തിരുവോണമുറ്റത്തൊരൂഞ്ഞാലു കെട്ടി,
ഓർമ്മകളായത്തിലാടിടുന്നു!
ഉത്രാടപ്പാച്ചിലിലമ്മമാരും
തിരുവോണപ്പുലരിയെ കാത്തിരിക്കും!
ഓണനിലാവിൽ കുളിച്ചുകേറി,
പൂർണ്ണേന്ദു നാണിച്ചു മിഴിതുറക്കും.
പൂ നുള്ളി, പൂക്കൂട നിറയ്ക്കയായി,
ആമോദം തിരതല്ലും കുഞ്ഞുങ്ങളും.
പുഷ്പദലങ്ങൾ നിരനിരയായ്,
മുറ്റത്തു പൂക്കളവർണ്ണജാലം.
പുലരിയിൽ പൂവിളി, പൊന്നോണമായ്,
പൊടിപൂരമുത്സവക്കാഴ്ചകളാൽ!
തിരുവോണക്കോടിയുടുത്തൊരുങ്ങി,
താളത്തിൽ പാടിടും പെൺകൊടിമാർ.
കാളനുമവിയലു,മുപ്പേരിയു-
മിലയിട്ടു പായസ, പ്രഥമനുമായ്
അലയടിച്ചുയരുന്നു പൂവിളികൾ,
താളത്തിൽ, മേളത്തിൽ ചെണ്ടമേളം.
ഓണപ്പുലികൾ നിരത്തിലൂടെ,
കാണവേ, പായും കിടാങ്ങളെല്ലാം!
ഓണക്കളികളാൽ പൂരിതമായ്,
ഉറിയടി, മത്സരക്കൊടികയറ്റം.
കബഡിയുമാർപ്പുവിളികളുമായ്
മാവേലിമന്നനെ വരവേറ്റിടാൻ,
തിരുവാതിര നൃത്തച്ചുവടിളക്കി,
മലയാള ശ്രീത്വത്തിൽ മങ്കമാരും.
കൂന്തലഴിച്ചിട്ടു തുമ്പിതുള്ളൽ,
തിരുവോണമുറ്റം കളിയരങ്ങായ്.
ആവോളമോർമ്മകൾ കോർത്തുവച്ച,
തിരുവോണക്കാഴ്ചകളന്യമായോ!