കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് കഴിഞ്ഞ നാലുവർഷമായി ഓട്ടോണമസ് പദവി ഇല്ലെന്ന് കണ്ടെത്തല്‍. 2021 മുതല്‍ കോളേജ് പ്രവർത്തിക്കുന്നത് യുജിസിയുടെ അംഗീകാരമില്ലാതെയാണെന്നാണ് റിപ്പോർട്ട്.
അംഗീകാരം നഷ്ടപ്പെട്ട കാര്യം എംജി യൂണിവേഴ്സിറ്റിയും കോളേജ് അധികൃതരും മറച്ചുവച്ചത് പരീക്ഷ നടത്തിപ്പില്‍ ക്രമക്കേടിന് അവസരമൊരുക്കാനെന്ന ആരോപണവും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കോളേജ് നടത്തിയ പല പരീക്ഷകളും അസാധുവാക്കിയേക്കും.
മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയിരുന്നുള്ളൂ. അതിനാല്‍ 2021 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് കോളേജ് പ്രവർത്തിച്ചത്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്സിറ്റി ബിരുദങ്ങള്‍ നല്‍കിയത് അസാധുവാകുമെന്നാണ് സൂചന.
കോളേജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യുജിസിയുടെ പരിശോധനയോ നിലവില്‍ നടന്നിട്ടില്ല. കോളേജ് പ്രിൻസിപ്പല്‍ എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നിട്ടും യൂണിവേഴ്സിറ്റി ഇക്കാര്യങ്ങളില്‍ ശ്രദ്ധവച്ചില്ല. കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ട സാഹചര്യത്തില്‍ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കോളേജിനെ മാറ്റണമെന്നും, 2021ന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാവുകയാണ്. കോളേജ് പ്രിൻസിപ്പല്‍ ശുപാർശ ചെയ്യുന്നവർക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്സിറ്റി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി സർവകലാശാല വിസിക്കും നിവേദനം നല്‍കിയിട്ടുണ്ട്.