തെക്കേ മുറ്റത്തെ പ്ലാവില്‍ ഒരു ഊഞ്ഞാല്‍, . തൊട്ടു മുന്നിലുള്ള വയലിന്റെ ഓരത്തെ കൈത്തോടുവക്കില്‍ നില്‍ക്കുന്ന ഓണപ്പൂവും കാക്കപ്പൂവും, മുക്കുറ്റിറ്റിപ്പൂവും, ചെമ്പരത്തിപ്പൂവും, ചെണ്ടുമല്ലിയും തുമ്പയുമൊക്കെ ചേര്‍ത്ത് മുറ്റത്തൊരുക്കുന്ന ഒരു കൊച്ചു പൂക്കളം.വാഴയ്ക്കയും ചേനയും മരച്ചീനിയുമൊക്കെ അരിഞ്ഞത് അടുപ്പിലെ ഓട്ടുരുളിയില്‍ തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ തുള്ളിക്കളിക്കുമ്പോഴുള്ള മണം, വറുത്തു കോരുന്നത് ചൂടാറും മുന്‍പേ വാരിയെടുത്ത് പാവാട തുമ്പിൽ നിറച്ച് വെള്ളരിമാവിന്റെ ചുവട്ടിൽ പോയിരുന്നു ഞങ്ങൾ കുട്ടികൾ ഒരുമിച്ചിരുന്നു കഴിക്കും. പ്ലാവിലെ ഊഞ്ഞാലിലിരുന്നുള്ള ആട്ടം. ഉയരത്തിൽ ആടി മുകളിലെ ഇല കടിച്ചു
പറിക്കുന്നത്, ഇതൊക്കെ ഓർക്കുമ്പോൾ ഇനിയും പലപ്പോഴും ബാല്യം തിരിച്ചു കിട്ടിയെങ്കിൽ എന്നാശിക്കും.
ഉത്രാടം മുതല്‍ നാലാം ഓണംവരെ ദിവസങ്ങൾ പോകുന്നതറിയില്ല.ചതയാഘോഷമൊക്കെ കഴിയുമ്പോള്‍ മുതല്‍ മനസ്സില്‍ സങ്കടമാണ്. ഓണം പോവുകയാണ്. ഇനി ഒരു വര്‍ഷം കാത്തിരിക്കണം. എത്ര വേഗമാണ് ഓണം പോയത്. ഓണം പോകാതിരുന്നെങ്കില്‍..!!! അല്ലെങ്കില്‍ വര്‍ഷം മുഴുവനും ഓണമായിരുന്നെങ്കില്‍. ഇതായിരുന്നു അന്നത്തെ എന്റെ അവസ്ഥ.
ഇല്ലായ്മയും,വല്ലായ്മയും മാറ്റിവച്ച് ഏവരും ആഘോഷമാക്കുന്ന ദിനരാത്രങ്ങള്‍.സാമ്പത്തിക പുരോഗതിയും നാഗരികജീവിതരീതിയും കടന്നു വന്നപ്പോൾകേരളത്തിൽ ഓണത്തിന് അതിന്റെ ഗ്രാമീണ ലാളിത്യം നഷ്ട്ടമായി. ഇന്നത്തെ കേരളത്തിലെ പുതു തലമുറക്കറിയില്ല ഓണത്തിന്റെ പ്രാധാന്യം. അവര്‍ക്ക് പട്ടിണിയറിയില്ല, ഇല്ലായ്മയുടെ വേദനയറിയില്ല. പുത്തന്‍ വസ്ത്രങ്ങള്‍ക്കായി ഒരുകൊല്ലം കാത്തിരിക്കേണ്ടതില്ല.അവര്‍ ആശിക്കുന്നതെന്തും അവര്‍ക്കു മുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നു.അതാവാം ഇന്ന് കേരളത്തിൽ ഓണത്തിനു പ്രാധാന്യം ഇല്ലാത്തതാവാൻ കാരണം. എന്നാൽ മറുനാട്ടിലെ മലയാളിയുടെയും പ്രവാസി മലയാളികളുടെയും അവസ്ഥ അതല്ല ഓണം എന്നു കേൾക്കുമ്പോൾ ഇന്നും അവരിലെ അർദ്ധ പരിഷ്കൃതരായ ഗ്രാമീണർ ഉണരും .മനസ്സു കൊണ്ടു അവർ കുടു കുടുവും തലപ്പന്തും തുമ്പി തുള്ളലും കയ്കൊട്ടി കളിയും ഊഞ്ഞാൽ ആട്ടവുമൊക്കെയുള്ള പഴയ ഓണം വീണ്ടെടുക്കും .മറുനാടൻ മലയാളിയുടെ മനസ്സിലെ രാത്രികളിൽ ഓണ നിലാവു പരന്നൊഴുകും :ആർപ്പു വിളികൾ ഉയരും .
എന്റെ കുട്ടികാലത്ത് ഓണ പരീക്ഷകഴിഞ്ഞാണ് സ്കൂൾ അടക്കുക. പിന്നീട് മനസ്സിൽ ഉത്സവമാണ്. അത്തം തൊട്ടു മൂലംവരെ മുറ്റത്തു ചാണകം മെഴുകി പൂക്കളമിടും. ഞാനും അടുത്ത വീട്ടിലെ നാപ്പന്റെ മക്കൾ വിജി, ഉഷ, തങ്കമണി, പപ്പിനി ഞങ്ങളെല്ലാവരും കൂടി കുട്ടയെടുത്തു പൂക്കൾ പറിക്കാൻ പോകും. ചെണ്ടുമല്ലി, തെച്ചി, ചെമ്പരത്തി, റോസ്, മത്തൻ പൂവ്, ഓണപ്പൂവ്, വാടാമല്ലി, തുമ്പ പൂവ്, മുക്കുറ്റി പൂവ്, ഓണ പൂവ്, ഇതെല്ലാം പറിച്ചെടുക്കും. നല്ല വട്ടത്തിൽ പൂക്കളുടെ നിറങ്ങൾ ചാണകമെഴുകിയ മുറ്റത്ത് ഒരു പൂക്കളമായി ഒരുങ്ങും. മൂലം തൊട്ടു പപ്പടം വീടുകളിൽ എണ്ണയിൽ കാച്ചിഎടുക്കും. കായ നാലായി മുറിച്ചു വെളിച്ചെണ്ണയിൽ വറുത്തെടുക്കും. കപ്പ ശർക്കര ഉപ്പേരി, ചേന വറുത്തത് ഇതെല്ലാം മൂലം ദിവസം തന്നെ ഭരണികളിൽ നിറഞിട്ടുണ്ടാകും. ചെറുപഴവും, നേന്ത്രപഴവും പൂരാടം ആവുമ്പോഴേക്കും പഴുത്തിട്ടുണ്ടാകും. പൂരാടം ദിവസം തൃക്കാക്കരപ്പനെ മുറ്റത്തു അരിമാവ്കൊണ്ടു കോലം വരച്ചു പീഠം വെച്ചു അതിനു മുകളിൽ വെക്കും. പൂക്കൾകൊണ്ടലങ്കരിക്കും. പൂവടയും, അപ്പവും, പായസവും നേദിക്കും. ഉച്ചക്ക് ഇലയിട്ട സദ്യ. പൂരാടം ദിവസം ഇടിച്ചു പിഴിഞ്ഞ പായസം ഉണ്ടാക്കും. ഉത്രാടം ദിവസം പഴം പുഴുങ്ങിയത്, പരിപ്രഥമൻ എന്നിവ പ്രധാനമാണ്. തിരുവോണം ദിവസം മുതൽ വീട്ടിൽ നിറച്ചും ബന്ധുക്കളുണ്ടാകും. ഇലയിട്ട ഗംഭീര സദ്യ. പാൽ പായസവും, ചക്ക പ്രഥമനും സദ്യയിലെ വിശേഷപ്പെട്ട
ഇനങ്ങളാണ്.
ഉത്രാടം ദിവസം രാത്രി പന്ത്രണ്ട് മണിക്ക് പാണൻ പാട്ട് പാടാൻ വരും. അതൊക്കെ ഒരു കാലമായിരുന്നു.
പട്ടുപാവാടയും, ബ്ലൗസും, കുപ്പിവളകളും മുത്ത്മാലയും അണിഞ്ഞു ഞങ്ങൾ പെൺകുട്ടികൾ തുമ്പിതുള്ളാൻ ഇരിക്കും. ആൺകുട്ടികൾ തലപ്പന്തുകളിയും, ചട്ടിയേറുകളിയുമായി മുറ്റത്തുണ്ടാകും. കാരണവന്മാർ സൊറപറഞ്ഞുമ്മറത്തിരിക്കും. സ്ത്രീകൾ തെക്കിനിയിൽ വട്ടമിട്ടിരുന്നു പരസ്പരം വിശേഷങ്ങൾ പങ്കുവെക്കും. ഇതൊക്കെയാണ് അന്നത്തെ ഓണം.
ഓണം കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന സാഫല്യമായിരുന്നു.
നല്ല ഭക്ഷണത്തിന്റേയും പുതു വസ്ത്രത്തിന്റെയും അപൂർവ സുഗന്ധത്തിൽ മതി മറന്നാഹ്ളാദിച്ചിരുന്ന ആ നല്ല നാളുകളിലേക്ക്, ഗൃഹാ ദ്വരത്വത്തിന്റെ പഴയ നാളുകളിലേക്ക് ഞാനൊന്നു എത്തിനോക്കിയതാണ്.....
പ്രിയപ്പെട്ട എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു ❤❤