കന്‍ പ്രദേശത്ത് എത്തിപ്പെടുന്നത്. ശിവം എന്ന് പേര് പറഞ്ഞ ഒരു ടാക്‌സി ഡ്രൈവര്‍ ആ യാത്രയിലെ ദുരിതങ്ങളും, അപകടങ്ങളും വിവരിച്ചു: രാത്രിയിലുടനീളം കാട്ടിലൂടെ നടക്കുകയായിരുന്നു, മഴ കാരണം എങ്ങും ചെളി നിറഞ്ഞ് കിടക്കുകയായിരുന്നു. ഏതാനും ആഴ്ച മുമ്പ് യുഎസിലേയ്ക്ക് അനധികൃതമായി കുടിയേറിയ ശിവം, നിലവില്‍ ഇവിടെ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്. തീരുമാനം ജഡ്ജിന്റേതാണ്.
അഭയാര്‍ത്ഥി എന്നാണ് പറയുന്നതെങ്കിലും, കാനഡയെക്കാള്‍ ഇവിടെ കൂടുതല്‍ തൊഴിലവസരമുള്ളതിനാലാണ് താന്‍ അതിര്‍ത്തി കടന്നതെന്ന് ശിവം തുറന്നു പറയുന്നു. ഇപ്പോള്‍ തല്‍ക്കാലത്തേയ്ക്ക് ഇത്തരത്തില്‍ വടക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കില്‍ എത്തിക്കുന്ന ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിവം.
സെന്‍ട്രല്‍ അമേരിക്ക, സൗത്ത് അമേരിക്ക മുതലായ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ കാര്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അവസ്ഥ എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മോണ്ടിലെ ഗ്ലോബല്‍ ആന്‍ഡ് റീജിയണല്‍ സ്റ്റഡീസ് പ്രോഗ്രാം ഡയറക്ടറായ പാബ്ലോ ബോസ് പറയുന്നത്. മറ്റിടങ്ങളില്‍ ആഭ്യന്തകലാപങ്ങളും, സര്‍ക്കാര്‍ അടിച്ചമര്‍ത്തലുകളുമാണ് കുടിയേറ്റത്തിലേയ്ക്ക് നയിക്കുന്നതെങ്കില്‍, കാനഡയില്‍ നിന്നും ഇന്ത്യക്കാര്‍ പ്രധാനമായും എത്തുന്നത് മെച്ചപ്പെട്ട ജോലി തേടിയാണ്. ഇവിടെയുള്ള കുടുംബാഗങ്ങളുമായി കൂടിച്ചേരുക എന്ന മറ്റൊരു ലക്ഷ്യവുമുണ്ട്. ജൂണ്‍ മാസത്തില്‍ ഇത്തരത്തില്‍ 3,600 ഇന്ത്യക്കാരാണ് അതിര്‍ത്തി കടന്ന് യുഎസിലെത്താന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. ചരിത്രത്തിലെ റെക്കോര്‍ഡ് എണ്ണവുമാണിത്.
കാനഡയിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അത്ര കര്‍ശനമല്ലാത്തത് കാരണമാണ് പലരും കാനഡയില്‍ എത്തുന്നത്. സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് എക്‌സ്പ്രസ് വിസയും നല്‍കുന്നു. പക്ഷേ എന്നിട്ടും അവര്‍ എന്തിന് അതിര്‍ത്തി കടന്ന് യുഎസിലെത്തുന്നു എന്ന ചോദ്യത്തിന് മെച്ചപ്പെട്ട തൊഴിലവസരം എന്ന മേല്‍ പറഞ്ഞ ഉത്തരം തന്നെയാണുള്ളത്. ഒപ്പം കുറഞ്ഞ ടാക്‌സ്, ഉയര്‍ന്ന കൂലി എന്നിവ ഇവിടെ കുടിയേറ്റക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും ബോസ് പറയുന്നു. കനേഡയിന്‍ ഡോളറിനെക്കാള്‍ യുഎസ് ഡോളറിന് 25% മൂല്യം അധികമാണ് എന്ന കാരണവും കാണാതെ പോകാന്‍ സാധിക്കില്ല.
അമേരിക്കയുടെ വടക്കന്‍ അതിര്‍ത്തി വഴി ഇന്ത്യക്കാര്‍ മാത്രമല്ല, നിരവധി കുടിയേറ്റക്കാര്‍ അനധികൃതമായി എത്തുന്നുണ്ട്. കൂടുതല്‍ പേര്‍ ഇതുവഴി എത്തുന്നു എന്നതിനര്‍ത്ഥം ഈ അതിര്‍ത്തി കടക്കുക എളുപ്പമാണെന്നല്ല. തണുപ്പുകാലത്ത് അതിശൈത്യമാണിവിടം. എങ്ങനെയെങ്കിലും അതിര്‍ത്തി കടന്നെത്തിയാലും പിടിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ അഭയാര്‍ത്ഥിത്വം നിഷേധിക്കുകയും ചെയ്‌തേക്കാം. കാരണം യുഎസും കാനഡയും തമ്മിലുള്ള ധാരണ പ്രകാരം അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് പിടിക്കപ്പെടുമ്പോള്‍ തന്നെ അഭയാര്‍ത്ഥിത്വം നിഷേധിക്കാന്‍ അധികൃതര്‍ക്ക് സാധിക്കും.
എന്നിരുന്നാലും മദ്ധ്യ അമേരിക്കന്‍, മെക്‌സിക്കന്‍ മരുഭൂമി അതിര്‍ത്തികളെ അപേക്ഷിച്ച് ഈ വഴിയാണ് കൂടുതല്‍ സുരക്ഷിതം എന്ന ചിന്തയാണ് കുടിയേറ്റക്കാരെ പുതുജീവന്‍ കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷയുമായി വടക്കന്‍ അതിര്‍ത്തിയിലേയ്ക്ക് നയിക്കുന്നത്.