Image

സംയമനിയുടെ ഡയറിക്കുറിപ്പിൽ നിന്ന് (കഥ:സി ഹനീഫ്)

Published on 12 September, 2024
സംയമനിയുടെ ഡയറിക്കുറിപ്പിൽ നിന്ന് (കഥ:സി ഹനീഫ്)

സന്തോഷിന്‍റെ മെഡിക്കൽ ഷോപ്പ് അടക്കുന്നതിന് മുമ്പ് എത്താനുള്ള തിടുക്കത്തിലായിരുന്നു ഞാൻ. മരുന്നെന്തെങ്കിലും വാങ്ങാനുള്ള അത്യാവശ്യത്തിനല്ല. അവന്‍റെ സ്കൂട്ടറിനു പിറകിൽ പോയാൽ എനിക്ക് വീട്ടിലേക്കുള്ള ഓട്ടോക്കൂലി ലാഭിക്കാം.

എന്നും അതാണു പതിവ്. ഓഫീസിൽ നിന്ന് കൃത്യസമയത്തിറങ്ങിയാൽ ഒൻപതു മണിക്കു മുമ്പ് അവിടെയെത്തും. പിന്നെ കുറച്ച് നാട്ടു വർത്തമാനങ്ങൾ പറഞ്ഞിരിക്കും. കാലമിത്രയായിട്ടും പാരസെറ്റമോളൊഴികെ ഒരു മരുന്നിന്‍റെ പേരു പോലും പഠിക്കാനായില്ലെങ്കിലും പറ്റുന്ന മറ്റു കാര്യങ്ങളിൽ ഞാൻ സന്തോഷിനെ സഹായിക്കാറുണ്ട്.

നഗരത്തിൽ നിന്ന് അൽപം മാറിയാണ് സന്തോഷ് ഫാർമസി സ്ഥിതി ചെയ്യുന്നത്. സ്വന്തം പേരു തന്നെയാണ് സന്തോഷ് തന്‍റെ സ്ഥാപനത്തിനും സ്വീകരിച്ചത്. അതൊരു തരത്തിൽ നന്നായി. ആൾക്കാർക്ക് എളുപ്പത്തിൽ ഓർമ്മിക്കാമല്ലോ. ഇപ്പോഴത്തെ പല പേരുകളും വായിൽകൊള്ളാത്തവയാണ്.

ഇല്ല. സന്തോഷ് കടയടച്ചിട്ടില്ല. മുൻ വശത്തെ റ്റ്യൂബ് ലൈറ്റ് മുറ്റത്ത് പ്രകാശം പരത്തുന്നുണ്ട്. അത് അനേകം മാറാവ്യാധികളുടെ അന്ധകാരത്തിനു നടുവിൽ ആശ്വാസത്തിന്‍റെ തുരുത്തു പോലെ കാണപ്പെട്ടു. ഞാൻ നടത്തം അൽപം പതുക്കെയാക്കി. അകത്ത് കയറിയപ്പോൾ സന്തോഷ് ഒരു നോട്ടു ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്നു. എന്നെക്കണ്ടതും എഴുത്തു നിർത്തിയിട്ടു പറഞ്ഞു.

"ഞാൻ വിളിക്കാനിരിക്കയായിരുന്നു. ഒരു പാർസൽ വരാനുണ്ട്. അതെടുത്തു വെച്ചിട്ടേ പോകാനൊക്കൂ.."

"അതേതായാലും നന്നായി"

ഞാൻ ബാഗ് ഒരു വശത്ത് മാറ്റി വെച്ച് പുറത്തെ വാഷ്ബേസിനടുത്തേക്ക് നടന്നു. മുഖം കഴുകിക്കൊണ്ടിരിക്കെ ഇരുട്ടിൽ മറഞ്ഞു നിന്നിരുന്ന ഒരാൾ പിറകിൽ വന്ന് എന്‍റെ തോളിൽ തട്ടി. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ഏകദേശം മുപ്പത്തഞ്ചിനോടടുത്ത് പ്രായമുള്ള ഒരു വിഹ്വല രൂപത്തെയാണ്. കടയിൽ നിന്നുള്ള വെളിച്ചത്തിനും പുറത്തെ ഇരുട്ടിനും ഇടയിലായി പത്ത് ദിവസത്തോളം ഷേവ് ചെയ്യാത്ത ആ മുഖം എന്നിൽ ഒരാന്തലുളവാക്കി.

എന്തു വേണം എന്ന അർത്ഥത്തിൽ നോക്കിയതും അയാളെന്‍റെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു.

"സർ.. ഈ മരുന്നൊന്ന് വാങ്ങിത്തരണം.. പറ്റില്ലെന്നു പറയരുത്. പ്ലീസ്.."

അയാളുടെ കണ്ണുകൾ ജലാർദ്രമാകുന്നതും വാക്കുകൾ ഇടറുന്നതും ആ അന്തരീക്ഷത്തിലും എനിക്ക് ശരിക്കും അനുഭവപ്പെട്ടു.

പണമില്ലാത്തതായിരിക്കും വിഷയം എന്ന തോന്നലുമായി കടയുടെ വെളിച്ചത്തിലേക്ക് നീങ്ങി നിന്ന് അയാൾ എന്‍റെ കൈവെള്ളയിൽ തിരുകിപ്പിടിപ്പിച്ചതെന്താണെന്ന് നോക്കി. അതൊരു തുണ്ട് കടലാസും നൂറ് രൂപയുടെ നോട്ടുമായിരുന്നു. സംശയം തീരാതെ ഞാൻ  സന്തോഷിനടുത്തു ചെന്ന് അതേപടി ഏൽപിച്ചിട്ടു പറഞ്ഞു..

"ദേ അവിടൊരാൾ നിൽക്കുന്നു. ഈ മരുന്ന് വേണമത്രെ.."

സന്തോഷ് ബസ് ടിക്കറ്റിനോളം മാത്രം വലിപ്പമുള്ള കുറിപ്പ് നിവർത്തി നോക്കിയിട്ടു പറഞ്ഞു.

"ചുമ്മാതല്ല അയാളിങ്ങോട്ട് വരാത്തത്. ഇത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ കൊടുക്കാൻ പററില്ല. സിവ്യർ ഡിപ്രഷൻ ബാധിച്ചവർക്കുള്ള ഗുളികയാണ്."

"ഓ.. അപ്പോൾ അതാണല്ലേ കാര്യം. എന്തായാലും നീ രണ്ടെണ്ണം കൊടുക്ക് സന്തോഷേ.. ചീട്ടെടുക്കാൻ വിട്ടു പോയതാവും. ഇത് കഴിച്ച് അയാൾ മരിക്കാനൊന്നും പോണില്ലല്ലോ.."

സന്തോഷ് അസംതൃപ്തിയോടെ എഴുന്നേറ്റു. 'ഡ്രഗ്സിലെ കൺടന്‍റിനെക്കുറിച്ച് നിനക്കെന്തറിയാം' എന്നവൻ മനസ്സിൽ പറഞ്ഞു കാണും. എന്തു തന്നെയായാലും ആ അജ്ഞാതന്‍റെ കൈകളിലേക്ക് സന്തോഷ് എടുത്തു തന്ന മരുന്നും ബാക്കി പൈസയും ഞാൻ കൊണ്ടു കൊടുത്തു. നന്ദി വാക്കു പോലും പറയാൻ നിൽക്കാതെ ഹെൽമെറ്റിനുള്ളിലേക്ക് തലയൊളിപ്പിച്ച് തന്‍റെ ഇരുചക്രവാഹനത്തിൽ കയറി അയാൾ അതിവേഗം ഓടിച്ചു പോവുകയും ചെയ്തു.

വീട്ടിലെത്തിക്കഴിഞ്ഞപ്പോഴേക്കും പതിവിനു വിപരീതമായ ഒരു താൽപര്യക്കുറവ് എന്നെ മുച്ചൂടും ആവാഹിച്ചിരുന്നു. 'നിങ്ങൾക്കിതെന്തു പറ്റി' എന്ന് ഒന്നിലധികം തവണ മാനസി ആരായുകയും ചെയ്തു. കണക്കു പുസ്തകവുമായി വന്ന മോളെ അമ്മയുടെ അടുത്തേക്കു പറഞ്ഞയച്ചു. കുളിക്കാൻ തോന്നിയില്ല. ഭക്ഷണം കഴിച്ചെന്നു വരുത്തി നേരെ ലൈബ്രറിയിലേക്കു പ്രവേശിച്ചു. കിടപ്പു മുറിയോടനുബന്ധിച്ച് അങ്ങനെയൊരെണ്ണം ഞാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ആരുടെയും ശല്യമില്ലാതെ മതിവരുവോളം അവിടെ  ചെലവഴിച്ച ശേഷമേ സാധാരണ ഉറങ്ങാറുള്ളൂ.

കരമസോവ് സഹോദരൻമാർ എടുത്തു കുറച്ചു നേരം വായിച്ചു. ഇല്ല. മനസ്സ് നേരെ നിൽക്കുന്നില്ല. തലയ്ക്കു പിറകിൽ കൈകൾ വെച്ച് കസേരയിൽ ചാരിക്കിടന്നു കണ്ണടച്ചു. ശ്മശ്രുക്കർ വളർന്നു നിൽക്കുന്ന ആധി പിടിച്ച ഒരു മുഖം പതുക്കെ ഉള്ളിൽ തെളിഞ്ഞു വന്നു. ഇയാളാണ് എന്നെ അസ്വസ്ഥനാക്കുന്നത്. ഞാൻ എന്നോടു തന്നെ പറഞ്ഞു. ആരായിരിക്കും ഈ മനുഷ്യൻ? പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ആരായാൽ എനിക്കെന്ത്. ഓരോ മനുഷ്യനും എന്തെല്ലാം തരത്തിലുള്ള പ്രയാസങ്ങൾ സഹിച്ചു കൊണ്ടാണ് ജീവിക്കുന്നത്. ഞാനും അക്കൂട്ടത്തിൽ ഒരാളല്ലേ.. അഞ്ചുതരം മാനസിക രോഗങ്ങളിൽ ഒന്നെങ്കിലും ഇല്ലാത്ത ആരും ആധുനിക സമൂഹത്തിലില്ല എന്നാണ് പറയപ്പെടുന്നത്. പിന്നെന്തിന് അനാവശ്യ ചിന്തകളിൽ വെറുതെ മനസ്സ് പുണ്ണാക്കുന്നു. പക്ഷെ എന്തൊക്കെ മറു വാദങ്ങൾ കൊണ്ട് സമാധാനിപ്പിക്കാൻ നോക്കിയിട്ടും ഉള്ളം അതൊന്നും കേട്ടില്ല. ചിലപ്പോൾ അങ്ങനെയാണ്. എത്ര തന്നെ വേണ്ടെന്നു വെച്ചാലും കാടും പടലും നിറഞ്ഞ വഴികളിലൂടെ അത് വിചാരിച്ച സ്ഥലത്ത് നമ്മെ കൊണ്ടെത്തിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.

സമയം പതിനൊന്നാവുന്നതേയുള്ളൂ. സന്തോഷ് ഉറങ്ങിക്കാണില്ല. ഒന്നു വിളിച്ചു നോക്കാം. ഭാഗ്യം അവൻ ആദ്യത്തെ ബെല്ലിൽ തന്നെ ഫോണെടുത്തു.

"ഉറങ്ങാറായോ..?"

"ഇല്ല. കുറച്ചു കഴിയും. എന്താ പതിവില്ലാതെ ഈ സമയത്ത്."

"നേരത്തെ കടയിൽ വന്ന ആളെ ഓർക്കുന്നുണ്ടോ.. ആ ചീട്ടില്ലാതെ മരുന്നിനു വന്ന കക്ഷി.."

മറു തലക്കൽ സന്തോഷ് അൽപ നേരം മൌനം പൂണ്ടു. എന്നിട്ടു പറഞ്ഞു.

"അതിനു ഞാനയാളെ നേരാം വണ്ണം കണ്ടതു പോലുമില്ലല്ലോ. മാത്രവുമല്ല, ആ മരുന്ന് ഈ അടുത്ത കാലത്തൊന്നും ആരും ആവശ്യപ്പെട്ടതായി ഓർക്കുന്നുമില്ല. എന്താ കാര്യം..?"

"ഹേയ് ഒന്നുമില്ല."

"താൻ കാര്യം പറ. നമുക്ക് വഴിയുണ്ടാക്കാമെന്നേ.."

സന്തോഷിന്‍റെ നിർബന്ധത്തിനു വഴങ്ങി ഞാൻ മടിച്ചാണെങ്കിലും പറഞ്ഞു.

"എനിക്കെന്തോ അയാളെ കണ്ടതു മുതലൊരു അസ്വസ്ഥത. ഒരിക്കൽ കൂടി കാണണമെന്ന തോന്നൽ. ഒന്നു സംസാരിക്കണം. വെറുതെ.."

മറുതലക്കൽ സന്തോഷ് ശബ്ദമില്ലാതെ ചിരിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു. പക്ഷെ അതൊരിക്കലും എന്‍റെ വികാരത്തെ വിലകുറച്ചു കാണുന്ന തരത്തിലായിരുന്നില്ല എന്നത് എന്നെ സമാധാനിപ്പിച്ചു.

"തൽക്കാലം നീയിപ്പൊ ഉറങ്ങാൻ നോക്ക്. നാളെയാവട്ടെ നമുക്ക് ആളെ കണ്ടുപിടിക്കാം."

"എങ്ങനെ?"

"കടയിലെ സി സി ടിവി നോക്കാം."

അറിയാത്ത ചോദ്യത്തിന് കറക്കിക്കുത്തിയ ഉത്തരം ശരിയാണെന്നറിഞ്ഞ പി.എസ്.സി ഉദ്യോഗാർത്ഥിയെപ്പോലെ ഞാൻ പെട്ടെന്ന് ഉത്തേജിതനായി. അതോടെ അകാരണമായി വ്യസനിച്ചിരുന്ന മനസ്സിനെ ശാന്തമാക്കാനും അൽപം വൈകിയാണെങ്കിലും ഉറക്കത്തിന്‍റെ ഗുഹാസഞ്ചാരങ്ങളിലേക്ക് ബോധത്തെ അഴിച്ചു വിടാനും എനിക്കു കഴിഞ്ഞു.

പിറ്റേന്ന് ബുധനാഴ്ചയായിരുന്നു. തലേ ദിവസത്തെ നിരുൽസാഹത്തിൽ നിന്ന് വിടുതൽ നേടാത്ത തലച്ചോറുമായി ഓഫീസിലിരിക്കെ നിനച്ചിരിക്കാതെ സന്തോഷിന്‍റെ ഫോൺ വന്നു. പിന്നെ താമസിച്ചില്ല, അര ദിവസത്തെ ആകസ്മികാവധി എഴുതി വെച്ച് ഇറങ്ങി.

സന്തോഷിന്‍റെ സി.സി ടിവിയിൽ ഞാനും അജ്ഞാതനുമായുള്ള രംഗങ്ങൾ അത്ര കൃത്യമായി പതിഞ്ഞിരുന്നില്ല. അതു കൊണ്ട് ഞങ്ങൾ അൽപം കൂടി പിറകിലുള്ള ദൃശ്യങ്ങൾ പരിശോധിച്ചു.

"ദേ നോക്കൂ.. അയാൾ കുറച്ചു മുമ്പ് തന്നെ ഈ പരിസരത്ത് വന്നിട്ടുണ്ട്. യെസ്.."

എന്തോ കണ്ടെത്തിയതു പോലെ സന്തോഷ് മേശയിൽ കൈ കൊണ്ട് തട്ടിയിട്ടു പറഞ്ഞു.

"അയാൾ സംസാരിക്കുന്നത് രാജനോടാണ്. അവനോട് ചോദിച്ചാലറിയാം കാര്യങ്ങൾ."

രാജൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ    ഡ്രൈവറാണ്. അയാൾ മുമ്പ് കെ.എസ്.ആർ.ടി.സിയിലായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത പ്രകൃതം. സ്വന്തം നാടായ പാലുകാച്ചിപ്പാറയ്ക്ക് ചുറ്റുമുള്ളവർക്ക് രാജനെ നന്നായറിയാം. അസുഖം, വിവാഹം, ഉൽസവങ്ങൾ എന്നിവയ്ക്ക് കൈ മെയ് മറന്ന് രാജൻ മുൻപന്തിയിലുണ്ടാവും. ആ രാജനാണ് അജ്ഞാതനോട് സംസാരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. തീർച്ചയായും ആളെ പിടികിട്ടാതിരിക്കില്ല.

സന്തോഷ് വിളിച്ച് അര മണിക്കൂർ കഴിഞ്ഞില്ല.

"എന്താ സന്തോഷേട്ടാ.." എന്ന് നീട്ടി വിളിച്ചു കൊണ്ട് നിറഞ്ഞ ചിരിയുമായി രാജൻ സ്ഥലത്തെത്തി. സന്തോഷ് വിഷ്വൽസ് കാണിച്ചു കൊണ്ട് രാജനോട് ചോദിച്ചു.

"ഇയാളെ അറിയുമോ?"

"ഇത് ദേവർഷല്ലേ.. ഇവനോടിന്നലെ ഞാൻ ഇവിടെ വെച്ച് സംസാരിച്ചതാണല്ലോ. എന്തു പറ്റി?"

"ഒന്നും പറ്റിയതല്ല. എനിക്കിയാളെ ഒന്നു കാണണം. ചില വിവരങ്ങളറിയണം."

"അതിനെന്താ.. ഞാനുടനെ വരാം."

രാജന് ചില സൈഡ് ബിസിനസ്സൊക്കെയുണ്ട്. അളിയന്റെ പുട്ടുപൊടി ഫാക്ടറി നോക്കി നടത്തൽ അതിലൊന്നാണ്. വീണു കിട്ടുന്ന ചില അവധി ദിവസങ്ങളിൽ അവൻ ഫീൽഡിലിറങ്ങും. അന്ന് അത്തരമൊരു ദിവസമായത് എന്‍റെ ഭാഗ്യം. ഫാക്ടറി വണ്ടി പറഞ്ഞു വിട്ട് കാറുമായി അവനെത്തി.

"ഫോൺ നമ്പർ സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ വിളിച്ചിട്ട് എടുക്കുന്നില്ല."

"അത് കുഴപ്പമില്ല. നേരിൽ കാണുകയാണ് വേണ്ടത്. ആദ്യം നിനക്കയാളെക്കുറിച്ച് അറിയുന്ന കാര്യങ്ങൾ കേൾക്കട്ടെ."

ഞങ്ങൾ രാജന്‍റെ കാറിലേക്ക് ചേക്കേറി. കടയിൽ അസിസ്റ്റന്‍റിനെ നിർത്തി സന്തോഷ് ഞങ്ങളോടൊപ്പം കൂടിയത് എനിക്കേറെ സൌകര്യമായി. കാറിനുള്ളിലെ ശീതീകരിച്ച അന്തരീക്ഷത്തിൽ രാജൻ ദേവർഷിനെക്കുറിച്ച് പറഞ്ഞു.

ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ്, കോഴിക്കോട് മൈസൂർ റൂട്ടിൽ ഡ്രൈവറായിരിക്കുമ്പോഴാണ് ദേവർഷിനെ രാജൻ ആദ്യമായി കാണുന്നത്. ദിവസവും രാവിലെയുള്ള ട്രിപ്പിൽ ബത്തേരിയിൽ നിന്നും ഗുണ്ടൽപേട്ട് വരെ അയാളുണ്ടാവും. അവിടെയാണ് വണ്ടിക്കാർക്കുള്ള പത്ത് മിനിറ്റ് നേരത്തെ വിശ്രമം. കണ്ണെത്താ ദൂരത്തോളമുള്ള ചെണ്ടുമല്ലിപ്പാടങ്ങൾ ചിലരൊക്കെ പാട്ടത്തിനെടുത്തു കൃഷി നടത്താറുണ്ട്. അവരിലൊരാളായിരുന്നു ദേവർഷും.

സ്ഥിരം യാത്രക്കാരുമായുള്ള സൌഹൃദങ്ങളും തമാശകളും നിറഞ്ഞതായിരുന്നു അക്കാലത്തെ ജീവിതം. പക്ഷെ ദേവർഷ് പൊതുവെ മ്ലാനവദനനും അധികമാരോടും സംസാരിക്കാത്തവനുമായിരുന്നു. എന്തോ ഒരു നിരാശ അയാളെ ബാധിച്ചതു പോലെ. കുറെ നാളുകൾ കൊണ്ട് നേടിയെടുത്ത ചങ്ങാത്തത്തിനൊടുവിലാണ് അതിന്‍റെ കാരണമറിയാൻ കഴിഞ്ഞത്.

അയാളുടെത് പ്രണയ വിവാഹമായിരുന്നു. ആദ്യം എതിർത്തുവെങ്കിലും പിന്നീട് വീട്ടുകാർ തന്നെ അത്  നടത്തിക്കൊടുത്തു. ഭാര്യ മേഘയ്ക്ക് അന്ന് വൈറ്റിലയുള്ള ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി. രണ്ടു പേരും സയൻസിൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ്. രാജൻ കാണുന്ന കാലത്ത് അവർ തമ്മിൽ വിവാഹ മോചനത്തിനുള്ള കേസ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആരുടെ ഭാഗത്താണ് തെറ്റ് എന്നോ കാരണമെന്താണെന്നോ അറിയില്ല. എന്തു തന്നെയായാലും താമസിയാതെ അവർ നിയമപരമായി വേർപിരിഞ്ഞു.

"അവർക്ക് മക്കളൊന്നുമില്ലേ..?"

"ഒരു മകളുണ്ട്, ശ്രദ്ധ. അന്നവൾക്ക് അഞ്ചു വയസ്സു കാണും. ഇടയ്ക്ക് അയാളുടെ കൂടെ വന്നു നിൽക്കും. ഞാൻ ഒന്നു രണ്ടു തവണ ആ വീട്ടിൽ പോയിട്ടുണ്ട്. പിന്നീടയാൾ അവിടെ നിന്നും താമസം മാറ്റി. ആ പണിയും വേണ്ടെന്നു വെച്ചു. മേഘ ഇപ്പോൾ എറണാകുളത്ത് സെറ്റിൽഡാണെന്നു തോന്നുന്നു."

"ഇപ്പോഴയാൾ എവിടെയാണു താമസം?"

ചോദ്യങ്ങളെല്ലാം സന്തോഷിന്‍റെ വകയായിരുന്നു. ഞാൻ വെറുതെ കേട്ടിരിക്കുക മാത്രം ചെയ്തു.

"ചവിടിക്കുന്നിൽ. ഇവിടെ നിന്ന് പത്തിരുപത്തെട്ടു കിലോമീറ്റർ ദൂരം കാണും. അവിടെ അയാൾ ചെറിയൊരു വീടു വെച്ചു. ആർക്കിയോളജി വകുപ്പിൽ ജോലിയും കിട്ടി. ഇന്നലെ കണ്ടപ്പോൾ അതു പറയുകയായിരുന്നു."  

രാജൻ പറഞ്ഞു നിർത്തി. കുറച്ചു നേരം മൂന്നു പേരും ഒന്നും മിണ്ടാതിരുന്നു. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി. വാഹനത്തിലെ കൃത്രിമ ശീതീകരണത്തിൽ നിന്നും ഉച്ച വെയിലിന്‍റെ ചൂട് എനിക്കൽപം ആശ്വാസം തന്നു. ആളൊഴിഞ്ഞ ഭാഗത്തേക്കു മാറി ഒരു സിഗരറ്റ് കത്തിച്ചു. അത് വലിച്ചു തീരുവോളം രാജനും സന്തോഷും എന്നെത്തന്നെ നോക്കി നിന്നു.

തിരിച്ചു വന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രാജനോടായി പറഞ്ഞു.

"പോകാം.."

"എങ്ങോട്ട്?"

"ചവിടിക്കുന്നിലേക്ക്."

അവൻ മറുത്തൊന്നും പറയാതെ വണ്ടി മുന്നോട്ടെടുത്തു.

ചവിടിക്കുന്ന് പാണ്ടികശാലകളുടെയും കാള വണ്ടികളുടെയും സ്ഥലമായിരുന്നു. കാലാന്തരത്തിൽ അവയൊക്കെയും നാമാവശേഷമായി. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ അവിടെയുള്ള കെട്ടിടങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ഇപ്പോൾ സിമന്‍റു കട്ടകളടർന്നും, മേൽക്കൂരകൾ ഒടിഞ്ഞു തൂങ്ങിയും, ചായങ്ങൾ മങ്ങിയും ഒരു പുരാതന നഗരത്തിന്‍റെ പ്രതീതിയാണ് അതിനുള്ളത്.

പ്രധാന പാതയോടു ചേർന്നുള്ള ഒരു ഊടു വഴിക്കരികിൽ രാജൻ കാർ നിർത്തിയിട്ടു. പിന്നീടങ്ങോട്ട് നടക്കണമായിരുന്നു. അവിടെ വെച്ച് അയാൾ ഒരിക്കൽ കൂടി ദേവർഷിനെ വിളിച്ചു.

"റിങ്ങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല."

പകുതി ആത്മഗതം പോലുള്ള ആ വാക്കുകൾക്ക് ആരും പ്രതിവചിച്ചില്ല.

രാജൻ നമ്മളെ ഒരു ഇടുങ്ങിയ വഴിയിലേക്കായിരുന്നു കൊണ്ടുപോയത്. അത് സാമാന്യം ഉയരത്തിലേക്കുള്ളതായിരുന്നു. ഇടയ്ക്ക് മഴവെള്ളം ഒലിച്ചിറങ്ങിയ വലിയ പാടുകൾ. കുറ്റിച്ചെടികളും ഉരുളൻ കല്ലുകളും നിറഞ്ഞ അതിലൂടെ ഇരുചക്രവാഹനം മാത്രം കടന്നുപോയതിന്‍റെ അടയാളങ്ങൾ കാണാമായിരുന്നു.

എന്തിനാണ് അങ്ങോട്ടു പോകുന്നതെന്നോ, ദേവർഷിനെ കാണുന്നതെന്നോ അപ്പോൾ എന്നോടാരും ചോദിച്ചില്ല. ആ ചോദ്യം അവരുപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഒരുവേള ഞാനതെന്നോടു തന്നെ പലതവണ ആവർത്തിച്ചതാണത്. മനുഷ്യന്‍റെ ആന്തരിക സംഘർഷങ്ങൾക്കും, ഒറ്റപ്പെടലുകൾക്കും, അകൽച്ചകൾക്കുമിടയിൽ പേരറിയാത്ത ഏതോ ബന്ധമാണ് എന്നെ നയിക്കുന്നതെന്നു മാത്രം സ്വയം സമാധാനിച്ചു.

താമസിയാതെ നമ്മൾ നിരപ്പായ സ്ഥലത്തെത്തി. അവിടെങ്ങും ആൾത്താമസമുള്ളതായി കാണപ്പെട്ടില്ല. വഴിക്കിരുവശവും ആറടിയിലധികം നീളമുള്ള പുല്ലുകൾ വളർന്നു നിൽക്കുന്നതും വിശാലവുമായ ഇടം. അവ വകഞ്ഞുമാറ്റി ഏറെ പരിചിതനെപ്പോലെയായിരുന്നു രാജന്റെ സഞ്ചാരം.

പെട്ടെന്നയാൾ സംസാരം നിർത്തി. മുമ്പിലേക്ക് ശ്രദ്ധിച്ചു കൊണ്ട് കൈകൾ നീട്ടി ഞങ്ങളെ തടഞ്ഞു. കുറച്ചകലത്തായി ഒരു കെട്ടിടം കാണാമായിരുന്നു.

"അതാണ് വീട്. അവിടെ ആരൊക്കെയോ ഉള്ളതായി തോന്നുന്നു."

ഞങ്ങൾ അൽപ നേരം അവിടെ നിന്നു. തുടർന്നങ്ങോട്ട് ഞാൻ മുന്നിൽ നടന്നു. മനോഹരവും ലക്ഷണമൊത്തതുമായ ചെറിയൊരു വില്ല. മരങ്ങളും പക്ഷികളും നിറഞ്ഞ അവിടം ആശ്രമസമാനമായി തോന്നിച്ചു. മുറ്റത്ത് അവിടിവിടെയായി രണ്ടു മൂന്നു പേർ നിൽപ്പുണ്ട്. അവരാരും നമ്മുടെ കടന്നു വരവ് അത്ര കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്‍റെ ഉള്ളിൽ തറഞ്ഞു നിന്ന ആ മനുഷ്യന്‍റെ മുഖം പോലെ വീടും പരിസരവും ഏതോ ശോകച്ഛായയിൽ മുങ്ങി നിന്നു.

ചെരിപ്പുകളഴിച്ചു വെച്ച് ഞാൻ അകത്തേക്കു പ്രവേശിച്ചു. കൂടെ രാജനും സന്തോഷും. വൃത്തിയിലും ഭംഗിയിലും ചിട്ടപ്പെടുത്തിയ ഹാളിലേക്കായിരുന്നു നമ്മൾ കടന്നു ചെന്നത്. സോഫയിലായി ദേവർഷ് ഇരിക്കുന്നു.  സന്തോഷ് ഫാർമസിക്കരികിൽ കണ്ട അതേ  വേഷം. അതേ ഭാവം. ഞാനയാളെയും അയാളെന്നെയും നേർക്കു നേരെയല്ലാതെ നോക്കി. തൊട്ടടുത്തായുള്ളത് ഭാര്യ മേഘയാണെന്ന് ഊഹിക്കാമായിരുന്നു. രണ്ടു പേരുടെയും ആദ്യകാല ഫോട്ടോകൾ ആകർഷണീയമായ ഫ്രെയിമിനുള്ളിൽ ചില്ലലമാരക്കുള്ളിൽ സൂക്ഷിച്ചത് കാണാം.

പെട്ടെന്ന് മേശപ്പുറത്തെ വസ്തുക്കളിലേക്ക് എന്‍റെ കണ്ണുകൾ പതിഞ്ഞു. അവിടെ തലേന്ന്  അയാൾക്ക് കൈമാറിയ മരുന്നും അതിന്‍റെ പേരെഴുതിയ മുഷിഞ്ഞ തുണ്ട് കടലാസും ബാക്കി പൈസയും അതേപടി കിടക്കുന്നു!

ഞാൻ ഭീതിയോടെ തിരിഞ്ഞു നോക്കി. രാജനെയും സന്തോഷിനെയും കാണാനില്ലായിരുന്നു. തിടുക്കപ്പെട്ട് പുറത്തിറങ്ങിയ ശേഷം ദീർഘമായൊന്ന് നിശ്വസിച്ചു. തൊടിയിലെ ഇളം വെയിലിലേക്ക് കാറ്റും പുൽനാമ്പുകളും പക്ഷികളും സമന്വയിക്കുന്ന കാഴ്ച ആവോളം എന്‍റെ ഹൃദയത്തിലേക്ക് സ്വാംശീകരിച്ചു. കാലമോ ദേശമോ മറന്ന് കരുണാർദ്രമായ ഒരു നിമിഷത്തിലേക്ക് ഞാൻ സ്വയം കേന്ദ്രീകരിക്കപ്പെടുകയായിരുന്നു.      

ആരോടോ സംസാരിച്ചു കൊണ്ടിരുന്ന രാജൻ അതു നിർത്തി അടുത്തേക്കു വന്നു എന്റെ ചുമലിൽ സ്പർശിച്ചു. അയാളുടെ മുഖം ദയനീയമായിരുന്നു.

"അവരുടെ മകൾ ശ്രദ്ധ ആത്മഹത്യ ചെയ്തു. ശരീരം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കയാണ്."

ഞാൻ ഒന്നും മിണ്ടിയില്ല.

ചെയ്ത കുറ്റമെന്താണെന്നറിയാതെ തടവറയിലേക്കു നയിക്കപ്പെടുന്നവനെപ്പോലെ ഞാൻ തലകുനിച്ചു നടന്നു. രാജനും സന്തോഷും നിശ്ശബ്ദമായി പിറകെ വരുന്നുണ്ടായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക