Image

വരവായ് പൊന്നോണം (രാജരാജേശ്വരി)

Published on 13 September, 2024
വരവായ് പൊന്നോണം (രാജരാജേശ്വരി)

മാമല നാട്ടിൽ
പൊന്നോണക്കോടിയുടുത്തു
പൊന്നിൻ കിരീടമണിഞ്ഞു 
പൊന്നോല കുടയും ചൂടി 
പൊന്നോണ പൂക്കണി കാണാൻ
വന്നല്ലോ ഓണത്തപ്പൻ...

മുക്കുറ്റി പൂക്കളിറുത്തു 
മുന്നാഴി പൂക്കളൊരുക്കി 
മുറ്റത്തെ പൂത്തറെമ്മേൽ പൂക്കൾ നിറച്ചു
ഓണപ്പൂക്കൾ നിറച്ചു...

ചന്തത്തിൽ പൂക്കളമിട്ടു
ചാരത്തൊരു ദീപം വെച്ചു
ചെന്തെങ്ങിൻ പൂക്കുല വെച്ചു
ചന്തനത്തിൻ കുറിയും വെച്ചു
നിറകിണ്ടിയിൽ തീർത്ഥം വെച്ചു
നിറമനസ്സാൽ പ്രാർത്ഥന ചൊല്ലി
തിരുമേനിയെ വരവേല്ക്കുന്നു

മുറ്റത്തൊരു ഊഞ്ഞാൽ കെട്ടി 
മുത്തശ്ശിക്കൊപ്പമിരുന്നു
മാവേലി തമ്പ്രാൻ്റെ കഥകൾ പാടുന്നു
പുതുപുത്തൻ വസ്ത്രമണിഞ്ഞു
മൂത്തോരെ തൊട്ടു വണങ്ങി
തൂശനില നിറയെ നിറയെ
പുന്നെല്ലിൻ ചോറും കറിയും 
പൂതിക്കൊത്തുണ്ടു രസിക്കാം

പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ…

ഓണപ്പൂക്കൾ

നവ നവ സൂനങ്ങൾ പുഞ്ചിരിപ്പൂ..
നല്ലോണ നാളിനേ വരവേൽക്കുവാൻ.
നറുമണം ചുറ്റും ഒഴുകി നിൽപ്പൂ..
നെൽകതിർ സ്വാർണാഭ ചൊരിഞ്ഞു നിൽപ്പൂ.

നാടെങ്ങും നാദങ്ങൾ മുഴങ്ങിടുന്നൂ..
നോവുകൾ മറന്നവർ ഉല്ലസിപ്പൂ.

അത്തം തൊട്ടേവരും പൂവിടിടുന്നൂ..
ആനന്ദഭരിതരായ്‌ ഉല്ലസിപ്പൂ.
ചിത്തത്തി'ലോർമ്മകൾ ഉയിർത്തിടുന്നൂ..
ഉന്മേഷം മനസ്സിനേ മഥിച്ചിടുന്നൂ.

മാവേലി വന്നെത്താൻ കാത്തിടുന്നൂ..
മുറ്റത്ത് പൂത്തറ ഒരുക്കിടുന്നൂ.
ത്രിക്കാക്കരപ്പനേ പൂജിക്കുവാൻ..
തകൃതിയിൽ പൂക്കുട നിറച്ചിടുന്നൂ.

സദ്യവട്ടങ്ങൾ ഒരുക്കിടുന്നൂ
സ്വാദോർത്തു നാവുകൾ നനഞ്ഞിടുന്നൂ.
വാമനമൂർത്തിയേ വരവേൽക്കുവാൻ..
വാനത്തിൽ ദേവകൾ നിരന്നു നിൽപ്പൂ.

*********

Join WhatsApp News
Shankar Ottapalam 2024-09-13 15:53:14
ഓണ കവിത നന്നായിട്ടുണ്ട്. എഴുത്തുകൾ തുടരുക. All the best.
Sudhir Panikkaveetil 2024-09-13 22:54:20
ഓണത്തെ എതിരേൽക്കാൻ പുഞ്ചിരിതൂകി കൊണ്ട് പൂക്കൾ വിരിയുന്നു, ഓർമ്മകളിൽ സദ്യയുടെ രുചി വായിൽ "ആവികപ്പല് മൂളി വരുന്നൊരു " ചേല് ഉണ്ടാക്കുന്നു. ഓണത്തെ നാക്കിലയിൽ ഒതുക്കി കൊണ്ടുവന്നു. നന്നായി.
Rajeswari 2024-09-14 12:14:14
സുധീർസാറിൻ്റെയുംശങ്കർസാറിൻ്റെയും വിലയേറിയ അഭിപ്രായത്തിനും അഭിനന്ദനത്തിനും ഹൃദയത്തിൽ നിന്നും നന്ദി അർപ്പിക്കുന്നു.
ബിന്ദു ജോയ് 2024-09-15 03:54:40
Super Raji... ഇനിയുമിനിയും നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക