Image

പൂവുടച്ചു (ഓണക്കവിത : ഫായിസ് അബ്ദുല്ല )

Published on 12 September, 2024
പൂവുടച്ചു (ഓണക്കവിത : ഫായിസ് അബ്ദുല്ല )

ഇക്കണ്ട മനുഷ്യർക്കെല്ലാം
പ്രണയ നൂലെഴുതി നടന്നതിനോ
ഉത്രാടപ്പാച്ചിലിൽ
എന്റുടലൊരു പൂവുടച്ചു.

ബഷീറന്വേഷിച്ചു
നടന്നെന്നു പറഞ്ഞ 
രക്ത നിറമുള്ള പുഷ്പമല്ലേയല്ല 
ചെഞ്ചോരയെല്ലാം വാറ്റി
പ്രാണമായൊരു കര ചമയിക്കുന്ന 
'ലൂ 'എന്നും 'അ 'എന്നും പേരുള്ള
കുരുക്ക്.

കണ്ടില്ലെന്നെങ്ങനെ നടിക്കും

ആകാശങ്ങൾക്ക് 
പൂക്കളിട്ട കുട്ടികൾ 
നിറമുള്ളൊരാണ്ട്
കിനാവ് കാണുമ്പോൾ
ഇല വിരിക്കേണ്ടിടത്ത്
അകത്തളത്തെ മുറിയടച്ച്
പൊട്ടെഴുതി
ഓണപ്പുടവയുടുത്ത്
നൃത്തമേനിയിലൊരാളുടെ 
ഹൃദയം തകർത്തൊരാൾ
ഇനി വയ്യെന്ന് തലയാട്ടുന്നു

ഏറ്റ മുള്ളു കൊണ്ടയാളിപ്പോഴും
അകാരണമായി
ഞാൻ നിന്നെ
ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്
വസന്തങ്ങളോടൊക്കെയും
ഉറക്കെയുറക്കെ കുമ്പസരിക്കുന്നു

തൊപ്പി വച്ചു പെറുക്കിയ 
പൂക്കളൊക്കെയും പിഴുതെറിഞ്ഞു
കുരിശു വരച്ചൊരാള് 
ഉമ്മറത്തെ അത്തിച്ചോട്ടിൽ 
ഊഞ്ഞാല് കെട്ടുന്നു

ആർപ്പോ വിളിയുള്ള
പുതിയ പൂക്കളോണം 
കാത്ത് കാത്ത് ..

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക