Image

ഓണം: മാറുന്ന മുഖഛായകൾ (ഉമ സജി)

Published on 13 September, 2024
ഓണം: മാറുന്ന മുഖഛായകൾ (ഉമ സജി)

സെപ്തംബർ ആദ്യവാരം കൊട്ടാരക്കരയിലെ പ്രശസ്തമായ ഒരു തുണിക്കടയിലേക്ക് കടന്നു ചെന്നു. ഉച്ചനേരം. കടയിൽ പുറത്തുനിന്ന് വന്നവരാരും ഇല്ല. സാധാരണ ഓണത്തിന് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കേ കടകളും കമ്പോളവും ഉണരേണ്ടതാണ്. കൊട്ടാരക്കര ഠൗണിലൂടെ സാധാരണ ദിനങ്ങളിൽ തന്നെ ദുഷ്ക്കരമായ കാൽനട ഈ ദിവസങ്ങളിൽ അതികഠിനം ആവേണ്ട സമയം. 
കടയിലുള്ളവരോടു ചോദിച്ചു, എന്താ കടയിലാകെ ഒരു മന്ദത? വയനാട് മറക്കാനുള്ള സമയം ആവാത്തോണ്ടാവും?  

കടയിലെ തലമുതിർന്ന ആളിന്റെ മറുപടി വന്നു. "വയനാട് മറക്കാത്തതുകൊണ്ടല്ല, ഏത് ദുരന്തം വന്നാലും അതിനെ അതിജീവിയ്ക്കാനും പൊരുത്തപ്പെടാനും മനുഷ്യന് കഴിയും പോലെ ഒരുജീവിയ്ക്കും സാധ്യമല്ല. ഇന്ന് പഴയകാലം അല്ലല്ലോ? ഓണം വിരൽത്തുമ്പിലല്ലെ? ഒന്നു വിരൽ അമർത്തേണ്ട താമസം അല്ലെ വേണ്ടു ഓണസദ്യയുൾപ്പെടെ മുന്നിലെത്താൻ."

അദ്ദേഹം തുടർന്നു. "പണ്ടൊക്കെ പരിപ്പും പപ്പടവും പായസവും ചേർന്ന സദ്യ വീടുകളിലൊരുക്കുന്നത് ഓണമോ മറ്റുവിശേഷദിവസങ്ങളിലോ ആയിരുന്നു. ഇന്ന് എപ്പോൾ എന്തുവേണം എന്നാഗ്രഹിച്ചാലും ആ നിമിഷം മുന്നിലെത്തും. ഒത്തുകൂടലും സ്നേഹംപങ്കിടലും  ഉൾപ്പെടെ...സന്തോഷത്തിന്റെ നിമിഷങ്ങൾക്ക് ഇപ്പോൾ കാത്തിരിപ്പിന്റെ ആവശ്യം ഇല്ല. എല്ലാം വിരൽത്തുമ്പിലാണ്. നേരിൽ കണ്ട് ഒത്തൊരുമിച്ച് സദ്യയൊരുക്കി കഥകൾ പങ്കുവച്ച്, സ്നേഹസമ്മാനങ്ങൾ നല്കിയിരുന്ന കാലത്തിന്റെ സുഖവും സന്തോഷവും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാവില്ല."

പണ്ടൊക്കെ ഒരുമാസം മുന്നെ തുടങ്ങും ഓണം ഒരുങ്ങൽ. അടമഴയ്ക്കിടയിൽ വല്ലപ്പോഴും മുഖംകാണിയ്ക്കാനെത്തുന്ന വെയിലിൽ പലവ്യഞ്ജനങ്ങളും നെല്ലും ഉണങ്ങണം, വിറക് കീറണം, ഉണങ്ങണം, കിട്ടുന്ന ഇടവേളയിൽ ഓണക്കോടി എടുക്കണം, തയ്പ്പിയ്ക്കണം, വീട്ടുകാരോടും നാട്ടുകാരോടും സൗഹൃദം പങ്കിടണം.... അങ്ങനെ എന്തെല്ലാം.

ഇന്ന് അത്തം തുടങ്ങിയാൽ പൂക്കളം ഇടാൻ പൂക്കൾ തേടിപ്പോകണ്ട, റഡിമെയ്ഡ് പൂക്കളം മുറ്റത്തായി. അയലത്ത് ആര് താമസിയ്ക്കുന്നു എന്നോ അവരെങ്ങനെ എന്നോ തിരക്കേണ്ട, ഓരോ വീടിനും ജയിൽ പോലെ മതിലും ഗേറ്റുമിട്ട്,  ഒരുവീടുപോലെ കഴിഞ്ഞിരുന്നവർ ഇന്ന് അന്യഗ്രഹജീവികളെപോലെ പരസ്പരം അറിയാത്തവരും മനസ്സിലാവാത്തവരും ആയി മാറിയ കാഴ്ച.

രാവിലെ മേൽക്കൂരയിലൂടെയും ചിമ്മിനിയിലൂടെയും പുക ഉയരുന്ന കാഴ്ച ഇന്ന് കാണാനില്ല. മുറ്റമടിക്കുന്നതിനിടയിൽ അപ്പുറത്തെ മുറ്റത്തേക്ക് പറന്നുപോകുന്ന സൗഹൃദത്തിന്റെ വാക്കുകളില്ല. ഗ്രാമങ്ങളുടെ പോലും മാറിയ മുഖഛായയിൽ വിറങ്ങലിച്ച പ്രകൃതിയ്ക്കും മൗനം.

ഓണത്തുമ്പിയോ, ഓണവെയിലോ ഊഞ്ഞാൽപ്പാട്ടിന്റെ ഈണമോ ഒന്നുമില്ല. നറുമണം കവർന്നോടുന്ന കാറ്റിനെയും കാണാനില്ല. മഴമേഘങ്ങൾക്കിടയിലൂടെ മുഖംനോക്കിച്ചിരിക്കുന്ന സൂര്യനെ കാത്തിരിയ്ക്കുന്ന വീട്ടമ്മമാരും അപൂർവ്വകാഴ്ചയായി.

ഓണത്തിന്റെ ഗൃഹാതുരത്വം നാല്പതുകളിലും അതിനുമുകളിലും ഉള്ളവരുടേത് മാത്രമായിമാറി. നാലുദിവസം അടിച്ചുപൊളിച്ച് അഞ്ചാം ഓണം പഞ്ചാമൃതമാക്കിയ തലമുറകൾക്ക് നിത്യയൗവ്വനമാണ് ഓണത്തിന്റെ ഓർമ്മകൾക്ക്. ദിവസംകഴിയുന്തോറും പതിനാറിലെത്തുന്ന വസന്തം.

ഓണത്തപ്പൻ കുടവയറൻ എന്ന് പാടി പൂക്കളത്തിലിരുത്തുമ്പോൾ ആ വേഷംതന്നെ മഹാബലിയ്ക്കും ചാർത്തിക്കൊടുത്തതാരാണ്? സ്ക്കൂളിൽ രണ്ടാംക്ലാസ്സിലോ നാലാംക്ലാസ്സിലോ മലയാളം പാഠപുസ്തകത്തിൽ കുടവയറൊന്നും ഇല്ലാത്ത സുന്ദരനും ബലിഷ്ഠശരീരിയും ആയ മഹാബലിയുടെ ചിത്രം കണ്ടത് ഓർക്കുന്നു.  സമഭാവനയും സമാധാനവും, സന്തോഷവും, കള്ളവും ചതിയും തൊട്ടുതീണ്ടാത്ത, ദേവതകൾപോലും അസൂയപ്പെട്ട ഭരണനൈപുണ്യം കാഴ്ചവച്ച, ജനങ്ങൾ ഹൃദയത്തിലേറ്റിയ ഒരു രാജാവിനെ എങ്ങനെ ശീരീരികമായി അപമാനിച്ച്  കോമാളിവേഷം കെട്ടിയ്ക്കാൻ നമുക്ക് കഴിയുന്നു.

ഇനത്തെ തലമുറയ്ക്ക് മഹാബലിത്തമ്പുരാൻ മിമിക്രിക്കാരൊരുക്കുന്ന ഒരു കോമാളിയ്ക്കപ്പുറം ഒന്നുമല്ല. ഓണക്കച്ചവടത്തിന് മാറ്റുകൂട്ടാൻ ഓരോ വിഭവത്തിനും പേറ്റന്റ് എടുത്ത്, മോഡലാവുന്ന കോമാളി. രവിവർമ്മച്ചിത്രത്തിലെ മഹാബലിയുടെ രൂപം എന്തുകൊണ്ട് ആരും കാണാതെ പോവുന്നു. ഓണവും മഹാബലിയും ഒരു കച്ചവടതന്ത്രത്തിന്റെ ഭാഗം മാത്രമായി മാറുന്ന കാഴ്ച കുറച്ചുപേരെയെങ്കിലും ചിന്തിപ്പിയ്ക്കുന്നുണ്ടാവാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക