Image

മിഠായി ബാല്യം (സോയ നായർ, ഫിലാഡൽഫിയ)

Published on 14 September, 2024
മിഠായി ബാല്യം (സോയ നായർ, ഫിലാഡൽഫിയ)

ഓണം ദാ ഇങ്ങെത്താറായി, അല്ലെങ്കിൽ എവിടെ വരെയായി ഓണം ഒരുക്കങ്ങൾ എന്നു ചോദിക്കുന്നതു  കേൾക്കാൻ നാട്ടിൽ പോകേണ്ട ഗതികേടാ ഇവിടെ ഈ അമേരിക്കയിൽ. കാരണം എന്താന്നു ചോദിച്ചാൽജോലിക്ക്‌ പോയി, ക്ഷീണിച്ച്‌ തിരികെ വന്നു  എങ്ങനെയെങ്കിലും ഒന്നു വിശ്രമിക്കണം എന്നുവിചാരിച്ചിരിക്കുമ്പോൾ

ചിങ്ങം വന്നോ, അത്തം ആയോ എന്നൊക്കെ അന്വേഷിക്കാൻ ഇവിടെ ആർക്കാ സമയം, അല്ല സമയംഉണ്ടെങ്കിലും ആരു മിനക്കെടാൻ പോകുന്നു. ഇതെന്താ ഈ കൊച്ച്‌ ഇങ്ങനെ ഒരെഴുത്ത്‌ എഴുതുന്നേ എന്നോർത്ത്ആരും നെറ്റി ചുളിക്കണ്ട. ഇതാണു ഇന്ന് തിരക്കുള്ള മനുഷ്യരുടെ ( നാട്ടിലും , വിദേശത്തും) ഓണചിന്തകൾ. പൂക്കളവും, ഓണസദ്യയും, ഓണക്കളികളും ഒരു ബുദ്‌ധിമുട്ടുമില്ലാതെ  റെഡിമേഡ്‌ ആയി കിട്ടുന്ന ഈഓണക്കാലത്ത്‌, ഇന്നത്തെ ന്യൂജനറേഷൻ കുഞ്ഞുങ്ങൾക്കു നഷ്ടമാകുന്നതോ കുറെ നല്ല അനുഭവങ്ങൾ, ഓർമ്മകൾ.

നഗരത്തിലെ സംസ്കാരശീലങ്ങളിലും, ആവർത്തിക്കപ്പെടുന്ന ജോലിചര്യകളിലും കുടുങ്ങി ജീവിക്കാൻ മറക്കുന്നമനുഷ്യർക്കിടയിൽ യാന്ത്രികമായ്‌ ഞാനും ചലിക്കുന്നു. അതു കൊണ്ട്‌ തന്നെ ഇന്നു എന്റെ ഓണം എന്നത്‌ , പണ്ടത്തെ ആ പട്ടുപാവാടക്കാരിയിലേക്കു തിരികെ നടക്കാൻ മാത്രം അനുവദിച്ചു നൽകിയ കുറെ ഓർമ്മകൾമാത്രമാണു.

അലിയിച്ചലിയിച്ച്‌ ആത്മാവിലേക്ക്‌ നുണച്ചിറക്കുന്ന നല്ല മധുരമുള്ള മിഠായി പോലെ ആണു ബാല്യം. തിരിച്ചു ആകഴിച്ച മിഠായി അതു പോലെ തന്നെ വേണമെന്നു വാശി പിടിച്ചാലും കിട്ടാത്ത അത്ര നല്ല ഓർമ്മകളുടെസുൻദരകാലം. അത്തരം മിഠായിഓർമ്മകളിൽ ഇന്നും എന്നെ ചിരിപ്പിക്കുന്ന,  എപ്പോഴും ഓർക്കുന്ന, ഏഴുകടലിനക്കരെയുള്ള എനിക്ക്‌ ഊർജ്ജവുമായി എത്തുന്ന മറക്കാനാവാത്ത ഒരോർമ്മ ഇവിടെ കുറിക്കുന്നു.

കുട്ടിക്കാലത്ത്‌ ഓണം  ഒരു ദേശീയ ഉത്സവം ആയി എല്ലാവരും കൊണ്ടാടുമ്പോൾ, എനിക്ക്‌ ഓണം എന്നത്‌ റ്റ്യൂഷൻസെന്ററിൽ പോകാതെ, പഠിക്കാതെ ബന്ധുവീടുകളിലും, കൂട്ടുകാരുമായി കറങ്ങി നടക്കുവാൻ ലൈസൻസ്‌ കിട്ടിയപത്തു ദിവസത്തെ  സ്വാതന്ത്യം ആയിരുന്നു. ആ പത്തു ദിവസം പഠിക്കാതെ, അങ്ങനെ അർമ്മാദിച്ച്‌നടക്കുന്നതിന്റെ സന്തോഷം അതൊരിക്കലും വർണ്ണിക്കാനാവാത്ത ഒരു അനുഭൂതിയായിരുന്നു.  

ഓണക്കാലത്തു ആണു ഞങ്ങളുടെ പടനിലം എന്ന ഗ്രാമപ്രദേശത്തെ എല്ലാ ക്ലബുകാരും മൽസരിച്ച്‌വാർഷികങ്ങൾ നടത്തുന്ന സമയം. ഓണം അവധിക്ക്‌ കൊഴുപ്പു കൂട്ടുന്ന ആ ആഘോഷങ്ങൾ ഞങ്ങളെപോലെയുള്ള ബാല്യമുകുളങ്ങൾക്ക്‌ ഒരു ഹരം ആയിരുന്നു.

അതു കൊണ്ടു തന്നെ രാവിലെ പത്രം കിട്ടിയാൽ അതിന്റെ കൂടെ ക്ലബിന്റെ ഓണാഘോഷപരിപാടിയുടെ നോട്ടീസ്‌ഉണ്ടോയെന്ന് നോക്കുന്നത്‌ അന്നൊക്കെ എന്റെയും അനിയന്മാരുടെയും വിനോദം ആയിരുന്നു. ഞാൻ ഒരുപെൺകുട്ടി ആയതു കൊണ്ടു ദൂരെയുള്ള ക്ലബിന്റെ വാർഷികങ്ങളിൽ പോകാനോ , മൽസരങ്ങളിൽപങ്കെടുക്കാനോ വീട്ടിൽ നിന്നും അനുമതിയില്ലായിരുന്നു. പക്ഷേ എന്റെ അനിയന്മാർക്ക്‌ അനുമതി ഉണ്ടായിരുന്നുതാനും. അവന്മാർ അവിടെ പോയിട്ട്‌ വന്ന് അവിടുത്തെ വിശേഷങ്ങളും,  മൽസരങ്ങളിൽ കിട്ടിയ സമ്മാനവുംഒക്കെ കാണിക്കുമ്പോൾ എനിക്കു പോകാൻ പറ്റിയില്ലല്ലോയെന്ന സങ്കടം എന്നെ വല്ലാതെ അലട്ടാറുണ്ടായിരുന്നു. ഒരു ദിവസം അങ്ങനെ സങ്കടപ്പെട്ട്‌ ഇരിക്കുന്ന അവസരത്തിൽ, സങ്കടങ്ങൾക്കു വിരാമമിട്ട്‌ കൊണ്ടു എന്റെഅനിയൻ സ്വരാജ്‌ വീടിനടുത്തുള്ള 'ബ്രദേർസ്സ്‌ ആർട്ട്സ്‌ & ക്ലബിന്റെ' വാർഷിക ആഘോഷത്തിന്റെ നോട്ടീസുംകൊണ്ട്‌ വീട്ടിലേക്ക്‌ വന്നു. നോട്ടീസ്‌ വാങ്ങി വായിച്ച്‌ നോക്കിയപ്പോൾ വീടിനടുത്താണു ക്ലബ്‌.  പക്ഷേ ക്ലബ്‌വീടിനടുത്താണെങ്കിലും പോകാൻ അനുമതി എങ്ങനെ ഒപ്പിക്കും? മൂന്ന് തലച്ചോറുകൾ അനുമതിഒപ്പിച്ചെടുക്കുന്നതിനെ പറ്റി അഗാധമായി ചിന്തിച്ച്‌ കൊണ്ടിരുന്നു.അപ്പോഴാണു എന്റെ തലച്ചോർ മറ്റ്‌ദിവസങ്ങളെക്കാൾ കൂടുതൽ ക്ഷമതയോടെ  അന്നു പ്രവർത്തിച്ചതു. "എടാ, ആ ക്ലബ്‌ അല്ലേ നമ്മുടെ വല്ല്യച്ചന്റെവീടിനു എതിർവശത്തുള്ളതു. വല്യച്ചന്റെ വീട്ടിൽ പോകുവാന്നു പറഞ്ഞു പോയാലോ. അതാകുമ്പോൾ ആരുംവേണ്ടാ എന്നു പറയില്ല". ആ ഐഡിയാ കൊള്ളാം എന്ന സർറ്റിഫിക്കറ്റ്‌ നൽകി മൂന്നു പേരും( ഞാനുംസോണിയും സ്വരാജും) ആശയം വീട്ടിൽ അവതരിപ്പിച്ചു. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അച്ഛൻ ഇത്തിരി മസിലുപിടിക്കുന്ന കൂട്ടത്തിലും, അമ്മ ഞങ്ങളെ പ്രോൽസാഹിപ്പിക്കുന്ന കൂട്ടത്തിലും ആയിരുന്നു. മസിലു പിടിച്ച്‌ഗൗരവത്തിൽ നിൽക്കുന്ന അച്ഛനെ നയപ്പെടുത്തിയെടുക്കാൻ ആദ്യം പ്രയാസപ്പെട്ടെങ്കിലും വലിയച്ചന്റെ വീട്‌ എന്നസെന്റിമെന്റിൽ അവസാനം അച്ഛൻ വീണു. ഓട്ടമൽസരത്തിൽ ജയിച്ച ആമയെപോലെ നടക്കില്ല എന്നു കരുതിയആഗ്രഹം സാധിച്ചെടുത്ത സന്തോഷത്തിൽ അന്നേ ദിവസം തുള്ളിച്ചാടി ഞാൻ നടന്നു.

അത്തപ്പൂക്കളമൽസരം മുതൽ എല്ലാ പരിപാടികളിലും പങ്കെടുക്കണം എന്ന ഉറച്ച വിശ്വാസത്തോടെ പിറ്റേ ദിവസംഈ വിവരം അനിയന്മാരും, ഞാനും ഞങ്ങളുടെ വീടിനു എതിർവ്വശം താമസിക്കുന്ന രാജീവിനോടും, റെനിയോടുംപറഞ്ഞു. രാജീവും, റെനിയും, പെരുമാളും, അനുവും ആയിരുന്നു ബാല്യത്തിൽ ചിരട്ടയപ്പം മുതൽ ക്രിക്കറ്റ്‌ കളിവരെ കളിക്കാൻ ഞങ്ങൾക്ക്‌ കമ്പനി തന്നിരുന്ന കൂട്ടുകാർ. ഈ കാര്യങ്ങൾ അവരെ പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവരും ഞങ്ങൾക്കൊപ്പം ക്ലബിൽ വരാം എന്നു സമ്മതം മൂളി. അങ്ങനെ മൽസരങ്ങളിലെആദ്യ ഇനമായ അത്തപൂക്കള മൽസരത്തിന്റെ പ്ലാനിങ്‌ ഞങ്ങൾ തുടങ്ങി. ആ പൂക്കളമൽസരത്തിൽ ഇടാനുള്ളപൂക്കൾ തേടി ഞങ്ങൾ പ്രോഗ്രാമിന്റെ തലേദിവസം അയൽ വീടുകൾ തോറും കയറി ഇറങ്ങി. ഓണത്തിനു മാത്രംപൂക്കളം ഇടുന്ന 'സ്മാർട്ട്‌ അയൽക്കാരുടെ' വീട്ടിൽ നിന്നും മാത്രം ഞങ്ങൾക്ക്‌ പൂ കിട്ടിയില്ല. മറ്റ്‌ അയൽവീടുകളായ പിള്ളവീട്ടിൽ അയ്യത്തെ തുമ്പയും, വാലിൽ അയ്യത്തെ എണ്ണക്കാടനും, പിന്നെ പേരറിയാത്ത മറ്റ്‌ പലവീടുകളിലെയും പൂക്കൾ ഞങ്ങളുടെ പ്ലാസ്റ്റിക്‌ കവറുകളിൽ ഇടം പിടിച്ചു.  പാടത്തെ വരമ്പിലൂടെ, കൂടെയുള്ളആൺകുട്ടികളുടെ കൂടെ പൂക്കൾ പറിക്കാൻ പോയതെന്തിനാടീ എന്നൊരു മുൻശുണ്ഠിക്കാരനായവലിയാങ്ങളയുടെ ശകാരവും അപ്രതീക്ഷിതമായി എനിക്ക്‌ കിട്ടിയതും അക്കാലത്താണു. ക്ലബ്‌വാർഷികത്തിനുതലേ ദിവസം പറിച്ചു കൊണ്ടു വന്ന പൂക്കൾ എല്ലാം തരം തിരിച്ച്‌ , പല ന്യൂസ്‌പേപ്പറുകളിൽ നിരത്തിയിട്ട്‌ വെള്ളംതളിച്ച്‌ ഞങ്ങളുടെ വീടിന്റെ ഹാളിൽ വെയ്ക്കും.പിന്നെ  ചീരയിലയും, ചീനിയിലയും കുത്തിയിരുന്നു അരിയും. അന്നു രാത്രിയിൽ ഉറക്കം എന്നോട്‌ പിണങ്ങി മാറുകയും ,പിറ്റേദിവസത്തെ പരിപാടികൾ മാത്രം മനസ്സിൽ ഓർത്ത്‌ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞു കിടക്കുകയും ചെയ്യും. രാവിലെ കുളിച്ചു റെഡിയായി, പട്ടുപാവാടയൊക്കെയിട്ട്‌ , ഒരുക്കി വെച്ച പൂക്കളും പെറുക്കി കെട്ടി അൺജംഗ സംഘം ക്ലബിലേക്ക്‌ യാത്രയാകും.

വലിയച്ഛന്റെ വീട്ടിലൊക്കെ കയറി വലിയമ്മച്ചിയോടു വർത്തമാനോം പറഞ്ഞു ആ വീടിന്റെ വാതിൽക്കൽ ഇരുന്ന്  കൊണ്ട്‌ മുറ്റത്തേക്കു നോക്കി ഇരിക്കും. ഇപ്പോൾ തോന്നും ഇതുങ്ങളു ക്ലബിന്റെ വാർഷികത്തിനു പോയിട്ട്‌ മുറ്റോംനോക്കിയിരുപ്പാണോന്ന്.. അല്ല, ആ മുറ്റത്തിരുന്നു നോക്കിയാൽ കാണാം ക്ലബ്ബും, സിഗ്നൽ തരുന്ന കൂട്ടുകാരെയും. മൈക്കും ബഹളവും പാട്ടും ഒക്കെ കേട്ട്‌ തുടങ്ങുമ്പോൾ പതുക്കെ ഞങ്ങൾ വീടിനെതിരെയുള്ള റോഡ്‌ ക്രോസ്‌ചെയ്ത്‌ സ്ഥലത്തെത്തും.. പൂക്കളത്തിനു പറ്റിയ സ്‌ഥലം കണ്ടു പിടിച്ച്‌ അതിനു ചുറ്റും കൊണ്ടു വന്ന പൂക്കൾഅടങ്ങിയ കവർ നിരത്തി വെയ്ക്കും. പിന്നെ അൺജുപേരും കൂടി പൂക്കളം തീർക്കാൻ തുടങ്ങും. 2 മണിക്കൂർകഴിഞ്ഞു ഫലം അറിയാൻ ആയി മൈക്കിലേക്കു നോക്കി വാ പൊളിച്ചങ്ങനെ ഇരിക്കും. ഗണപതിക്കു വെച്ചതുകാക്ക കൊണ്ടു പോയ്യില്ല എന്നു പറേണ പോലേ അന്നു തൊട്ട്‌ തുടർച്ചയായി മൂന്നു തവണ  ഞങ്ങൾ ആയിരുന്നുപൂക്കളമൽസരവിജയികൾ . അതു കഴിഞ്ഞ്‌  വരുന്ന റൊട്ടികടി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, പുഞ്ചിരിമൽസരം; ഇത്യാദി മൽസരങൾക്കും 5 അംഗ പട മുന്നിൽ ഉണ്ടാകും. ചിലർ വിജയിക്കും, ചിലർ പരാജയപ്പെടും. ആ ഓണവാർഷികത്തിലാണു ഒരു വലിയ അബദ്‌ധം വെള്ളംകുടിമൽസരരൂപത്തിൽ എന്റെ മുന്നിൽഅവതരിച്ചതു. കൊച്ചു ഗ്ലാസ്സിലാകും വെള്ളം കുടിക്കുന്നതെന്നോർത്ത്‌ ഞാൻ വെള്ളംകുടി മൽസരത്തിൽപങ്കെടുക്കാൻ തീരുമാനിച്ചു. പക്ഷേ മൽസരത്തിനു കൊണ്ട്‌ വന്ന വലിയസ്റ്റീൽ ഗ്ലാസ്‌ കണ്ടപ്പോഴേ എന്റെകൃഷ്ണമണികൾ എന്തോ പതിവിലും തള്ളി വെളിയിലേക്കു വന്നു. എങ്ങനെയൊക്കെയൊ മനസ്സിൽ വാശിപിടിച്ച്‌ മൽസരിച്ചു ഒന്നാം സമ്മാനം കരസ്ഥമാക്കി. പരിപാടി കഴിഞ്ഞ ഉടനെ തന്നെ അവിടെ നിന്നും  ഒരു മുങ്ങ്‌മുങ്ങേണ്ട അവസ്ഥയിലായിരുന്നു ഞാൻ. പിന്നീടുള്ള കാര്യങ്ങൾ റോഡിനരികിലായിരുന്നു നടന്നത്‌. ഓരംചേർന്നിരുന്ന് 'കുടിച്ചവെള്ളമിറക്കൽ മൽസരം' ഞാൻ ഭംഗിയായി നടത്തി. ഓക്കാനിച്ച്‌, ഓക്കാനിച്ച്‌ തളർന്ന,  സമ്മാനമില്ലാത്ത ആ മൽസരത്തിനൊടുവിൽ കിട്ടിയ തലവേദനയുടെ കാഠിന്യം കൊണ്ട്‌ കിട്ടിയ സമ്മാനങ്ങൾവാങ്ങാൻ നിൽക്കാതെ  വീട്ടിലേക്ക്‌ ഓടിയ ക്ലൈമാക്സിൽ തീർക്കേണ്ടി വന്നു ആ ഓണം. ആ ഓർമകളും, അന്നത്തെ ആ ക്ലബ്ബും, കൂട്ടുകാരും ഉള്ള നല്ലോണംഇനിയൊരിക്കലും  എനിക്ക്‌ കിട്ടില്ല.പക്ഷേ, ഇന്നും ആഓർമകൾ ഓണദിവസങ്ങളിൽ എന്നിലേക്ക്‌ വിരുന്നിനെത്തുമ്പോൾ അലിയിച്ചിറക്കിയ ആ മിഠായി ബാല്യം ഒന്ന്കൂടി കിട്ടിയെങ്കിൽ എന്ന് കൊതിക്കാറൂണ്ട്‌ !!

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക