Image

'കിഷ്‌ക്കിന്ധാ കാണ്ഡം' - ദുരൂഹതയില്‍ ഒളിപ്പിച്ച സ്‌നേഹത്തിന്‍ ആഴങ്ങള്‍-റിവ്യൂ

Published on 12 September, 2024
'കിഷ്‌ക്കിന്ധാ കാണ്ഡം' - ദുരൂഹതയില്‍ ഒളിപ്പിച്ച സ്‌നേഹത്തിന്‍ ആഴങ്ങള്‍-റിവ്യൂ

  'കക്ഷി അമ്മിണിപ്പിളള'യ്ക്ക് ശേഷം ദിന്‍ജിത്ത് ഒരുക്കിയ 'കിഷ്‌ക്കിന്ധാ കാണ്ഡം' എന്ന സിനിമ ആദ്യന്തം ദുരൂഹത നിറഞ്ഞ ത്രില്ലര്‍ ഗണത്തില്‍ പെട്ട ഒരു ചിത്രമാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര കഥാപാത്രത്തിനു തുല്യമായ ഒരു റോളില്‍ നടന്‍ വിജയരാഘവന്‍ എത്തുന്നു എന്നതാണ് കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ പ്രത്യേകത.

കാടിനു സമീപമുളള പ്രദേശത്താണ് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ളയും മകന്‍ അജയചന്ദ്രനും താമസിക്കുന്നത്. പ്രദേശമാകെ കുരങ്ങിന്റെ വിളയാട്ടവുമുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ വീടും പരിസരവും ദുരൂഹതയുടെ ലോകമായി തോന്നും. അവിടേക്ക് അജയചന്ദ്രന്റെ രണ്ടാം ഭാര്യയായി അപര്‍ണ്ണ വരുന്നു. പഠനശേഷം അന്യദേശങ്ങളിലായിരുന്നു അപര്‍ണ്ണയ്ക്ക് ജോലി. വിവാഹവും കുടുംബവുമായി സെറ്റില്‍ഡാകാന്‍ വേണ്ടിയാണ് അപര്‍ണ്ണ അജയചന്ദ്രനെ വിവാഹം കഴിച്ചത്.

എന്നാല്‍ അപര്‍ണ്ണയുടെ സ്വഭാവത്തിന് ഒരു കുഴപ്പമുണ്ട്. എന്തു കണ്ടാലും അതിന്റെ പിന്നാലെ പോയി ചിക്കിച്ചികഞ്ഞ് സകലതും അന്വേഷിക്കുന്ന പ്രകൃതം. അപ്പുപിള്ളയാകട്ടെ തികച്ചും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സ്വഭാവക്കാരനും. ആളുടെ വ്യക്തിത്വം എങ്ങനെയെന്ന് ഒരു തരത്തിലും നിര്‍ണ്ണയിക്കാന്‍ കഴിയില്ല. എന്താണ് ഈ മനുഷ്യന്‍ ഇങ്ങനെ എന്ന് അപര്‍ണ്ണ ചിന്തിച്ചു തുടങ്ങുന്നിടത്താണ് അടുത്ത സംശയത്തിലേക്കുള്ള വഴി തുറന്ന് ആ വീട്ടില്‍ അപ്പുപിളളയുടെ തോക്ക് കാണാതെ പോകുന്നത്. ലൈസന്‍സുള്ള തോക്കാണ്. തോക്ക് സറണ്ടര്‍ ചെയ്യാന്‍ പോലീസുകാര്‍ പറഞ്ഞെങ്കിലും തോക്കെവിടെയെന്ന് കണ്ടെത്താന്‍ അപ്പുപിള്ളയ്ക്കും മക്കള്‍ക്കും കഴിയുന്നില്ല. സഹജമായ സ്വഭാവ വിശേഷം കൊണ്ടു തന്നെ അപര്‍ണ്ണയുടെ സഞ്ചാരം തോക്ക് കാണാതായതിന്റെ പിന്നാലെയാകുന്നു. ഈ അന്വേഷണമാകട്ടെ അപര്‍ണ്ണയെ കൊണ്ടെത്തിക്കുന്നത് ഒരു വലിയ ദുരൂഹതയുടെ ഇരുട്ടിലേക്കാണ്. ആ ദുരൂഹതയുടെ പുക മറ നീക്കി അതിനുളളില്‍ ഒളിഞ്ഞിരിക്കുന്ന സത്യം കണ്ടെത്താന്‍ അപര്‍ണ്ണയും അജയചന്ദ്രനും ഒരുമിച്ചു നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ടൈറ്റില്‍ പോലെ തന്നെ പുതുമയുളള കഥയും കഥാപരിസരവുമാണ് ചിത്രത്തിന്റേത്. കഥയുടെ ഓരോ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന ദുരൂഹതയുടെ ചുരുളഴിക്കാന്‍ കഥാപാത്രങ്ങളായ അപര്‍ണ്ണയ്ക്കും അജയചന്ദ്രനുമൊപ്പം പ്രേക്ഷകനും സഞ്ചരിക്കാന്‍ തുടങ്ങുന്നിടത്ത് കഥയുടെ ഗതി തന്നെ മാറുന്നു. ട്വിസ്റ്റുകളും സര്‍പ്രൈസുകളും അടിക്കടി കൊണ്ടു വന്ന് പ്രേക്ഷകനെ ഒരു നിമിഷം പോലും കഥയില്‍ നിന്നു മാറാന്‍ സമ്മതിക്കാതെയാണ് സംവിധായകന്റെ സഞ്ചാരം. ഇങ്ങനെ പ്രേക്ഷകനെ ഫുള്‍ ടൈം കസേരയില്‍ കെട്ടിയിടാന്‍ കഴിഞ്ഞ കരുത്തുറ്റ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നു പറയാം.

സംസാരവും പ്രവൃത്തിയും നോട്ടവും ശരീരഭാഷയുമെല്ലാം അഴിച്ചെടുക്കാന്‍ കഴിയാത്ത വിധം ദുരൂഹതയുടെ ആള്‍രൂപമാക്കി അപ്പുപിള്ളയെ അവതരിപ്പിച്ചവിജയരാഘവന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. അയാളുടെ ഭൂതകാലവും വര്‍ത്തമാനകാലവും മികച്ച രീതിയില്‍ അഭ്രപാളിയില്‍ പകര്‍ത്താന്‍ വിജയരാഘവന് കഴിഞ്ഞു. ചിത്രം കണ്ടിറങ്ങുമ്പോള്‍ അപ്പുപിള്ളയായി മറ്റൊരു നടനെ നമുക്ക് ചിന്തിക്കാനാവില്ല എന്നതും നാം തിരിച്ചറിയും. അതിഭാവുകത്വങ്ങളില്ലാതെ സ്‌നേഹസമ്പന്നനായ കുടുംബനാഥന്റെ വേഷം ആസിഫ് അലിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈയ്യിലൊതുക്കി മുന്നേറുകയാണ് ഈ നടന്‍. അപര്‍ണ്ണയായി എത്തിയ അപര്‍ണ്ണ ബാലമുരളിയും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. പ്രത്യേകിച്ച് ഇരുത്തം വന്ന നടനായ വിജയരാഘവനുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ അപര്‍ണ്ണ മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കുന്നുണ്ട്.

അപ്പുപിള്ളയ്‌ക്കൊപ്പം തന്നെ നിഗൂഢത നിറഞ്ഞു നില്‍ക്കുന്ന സുമദത്തന്‍ എന്ന കഥാപാത്രമായി ജഗദീഷും ശിവദാസന്‍ എന്ന പോലീസുകാരനായി അശോകനും തിളങ്ങി. ഇവരെ കൂടാതെ മേജര്‍ രവി, നിഴല്‍കള്‍ രവി, നിഷാന്‍, വൈഷ്ണവി രാജ്, കോട്ടയം രമേഷ്, ജിതിന്‍ ഗോപിനാഥ്, ബിലാല്‍ ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ് എന്നിവരും ചിത്രത്തിലുണ്ട്.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ച ബാഹുല്‍ രമേഷ്, ദുരൂഹതയും സസ്‌പെന്‍സും ത്രില്ലും നിറഞ്ഞു നില്‍ക്കുന്ന സിനിമയുടെആകെയുള്ള മൂഡിന് ചേര്‍ന്ന സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ മുജീബ് മജീദ് എന്നിവര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമെങ്കിലും ആഴത്തിലുള്ളസ്‌നേഹബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം' അതു കൊണ്ട് കുടുംബത്തോടൊപ്പം ഓണത്തിന് തിയേറ്ററില്‍ തന്നെ പോയി കാണാന്‍ കഴിയുന്ന ഒരു നല്ല ചിത്രവും.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക