ചൊവാഴ്ച നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനു മുന്നോടിയായി എ ബി സി ന്യൂസ് കമലാ ഹാരിസിനു ചോദ്യങ്ങൾ നൽകിയെന്ന ഡൊണാൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ആരോപണം എ ബി സി നിഷേധിച്ചു.
"ഒരിക്കലുമില്ല," എ ബി സി ന്യൂസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. "ഡിബേറ്റിനു മുൻപ് ഹാരിസിന് ഒരു ചോദ്യവും ഞങ്ങൾ നൽകിയില്ല."
വീണ്ടും ഡിബേറ്റ് വേണമെന്നു ജി ഓ പി നേതാവ്
മറ്റൊരു ഡിബേറ്റിനു തയാറില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ട്രംപ് വീണ്ടും ഹാരിസുമായി ഡിബേറ്റ് നടത്തണമെന്നു സെനറ്റിലെ രണ്ടാം സ്ഥാനമുള്ള റിപ്പബ്ലിക്കൻ നേതാവും പാർട്ടി വിപ്പുമായ ജോൺ തൂൺ (നോർത് ഡക്കോട്ട) ആവശ്യപ്പെട്ടു.
സെനറ്റർ മിച് മക്കോണൽ വിരമിക്കുമ്പോൾ സെനറ്റിൽ പാർട്ടി നേതാവാകാൻ സാധ്യതയുള്ള തൂൺ പറയുന്നത് മറ്റൊരു ഡിബേറ്റിൽ ട്രംപ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കണം എന്നാണ്. ഇരു സ്ഥാനാർഥികളും തമ്മിലുളള വ്യത്യാസങ്ങൾ ചൊവാഴ്ച്ചത്തെ ഡിബേറ്റിൽ വെളിപ്പെട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
ട്രംപ് വീണ്ടും ഡിബേറ്റ് നടത്തണോ എന്നു ചോദിച്ചപ്പോൾ തൂൺ പറഞ്ഞു: "വേണം. അതുകൊണ്ടു പ്രയോജനം ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്."
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരിക്കൽ കൂടി ഡിബേറ്റ് ചെയ്താൽ ഇരുവരുടെയും റെക്കോർഡും നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാവും.
ആദ്യ ഡിബേറ്റ് താൻ വിജയിച്ചെന്നു അവകാശപ്പെടുന്ന ട്രംപ് രണ്ടാമതൊന്നു ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്.
ABC denies helping Harris